Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഫലസ്തീനിൽ നടക്കുന്നത്...

ഫലസ്തീനിൽ നടക്കുന്നത് ആഗോള രാഷ്ട്രീയ വഞ്ചന

text_fields
bookmark_border
ഫലസ്തീനിൽ നടക്കുന്നത് ആഗോള രാഷ്ട്രീയ വഞ്ചന
cancel

ഗസ്സയിൽ ഇസ്രായേൽ ഏകപക്ഷീയമായി വംശഹത്യ പുനരാരംഭിച്ചിരിക്കുന്നു. രണ്ടു ദിവസത്തിനിടയിൽ 700ലധികം ആളുകൾ കൊല്ലപ്പെട്ടിരിക്കുന്നുവെന്നാണ് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തിയിരിക്കുന്നത്. അതിൽ 200നടുത്തും കുട്ടികളാണ്. അഭയാർഥികൾക്കുവേണ്ടി പണിയെടുക്കുന്ന യു.എൻ സന്നദ്ധ പ്രവർത്തകരും ജീവൻ നഷ്ടമായവരിലുണ്ട്. 100 വ്യത്യസ്തയിടങ്ങളിൽ ഒരേ സമയം നടന്ന ഈ ആക്രമണങ്ങൾ 15 മാസത്തെ യുദ്ധത്തിൽ ഇസ്രായേൽ സൈനികർ നടത്തിയ ഏറ്റവും ക്രൂരമായ കൂട്ടക്കൊലകളിലൊന്നായി മാറിയിരിക്കുന്നു. പുതിയ യുദ്ധത്തിന്‍റെ തുടക്കമാണ് എന്ന നെതന്യാഹുവിന്‍റെ പ്രസ്താവന ഇത് പെട്ടെന്ന് അവസാനിപ്പിക്കാനുള്ളതല്ലെന്ന സൂചനയാണ് നൽകുന്നത്. വ്യോമാക്രമണങ്ങൾക്കു പുറമെ കടലിലൂടെയും ഭാഗികമായ കരയാക്രമണങ്ങൾക്കും തുടക്കംകുറിച്ചതിലൂടെ ഗസ്സയുടെ ഒരു ഭാഗമെങ്കിലും ഇസ്രായേൽ നിയന്ത്രണത്തിൽ നിലനിർത്താൻ അവർ ആഗ്രഹിക്കുന്നുവെന്നാണ് തെളിയിക്കുന്നത്. അതേസമയം, വെസ്റ്റ് ബാങ്ക് പൂർണമായും അധിനിവേശം ചെയ്യാനുള്ള അറസ്റ്റുകളും ആക്രമണങ്ങളും അവിടെ നിർബാധം നടന്നുകൊണ്ടിരിക്കുകയാണ്. ഈ വിശുദ്ധ റമദാനിൽപോലും നൂറുകണക്കിന് ഫലസ്തീനികൾ വീടുകളിൽനിന്ന് പുറത്താക്കപ്പെടുകയും ജൂത കുടിയേറ്റക്കാർക്ക് കയറിപ്പാർപ്പ്​ അനുവദിക്കുകയും ചെയ്യുകയാണ്. നഗ്നമായ നിയമലംഘനങ്ങൾ അസഹനീയമായ പശ്ചാത്തലത്തിൽ ഇസ്രായേൽ പൗരരെ അധിനിവേശപ്രദേശത്തേക്കു മാറ്റുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും യുദ്ധക്കുറ്റത്തിന്‍റെ പരിധിയിൽ വരുമെന്നുമുള്ള മുന്നറിയിപ്പുമായി മനുഷ്യാവകാശ കാര്യങ്ങളുടെ ചുമതലയുള്ള യു.എൻ സ്ഥാനപതി വോൾക്കർ ടർക് രംഗത്തുവന്നിട്ടുണ്ട്. പക്ഷേ, അതെല്ലാം മുഖവിലക്കെടുക്കാനുള്ള നീതിബോധം ഇസ്രായേലിന് എന്നോ നഷ്ടമായിരിക്കുന്നു. പശ്ചിമേഷ്യയിൽ മുഴുവൻ അശാന്തി പടർത്തുംവിധം സിറിയയിൽനിന്ന് പിടിച്ചെടുത്ത ഗോലാൻകുന്നിൽ സൈനിക നീക്കവും ജൂത കുടിയേറ്റവും ശക്തിപ്പെടുത്താനും പ്രദേശത്ത് സൈനികാഭ്യാസം നടത്താനും ഇസ്രായേൽ മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുകയാണ്. അതിന് ട്രംപുമായി ധാരണയിലെത്തുകയും ചെയ്തിരിക്കുന്നു. ഇതിന്‍റെയൊക്കെ ആഹ്ലാദത്തിൽ, നെതന്യാഹു സർക്കാറിന് പിൻവലിച്ച പിന്തുണ വീണ്ടും നൽകാൻ തീരുമാനിച്ചിരിക്കുകയാണ് തീവ്ര വലതുപക്ഷവാദി ഇറ്റമർ ബെൻഗ്വിറും അദ്ദേഹത്തിന്‍റെ പാർട്ടിയും.

അമേരിക്കയുടെ ആശീർവാദവും പൂർണമായ പിന്തുണയും ഉറപ്പുവരുത്തിയാണ് ഇത്തവണ ബിന്യമിൻ നെതന്യാഹു ഫലസ്തീൻ ഉന്മൂലന പദ്ധതിക്ക് പുറപ്പെട്ടിരിക്കുന്നത്. പൊതുജന മരണസംഖ്യ പരമാവധി വർധിപ്പിക്കാൻ അത്താഴസമയം തെരഞ്ഞെടുത്ത ഇസ്രായേൽ ആക്രമണം ട്രംപ് ഭരണകൂടവുമായും വൈറ്റ്ഹൗസുമായും ചർച്ച നടത്തിയശേഷമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഒരു മടിയും കൂടാതെ സ്ഥിരീകരിച്ചതാണ്. കൂടാതെ ഗസ്സ, യമൻ, സിറിയ, ഇറാൻ തുടങ്ങിയവയെ നരകമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അതിനർഥം ട്രംപിന്‍റെ രണ്ടാമൂഴം പശ്ചിമേഷ്യ അങ്ങേയറ്റം കലുഷിതമാക്കുമെന്നാണ്. വെടിനിർത്തലിന്‍റെ ഒന്നാംഘട്ടം കഴിയുന്നതോടെ പൂർണ യുദ്ധവിരാമത്തിലേക്ക് പോകും എന്ന് ലോകം സമാധാനിച്ചുകൊണ്ടിരിക്കെ, അമേരിക്കയും ഇസ്രായേലും സംയുക്തമായി തുടക്കംകുറിച്ച പുതിയ യുദ്ധം മേഖല മുഴുക്കെ പരക്കാനാണ് സാധ്യത. യമനിലെ ഹൂത്തികളുടെ ശക്തികേന്ദ്രങ്ങളിലേക്കുള്ള അമേരിക്കയുടെ ആക്രമണം അതിലേക്കാണ് വിരൽചൂണ്ടുന്നത്. ഹൂത്തികൾ ഇസ്രായേലിലേക്കും അമേരിക്കയുടെ യുദ്ധക്കപ്പലുകളിലേക്കും പ്രതികാര മിസൈലുകൾ തൊടുത്തുവിട്ടിട്ടുണ്ട്. ആയുധശേഷിയിൽ ദുർബലരാണെങ്കിലും മനക്കരുത്തിലും നൈരന്തര്യമായ പോരാട്ടത്തിലും അവർ കരുത്തരാണെന്ന് കഴിഞ്ഞ 10 വർഷത്തെ യമൻ യുദ്ധം തെളിയിക്കുന്നുണ്ട്.

ഫലസ്തീനിൽ ഇപ്പോൾ സംഭവിക്കുന്നത് നിഷ്ഠുരമായ വംശഹത്യ മാത്രമല്ല, പ്രതിഷേധാർഹമായ ആഗോള രാഷ്ട്രീയ വഞ്ചനകൂടിയാണ്. അതിന് നേതൃത്വം വഹിക്കുകയാണ് ഡോണൾഡ് ട്രംപിന്‍റെ അമേരിക്ക. ലോകരാഷ്ട്രങ്ങളാകട്ടെ, ചട്ടപ്പടി പ്രസ്താവനകളിറക്കി 20 ലക്ഷം ഗസ്സക്കാരുടെ ജീവനും ജീവിതവും കശക്കിയെറിയുന്നത് നിശ്ശബ്ദ കാഴ്ചക്കാരായി കണ്ടുനിൽക്കുകയോ വംശീയവിദ്വേഷം തലക്കുപിടിച്ച് നീതിയും ധർമവും ഇല്ലാതായ വേട്ടക്കാരുടെ പക്ഷം ചേരുകയോ ചെയ്തിരിക്കുന്നു. ഇതോടെ യു.എസ് ഒപ്പുവെക്കുന്ന കരാറുകൾക്കും അന്താരാഷ്ട്ര ഉടമ്പടികൾക്കും ഒരു വിലയുമില്ലെന്ന് വ്യക്തമാകുകയാണ്. നെതന്യാഹുവിന് അഴിമതിക്കേസുകളിൽനിന്ന് രക്ഷപ്പെടാനും അധികാരം തുടരാനും ട്രംപിനും കുടുംബത്തിനും ബിസിനസ് വളർത്താനും എളുപ്പവഴിയാക്കാനുള്ളതല്ല ഫലസ്തീനികളുടെ ദേശവും ജീവിതവും. അവർ ലോകത്തോട് ചോദിക്കുന്നത് നിഷ്പ്രയോജനകരമായ വർത്തമാനങ്ങളും വാഗ്ദാനങ്ങളുമല്ല, ശക്തവും നീതിപൂർവകവുമായ ഇടപെടലുകളുമാണ്. അധികാര സംവിധാനങ്ങൾ വംശീയതയുടെ വാഹകരാകുന്ന കാലത്ത് തെരുവുകളെ പ്രക്ഷുബ്ധമാക്കിയാണ് സാധാരണക്കാർ നീതിയുടെ കാവലാളുകളായി ഉയിർത്തെഴുന്നേൽക്കുന്നത്. ‘‘ഞങ്ങൾക്ക് നന്നായി അറിയാം; ഫലസ്തീനിന്‍റെ വിമോചനം സാക്ഷാത്കരിക്കപ്പെടാതെ ഞങ്ങളുടെ സ്വാതന്ത്ര്യം അപൂർണമാണ്’’ എന്ന നെൽസൺ മണ്ടേലയുടെ വാക്കുകൾ ഫലസ്തീൻ പ്രശ്നം ആഗോള നീതിയുടെയും വംശീയ വിരുദ്ധ പോരാട്ടങ്ങളുടെയും കൊടിയായി ഉയർത്താൻ ജനാധിപത്യവാദികളെ പ്രചോദിപ്പിക്കുന്നു. തണുത്തുറഞ്ഞുപോയ നമ്മു​െതെരുവുകൾ സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭങ്ങൾകൊണ്ട് ചടുലമാക്കാൻ ആ വാക്കുകൾ ഇന്ധനമാകേണ്ടതാണ്. ചരിത്രബോധവും സാമൂഹിക മനഃസാക്ഷിയും നഷ്ടപ്പെട്ട ജനതക്ക് വരാനിരിക്കുന്നത് അടിമത്തമാണെന്ന ചരിത്രസത്യം എല്ലാവരേയും ഓർമപ്പെടുത്തേണ്ട കാലവുമാണിത്. വരുംതലമുറക്ക് സ്വാതന്ത്ര്യത്തിന്‍റെ ശുദ്ധവായുവിന് പകരം വിദ്വേഷത്തിന്‍റെ വിഷവായുവാണ് നാം സമ്മാനിക്കുന്നതെങ്കിൽ ഹാ കഷ്ടം എന്ന് വിലപിക്കുകയല്ലാതെ മറ്റെന്ത് ചെയ്യാൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 2025 March 21
Next Story
RADO