പ്രതിച്ഛായ നഷ്ടത്തിന് തടയിടാൻ
text_fieldsകോവിഡ് ബാധിതരുടെ എണ്ണം ക്രമേണ കുറഞ്ഞുവരുകയും എന്നാൽ, മരണസംഖ്യ കൂടിവരുകയും ചെയ്യുന്നതാണ് മഹാമാരിയുടെ രണ്ടാംവരവിൽ രാജ്യം നേരിടുന്ന സ്ഥിതിവിശേഷം. കഴിഞ്ഞ ദിവസം രാജ്യത്താകെ 1,96,427 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം രോഗികൾ 2.69 കോടിയായി. മൊത്തം മരണസംഖ്യ 3,07,231 ആയി എന്നാണ് കേന്ദ്ര ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക്. മാസങ്ങൾക്കുശേഷം കൂടുതൽ മാരകമായ മൂന്നാം വരവിനെക്കുറിച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. തീർച്ചയായും ഭീതിദമായ ഈ താണ്ഡവത്തെ തടുക്കാൻ ആരോഗ്യവിദഗ്ധരുടെ പക്കൽ പ്രതിരോധ കുത്തിവെപ്പല്ലാതെ മറ്റൊരു പോംവഴിയും ഇല്ല. ഇതുവരെയായി 19,60,51,962 ഡോസ് വാക്സിൻ നൽകിയെന്നാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിടുന്ന കണക്ക്. അതായത് ആറിരട്ടി മനുഷ്യരെങ്കിലും ഇനിയും കുത്തിവെപ്പ് കാത്തുകഴിയുന്നുണ്ട് എന്നർഥം. ഇതേഗതിയിലാണ് വാക്സിനേഷൻ പ്രക്രിയ തുടരുന്നതെങ്കിൽ വർഷങ്ങൾതന്നെ വേണ്ടിവരും സാമാന്യം തൃപ്തികരമായ ജനസംഖ്യക്ക് കോവിഡിനെ പ്രതിരോധിക്കാനുള്ള കുത്തിവെപ്പ് നടത്തിയതായി ആശ്വസിക്കാൻ. മറുവശത്ത് കണക്കുകൂട്ടലുകൾ മുഴുവൻ പിഴപ്പിച്ചുകൊണ്ട് മരണനിരക്ക് കുതിക്കുകയാണുതാനും. കഴിഞ്ഞ 40 ദിവസങ്ങൾക്കിടെമാത്രം റിപ്പോർട്ട് ചെയ്തത് ആകെ കോവിഡ് മരണങ്ങളുടെ പകുതിയോളമാണ്. കഴിഞ്ഞ മാർച്ചിൽ രാജ്യത്താകെ 5417 മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിൽ തൊട്ടടുത്ത ഏപ്രിലിൽ മരണസംഖ്യ 45862 ആയി കുത്തനെ ഉയർന്നു. മരണസംഖ്യയിൽ യു.എസും ബ്രസീലും കഴിച്ചാൽ ഇന്ത്യയാണ് ആഗോളതലത്തിൽ മൂന്നാംസ്ഥാനത്തെന്നത് തൽക്കാല സ്ഥിതി മാത്രമാണ്. എത്രയും പെട്ടെന്ന് നാം ഒന്നാം സ്ഥാനത്തെത്തുമെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്. തന്മൂലമുള്ള നഷ്ടങ്ങളോ?
വിവരണാതീതമാണ് രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുന്ന കഷ്ടനഷ്ടങ്ങൾ. വ്യാപാര വ്യവസായ സ്ഥാപനങ്ങൾ എറക്കുറെ പൂർണമായി അടഞ്ഞുകിടക്കുന്നു. ഗതാഗതരംഗമാകെ കുഴഞ്ഞുമറിഞ്ഞിട്ട് വർഷത്തിലധികമായി. തൊഴിൽമേഖല മുച്ചൂടും മരവിച്ച മട്ടാണ്. കോവിഡിതര രോഗങ്ങളാൽ കഷ്ടപ്പെടുന്ന ജനലക്ഷങ്ങളുെട മുന്നിൽ ആശുപത്രികളുടെ വാതിൽ തുറക്കുന്നില്ല. സമ്പൂർണ വിദ്യാഭ്യാസ സ്തംഭനം രണ്ടാംവർഷത്തിലേക്ക് കടക്കുകയാണ്. നിർണായക പരീക്ഷകൾ എപ്പോൾ, എങ്ങനെ നടക്കുമെന്നതിനെക്കുറിച്ച് ഉത്തരവാദപ്പെട്ടവർക്ക് എത്തുംപിടിയുമില്ല. മക്കളും രക്ഷിതാക്കളും ഒരുപോലെ പരിഭ്രാന്തിയിൽനിന്ന് പരിഭ്രാന്തിയിലേക്ക് നീങ്ങുന്നു. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സൗജന്യ റേഷനും കിറ്റ് വിതരണവും ഒരുവക തൃപ്തികരമായി നടക്കുന്നു എന്ന് സമാധാനിച്ചാൽതെന്ന നടേപറഞ്ഞ പ്രതിസന്ധിക്കത് ഒരർഥത്തിലും പരിഹാരമാകുന്നില്ല.
അഭൂതപൂർവമായ ഈ വിഷമസന്ധിയെക്കുറിച്ച് സർവോപരി ബോധവാന്മാരാകേണ്ടതും സത്വര പ്രതിവിധി കാേണണ്ടതും ജനങ്ങൾ തെരഞ്ഞെടുത്ത കേന്ദ്ര-സംസ്ഥാന സർക്കാറുകളാണ്. രാജ്യം മൊത്തമായും സംസ്ഥാനങ്ങളിൽ ഭൂരിഭാഗവും അടക്കിഭരിക്കുന്ന എൻ.ഡി.എക്ക് സ്ഥിതിഗതികളുടെ ഗൗരവം ഇനിയും വേണ്ടവിധം ബോധ്യപ്പെട്ടില്ലെന്ന് വന്നാലുള്ള സ്ഥിതിയെന്ത്? ഫലത്തിൽ ഇന്ത്യയുടെ ഭരണം കൈയടക്കിവെച്ചിരിക്കുന്ന ഹിന്ദുത്വ പ്രസ്ഥാനമായ ആർ.എസ്.എസ് ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുന്നതുതന്നെ കഴിഞ്ഞ ദിവസമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡയും ആർ.എസ്.എസ് നേതാവ് ദത്താത്രേയ ഹോസ്ബോലെയും മറ്റു പ്രമുഖരും പങ്കെടുത്ത ഈ യോഗത്തിെൻറ അജണ്ടതന്നെ കോവിഡ് മഹാമാരിയുടെ അനിയന്ത്രിത വ്യാപനം എവ്വിധം പ്രതിരോധിക്കാനാവും, പ്രത്യാഘാതങ്ങളെ എങ്ങനെ നേരിടും എന്നതിനെക്കുറിച്ചായിരുന്നില്ല എന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത. പ്രത്യുത ദുരവസ്ഥമൂലം ബി.ജെ.പിക്കും സർക്കാറിനുമേറ്റ പ്രതിച്ഛായ മങ്ങലിനെ എങ്ങനെ മാറ്റിയെടുക്കാമെന്നതായിരുന്നുവത്രെ മുഖ്യ ആലോചന വിഷയം.
ഈയിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബംഗാളിലും കേരളത്തിലും ഹിന്ദുത്വ മുന്നണിക്ക് നേരിട്ട കനത്ത തിരിച്ചടി അടുത്തവർഷം നടക്കാനിരിക്കുന്ന യു.പി നിയമസഭ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനുള്ള സാധ്യത സംഘ്പരിവാറിനെ വല്ലാതെ ബേജാറാക്കുന്നു. വിശിഷ്യ യു.പി അടക്കിവാഴുന്ന യോഗി ആദിത്യനാഥിെൻറ അന്തംകെട്ട വാക്കുകളും ചെയ്തികളും നിഷ്ക്രിയത്വവും ശുഭസൂചനയല്ല നൽകുന്നത്. പുണ്യനദിയായ ഗംഗയിൽ ഒഴുകിനടന്ന കോവിഡ് മൃതദേഹങ്ങൾ ആഗോള മാധ്യമങ്ങളിൽ ചർച്ചാവിഷയമായതും നരേന്ദ്ര മോദി ഉൗതിവീർപ്പിച്ചെടുത്ത ദേശീയ പ്രതിച്ഛായ മൊത്തം തകർന്നുതരിപ്പണമായതും ബി.ജെ.പി-ആർ.എസ്.എസ് നേതാക്കളെ വലുതായി അലോസരപ്പെടുത്തുന്നു. ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭാഗവത് ദിവസങ്ങൾക്കു മുമ്പുതന്നെ തെൻറ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കാതിരുന്നില്ല.
മോദി സർക്കാർ ഭരണത്തിെൻറ ഏഴാം വർഷം പൂർത്തിയാകുന്ന മേയ് 30ന് ആഘോഷ പരിപാടികളൊന്നും പാടില്ലെന്നും പകരം സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നുമാണത്രെ ഒടുവിലത്തെ നേതൃയോഗം തീരുമാനിച്ചിരിക്കുന്നത്. സേവന പ്രവർത്തനങ്ങൾപോലും സർക്കാർ ചെലവിൽ ആയിരിക്കുമെന്നാണ് കേന്ദ്ര സർക്കാറിെൻറ ആയുർവേദ ഗവേഷണ കൗൺസിൽ, ആയുഷ്- 64 മരുന്ന് വിതരണം ചെയ്യാൻ ആർ.എസ്.എസിെൻറ സേവാഭാരതിയെ ഏൽപിക്കണമെന്ന് ഉത്തരവിട്ടതിൽനിന്ന് മനസ്സിലാക്കേണ്ടത്. മനുഷ്യസ്നേഹപരവും ജനസേവനപരവുമായ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൽപിക്കാതെ വിദ്വേഷവും വെറുപ്പും വിവേചനവും മൗലിക സ്വഭാവമായി സ്വീകരിച്ച ഒരു പ്രസ്ഥാനത്തിൽനിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ദേശീയ സമ്പത്ത് വ്യാജപ്രചാരണങ്ങൾക്ക് നിർബാധം ധൂർത്തടിക്കുന്നതിന് തടയിടാൻ ഒരാളുമില്ലെന്നു വന്നിരിക്കെ രാജ്യനന്മക്കു വേണ്ടി വല്ലതും ചെയ്യേണ്ട ആവശ്യം എന്തിരിക്കുന്നു?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.