പ്രതിസന്ധി എത്തിക്കഴിഞ്ഞു; പരിഹാരമോ?
text_fields''ജർമൻ ഭാഷയിൽ ഇതിന് വാക്കില്ല'' -തെൻറ രാജ്യത്തിെൻറ അനുഭവത്തിലെങ്ങും ഉണ്ടായിട്ടില്ലാത്ത പ്രളയക്കെടുതിയെപ്പറ്റി ചാൻസലർ ആംഗലാ മെർകൽ പ്രതികരിച്ചത് ഇങ്ങനെയാണ്. കാനഡയിൽ കഴിഞ്ഞ മാസമുണ്ടായ കൊടുംചൂടിനെ നേരിടാൻ ഭൂരിപക്ഷംപേർക്കും എ.സി സംവിധാനം ഇല്ലാതിരുന്നത് അവിടെ അന്തരീക്ഷതാപം ഒരിക്കലും സഹിക്കാവുന്നതിനപ്പുറത്തേക്ക് ഉയർന്നിരുന്നില്ല എന്നതിനാലാണ്. കാലാവസ്ഥ പ്രതിസന്ധിയെപ്പറ്റി മുന്നറിയിപ്പായി മുമ്പു കേട്ടിരുന്ന പലതും ഇപ്പോൾ യാഥാർഥ്യമായി പുലർന്നുകൊണ്ടിരിക്കുന്നു. അങ്ങനെയൊരു പ്രതിസന്ധി ഇല്ലെന്നും ഉണ്ടെങ്കിൽ തന്നെ വിദൂര സാധ്യത മാത്രമാണെന്നും പ്രചരിപ്പിച്ചവർ ഇന്ന് ഭൂമിയുടെ അവസ്ഥകണ്ട് പകച്ചിരിക്കുന്നു. കാലംതെറ്റിയും ചിട്ടതെറ്റിച്ചുമെത്തുന്ന കാലവർഷവും തുലാവർഷവും നമുക്ക് വരൾച്ചയും പ്രളയവും സമ്മാനിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഈയിടെ ഉണ്ടായ വെള്ളപ്പൊക്കവും അവസാനത്തേതാവില്ല. ജർമനിയിലും ചൈനയിലും തുർക്കിയിലും നെതർലാൻഡ്സിലും ഇറ്റലിയിലും അമേരിക്കയിലും സ്വിറ്റ്സർലൻഡിലും ഒമാനിലും യുഗാണ്ടയിലും ബ്രിട്ടനിലും യുക്രെയ്നിലും ഫിലിപ്പീൻസിലും ഓസ്ട്രിയയിലുമെല്ലാം പ്രളയം നാശംവിതച്ചു. അതിനുമുേമ്പാ ശേഷമോ ആയി പലേടത്തും കൊടും ചൂടും ഉണ്ടായി. പതിവിൽ കവിഞ്ഞ ഇടിമിന്നൽ ദുരന്തങ്ങളുമുണ്ടായി. വടക്കുപടിഞ്ഞാറൻ യു.എസിലും കാനഡയിലും തെക്കേ അമേരിക്കൻ രാജ്യങ്ങളിലും ഇക്കുറി അനുഭവപ്പെട്ട ചൂടും ഉഷ്ണതരംഗവും പല റെക്കോഡും തകർത്തു. ആഫ്രിക്കയിലും റഷ്യയിലും പതിവില്ലാത്ത തോതിലാണ് തീവ്രകാലാവസ്ഥ അനുഭവപ്പെട്ടത്. പല പേരുകളിലറിയപ്പെടുന്ന ചുഴലിക്കൊടുങ്കാറ്റ് ഭൂഗോളത്തിെൻറ വിവിധ ഭാഗങ്ങളിൽ പൊടുന്നനെ വന്ന് വീശിയടിക്കുന്നു.
തീക്ഷ്ണ യാഥാർഥ്യമായി കാലാവസ്ഥ പ്രതിസന്ധി ഭൂമിയെ ഗ്രസിച്ചുകഴിഞ്ഞപ്പോഴും പരിഹാരശ്രമങ്ങൾക്ക് മുഖ്യതടസ്സം ഇച്ഛാശക്തിയില്ലാത്ത രാഷ്ട്രീയ നേതൃത്വങ്ങളും നിക്ഷിപ്ത താൽപര്യക്കാരായ കോർപറേറ്റ് ഭീമന്മാരുമാണ്. ഉടമ്പടികളും സമ്മേളനങ്ങളും നടക്കുന്നില്ലെന്നല്ല. കഴിഞ്ഞയാഴ്ചയാണ് ജി-20 രാജ്യങ്ങളിലെ പരിസ്ഥിതി മന്ത്രിമാർ നേപ്പിൾസിൽ കാലാവസ്ഥ ഉച്ചകോടി ചേർന്നത്. ഐക്യരാഷ്ട്രസഭ കഴിഞ്ഞ നവംബറിൽ സംഘടിപ്പിക്കാനിരുന്ന നിർണായകമായ ഗ്ലാസ്ഗോ ഉച്ചകോടി നൂറുദിവസത്തിനകം നടക്കാൻപോകുന്നു. എന്നാൽ, ഇതിലെല്ലാം ഫലപ്രദമായ എന്തു നടപടിയാണ് രാഷ്ട്രനേതൃത്വങ്ങൾ എടുക്കാൻപോകുന്നത് എന്ന കാര്യത്തിൽ ഇത്ര വ്യക്തമായ പ്രതിസന്ധിക്കു മുന്നിലും ഉത്തരങ്ങളില്ല. പാരിസ് ഉച്ചകോടിയിൽ രാജ്യങ്ങൾ ഏറ്റെടുത്ത പരിഹാര ലക്ഷ്യങ്ങൾപോലും പൂർണമായി സാക്ഷാത്കരിച്ചിട്ടില്ല. ആഗോളതാപനം രണ്ടു ഡിഗ്രിയിൽ ഒതുക്കണമെന്ന ലക്ഷ്യം ഇന്നും വിദൂരത്താണ്. മൂന്നു ഡിഗ്രിവരെ ഉയരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിനർഥം കാര്യങ്ങൾ പിടിവിടുമെന്നാണ്. അപ്പോഴും രാജ്യങ്ങൾ പരിഹാര നടപടിയുടെ അടുത്തുപോലും എത്തിയിട്ടില്ലതാനും. കാലാവസ്ഥാ പ്രതിസന്ധി പരിഹാരച്ചട്ടങ്ങളുടെ കൺസൾട്ടൻറുമാരായി പല രാജ്യങ്ങളിലും കോർപറേറ്റ് പ്രതിനിധികൾ പ്രവർത്തിക്കുന്നുണ്ട്. അവരുടെ സ്വാർഥത എല്ലാം തകിടം മറിക്കുന്നുമുണ്ട്.
ആഗോള നേതൃത്വത്തിെൻറ അഭാവത്തിൽ, വ്യത്യസ്ത രാജ്യങ്ങളുടെ ദാക്ഷിണ്യത്തിന് വിധേയമാണിന്ന് മനുഷ്യരാശി. ഇന്ത്യയിൽ, മോദി സർക്കാർ അധികാരമേറ്റ ഉടനെ ആറു സുപ്രധാന പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ ഭേദഗതി ചെയ്തു. 2020ൽ യേൽ സർവകലാശാല തയാറാക്കിയ പരിസ്ഥിതി സംരക്ഷണപ്പട്ടികയിൽ ഇന്ത്യ ഏറ്റവും ഒടുവിലായി 180ാം സ്ഥാനത്താണ്. ഇപ്പോൾ 'ആത്മ നിർഭർ' പദ്ധതിയുടെ വിലാസത്തിൽ ആറു കൽക്കരിപ്പാടങ്ങൾ തുറക്കാൻ പോകുന്നു: 2030 ഓടെ കൽക്കരി ഇന്ധനം പാടേ ഒഴിവാക്കണമെന്ന അന്താരാഷ്ട്ര തീരുമാനം നിലനിൽക്കെയാണിത്.
ജനങ്ങൾ മുഴുവൻ കഷ്ടപ്പെട്ടാലും ഭരണകൂടങ്ങൾ ഉണരില്ല എന്നർഥം. കെടുതികൾ കൂടുേമ്പാഴും അവക്ക് അനക്കമില്ല. കടലേറ്റവും മറ്റും കാരണം വീടുവിട്ടു പോകേണ്ടിവരുന്നവർ ദശലക്ഷങ്ങളാണ്. ഇത്തരം 'കാലാവസ്ഥാ അഭയാർഥികൾ' ഓരോ വർഷവും പെരുകുന്നു. ഇപ്പോഴിതാ ആദ്യമായി കാലാവസ്ഥാ മാറ്റം എന്ന ഒറ്റക്കാരണത്താൽ ഒരു രാജ്യം കൊടും പട്ടിണിയിലായിരിക്കുന്നു. മഡഗാസ്കറിൽ മഴയില്ല. വരൾച്ചയും കൃഷിപ്പിഴയും കാരണം പതിനൊന്നര കോടി ജനങ്ങൾ വറുതിയിലാണ് -അതിൽ നാലുലക്ഷം പട്ടിണിയിലും. മുൾച്ചെടികളും കാട്ടിലകളും വെട്ടുകിളികളും മാത്രമാണ് ഭക്ഷണം. ഇത് ഒരു മഡഗാസ്കറിെൻറ മാത്രം കഥയായിരിക്കില്ല. കാറ്റും വരൾച്ചയും പ്രളയവുമെല്ലാം വ്യാപകമാകുേമ്പാൾ ഈ അവസ്ഥയിൽനിന്ന് ഏറെ അകലെയല്ല മറ്റിടങ്ങളും. മുമ്പില്ലാത്ത പ്രതിസന്ധിക്കു മുന്നിലും പഴയ ദുശ്ശീലങ്ങൾകൊണ്ട് പരിഹാരം തേടുന്ന മനുഷ്യരാശി ആത്മഹത്യ മുനമ്പിലേക്കാണ് കുതിക്കുന്നത്. ഒരുപക്ഷേ, ഗ്ലാസ്ഗോ അവസാന അവസരമാകാം. പക്ഷേ, അവിടെയും വല്ലതും നടക്കുമോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.