ഒരുമ കൊണ്ടേ തീരൂ ഭൂമിയുടെ രോഗം
text_fieldsഒരുദിവസം പ്രത്യേകമായി ആചരിച്ചതുകൊണ്ട് എല്ലാമായി എന്ന് കരുതാനാവില്ലെങ്കിലും ഈ വർഷത്തെ ഭൗമദിനം മിക്കവാറും ഓർമിക്കപ്പെടാതെപോയി എന്നത് അമ്പരപ്പിക്കണം. ഒറ്റപ്പെട്ട മാധ്യമങ്ങളും ആക്ടിവിസ്റ്റുകളും ഒഴിച്ചാൽ എല്ലാവരും മറന്നുപോയ ഏപ്രിൽ 22ലെ ഭൗമദിനാചരണം, ഭൂമിയോട് നാം പുലർത്തുന്ന നിസ്സംഗതയുടെയും അവഗണനയുടെയും ആഴം വെളിപ്പെടുത്തി.
വർത്തമാനകാലത്ത് എല്ലാ സമൂഹങ്ങളുടെയും രാഷ്ട്രങ്ങളുടെയും സജീവ ശ്രദ്ധയിലുണ്ടായിരിക്കേണ്ട വൻ പ്രശ്നങ്ങളിലൊന്നാണ് ഭൂമി നേരിടുന്ന കാലാവസ്ഥാപ്രതിസന്ധി. എല്ലാ പ്രദേശങ്ങളെയും എല്ലാ ഭൂനിവാസികളെയും നേരിട്ട് ബാധിക്കുന്ന ഒന്നായി വളർന്നിട്ടുണ്ട് അത്. യു.എന്നിന് കീഴിലുള്ള രാജ്യാന്തര കാലാവസ്ഥാസമിതിയുടെ ഒടുവിലത്തെ റിപ്പോർട്ട് പ്രശ്നത്തിന്റെ ഗൗരവം എടുത്തുപറയുന്നുണ്ട്. അതിജാഗ്രതയോടെ ലോകസമൂഹം ചെയ്യേണ്ട പരിഹാരങ്ങൾ അത് ചൂണ്ടിക്കാട്ടുന്നു.
ഭൂമിയുടെ പരിസ്ഥിതിക്കേറ്റ പരിക്കുകളിൽ ചിലത് ഉടനെയൊന്നും പരിഹരിക്കാനാവാത്തതരത്തിൽ സമയം അതിക്രമിച്ചതായി റിപ്പോർട്ട് പറഞ്ഞു. കഴിഞ്ഞ ആഴ്ചകളിൽ കാനഡയിലും അമേരിക്കയിലും മറ്റും വ്യാപിച്ച കാട്ടുതീയും ദക്ഷിണാഫ്രിക്കയിൽ ദുരിതംവിതച്ച പ്രളയവും മുമ്പ് കണ്ടിട്ടില്ലാത്തത്ര തീക്ഷ്ണമായിരുന്നു. വരൾച്ചയായും പ്രകൃതിക്ഷോഭമായും ജലദൗർലഭ്യമായും ഭക്ഷ്യക്ഷാമമായുമൊക്കെ പ്രകടമാകുന്ന ഭൂമിയുടെ പ്രതിസന്ധി ഇപ്പോൾ വൻതോതിൽ കാലാവസ്ഥാ അഭയാർഥികളെയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇതൊക്കെയായിട്ടും ജനസമൂഹങ്ങൾക്ക് പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊള്ളാനാകാതെ പോയതിന്റെ ലക്ഷണം കൂടിയാണ്, അവബോധത്തിനും ഓർമപ്പെടുത്തലിനുമുള്ള വാർഷികവേളയായ ഭൗമദിനം അന്താരാഷ്ട്ര വിഡ്ഢിദിനത്തോളം പോലും ശ്രദ്ധിക്കപ്പെടാതെ പോയത്.
ഗ്ലാസ്ഗോ ഉച്ചകോടിയിൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ പരിഹാരശ്രമങ്ങൾ സംബന്ധിച്ച പുതിയ സാധ്യതകളും ലക്ഷ്യങ്ങളും ഏറ്റെടുത്തിട്ടുണ്ട്. 2030ഓടെ മൊത്തം ഊർജ ആവശ്യത്തിന്റെ പകുതി, മലിനീകരണമില്ലാത്ത ബദൽ ഊർജമാക്കി മാറ്റുമെന്നതാണ് ഒന്ന്. ഇന്ത്യയിൽ വന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ഇക്കാര്യത്തിൽ സഹകരണക്കരാർ ഒപ്പിട്ടിട്ടുമുണ്ട്. നാം അതിവേഗത്തിൽ ഫോസിലേതര ഇന്ധനരംഗത്ത് മുതലിറക്കുന്നുണ്ട്. എങ്കിൽപോലും നിർണിത ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇതൊന്നും മതിയാകില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. 2015ലെ മലിനീകരണത്തോത് കുറക്കാൻ കൂട്ടായ ശ്രമങ്ങൾകൊണ്ട് കഴിഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും വ്യവസായവത്കരണത്തിന് മുമ്പത്തേതിനേക്കാൾ ഒന്നര ഡിഗ്രി സെൽഷ്യസിൽ താപവർധന പരിമിതപ്പെടുത്താൻ കഴിയില്ലെന്നാണ് വിലയിരുത്തൽ.
രണ്ട് ഡിഗ്രി വർധനവിലേക്കാണ് ഇന്നത്തെ പോക്ക്. ഇത് ഗുരുതരമായ സ്ഥിതിയുണ്ടാക്കും. ഒന്നോ ഒന്നരയോ ഡിഗ്രി വർധനവിൽ ഒതുക്കാൻ കഴിയണമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. നാമടക്കം ഏറ്റെടുത്തിട്ടുള്ള നിർമലിനീകരണ ലക്ഷ്യങ്ങൾതന്നെ മതിയാകാതെവരുന്ന അവസ്ഥയിൽ, പുതിയ കൽക്കരി പാടങ്ങളടക്കമുള്ള പദ്ധതികൾ നാം ഉപേക്ഷിക്കുകതന്നെ വേണം. അതിനാവശ്യം രാഷ്ട്രീയ ഇച്ഛാശക്തിയാണ്.
വാസ്തവത്തിൽ പലകുറി ആവർത്തിക്കപ്പെട്ടപോലെ, കാലാവസ്ഥാപ്രതിസന്ധിയും കോവിഡ് മഹാമാരിയും നമ്മെ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നത് ലോകം നേരിടുന്ന ആഗോള പ്രശ്നങ്ങൾക്ക് ഒന്നിച്ചുള്ള പരിഹാരംതന്നെ വേണം എന്നാണ്- ഒറ്റക്കൊറ്റക്കായി രാജ്യങ്ങൾക്ക് പരിഹാരം കാണാവുന്നതല്ല ഇവ. പല ദുശ്ശീലങ്ങളും ഉപേക്ഷിക്കുന്ന കൂട്ടത്തിൽ, സങ്കുചിത ദേശീയതയും ഉൾപ്പെടേണ്ട കാലമെത്തി. രണ്ടു തരത്തിൽ ദേശീയത കാലാവസ്ഥാപ്രതിസന്ധി മൂർച്ഛിപ്പിക്കുന്നുണ്ട്. ഒന്ന്, സംഘർഷങ്ങളുടെ എണ്ണവും വ്യാപ്തിയും വർധിക്കാൻ അത് നിമിത്തമാകുന്നു. മലിനീകരണ ഹേതുക്കളിൽ ഏറ്റവും വലുത് യുദ്ധവും ആയുധവ്യവസായവുമാണ്. ഗുണകാംക്ഷയും ഇച്ഛാശക്തിയുമുണ്ടെങ്കിൽ പ്രയാസമില്ലാതെ ഉപേക്ഷിക്കാവുന്നതും അതാണ്. നിർഭാഗ്യവശാൽ കൂടുതൽക്കൂടുതൽ ആയുധങ്ങൾക്കുവേണ്ടിയുള്ള മുറവിളിയാണ് ഉയരുന്നത്- യുക്രെയ്നിലടക്കം.
രണ്ടാമതായി, പ്രശ്നപരിഹാരം ആഗോള കൂട്ടായ്മയിലൂടെ മാത്രമേ സാധ്യമാകൂ; എന്നാൽ, തീവ്രദേശീയത അതിനുമുന്നിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നു. സമ്പന്നരാജ്യങ്ങൾ ദരിദ്രർക്ക് കാലാവസ്ഥാപരിഹാരത്തിനായി വാഗ്ദാനംചെയ്ത പരിമിതമായ ധനംപോലും കൊടുക്കാതെ വൈകിപ്പിക്കുന്നത് ദേശീയതയെ മറികടക്കാൻപോന്ന ശക്തമായ രാജ്യാന്തര സംവിധാനം ഇല്ലാത്തതുകൊണ്ടാണ്. യു.എൻ പരിസ്ഥിതി പ്രോഗ്രാമിന്റെ പുരസ്കാരം നേടിയ ഡേവിഡ് ആറ്റൻബറ പറഞ്ഞതാണ് ശരി: ''നാം ദേശീയവാദത്തോട് വിടപറഞ്ഞേ പറ്റൂ. കാലാവസ്ഥാമാറ്റത്തിന്റെ പ്രശ്നങ്ങൾ നമുക്കറിയാം. പരിഹാരവും അറിയാം. പക്ഷേ, ലോകം ഒരുമിച്ച് ശ്രമിക്കുന്നില്ലെങ്കിൽ അവ പരിഹരിക്കാൻ കഴിയില്ല.''
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.