ലക്ഷദ്വീപിനെ കൊല്ലാൻ അനുവദിക്കരുത്
text_fieldsരാജ്യത്ത് കുറ്റകൃത്യങ്ങൾ ഏറ്റവും കുറഞ്ഞ നാട് എന്ന് അഭിമാനപൂർവം നമ്മൾ വിശേഷിപ്പിച്ചിരുന്ന ദേശമാണ് കേരളത്തോട് തൊട്ടുചേർന്ന് കിടക്കുന്ന ലക്ഷദ്വീപ്. കടലും കരയും കനിഞ്ഞു നൽകുന്ന ജീവിതവിഭവങ്ങളെ ആശ്രയിച്ച് മനുഷ്യനും പ്രകൃതിക്കും ദോഷമേതും വരുത്താതെ കഴിഞ്ഞുപോകുന്ന മുക്കാൽ ലക്ഷത്തിൽ താഴെമാത്രം എണ്ണം വരുന്ന ഈ ജനതയെ സാമൂഹികമായും സാമ്പത്തികമായും തകർത്ത് ഇല്ലാതാക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് കേന്ദ്ര ഭരണകൂടം എന്നു വിളംബരം ചെയ്യുന്നതാണ് അവിടെ അടക്കിഭരിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന പുതിയ അഡ്മിനിസ്ട്രേറ്ററുടെ 'ഭരണപരിഷ്കാരങ്ങൾ'.
സിവിൽ സർവിസ് ഉദ്യോഗസ്ഥരെമാത്രം നിയമിച്ചിരുന്ന ദ്വീപിലെ അഡ്മിനിസ്ട്രേറ്റർ പദവിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വസ്തനായ പ്രഫുൽ ഖോദ പട്ടേലിനെ നിയോഗിച്ച 2020 ഡിസംബർ മുതലാണ് അന്നാട്ടിലെ ജീവിതം താളംതെറ്റിത്തുടങ്ങിയത്. ദാമൻ-ദിയുവിെൻറയും ദാദ്രാ നഗർ ഹവേലിയുടെയും അഡ്മിനിസ്ട്രേറ്റർ ചുമതല വഹിക്കവെ ആദിമനിവാസികളെയും മത്സ്യത്തൊഴിലാളി സമൂഹത്തെയും തൊഴിൽ-താമസ ഇടങ്ങളിൽനിന്ന് ആട്ടിപ്പായിച്ചും അവകാശങ്ങൾ ഹനിച്ചും കാണിച്ച 'പ്രവർത്തന മികവ്' തന്നെയാവും വിദ്വേഷ അജണ്ട നടപ്പാക്കിയെടുക്കുന്നതിന് കാർമികത്വം വഹിക്കാനായി പ്രഫുലിനെ ലക്ഷദ്വീപിലേക്ക് അയക്കാൻ കേന്ദ്രത്തെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. മോദി ഗുജറാത്ത് വാണ കാലത്ത് ആഭ്യന്തരമന്ത്രിയുമായിരുന്നു പേട്ടൽ.
കടുകിട തെറ്റിക്കാതെ സുരക്ഷമാനദണ്ഡങ്ങൾ പാലിച്ച് കോവിഡിനെ കടൽകടന്നെത്താൻ അനുവദിക്കാതെ സൂക്ഷിച്ചുപോരുകയായിരുന്നു ദ്വീപുകാർ ഇത്രകാലവും. ലോകമൊട്ടുക്ക് പടർന്നു പിടിച്ച മഹാമാരിയെ കേരളത്തിലും ദ്വീപിലുമായി ഒരുക്കിയ കുറ്റമറ്റ ക്വാറൻറീൻ സംവിധാനങ്ങൾവഴി ഒരു വർഷത്തോളം അവർ കോട്ടകെട്ടി തടഞ്ഞുനിർത്തിയെന്നുവേണം പറയാൻ. പുതിയ അഡ്മിനിസ്ട്രേറ്റർ പ്രോട്ടോകോൾ പൂർണമായും തകിടം മറിച്ചതോടെ കോവിഡ് ദ്വീപിലും വ്യാപകമായി. ഈ വർഷം ജനുവരി 18 വരെ ഒരു കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്യപ്പെടാതിരുന്ന അവിടെയിപ്പോൾ 6,611 പേർ രോഗബാധിതരായി, 24 പേർ മരിക്കുകയും ചെയ്തു. ചികിത്സ-ആശുപത്രി സൗകര്യങ്ങൾ തുലോം പരിമിതമായ ദ്വീപിൽ കോവിഡ് സൃഷ്ടിച്ചിരിക്കുന്ന ദുരിതം വിളിപ്പുറത്ത് ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളുമുള്ളവർക്ക് ഒരു പക്ഷേ മനസ്സിലായെന്നു വരില്ല. അസുഖം കടുത്തവരെ ഹെലികോപ്ടറിൽ കൊച്ചിയിലെത്തിച്ചാണ് ചികിത്സ നൽകിവരുന്നത്.
എന്നാൽ, ദ്വീപ് ജനത ഇപ്പോൾ നേരിടുന്ന കടുത്ത ഭീഷണി കോവിഡ് മരണങ്ങളല്ല, അതിനേക്കാൾ ഭീകരമാംവിധം ജീവിതം ദുസ്സഹമാക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ തിടുക്കപ്പെട്ട് നടപ്പാക്കിവരുന്ന മാരണനിയമങ്ങളാണ്. ദ്വീപിെൻറ സാമൂഹിക-സാംസ്കാരിക ജീവിതരീതികളെ അട്ടിമറിക്കുന്ന ഈ നിയമങ്ങൾക്കും നടപടിക്രമങ്ങൾക്കും തികഞ്ഞ അധിനിവേശ സ്വഭാവമാണുള്ളത്. കുറ്റകൃത്യങ്ങളോ പെറ്റി കേസുകൾ പോലുമോ ഇല്ലാത്ത ദ്വീപിൽ ഗുണ്ടനിയമം നടപ്പാക്കാൻ ശ്രമം തുടങ്ങി. തീരസംരക്ഷണ നിയമത്തിെൻറ മറപറ്റി മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ ഇടിച്ചുനിരത്തി. ബേപ്പൂർ തുറമുഖവുമായി ബന്ധങ്ങൾ ഒഴിവാക്കി ചരക്കുനീക്കം മംഗലാപുരം വഴിയാക്കണമെന്ന് നിബന്ധന മുന്നോട്ടുവെച്ചിരിക്കുന്നു.
ജനാധിപത്യ രീതിയിൽ നിലവിലുണ്ടായിരുന്ന ജില്ലാ പഞ്ചായത്തിെൻറ അധികാരങ്ങൾ എടുത്തുകളഞ്ഞ് ദ്വീപിനെ അഡ്മിനിസ്ട്രേറ്ററുടെ കാൽചുവട്ടിലാക്കിയ ശേഷം ഭരണനിർവഹണ സംവിധാനങ്ങളിൽനിന്ന് തദ്ദേശീയരെ പൂർണമായും ഒഴിവാക്കിവരുകയാണിപ്പോൾ. സർക്കാർ സർവിസിൽ ജോലിചെയ്തിരുന്ന ദ്വീപ് നിവാസികളെ പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നു. വിനോദസഞ്ചാര വികസനം നിർവഹിച്ചുവരുന്ന സൊസൈറ്റി ഫോർ പ്രമോഷൻ ഒാഫ് നേച്വർ ടൂറിസം ആൻഡ് സ്പോർട്സിനെ ഒഴിവാക്കി ലക്ഷദ്വീപിന് അനുഗുണമല്ലാത്ത, കുത്തക കമ്പനികളുടെ നിയന്ത്രണത്തിലെ വമ്പൻ ടൂറിസം പദ്ധതികൾ അണിയറയിൽ ഒരുക്കുന്നു. ദ്വീപിലെ തദ്ദേശീയ പാലുൽപാദനം തടഞ്ഞ് ഡയറിഫാമുകൾ അടച്ചുപൂട്ടി കന്നുകാലികളെ ലേലം ചെയ്യാനും ഉത്തരവിട്ടിരിക്കുന്നു. ബീഫ് നിരോധനം നടപ്പാക്കുകയും സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽനിന്ന് മാംസാഹാരം ഒഴിവാക്കുകയും ചെയ്തു. മദ്യമുക്തമേഖലയായിരുന്ന ദ്വീപിൽ ടൂറിസം വികസനത്തിനെന്ന പേരിൽ മദ്യശാലകൾക്ക് അനുമതി നൽകിയിരിക്കുന്നു. ജനസംഖ്യയുടെ ഭൂരിഭാഗവും മുസ്ലിംകൾ ആണെന്നതുകൂടിയാണ് പ്രതികാരബുദ്ധിയോടെ നടപ്പാക്കുന്ന ഓരോ നിയമത്തിെൻറയും കാതൽ.
അടിസ്ഥാന സൗകര്യങ്ങളിൽ പിന്നിലാണെങ്കിലും അടിയറവെക്കാത്ത ആത്മാഭിമാനത്തിലും വിശ്വാസദാർഢ്യത്തിലും എന്നും മുന്നിലാണ് ദ്വീപ്ജനത. അതുകൊണ്ടുതന്നെ അടിയന്തരാവസ്ഥക്ക് സമാനമായ ഈ കടന്നുകയറ്റത്തിന് കീെഴാതുങ്ങാനല്ല, എതിർത്തു നിൽക്കാൻതന്നെയാണ് അവരുടെ തീരുമാനം. ലക്ഷദ്വീപിലെ വിദ്യാർഥിസമൂഹം നാടിെൻറ വീണ്ടെടുപ്പിനായി സമരം ആരംഭിച്ചു കഴിഞ്ഞു. അധികാരകേന്ദ്രങ്ങളിൽ സ്വാധീനശക്തിയില്ലാത്ത, മാധ്യമങ്ങളിൽ സാന്നിധ്യമില്ലാത്ത ഇവരുടെ ചെറുത്തുനിൽപിനെ ഞെരിച്ചുടക്കാനുള്ള കളികൾ കേന്ദ്രവും തുടങ്ങിയിട്ടുണ്ട്. ഫോണുകൾ ചോർത്തിയും ഇൻറർനെറ്റ് വിലക്കിയുമെല്ലാം പുറംലോകവുമായുള്ള ബന്ധം ഇല്ലാതാക്കി ഒറ്റപ്പെടുത്തി ഒതുക്കാമെന്നാണ് അവരുടെ കണക്കുകൂട്ടൽ.
പ്രഫുൽ ഖോദ പട്ടേലിനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിൽനിന്നുള്ള പാർലമെൻറംഗങ്ങൾ രാഷ്ട്രപതിയെ സമീപിച്ചിട്ടുണ്ട്. ദ്വീപ് ജനതയുടെ സ്നേഹവും സൗമ്യതയും നേരിട്ടനുഭവിച്ചിട്ടുള്ള കലാ-കായിക പ്രതിഭകളും ഐക്യദാർഢ്യമറിയിച്ച് മുന്നോട്ടുവന്നിട്ടുണ്ട്. ഇതിലൊതുങ്ങരുത്, വെറുപ്പിെൻറ അജണ്ടയെ ചെറുക്കാൻ കേരളം ഒറ്റക്കെട്ടായി ദ്വീപ് സമൂഹത്തിനൊപ്പം ഉറച്ചുനിൽക്കേണ്ട സമയമാണിത്. ലക്ഷദ്വീപിനെ തകർക്കാനുള്ള അജണ്ടക്കെതിരെ ആദ്യസമ്മേളനത്തിൽതന്നെ പ്രമേയം പാസാക്കാൻ കേരള നിയമസഭ തയാറാവണം. ഏതാവശ്യത്തിനും ദ്വീപ് ജനത ആശ്വാസപൂർവം ആശ്രയിക്കുന്ന നാടാണ് കേരളം. നമ്മുടെ പിന്തുണ അവർക്ക് ഏറ്റവുമധികം ആവശ്യമായ സന്ദർഭമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.