ജഗ്ജിത് സിങ് ദല്ലേവാളിന്‍റെ ജീവനുവേണ്ടി ശബ്ദമുയർത്തുക
text_fieldsഎഴുപത് വയസ്സ് പിന്നിട്ട കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാൾ കേന്ദ്ര നയങ്ങൾക്കെതിരെ സ്വന്തം ജീവൻ പണയംവെച്ച് നടത്തുന്ന നിരാഹാര സമരം 37 ദിവസം കടന്നിരിക്കുന്നു. പഞ്ചാബ്- ഹരിയാന അതിർത്തിയിലെ ഖനോരിയിലാണ് അതിശൈത്യത്തിന്‍റെയും അർബുദ രോഗത്തിന്‍റെയും പീഡകളെ അതിജീവിച്ച് കർഷകർക്കുവേണ്ടി അദ്ദേഹം സമരമുഖത്തുള്ളത്. സുപ്രീംകോടതി സജീവമായി ഇടപെടുന്നുണ്ടെങ്കിലും മരണവക്കിലെത്തിയ അദ്ദേഹത്തോട് സംസാരിക്കാൻ കേന്ദ്രം ഇപ്പോഴും വിസമ്മതിക്കുകയാണ്. നേരിയ അനുകമ്പ പ്രകടിപ്പിക്കാൻപോലും സന്നദ്ധമാകാത്ത സർക്കാർ നിലപാടുകളെ അതുകൊണ്ടുതന്നെ സുപ്രീംകോടതി രൂക്ഷമായ ഭാഷയിലാണ് ഇന്നലെ വിമർശിച്ചിരിക്കുന്നത്. ദല്ലേവാളിന്‍റെ ജീവൻ രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡിസംബർ 20ന് സുപ്രീംകോടതി നൽകിയ നിർദേശത്തിൽ പഞ്ചാബ് സർക്കാർ എടുത്ത കാര്യങ്ങൾ അടുത്ത തിങ്കളാഴ്ചക്കുള്ളിൽ സത്യവാങ്മൂലം നൽകാനും ജസ്റ്റിസ് സൂര്യകാന്ത് ഉത്തരവിട്ടിരിക്കുന്നു. ആരോഗ്യ സംരക്ഷണത്തിനു നൽകിയ നിർദേശങ്ങളെ സമരം നിർത്തിവെക്കണമെന്ന് വിധിച്ചെന്ന മട്ടിൽ ഉദ്യോഗസ്ഥരും മാധ്യമങ്ങളും തെറ്റായി പ്രചരിപ്പിച്ചതിലുള്ള അതൃപ്തിയും കോടതി വ്യക്തമാക്കി. ജീവൻ വെടിയേണ്ടി വന്നാലും യാതൊരു ചർച്ചകളുമില്ലാതെ സമരം നിർത്തിവെച്ച് വൈദ്യസഹായം സ്വീകരിക്കാൻ തയാറല്ലെന്ന ദൃഢനിശ്ചയത്തിലാണ് ദല്ലേവാൾ.
ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ ജീവൻ അപകടത്തിലാക്കരുതെന്നും വൈദ്യസഹായം നൽകി സമരം തുടരാനുള്ള അവസരമൊരുക്കുകയാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കിയത്. മെഡിക്കല്‍ സഹായത്തിനു കീഴില്‍ നിരാഹാരം തുടരാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ദല്ലേവാളിനെ ബോധ്യപ്പെടുത്തണം. അദ്ദേഹം രാജ്യത്തിനു വളരെ വിലപ്പെട്ട കർഷകനേതാവാണ്. ആ ജീവന് ആപത്തുണ്ടാകരുത് എന്നും സർക്കാർ പരാജയപ്പെടുകയാണെങ്കിൽ ഇടപെടുമെന്നും സുപ്രീംകോടതി അസന്ദിഗ്ധമായി നിലപാടെടുത്തിരിക്കുന്നു.
ഗാന്ധിജിയുടെ നിരാഹാര സമരങ്ങളോട് ബ്രിട്ടീഷ് ഭരണാധികാരികൾ പുലർത്തിയ മാന്യതയും നീതിബോധവും പോലും ജനായത്ത അധികാരിവർഗത്തിന് ഇല്ലെന്ന് അടയാളപ്പെടുത്തുകയാണ് ഖനോരിയിലെ സമരപ്പന്തൽ. യഥാർഥത്തിൽ, കേന്ദ്രം പലതവണ നൽകിയ വാഗ്ദാനങ്ങൾ സമയബന്ധിതമായും പൂർണതയിലും നടപ്പാക്കാത്തതുകൊണ്ടാണ് ഒരു വർഷത്തോളമായി പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ സമരപ്പന്തലിൽ അന്തിയുറങ്ങാൻ നിർബന്ധിതരാകുന്നത്. കാർഷികമേഖല അനുഭവിക്കുന്ന ആഴമേറിയ പ്രതിസന്ധികളെ കോർപറേറ്റ്‍വത്കരിച്ച് പരിഹരിക്കാമെന്ന ലളിതയുക്തിയിലാണ് കേന്ദ്രം നയവും നിയമങ്ങളും ചുട്ടെടുക്കുന്നത്. ഇതു കർഷകർക്കുമാത്രമല്ല, രാജ്യത്തിന്‍റെ മുഴുവൻ പൗരർക്കും അസ്വീകാര്യമായ നിലപാടാണ്. എം.എസ്. സ്വാമിനാഥൻ ദേശീയ കർഷക കമീഷനായപ്പോൾ നിർദേശിച്ച മിനിമം താങ്ങുവില നടപ്പാക്കുക, കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക, 2021ൽ റദ്ദാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം നടത്തിയവർക്കെതിരെ ചുമത്തിയ എല്ലാ കേസുകളും പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംയുക്ത കിസാൻ മോർച്ചയും (രാഷ്ട്രീയേതര) കിസാൻ മസ്ദൂർ മോർച്ചയും ഉന്നയിക്കുന്നത്. എന്നാൽ അത് മുഖവിലയ്ക്കെടുക്കാനോ അവരുമായി ചർച്ച നടത്താനോ കേന്ദ്രത്തിന്‍റെ ധാർഷ്ട്യം അനുവദിക്കുന്നില്ലെന്ന് മാത്രമല്ല, ഹീനമായ രീതിയിലുള്ള പ്രതികാര നടപടികളാണ് ദുർബലരായ കർഷകസംഘങ്ങൾക്കുനേരെ സ്വീകരിക്കുന്നത്. അതുകൊണ്ടാണ്, കേന്ദ്രം കർഷകസംഘങ്ങളുമായി ചർച്ചക്ക് സന്നദ്ധമായാൽ മാത്രമേ നിരാഹാരസമരം അവസാനിപ്പിക്കൂ എന്ന കടുത്ത തീരുമാനത്തിൽ ദല്ലേവാളും സമരസംഘങ്ങളും ഉറച്ചുനിൽക്കുന്നത്.
കർഷകർ പാടത്ത് വിതക്കുന്നതും കൊയ്യുന്നതും രാജ്യത്തിന്‍റെ സുഭിക്ഷതയുടെ അനിവാര്യതയാണെന്ന് അംഗീകരിക്കാനുള്ള വൈമനസ്യത്തിന്‍റെ സ്വാഭാവിക പരിണതിയാണ് അവസാനിക്കാത്ത കർഷകസമരം. കർഷകരുടെ സമരത്തിന് രാജ്യം ഏക മനസ്സോടെ നിരുപാധിക പിന്തുണയേകേണ്ടിയിരിക്കുന്നു. കാരണം, അവർ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കപ്പെടേണ്ടത് രാജ്യത്തിന്‍റെ മുഴുവൻ ജനങ്ങളുടെയും ആവശ്യമാണ്. കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന വർഷവും വരൾച്ചയും കർഷകമേഖലയെ നിരന്തരം സംഘർഷഭരിതമാക്കുകയാണ്. അതാകട്ടെ, അവരുടെ കുറ്റമല്ലതാനും. താങ്ങും തണലുമാകേണ്ട ഭരണസംവിധാനങ്ങളാകട്ടെ, കർഷകരുടെ പ്രശ്നങ്ങളെ യഥാവിധി മനസ്സിലാക്കാനോ അനുഭാവപൂർവമായി പെരുമാറാനോ തയാറുമല്ല. കേന്ദ്രം അടിയന്തരമായി സമരസംഘങ്ങളുമായി ചർച്ചക്ക് തയാറാവുകയും പഞ്ചാബ് സർക്കാർ അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാകാതിരിക്കാൻ ഉണർന്ന് പ്രവർത്തിക്കുകയും ചെയ്തില്ലെങ്കിൽ നഷ്ടപ്പെടുന്നത് പ്രായമായ ഒരു വ്യക്തിയുടെ ജീവനല്ല, കാർഷിക ഇന്ത്യയുടെ ജീവിതമാണ്. ദല്ലേവാളിന്‍റെ ആരോഗ്യത്തിനുവേണ്ടി സംസാരിക്കുന്നതിനർഥം കാർഷികമേഖലയുടെ ഭാവിക്കുവേണ്ടി നിലയുറപ്പിക്കുക എന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.