അതിരുവിടുന്ന കേന്ദ്ര ഏജന്‍സികള്‍
text_fields2019 ആഗസ്റ്റ് അഞ്ചിന് ജമ്മു-കശ്മീര്‍ സംസ്ഥാനത്തെ രണ്ട് കഷണമാക്കി, രണ്ട് വ്യത്യസ്ത കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ വിവാദ നിയമം പാസാക്കപ്പെട്ടശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ട്വിറ്ററില്‍ എഴുതിയത് ഇതാണ്: 'ജമ്മു-കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിെൻറ തീരുമാനത്തെ ഞങ്ങള്‍ പിന്തുണക്കുന്നു. ഇത് ആ സംസ്ഥാനത്ത് സമാധാനവും വികസനവും കൊണ്ടുവരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'. കഴിഞ്ഞ തിങ്കളാഴ്ച, ഗവണ്‍മെൻറ് ഓഫ് നാഷനല്‍ കാപിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി (അമെൻറ്മെൻറ്) ബില്‍ (ജി.എന്‍.സി.ടി.ഡി) ലോക്സഭയില്‍ പാസായശേഷം ഇതേ കെജ്രിവാള് ട്വീറ്റ് ചെയ്തു: 'ജി.എന്‍.സി.ടി.ഡി ഭേദഗതി നിയമം ലോക്സഭയില്‍ പാസാക്കിയത് ഡല്‍ഹി ജനതയെ അപമാനിക്കലാണ്. ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിച്ചവരുടെ അധികാരങ്ങള്‍ എടുത്തുകളയുന്നതും ജനങ്ങളാല്‍ തോല്പിക്കപ്പെട്ടവര്ക്ക് അധികാരം നല്കുന്നതുമാണ് ഈ ബില്‍. ബി.ജെ.പി ജനങ്ങളെ വഞ്ചിച്ചിരിക്കുന്നു'. പരിമിതിമായ അധികാരങ്ങള്‍ മാത്രമുള്ള സംവിധാനമാണ് ഡല്‍ഹി സര്‍ക്കാര്‍. ആ അധികാരങ്ങള്‍ തന്നെയും എടുത്തുകളഞ്ഞ് ലഫ്റ്റനൻറ് ഗവര്‍ണര്‍ക്ക് സമ്പൂര്‍ണ അധികാരം നല്കുന്ന നിയമമാണ് ജി.എന്‍.സി.ടി.ഡി ഭേദഗതി നിയമം.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണകൂടം സാധാരണ കണ്ടുപരിചയിച്ച ഒരു കേന്ദ്രസര്‍ക്കാറല്ല. ഈ കോളത്തില്‍ മുമ്പ് പലതവണ സൂചിപ്പിച്ചതുപോലെ, നമ്മുടെ രാഷ്ട്രഘടനയെ തന്നെ അടിമേല്‍ മറിച്ചിടുകയെന്ന പദ്ധതിയുമായി നടക്കുന്നവരാണവര്‍. കുറെ സംസ്ഥാനങ്ങളും കുറച്ച് കേന്ദ്രഭരണ പ്രദേശങ്ങളും ചേര്‍ന്ന ഒരു യൂനിയന്‍ എന്നതാണ് ഇന്ത്യയെക്കുറിച്ച നമ്മുടെ സങ്കല്പവും അനുഭവവും. എന്നാല്‍, ഇന്ത്യയെ മൊത്തത്തില്‍ തന്നെ ഒരു കേന്ദ്രഭരണ പ്രദേശമാക്കുകയാണ് മോദിയുടെയും ബി.ജെ.പിയുടെയും ലക്ഷ്യം. അത് അവര്‍ എന്തെങ്കിലും ഭരണഘടന ഭേദഗതിയിലൂടെ നടപ്പാക്കുകയാണ് എന്ന് വിചാരിക്കേണ്ടതില്ല. പലവിധത്തിലുള്ള നിയമനിര്‍മാണങ്ങളിലൂടെ ഏതാണ്ട് അങ്ങനെ ആയിക്കഴിഞ്ഞു. എന്‍.ഐ.എ ഭേദഗതി നിയമത്തിലൂടെ ക്രമസമാധാന പാലനരംഗത്ത് സംസ്ഥാനത്തെ മറികടന്ന് ഇടപെടാന്‍ അവര്‍ക്ക് സാധിക്കുന്നു. ജി.എസ്.ടിയിലൂടെ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാശ്രയത്വം ഇല്ലാതാക്കി. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ വിദ്യാഭ്യാസത്തിലും സംസ്ഥാനങ്ങള്‍ക്ക് പങ്കില്ലാത്ത അവസ്ഥ വരാന്‍ പോകുന്നു. ഇനിയും ഈ മട്ടില്‍ പലതും വരാനിരിക്കുന്നു. എന്നാല്‍, ഇത്തരം പദ്ധതികളെ എതിര്‍ക്കുന്നതുപോയിട്ട്, അതിനെ ശരിയാംവിധം മനസ്സിലാക്കാന്‍ പോലും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സാധിക്കുന്നില്ല എന്നതാണ് വാസ്തവം. ജമ്മു-കശ്മീര്‍ എന്ന സംസ്ഥാനത്തെ ഇല്ലാതാക്കിയപ്പോള്‍, മുസ്ലിം തീവ്രവാദികളെക്കൊണ്ട് നിറഞ്ഞ സംസ്ഥാനമല്ലേ, കിടക്കട്ടെ എന്ന മനോഭാവത്തിലായിരുന്നു പ്രതിപക്ഷം. അരവിന്ദ് കെജ്രിവാളിനെ പോലുള്ള അരാഷ്ട്രീയ രാഷ്ട്രീയക്കാരന് അതിനെ പിന്തുണച്ചതില്‍ അത്ഭുതവുമില്ല. ഇപ്പോള്‍ അതേ പദ്ധതി തെൻറ സര്‍ക്കാറിനെതിരെ വന്നപ്പോള്‍ അന്തംവിട്ടിരിക്കേണ്ടിവരുന്നു എന്നുമാത്രം.
ഇപ്പോൾ എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെതിരെ കേസെടുക്കുകയും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ് കേരള സര്‍ക്കാർ. മുഴുവന്‍ ജനാധിപത്യവാദികളും കൈയുയര്‍ത്തി അഭിവാദ്യം ചെയ്യേണ്ട തീരുമാനമാണ് പിണറായി വിജയന് സര്‍ക്കാറിേൻറത്. നിയമ സാങ്കേതികത്വത്തില്‍ ഈ നീക്കത്തിന് എത്രത്തോളം സാധ്യതയുണ്ട് എന്നത് കണ്ടറിയേണ്ട കാര്യമാണ്. പക്ഷേ, വലിയ രാഷ്ട്രീയ ആഴമുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ജി.എസ്.ടിയിലൂടെ സംസ്ഥാനങ്ങളെ സാമ്പത്തികമായി പരാശ്രയരാക്കിയപ്പോള് (ഈ ജി.എസ്.ടിയെ തുടക്കത്തില്‍ ഗംഭീരമായി പിന്തുണച്ചയാളാണ് ധനമന്ത്രി തോമസ് ഐസക് എന്നത് തല്ക്കാലം മറക്കാം) വരുമാനമുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചതാണ് 'കിഫ്ബി'. സംസ്ഥാന നിയമസഭ പാസാക്കിയ നിയമ പ്രകാരം രൂപം കൊണ്ട ഏജന്‍സിയാണത്. അത്തരമൊരു ഏജന്‍സിയുടെ ഓഫിസില്‍ റെയ്ഡ് നടത്തുക, അതിനെതിരെ നിയമനടപടിക്ക് ഒരുങ്ങുക എന്നതൊക്കെ നിശ്ചയമായും അതിരുകടന്ന ഏര്‍പ്പാടുകളാണ്. അതിനോട് അതേ നാണയത്തില്‍ തിരിച്ചടിക്കുക എന്ന രീതിയാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഫെഡറലിസത്തിെൻറ മൂല്യങ്ങൾ ഉയര്‍ത്തിപ്പിടിക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനം.
ഇ.ഡിക്കെതിരെ കേസെടുക്കാനും ജുഡീഷ്യല്‍ അന്വേഷണം നടത്താനുമുള്ള സര്‍ക്കാര്‍ നീക്കത്തെ കോണ്‍ഗ്രസ് എതിര്‍ത്തിട്ടുണ്ട്. ഈ കുറിപ്പിെൻറ തുടക്കത്തില്‍ ഉദാഹരിച്ച അരവിന്ദ് കെജ്രിവാളിെൻറ അനുഭവം അവരെ ഓര്‍മിപ്പിക്കുകയാണ്. ഇത് പിണറായി വിജയന് സര്‍ക്കാറിനെതിരായ നീക്കമായി കാണാതെ സംസ്ഥാനങ്ങള്‍ക്കെതിരായ കേന്ദ്ര പദ്ധതിയായി കാണാന്‍ അവര്‍ക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല? മറുവശത്ത്, തങ്ങള്‍ക്കെതിരായ കേന്ദ്രത്തിെൻറ ഗൂഢപദ്ധതിയാണിത് എന്ന നിലക്കല്ല സി.പി.എമ്മും കേരള സര്‍ക്കാറും ഇതിനെ കാണേണ്ടത്. ഇത് സംസ്ഥാനം എന്ന ആശയത്തിനെതിരായ നീക്കമാണ്. സംസ്ഥാനത്തെ എല്ലാവരെയും യോജിപ്പിച്ചുനിര്‍ത്തി അത്തരം നീക്കങ്ങളെ ചെറുക്കുകയാണ് വേണ്ടത്. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ സംരക്ഷിക്കാനുള്ള വലിയ പരിശ്രമത്തിെൻറ ഭാഗമായി ഈ നീക്കങ്ങളെ മാറ്റിയെടുക്കാന്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ ഉത്തരവാദിത്തമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.