Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightശുചിത്വകേരളം...

ശുചിത്വകേരളം യാഥാർഥ്യമാകട്ടെ

text_fields
bookmark_border
ശുചിത്വകേരളം യാഥാർഥ്യമാകട്ടെ
cancel

കേരളം ‘വലിച്ചെറിയൽവിരുദ്ധ വാരാചരണ’ത്തിലാണ്. ജനുവരി ഒന്നു മുതൽ ഏഴുവരെ, പൊതുബോധവത്കരണവും അനുശീലനവും പ്രചാരണവും ഉദ്ദേശിച്ചാണ് വാരാചരണം. സർക്കാർ രൂപം നൽകിയ വിപുലമായ പരിപാടികളുൾക്കൊള്ളുന്ന ഇത്, ഇന്നു സംസ്ഥാനത്തെ നടപ്പുരീതിയായിപ്പോയ പൊതുശുചിത്വമില്ലായ്മ മാറ്റിയെടുക്കാനുള്ള പദ്ധതിയുടെ ഭാഗമാണ്. പല മേഖലകളിലും മികവുകാട്ടുന്ന കേരളം പൊതുശുചിത്വത്തിന്റെ കാര്യത്തിൽ പ്രാകൃതനിലവാരത്തിലാണ്. സംസ്ഥാനം വലിയൊരു കുപ്പത്തൊട്ടിയോ എന്ന് വിനോദസഞ്ചാരികൾക്ക് തോന്നിപ്പോകുന്നെങ്കിൽ അത്ഭുതപ്പെടാനില്ല. അറിവില്ലായ്മയെക്കാൾ ശീലക്കേടാണ് ഈ സ്ഥിതിക്ക് കാരണം. സ്വന്തം മാലിന്യം അന്യന്റെ തൊടിയിലേക്കോ വഴിയോരത്തേക്കോ വലിച്ചെറിയൽ ശീലിച്ചുപോയ ഒരു സമൂഹത്തിന് ബോധവത്കരണം തുടക്കമേ ആകുന്നുള്ളൂ. സംസ്ഥാന തദ്ദേശ ഭരണവകുപ്പിന്റെ വാരാചരണവും നിരന്തരവും തുടർച്ചയായുമുള്ള ഒരു യജ്ഞത്തിന്റെ തുടക്കമേ ആകുന്നുള്ളൂ എന്നർഥം. തുടക്കം മാത്രമാണെന്ന് മന്ത്രിയും വ്യക്തമാക്കിയതാണ്. ജനങ്ങളുടെ സജീവമായ പങ്കാളിത്തം ഇതിൽ അത്യന്താപേക്ഷിതമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. മാർച്ച് 30ഓടെ മാലിന്യമുക്തമായ നവകേരളമെന്ന ലക്ഷ്യം കൈവരിക്കാൻ നാളെയോടെ അവസാനിക്കുന്ന വാരാചരണം സൃഷ്ടിച്ച ഊർജം മതിയാകില്ലെന്ന് വ്യക്തമാണ്. രാഷ്ട്രീയ-സാമൂഹിക ചേരിതിരുവകൾക്കതീതമായ ജനകീയ മുന്നേറ്റമായി നിറവേറപ്പെടേണ്ട ആ ലക്ഷ്യം പലതരം അനാവശ്യ വിവാദങ്ങൾ കാരണം ജനശ്രദ്ധയിൽനിന്ന് വഴിമാറുന്നതും ഒരു തിരിച്ചടിയാണ്. അനാവശ്യ വിവാദങ്ങളുൽപ്പാദിപ്പിച്ച് നല്ലൊരു ജനകീയ മുന്നേറ്റത്തിന്റെ കരുത്തും ലക്ഷ്യബോധവും നഷ്ടപ്പെടുത്തുന്നതിൽ ഭരണകർത്താക്കളുടെ ജാഗ്രതക്കുറവും പങ്കുവഹിക്കുന്നുണ്ടെന്ന് പറയാതെ വയ്യ. വാരാചരണത്തോടെ വലിയൊരു ജനകീയ സംരംഭമാകേണ്ടിയിരുന്ന ‘മാലിന്യമുക്ത കേരളം’ പദ്ധതി സർക്കാറിന്റെ പല പ്രഖ്യാപനങ്ങളിൽ ഒന്നുമാത്രമായി ഒതുങ്ങാൻ പാടില്ലാത്തതാണ്.

ശാസ്ത്രീയ മാലിന്യ സംസ്കരണം ഒരു വശത്ത് വൻതോതിൽ പുരോഗമിക്കുമ്പോഴും ‘വലിച്ചെറിയൽ ശീലം’ ജനങ്ങളിൽ തുടരുന്നു എന്ന് മന്ത്രി എം.ബി. രാജേഷ് ചൂണ്ടിക്കാട്ടിയതുതന്നെയാണ് പ്രശ്നത്തിന്റെ മർമം. ആ ശീലം മാറ്റിയെടുക്കാനാവശ്യമായ ബോധവത്കരണം, പൊതുസൗകര്യങ്ങൾ, ഭരണകൂട പിന്തുണ, സാമൂഹികപങ്കാളിത്തം തുടങ്ങിയവ ഉറപ്പുവരുത്താനായാൽ പദ്ധതി വിജയിക്കും. റെസിഡന്റ്സ് അസോസിയേഷനുകളുടെയും സംഘടനകളുടെയും പങ്കാളിത്തത്തോടെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ വ്യവസ്ഥാപിത പ്രവർത്തനത്തിനുള്ള രൂപരേഖയാണ് മന്ത്രാലയം തയാറാക്കിയിട്ടുള്ളത്. വാരാചരണ കാലത്ത് മാലിന്യം നിക്ഷേപിക്കാൻ ധാരാളം ‘വേയ്സ്റ്റ് ബിന്നു’കൾ സ്ഥാപിച്ചു. അവ ശരിയായി ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്താൻ തദ്ദേശ സ്ക്വാഡുകളെ നിയോഗിച്ചു, നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. വീടുകളിലെ മാലിന്യസംസ്കരണം കൃത്യമായി നടക്കുന്നു എന്ന് ഉറപ്പുവരുത്താനും സംവിധാനമുണ്ടാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹരിതചട്ടമടക്കമുള്ള കാര്യങ്ങൾ ശക്തിപ്പെടുത്തി. വ്യാപാര സ്ഥാപനങ്ങളെയും യജ്ഞത്തിന്റെ വൃത്തത്തിലേക്ക് കൊണ്ടുവന്നു. ഇതുപോലെ ഒട്ടനേകം നടപടികൾ കണ്ട വാരാചരണം അവസാനിക്കുമ്പോഴും അനുഭവവേദ്യമാകുന്ന തരത്തിൽ ‘ശുചിത്വ കേരള’ത്തിലേക്കുള്ള പാത തുറന്നു എന്ന് കരുതാൻ കഴിയില്ല. ശീലങ്ങളിൽ പ്രകടമായ മാറ്റം ഇപ്പോഴും കണ്ടുതുടങ്ങിയില്ല. നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ ധാരാളമായി കണ്ടെടുക്കുന്നുണ്ട്; അതിലേറെ ഉപയോഗത്തിൽ തുടരുന്നുമുണ്ട്. സർക്കാർ പരിശ്രമങ്ങൾ ശരിയായ ദിശയിലാണെന്ന് സമ്മതിക്കുമ്പോഴും സംവിധാനങ്ങളിലും പങ്കാളിത്തത്തിലുമെല്ലാം അപര്യാപ്തത പ്രകടവുമാണ്.

തുടർന്നുള്ള ആഴ്ചകളിൽ പോരായ്മകൾ നികത്തപ്പെടുമെന്നു കരുതാം. ജനുവരി ഏഴിനോ മാർച്ച് 30നോ അവസാനിക്കുന്ന ഒന്നാവരുത് ശുചിത്വകേരള യജ്ഞം. മാലിന്യം തള്ളുന്നത്തിന്റെ ദൃശ്യം അയച്ചുകൊടുക്കുന്നവർക്ക് പ്രതിഫലവും കുറ്റവാളികൾക്ക് പിഴയും എന്ന പരിപാടി അഞ്ചുവർഷം മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഒരു വർഷം മുമ്പ് അത് ഉത്തരവായി ഇറക്കി. ഇതിന് ഉദ്ദേശിച്ച ഫലമുണ്ടായില്ലെന്ന് വേണം കരുതാൻ. തുടർച്ചയില്ലായ്മയാണ് പ്രധാന പ്രശ്നം. വാരാചരണത്തിൽനിന്ന് ലഭ്യമാകുന്ന പാഠങ്ങൾ തുടർന്നുള്ള ദീർഘകാല പ്രവർത്തനങ്ങൾക്ക് സഹായകമാകും. മദ്യക്കുപ്പികൾ വഴിയോരങ്ങളിൽ എറിയുന്നതും മാലിന്യം പൊതുഇടങ്ങളിലേക്ക് തള്ളുന്നതും പ്ലാസ്റ്റിക് മാലിന്യം തോട്ടിലും പുഴയിലുമിടുന്നതും മാറ്റണമെന്ന ചിന്ത കേരള സമൂഹത്തിൽ ഉയർന്നു തുടങ്ങിയെന്നുപോലും പറയാറായിട്ടില്ല. കൂടുതൽ ശക്തമായി, കൂടുതൽ വലിയ പങ്കാളിത്തത്തോടെ, കൂടുതൽ വ്യാപകമായി ശുചിത്വ പ്രയത്നങ്ങൾ മുന്നോട്ടുകൊണ്ടുപോവുക, അവക്ക് നൈരന്തര്യം ഉറപ്പാക്കുക എന്നിവതന്നെയാണ് പ്രധാനം. ജില്ലകൾ തോറും ഓരോ മാതൃകാ പ്രദേശത്തിന് രൂപം നൽകി, ജനങ്ങൾക്ക് അനുഭവിക്കാവുന്നതും അവരെ പ്രചോദിപ്പിക്കുന്നതുമായ ഉദാഹരണങ്ങൾ കാഴ്ചവെക്കാൻ കഴിഞ്ഞാൽ നന്ന്. എല്ലാറ്റിനുമുപരിയായി കേരളത്തിന്റെ മൊത്തം മുൻഗണനാ വിഷയമായി പൊതുശുചിത്വത്തെ സർക്കാർ ഏറ്റെടുക്കണം. വിദ്യാഭ്യാസ-ആരോഗ്യ മന്ത്രാലയങ്ങളുടെ കൂടി മുൻകൈ ഇക്കാര്യത്തിൽ ആവശ്യമാണ്. തുറന്ന മാലിന്യക്കൂമ്പാരമെന്ന കേരളത്തിന്റെ സ്ഥിതി മാറ്റിയെടുക്കാൻ, അതനുസരിച്ച് ജനങ്ങളെ പരിശീലിപ്പിക്കാൻ, കഴിഞ്ഞാൽ അതു ചരിത്രനേട്ടംതന്നെയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 2025 jan 6
Next Story