കോവിഡ് വ്യാപനത്തിെൻറ വാർഷിക കണക്കെടുപ്പ്
text_fieldsശീഘ്രഗതിയിൽ ലോകത്തെയാകെ പിടിയിലൊതുക്കിയ കോവിഡ് -19 മഹാമാരി ഇന്ത്യയിൽ പടർന്നുകയറിയ ആദ്യഘട്ടത്തിൽതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനത കർഫ്യൂ പ്രഖ്യാപിക്കുകയും ജനജീവിതത്തെ കർശനമായ നിയന്ത്രണങ്ങൾക്ക് വിധേയമാക്കാൻ രാജ്യവ്യാപകമായി നടപടികൾ സ്വീകരിക്കുകയും ചെയ്തതിെൻറ ഫലമെന്തായെന്ന് തിരിഞ്ഞുനോക്കേണ്ട നിർണായകസന്ദർഭമാണിത്. ലോക്ഡൗൺ ഒരു വർഷം പിന്നിട്ടുകഴിഞ്ഞു; ജനജീവിതം ഒട്ടൊക്കെ പൂർവാവസ്ഥയിലേക്ക് മടങ്ങിപ്പോവാനും തുടങ്ങി. എന്നാൽ, 2020 മാർച്ച് 20ന് ജനത കർഫ്യൂ പ്രഖ്യാപിക്കുേമ്പാൾ ഇന്ത്യയിലൊട്ടാകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 169 കോവിഡ് കേസുകളായിരുന്നെങ്കിൽ ഒരു വർഷത്തിനകം 1,16,46,081 പേരെയാണ് മഹാമാരി കടന്നാക്രമിച്ചത്. പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെട്ടത് 47,000 കേസുകളാണ്. 1,59,967 മരണങ്ങളും സംഭവിച്ചു. അപ്രകാരം ലോകത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുകയും ചെയ്തു. 135 കോടിയോളം ജനങ്ങൾ അധിവസിക്കുന്ന ഒരു രാജ്യത്ത് ഈ സംഖ്യ അപ്രതീക്ഷിതമോ അസ്വാഭാവികമോ ആണെന്ന് പറയാനാവില്ല. മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്ര, തെലങ്കാന, കർണാടക, കേരളം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
പ്രാരംഭത്തിൽ രോഗപ്രതിരോധത്തിൽ ഇന്ത്യക്കാകെയും ഒരുവേള ലോകത്തിനും മാതൃകയെന്ന് ഖ്യാതി നേടിയ കേരളം പിന്നെ ക്രമത്തിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള സംസ്ഥാനങ്ങളുടെ മുൻനിരയിലേക്കു വന്നത് നമ്മുടെ കണക്കുകൂട്ടലുകളെ പിഴപ്പിച്ചുകൊണ്ടാണ്. രോഗബാധിത രാജ്യങ്ങളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നുമുള്ള പ്രവാസികളുടെയും മറുനാടൻ മലയാളികളുടെയും കൂട്ടത്തോടെയുള്ള മടക്കവും കോവിഡ് പ്രോട്ടോകോൾ പരക്കെ ലംഘിക്കപ്പെട്ടതും മുഖ്യകാരണങ്ങളാവാം. എന്നാൽ, കൂടുതൽ ജാഗ്രത പുലർത്തേണ്ട സന്ദർഭങ്ങളിൽ നാം കാണിച്ച അനാസ്ഥ രോഗികളുടെ എണ്ണം ഇരട്ടിപ്പിക്കുന്നതിൽ വഹിച്ച പങ്ക് കാണാതിരുന്നുകൂടാ. 2020ലെ ഓണാഘോഷമാണ് കൂട്ട വ്യാപനത്തിലേക്ക് നയിച്ച ആദ്യ സംഭവമെങ്കിൽ തുടർന്നുവന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിൽ അധികൃതരുടെ അടിക്കടിയുള്ള മുന്നറിയിപ്പ് അവഗണിച്ചതുകൊണ്ട് വ്യാപനം പൂർവാധികം രൂക്ഷമായി. വീണ്ടും താഴോട്ടുപോയ കോവിഡ് നിരക്ക് കഴിഞ്ഞ നാലു മാസക്കാലം കുറഞ്ഞുവരുന്നതിെൻറ ലക്ഷണങ്ങൾ കാണിച്ചശേഷം ഒരാഴ്ചയായി മഹാരാഷ്ട്ര, പഞ്ചാബ്, കേരളം, കർണാടക, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഉയരാൻ തുടങ്ങിയിരിക്കുന്നു.
ഞായറാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 46,951 കേസുകൾ. രണ്ടാഴ്ചക്കകം രാജ്യത്തെ കോവിഡ് മരണം 212ൽ എത്തി. കേരളത്തിൽ മരണനിരക്ക് നേരത്തേത്തന്നെ കുറവായിരുന്നു. ടെസ്റ്റുകളുടെ എണ്ണം കുറയുന്തോറും നിരക്കും കുറയുന്നുവെന്നത് ആശ്വാസകരമാണെങ്കിലും ജാഗ്രത കൈവെടിയാൻ സമയമായില്ലെന്ന് മാത്രമല്ല കൂടുതൽ ഉത്കണ്ഠജനകമായ രണ്ടാം വരവിെൻറ ഭീഷണി നിലനിൽക്കുന്നുണ്ടുതാനും. കോവിഡ് -19െൻറ വ്യാപനക്കണക്കുകൾ അവതരിപ്പിച്ചുകൊണ്ടും ജാഗരൂകത പാലിക്കണമെന്ന് ഉണർത്തിക്കൊണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ ദിനേന സായാഹ്നങ്ങളിൽ ജനങ്ങളെ അഭിമുഖീകരിച്ചുകൊണ്ടിരുന്നത് ആഴ്ചകൾക്കു മാത്രം മുമ്പാണ്. പ്രായമായവർ കഴിവതും പുറത്തിറങ്ങരുതെന്നും ജനം കൂടിനിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും മാസ്ക് ധരിക്കാതെ ആരും പുറത്തിറങ്ങരുതെന്നും നിരന്തരവും ശക്തവുമായി ഉദ്ബോധിപ്പിക്കപ്പെട്ടിരുന്നു. അക്കാര്യങ്ങൾ അനുസ്യൂതം നിരീക്ഷിക്കാൻ പൊലീസിനെ വിന്യസിക്കുകയും ശിക്ഷാനടപടികൾ സ്വീകരിക്കാൻ അവർക്ക് അധികാരം നൽകുകയും ചെയ്തിരുന്നു. പക്ഷേ, നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ സ്ഥിതിയാകെ അട്ടിമറിഞ്ഞിരിക്കുന്നു. സാക്ഷാൽ മുഖ്യമന്ത്രിതന്നെ ഒരു നിയന്ത്രണത്തിനും വിധേയരല്ലാത്ത പതിനായിരങ്ങളുടെ മേളകളെയാണ് അഭിമുഖീകരിക്കുന്നത്. മറ്റെല്ലാ നേതാക്കളും പ്രവർത്തകരും അങ്ങനെ തന്നെ. കോവിഡ് വ്യാപനത്തിന് തീർത്തും അനുകൂലമായ ഈ സാഹചര്യം എല്ലാവരെയും ആശങ്കാകുലരാക്കേണ്ടതാണ്.
കോവിഡിനെതിരായ കുത്തിവെപ്പ് ജാഗ്രത കൈവെടിയാനും ആലസ്യം വ്യാപകമാക്കാനും പ്രേരകമായി തീർന്നിട്ടുണ്ടെന്നു വേണം കരുതാൻ. പക്ഷേ, കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം 4, 50, 65, 998 പേരാണ് രാജ്യത്ത് ഇതേവരെ വാക്സിനേഷന് വിധേയരായവർ. അവശേഷിക്കുന്ന 130 കോടിയിൽ പത്തിലൊന്നെങ്കിലും കുത്തിവെപ്പെടുക്കാൻ ഇനിയെത്ര നാൾ വേണ്ടിവരുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ജനം വാക്സിനേഷനിൽ വിമുഖരാവുന്നതല്ല, രാജ്യത്തെ ആരോഗ്യസംവിധാനങ്ങളുടെ അപര്യാപ്തതയാണ് കാരണമെന്ന് വ്യക്തമാണ്. ആരോഗ്യരംഗത്ത് രാജ്യത്തിന് മാതൃകയായ കേരളത്തിലെങ്കിലും യുക്തിസഹമായ കാലയളവിൽ വാക്സിനേഷൻ പൂർത്തീകരിക്കാനുള്ള തീവ്രയത്നം ആരോഗ്യമന്ത്രാലയത്തിെൻറ ഭാഗത്തുനിന്നുണ്ടായേ തീരൂ. മതിയായ അളവിൽ മരുന്ന് ലഭ്യമാക്കുകയാണ് ഇക്കാര്യത്തിൽ പ്രാഥമികമായി പൂർത്തീകരിക്കേണ്ട നടപടി. സർക്കാർ ആശുപത്രികളിൽ വാക്സിനേഷൻ സൗജന്യമാക്കിയ നടപടി തീർച്ചയായും സ്വാഗതാർഹമാണ്. എന്നാൽ, ശേഷിയുള്ളവൻ സൗജന്യം കാത്തിരിക്കാതെ സ്വകാര്യ ആശുപത്രികളെ അഭയം പ്രാപിക്കുന്നത് കോവിഡ് വ്യാപനം തടയുന്നതിൽ നിർണായകമായിത്തീരും. പാർശ്വഫലങ്ങളെക്കുറിച്ച ഭീതിക്ക് അടിസ്ഥാനമില്ലെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞുവല്ലോ. ഈ പ്രക്രിയ പൂർണമാവുന്നതുവരെയെങ്കിലും കരുതൽ നടപടികൾ ജാഗ്രതയോടെ തുടരുമെന്ന് സർക്കാറും ആരോഗ്യപ്രവർത്തകരും ജനങ്ങളും ഉറപ്പുവരുത്തുകയേ രക്ഷയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.