കോവിഡ് കാലത്തെ വിദ്യാർഥിപ്രശ്നങ്ങൾ
text_fieldsകോവിഡ് മഹാമാരിയുടെ അനിയന്ത്രിത വ്യാപനത്തെത്തുടർന്ന് രാജ്യത്ത് വർഷത്തിലധികമായി നിലനിൽക്കുന്ന ലോക്ഡൗൺ ഏറ്റവും പ്രതികൂലമായി ബാധിച്ചിരിക്കുന്നത് വിദ്യാഭ്യാസരംഗത്തെയാണ്. അധ്യാപകരുടെയും വിദ്യാർഥികളുടെയും കൂടിച്ചേരൽ ഒഴിവാക്കാൻ അനിവാര്യമായി വന്ന സ്ഥാപനങ്ങളുടെ അടച്ചുപൂട്ടൽ അനിശ്ചിതമായി തുടരുകയും പരീക്ഷകൾപോലും യഥാവിധി നടക്കാതെ പോവുകയും ചെയ്യുന്ന സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകളിലൂടെ പ്രതിവിധി കണ്ടെത്താൻ സംസ്ഥാന സർക്കാർ കാണിച്ച ജാഗ്രത തീർച്ചയായും അഭിനന്ദനാർഹംതന്നെ. ഇളംതലമുറയുടെ ഭാവിയോർത്ത് ജനങ്ങൾ ബദൽ സംവിധാനത്തോട് ആത്മാർഥമായി സഹകരിക്കുകയും ചെയ്യുന്നു. പക്ഷേ, വിദ്യാലയങ്ങളിലും കലാലയങ്ങളിലും ഹാജരാവാനോ കൂട്ടുകാരുമായി സഹവസിക്കാനോ അധ്യാപകരുമായി സംവദിക്കാനോ ഉള്ള അവസരം തീർത്തും നിഷേധിക്കപ്പെട്ട സ്ഥിതിവിശേഷം നവതലമുറയെ എങ്ങനെ ബാധിക്കുന്നു എന്ന കാര്യം പഠനവിധേയമാക്കിയപ്പോൾ പുറത്തുവന്ന വസ്തുതകൾ എല്ലാവരെയും അസ്വസ്ഥരാക്കുന്നതും ആശങ്കകൾക്കിടം നൽകുന്നതുമാണ്. അതൊരിക്കലും സർക്കാറിെൻറയോ ജനങ്ങളുടെയോ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയുടെയും കൃത്യവിലോപത്തിെൻറയും ഫലമല്ലെങ്കിലും പ്രത്യാഘാതങ്ങൾ അനുഭവിക്കാതെ തരമില്ലല്ലോ.
കോളജ് വിദ്യാഭ്യാസ വകുപ്പിനുവേണ്ടി തിരുവനന്തപുരം ഗവൺമെൻറ് വിമൻസ് കോളജിലെ സൈക്കോളജിക്കൽ റിസോഴ്സ് സെൻറർ നടത്തിയ സർവേയാണ് ഈ ദിശയിലേക്ക് സംസ്ഥാനത്തിെൻറ ശ്രദ്ധക്ഷണിച്ചിരിക്കുന്നത്. സർവേയും തദടിസ്ഥാനത്തിലുള്ള പഠനവും അപൂർണമാവാമെങ്കിലും അതിലൂടെ അനാവരണം ചെയ്യപ്പെട്ട വിവരങ്ങൾ അവഗണിക്കപ്പെടേണ്ടതല്ല. സംസ്ഥാനത്തെ കോളജ് വിദ്യാർഥികളിൽ 22.34 ശതമാനം ജീവിതം അവസാനിപ്പിക്കാൻ ഒരിക്കലെങ്കിലും ആലോചിച്ചവരാണ് എന്ന് സർവേ വെളിപ്പെടുത്തുേമ്പാൾ 5.17 ശതമാനം ആത്മഹത്യക്ക് ശ്രമിച്ചു എന്നുതന്നെ ഉറപ്പിക്കുന്നു. 25.5 ശതമാനം പേരും സ്വന്തം ഭാവിയെക്കുറിച്ച് കടുത്ത ആശങ്കയാണ് പ്രകടിപ്പിച്ചിരിക്കുന്നത്. വെറും 4.9 ശതമാനത്തിനു മാത്രമാണ് ആശങ്കയൊന്നും ഇല്ലാത്തത്. 53.3 ശതമാനം ഏകാന്തതയുടെ ദുഃഖം അനുഭവിക്കുേമ്പാൾ 10.66 ശതമാനം വിദ്യാർഥികൾക്ക് സൗഹൃദം മുറിഞ്ഞുപോയതിലാണ് പരാതി. സകലതും അടച്ചുപൂട്ടിയതോടെ കുടുംബത്തിെൻറ വരുമാനം നിലച്ചുപോയത് വലിയൊരു വിഭാഗത്തിെൻറ വ്യഥക്ക് ആഴംകൂട്ടുന്നു. 23.85 ശതമാനം പേരുടെ രക്ഷിതാക്കൾക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. വിദ്യാർഥികളിൽ 58.9 ശതമാനം വിഷാദരോഗത്തിെൻറ പരിധിയിലാണ്. പുറമെ ഓൺലൈൻ ക്ലാസുകൾ ശാരീരികമായ പ്രയാസങ്ങളും വ്യാപകമായി സൃഷ്ടിച്ചിട്ടുണ്ട്. 77.9 ശതമാനം പേർ തലവേദന അനുഭവപ്പെടുന്നതായി പരാതിപ്പെടുന്നു. 65.48 ശതമാനത്തിന് കണ്ണിന് പ്രയാസമുണ്ട്. അവരിൽ 27.66 ശതമാനം കാഴ്ച മങ്ങൽ പ്രശ്നം നേരിടുകയാണ്.
കോളജ് വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ ഉപര്യുക്ത പഠനറിപ്പോർട്ട് ഗൗരവമർഹിക്കുന്നതാണെന്ന് പ്രതികരിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അടിയന്തര നടപടി എന്ന നിലയിൽ കോളജുകളിൽ കൗൺസലിങ് സെൻററുകൾ വ്യാപിപ്പിക്കുന്ന കാര്യം ഗവൺമെൻറ് പരിഗണിക്കും എന്നാണ് പ്രസ്താവിച്ചിരിക്കുന്നത്. മാനസികാരോഗ്യ സാക്ഷരത വിദ്യാർഥികളിലും രക്ഷിതാക്കളിലും ഉറപ്പാക്കുമെന്നും അവർ വ്യക്തമാക്കിയിരിക്കുന്നു. കുടുംബങ്ങളിലെ ലഹരി ഉപയോഗവും വരുമാനമില്ലായ്മയും വിദ്യാർഥികളുടെ മാനസികാരോഗ്യത്തെ ബാധിക്കാമെന്നാണ് മന്ത്രി ചൂണ്ടിക്കാട്ടിയത്. തീർച്ചയായും വ്യവസ്ഥാപിതവും കാര്യക്ഷമവുമായ കൗൺസലിങ് തന്നെയാണ് പ്രശ്നപരിഹാരത്തിനുള്ള കാൽവെപ്പുകളിലൊന്ന്. പക്ഷേ, സംസ്ഥാനത്തെ കോളജുകളിലെ ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് മുഴുവൻ കൗൺസലിങ് നടത്താനുള്ള ഏകമാർഗവും ഓൺലൈൻ ആണെന്നിരിക്കെ അതിെൻറ പരിമിതി കാണാതിരുന്നുകൂടാ. അധ്യാപകരുമായും കൂട്ടുകാരുമായും സഹവസിക്കാനും സംവദിക്കാനുമുള്ള അവസരങ്ങൾക്ക് അത് പരിഹാരമാവുന്നുമില്ല. തൊഴിലും വരുമാനവും നിലച്ചതുമൂലം കുടുംബങ്ങൾ നേരിടുന്ന കടുത്ത സാമ്പത്തിക വെല്ലുവിളികൾക്ക് പ്രതിവിധി എന്തെന്ന് സർക്കാറിനുതന്നെ കൃത്യമായി ധാരണയുമില്ല. കോവിഡ് മരണം മൂലം നിരാലംബരായ കുടുംബങ്ങൾക്കുപോലും നഷ്ടപരിഹാരം സാധ്യമല്ലെന്ന് സുപ്രീംകോടതിയിൽ ബോധിപ്പിച്ച കേന്ദ്ര സർക്കാറിന് അതിനേക്കാൾ എത്രയോ മടങ്ങ് ചെലവുവരുന്ന പുനരധിവാസ പദ്ധതികളെപ്പറ്റി ചിന്തിക്കാനേ ആവില്ല എന്നതാണ് യാഥാർഥ്യം.
സൗജന്യ റേഷനും കിറ്റ് വിതരണവും വലിയൊരു വിഭാഗത്തിെൻറ പട്ടിണിക്ക് പ്രതിവിധിയാവും എന്നതൊഴിച്ചാൽ കോടിക്കണക്കിൽ കുടുംബങ്ങളുടെ വരുമാനനഷ്ടം നികത്താൻ അത് പര്യാപ്തമല്ലതന്നെ. ധനവ്യയത്തിലെ മുൻഗണനാക്രമം മാറ്റാനോ പാഴ്ചെലവുകൾ ഉപേക്ഷിക്കാനോ അടിത്തട്ടിലുള്ളവരുടെ മാനുഷികപ്രശ്നങ്ങളെ അഭിമുഖീകരിക്കാനോ തയാറില്ലാത്ത സർക്കാറുകളിൽനിന്ന് ഭാവിതലമുറയുടെ നീറുന്ന പ്രശ്നങ്ങൾക്ക് അർഹമായ പരിഗണന പ്രതീക്ഷിക്കുന്നതിലർഥമില്ല. അതുപോലെ വിദ്യാർഥികളുടെ മാനസികപ്രശ്നങ്ങളെ പരാമർശിക്കെ കുടുംബങ്ങളിലെ മദ്യപാന വ്യാപനവും ഒരു പ്രശ്നമാണെന്ന് വാസ്തവികമായി ചൂണ്ടിക്കാട്ടിയ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പക്ഷേ, താനടങ്ങുന്ന സർക്കാർ ബാർ ഹോട്ടലുകളും വിദേശ മദ്യക്കടകളും തുറക്കാൻ കാണിച്ച ധിറുതിയും മദ്യത്തിെൻറ നിർബാധമായ ഒഴുക്കിലെ തടസ്സങ്ങൾ നീക്കാൻ കാട്ടുന്ന വ്യഗ്രതയും എങ്ങനെ ന്യായീകരിക്കാനാവും? ലഹരിയുടെ വ്യാപനം ശീഘ്രഗതിയിൽ നടക്കുന്നത് കൗമാരക്കാരിലും വിദ്യാർഥികളിലുമാണെന്നും അതവരുടെ പെരുമാറ്റത്തെയും മാനസികാരോഗ്യത്തെയും ഗുരുതരമായി ബാധിക്കുന്നുണ്ടെന്നുമുള്ള സത്യം മന്ത്രിക്ക് നിഷേധിക്കാനാവുമോ? കോവിഡ് മഹാമാരി മനുഷ്യസൃഷ്ടി അല്ലെന്നു വരാം. എന്നാൽ, അതിെൻറ പ്രത്യാഘാതങ്ങൾക്ക് ഉത്തരവാദി വലിയൊരളവിൽ മനുഷ്യനാണെന്നു സമ്മതിക്കുന്നതാണ് ശരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.