കരയാം, മരവിക്കുന്ന ജനാധിപത്യത്തിനായി
text_fieldsകോവിഡിന്റെ രണ്ടാം തരംഗം വളരെയൊന്നും അയഞ്ഞില്ല. മൂന്നാംതരംഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടെന്ന് ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകുന്നു. ഇതിനിടക്ക് ബ്ലാക്ക്് ഫംഗസ് എന്ന രോഗവും താണ്ഡവം തുടങ്ങി. സാമ്പത്തികരംഗം തകർച്ചയിലായതോടെ ദാരിദ്ര്യവും തൊഴിലില്ലായ്മയും വർധിച്ചെന്നുമാത്രമല്ല, സകല മേഖലകളിലും ജനങ്ങൾ കടുത്ത പ്രതിസന്ധി അനുഭവിക്കുന്നു. ഈ ഘട്ടത്തിൽ ആഴ്ചകളോളം രാജ്യത്തിന് ഭരണനേതൃത്വം നഷ്ടപ്പെട്ട പ്രതീതിയുണ്ടായി. മരുന്ന്-ഓക്സിജൻ വിതരണം തടസ്സപ്പെട്ടു. ആരോഗ്യ പ്രവർത്തകരടക്കം ആരോടു പരാതിപ്പെടണം എന്നറിയാതെ വലഞ്ഞു. സംസ്ഥാനസർക്കാറുകൾക്ക് ആരോഗ്യമേഖലയുടെ ഉത്തരവാദിത്തമുണ്ടെങ്കിലും രാജ്യത്തെ മുഴുവൻ ഗ്രസിച്ച മഹാമാരിയെ നേരിടുന്നതിൽ കേന്ദ്രത്തിന്റെ ഏകോപനം പ്രധാനമാണ്. മാത്രമല്ല, ഓക്സിജൻ, വാക്സിൻ ഇറക്കുമതിയും വിതരണവും കേന്ദ്രം സ്വന്തം നിയന്ത്രണത്തിലാക്കുകയും ചെയ്തു.
ഈ ഘട്ടത്തിൽ കേന്ദ്രസർക്കാർ അപ്രത്യക്ഷമായിക്കളഞ്ഞു എന്ന വിമർശനമാണുയർന്നത്. ഇതിനുള്ള മറുപടി എന്നനിലക്കുകൂടിയാവണം പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗങ്ങൾ വിളിച്ചുചേർക്കാൻ മുന്നിട്ടിറങ്ങിയത്. സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും ആരോഗ്യ പ്രവർത്തകരെയും പങ്കെടുപ്പിച്ചുള്ളതാണ് ഒന്ന്; മറ്റേത് വാരാണസിയിലെ ആരോഗ്യപ്രവർത്തകരെ ഉൾപ്പെടുത്തിയുള്ളത്. രണ്ടും ഓൺലൈൻ യോഗങ്ങൾ. രണ്ടാമത്തെ യോഗത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരെയോർത്ത് മോദി വിതുമ്പിയതാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. അത് ആത്മാർഥമല്ലെന്ന ആക്ഷേപംവരെ ഉയർന്നതിനു പിന്നിൽ, സർക്കാറിന്റെ നിഷ്ക്രിയത്വത്തെക്കുറിച്ചുള്ള ആവലാതികളും രോഷവുമുണ്ട്. പ്രധാനമന്ത്രിയുടെ കണ്ണീരിനെ വിലകുറച്ച് കാണേണ്ടതില്ല. അതേസമയം, ആ ദുഃഖപ്രകടനത്തിലെ സത്യസന്ധത ഇനിയുള്ള പ്രവർത്തനങ്ങളും ആവശ്യമായ തിരുത്തലുകളും വഴിതെളിയുന്നുണ്ടോ എന്ന് ശ്രദ്ധിക്കാൻ ജനങ്ങൾ നിർബന്ധിതരാണ്.
ജനാധിപത്യ സംവിധാനങ്ങളെ നിഷ്ക്രിയമാക്കിയതാണ് സർക്കാർ വരുത്തിയ ഒരു വീഴ്ച. രാജ്യത്തിന്റെ വിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നതിലും കരുതലോടെ ചെലവഴിക്കുന്നതിലും പ്രവർത്തനങ്ങളുടെ മുൻഗണന തീരുമാനിക്കുന്നതിലുമെല്ലാം ജനാധിപത്യപരമായ കൂടിയാലോചനകളും ആസൂത്രണവും ആവശ്യമാണ്. നരേന്ദ്ര മോദിയുടെ ഭരണശൈലിയുടെ വലിയൊരു പോരായ്മ ഈ കൂടിയാലോചന ഇല്ലെന്നതാണ്. നോട്ടുനിരോധനം മുതൽ കോവിഡ് ലോക്ഡൗൺ വരെയും പൗരത്വ, കാർഷിക, കശ്മീർ നിയമങ്ങൾ മുതൽ സെൻട്രൽ വിസ്റ്റ പദ്ധതിവരെയും ഈ ജനവിരുദ്ധമായ അടിച്ചേൽപിക്കൽ പ്രകടമായിട്ടുണ്ട്. പാർലമെൻറിൽ കനത്ത ഭൂരിപക്ഷമുണ്ടായിട്ടുപോലും അവിടെ വേണ്ടത്ര ചർച്ചകൾ നടക്കാത്തതിനർഥം, ജനാധിപത്യം ഭരണനേതൃത്വത്തിന്റെ സ്വേഛക്ക് വിധേയമാണെന്ന തീരുമാനം തന്നെയാവണം. കൂടിയാലോചനകൾ മാത്രമല്ല, ഭരണഘടനയുടെ ചൈതന്യവും നിയമങ്ങളുമടക്കം നിരന്തരം ലംഘിക്കപ്പെടുന്നു. മഹാമാരി അതിന്റെ വിശ്വരൂപം കാട്ടിത്തുടങ്ങിയപ്പോൾ രാജ്യവും ഭരണവും പകച്ചുപോയത് മോദി സൂചിപ്പിച്ചപോലെ ഇത്ര ഗുരുതരമായ പ്രതിസന്ധി രാജ്യം നേരിടുന്നത് ആദ്യമായതുകൊണ്ടല്ല. മറിച്ച്, ഏതു പ്രതിസന്ധിയെയും നേരിടാൻ കെൽപുണ്ടായിരുന്ന ഭരണസംവിധാനത്തെ നിശ്ചേഷ്ടമാക്കിക്കളഞ്ഞതുകൊണ്ടാണ്. കേന്ദ്രത്തിനുള്ള സാമ്പത്തികബലം ഇല്ലാഞ്ഞിട്ടും ചില സംസ്ഥാനങ്ങൾ കാര്യക്ഷമമായി പ്രതിരോധം മുന്നോട്ടുകൊണ്ടുപോയത് ഒരു പാഠമാണ്.
രാജ്യത്തിന്റെ കരുത്താണ് ഫെഡറൽ സംവിധാനം. പ്രധാനമന്ത്രി ഇപ്പോൾ വിളിച്ചുചേർത്ത രണ്ടു യോഗങ്ങളിലും ഫെഡറലിസത്തിന് നിരക്കാത്ത അനൗചിത്യം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. കലക്ടർമാരും ആരോഗ്യരംഗത്തെ ചുമതലക്കാരുമടക്കം സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി സംസ്ഥാനസർക്കാറുകൾക്ക് മുകളിലൂടെ പ്രധാനമന്ത്രി നേരിട്ട് സംസാരിക്കുന്നത് നിയമവിരുദ്ധമല്ലെങ്കിലും ചീത്ത വഴക്കമാണ്. സംസ്ഥാന ഭരണനേതൃത്വങ്ങൾക്ക് പറയാനുള്ളത് കേൾക്കാൻ അവസരം നൽകിയില്ലതാനും. ഇത്തരം യോഗങ്ങൾ ''സൂപ്പർ ഫ്ലോപ്പാ''ണെന്നും മുഖ്യമന്ത്രിമാരെ വെറും കാഴ്ചക്കാരാക്കി അപമാനിക്കുന്നു എന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത കുറ്റപ്പെടുത്തിയത് അതുകൊണ്ടാണ്. 'മൻകീബാത്' പോലെ ഏകദിശയിലുള്ള വാചകമടി മാത്രമാകുന്നു യോഗങ്ങളെന്ന് ഝാർഖണ്ഡ് മുഖ്യമന്ത്രി ഷിബുസോറൻ പറഞ്ഞിരുന്നു. കോവിഡ് പ്രശ്നങ്ങൾ ചർച്ചചെയ്യാൻ പ്രധാനമന്ത്രിയെ കിട്ടുന്നില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും മുമ്പ് പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി സംസ്ഥാന ഉദ്യോഗസ്ഥരെ നേരിട്ട് യോഗത്തിന് വിളിച്ചപ്പോൾ തമിഴ്നാട് ആരെയും അയക്കാതിരുന്നതും ഫെഡറൽ താൽപര്യം ചൂണ്ടിക്കാട്ടിയാണ്. പാർലമെൻറിനെയും ഫെഡറലിസത്തെയും മാത്രമല്ല കേന്ദ്രം മരവിപ്പിക്കുന്നത്. സെൻട്രൽ വിസ്റ്റ പദ്ധതിക്ക് വൻ തുക ചെലവിടുന്നതിലെ ധാർമികതയും അതിനുവേണ്ടി ലംഘിക്കപ്പെടുന്ന അനേകം ചട്ടങ്ങളും ഭരണവിശുദ്ധിയുടെയോ കാര്യക്ഷമതയുടെയോ തെളിവല്ല. അത്തരം നിരവധി കാര്യങ്ങളിൽ തിരുത്തൽ വരുേമ്പാഴേ പ്രധാനമന്ത്രി പൊഴിക്കുന്ന കണ്ണീരിന് അർഥമുണ്ടാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.