വെറുതെ ഒരു യോഗം
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും കഴിഞ്ഞ വ്യാഴാഴ്ച വിളിച്ചുചേർത്ത ജമ്മു-കശ്മീർ നേതാക്കളുടെ യോഗം എന്തുനേടി എന്നു ചോദിച്ചാൽ ശൂന്യമാണ് ഉത്തരം. 2019 ആഗസ്റ്റിൽ ഭരണഘടന വകുപ്പുകൾ റദ്ദാക്കി ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തപ്പോൾ, സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിന് അനുസൃതമായി സംസ്ഥാനപദവി തിരിച്ചുനൽകുമെന്നായിരുന്നു കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിെൻറ വാഗ്ദാനം. എന്നാൽ, സമാധാനാന്തരീക്ഷത്തിലേക്കു വഴി ദീർഘിപ്പിക്കുന്ന നടപടികൾക്ക് കേന്ദ്രം നീങ്ങുന്നതാണ് പിന്നീട് കണ്ടത്.
അതിർത്തി ഭീകരതയും പാകിസ്താെൻറ പ്രകോപനവും കാരണമായി ജമ്മു-കശ്മീർ കലുഷമാകുേമ്പാഴെല്ലാം വിഘടനവാദികളെ മാറ്റി മുഖ്യധാര രാഷ്ട്രീയപാർട്ടികളെ ചേർത്തുപിടിച്ച് പ്രശ്നം പരിഹരിക്കാനാണ് കേന്ദ്രം ഭരിക്കുന്നവർ എന്നും ശ്രദ്ധിക്കാറുള്ളത്. എന്നാൽ, പാർലെമൻറിലെ ഭൂരിപക്ഷബലത്തിൽ ഹിന്ദുത്വ അജണ്ട അപ്രതീക്ഷിതവേഗത്തിൽ നടപ്പാക്കിയ മോദി സർക്കാർ അതിനായി സംസ്ഥാനത്തെ സൈനികബലത്തിൽ അമർത്തിനിർത്തുകയായിരുന്നു. ജനങ്ങളെ അന്യോന്യം അകറ്റി ഒറ്റപ്പെടുത്തി കശ്മീർ താഴ്വരയെ തുറന്ന ജയിലാക്കി മാറ്റി നടന്ന ഇൗ 'പരിഷ്കരണം' സംസ്ഥാനത്തിെൻറ സമാധാനത്തിനും പുരോഗതിക്കും വേണ്ടിയാണ് എന്ന് നൂറ്റൊന്നാവർത്തിച്ചു. എന്നാൽ, ചെയ്തതോ, സംസ്ഥാനം ഭരിച്ച മൂന്നു മുൻ മുഖ്യമന്ത്രിമാരെയടക്കം സംസ്ഥാനത്തെ മുഴുവൻ മുഖ്യധാര രാഷ്ട്രീയകക്ഷിനേതാക്കളെയും ദീർഘതടവിൽ പാർപ്പിച്ചു. ടെലിഫോണും ഇൻറർനെറ്റും സ്തംഭിപ്പിച്ച് കശ്മീർജനതയുടെ വായ്മൂടിക്കെട്ടി. തങ്ങൾക്കു പറ്റിയവരെ പുതിയ നേതാക്കളായി വാഴിക്കാനും അവരുടെ കീഴിൽ സംഘ്പരിവാറിെൻറ പാവ പാർട്ടികളെ ഉരുട്ടിക്കൊണ്ടുവരാനും ശ്രമിച്ചു.
എന്നാൽ, മൂടിക്കെട്ടിയതും പട്ടാളബൂട്ടുകൾ ചവിട്ടിയമർത്തിപ്പിടിച്ചതും അയച്ചുവിടാൻ നടത്തിയ ശ്രമങ്ങളൊന്നും നല്ല അനുഭവങ്ങളല്ല കേന്ദ്രത്തിനു നൽകിയത്. പാവപാർട്ടികളുണ്ടാക്കിയത് ഗർഭത്തിലേ അലസി. സർക്കാർ മെഷിനറി പൂർണമായും ഉപയോഗിച്ച് നടത്തിയ ജില്ല വികസനസമിതി (ഡി.ഡി.സി)തെരഞ്ഞെടുപ്പിലാകെട്ട, ജനം ഇപ്പോഴും ഹിന്ദുത്വ ഭരണകൂടത്തിെൻറ അരുതായ്മകളെ എതിർക്കുന്നവർക്കൊപ്പമാണ് എന്നു തെളിഞ്ഞു. ഡി.ഡി.സിയിലേക്ക് ആകെയുള്ള 280 സീറ്റുകളിൽ 110 ഉം നേടിയത് മോദിഭരണകൂടം വിലക്കിയ പാർട്ടികൾ ചേർന്ന് രൂപം കൊടുത്ത പീപ്ൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ (പി.എ.ജി.ഡി) എന്ന മുന്നണിയാണ്. താഴ്വരയിലെ ആറു ജില്ലകൾ അവർ നേടിയപ്പോൾ രണ്ടു ജില്ലകളിൽ സ്വതന്ത്രന്മാർ ആധിപത്യം നേടി. നേരത്തേ മുൻതൂക്കമുള്ള ജമ്മു മേഖലയുടെ പിന്തുണയോടെ 75 സീറ്റുകൾ നേടി ബി.ജെ.പി ഒറ്റക്കക്ഷിയായെങ്കിലും താഴ്വരയിൽ അവർക്കൊരു സീറ്റും നേടാനായില്ല. ജമ്മു-കശ്മീരിെൻറ പ്രത്യേകപദവി വീണ്ടെടുക്കാനുള്ള പോരാട്ടം പ്രഖ്യാപിച്ച് രൂപംകൊണ്ട 'ഗുപ്കർ സഖ്യം' തെളിയിച്ച അജയ്യത കശ്മീരി മനസ്സുകൂടിയാണ് വെളിപ്പെടുത്തിയത്. അതിനു പിറകെയാണ് രണ്ടു വർഷമായിട്ടും സമാധാനത്തിെൻറ, പുരോഗതിയുടെ പാതയിൽ കാര്യമായൊന്നും ചെയ്യാനായില്ലെന്ന തിരിച്ചറിവിൽ കേന്ദ്രം പ്രതിവിധി തേടിയിറങ്ങിയത്. ചൈനയുമായുള്ള അതിർത്തിപ്രശ്നം, അമേരിക്കയുടെ അഫ്ഗാൻ പിന്മാറ്റവും അതിൽ പാകിസ്താനുള്ള തന്ത്രപ്രാധാന്യവും പാകിസ്താനുമായി അതിർത്തിയിലെ വെടിനിർത്തൽ, ചൈനയും പാകിസ്താനും ചേർന്നു മേഖലയിൽ നടത്തുന്ന ഭീമൻ വികസനപദ്ധതികൾ, ഭൂരാഷ്ട്രതന്ത്രത്തിൽ നിന്നുമാറി ഭൂസാമ്പത്തികതന്ത്രത്തിലേക്ക് ചുവടുമാറ്റാനുള്ള പാകിസ്താെൻറ തീരുമാനം...അങ്ങനെ മേഖലയിൽ രൂപംകൊള്ളുന്ന പുതിയ സംഭവവികാസങ്ങളിൽ കശ്മീരിെൻറ സുസ്ഥിരതക്കുവേണ്ടിയുള്ള സമ്മർദം മോദി സർക്കാറിനു മേലുണ്ട്.
രാജ്യം തന്നെ ത്രിശങ്കുവിലായിപ്പോയേക്കാവുന്ന മേഖലയിലെ പുതിയ രാഷ്ട്രീയസംഭവവികാസങ്ങളൊന്നും അർഹിക്കുന്ന ഗൗരവത്തിലെടുക്കാൻ മോദിസർക്കാർ തയാറായിട്ടില്ലെന്നുവേണം വ്യാഴാഴ്ച യോഗത്തിെൻറ ശിഷ്ടം തെളിയിക്കുന്നത്. സംസ്ഥാനപദവി പുനഃസ്ഥാപനം, തെരഞ്ഞെടുപ്പ്, മണ്ഡല പുനഃക്രമീകരണം എന്നിവയായിരിക്കും അജണ്ട എന്നായിരുന്നു പൊതുധാരണ. മറുഭാഗത്ത് ക്ഷണം സ്വീകരിച്ച് കശ്മീർനേതാക്കളെത്തിയത് റദ്ദാക്കിയ പ്രത്യേകപദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടാനായിരുന്നു. 370 ാം വകുപ്പ് പുനഃസ്ഥാപിക്കുക കേന്ദ്രത്തിന് അടഞ്ഞ അധ്യായമാണ്. സംസ്ഥാനപദവി പാർലമെൻറിൽ ഉറപ്പുനൽകിയതാണെങ്കിലും അത് എപ്പോൾ എന്നു ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. കേന്ദ്രത്തിന് ആകെ പറയാനുണ്ടായിരുന്നത് 107 അംഗ നിയമസഭയുടെ സംഖ്യബലം 114ൽ എത്തിക്കുന്ന കാര്യം മാത്രമായിരുന്നു. വിഭജനത്തിലൂടെ ജനസംഖ്യപരമായി കശ്മീരിനെ പുനർനിർണയിച്ച ബി.ജെ.പി സംസ്ഥാനനിയമസഭയിൽ പാർട്ടിക്കോ തങ്ങൾക്ക് അഭിമതരായവർക്കോ ഭൂരിപക്ഷം ലഭിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. അതു യോഗത്തെ അറിയിക്കുക മാത്രമേ മോദിക്കും അമിത് ഷാക്കും ചെയ്യാനുണ്ടായിരുന്നുള്ളൂ. കശ്മീരിലും അതുവഴി മേഖലയിലും സമാധാനം പുനഃസ്ഥാപിക്കാനുള്ള വഴിയൊരുക്കമായി ചർച്ചയെ കണ്ടവരെ നിരാശപ്പെടുത്തുന്നതായി യോഗം. കാര്യങ്ങൾ പഴയപടി തുടരുകയും ആ അനിശ്ചിതത്വം അതിർത്തി ഭീകരതക്കു ചൂഷണത്തിനുള്ള അവസരമായി മാറുമോ എന്നും ആശങ്കിക്കണം. ഞായറാഴ്ച ജമ്മുവിലെ വ്യോമസേന താവളത്തിൽ നടന്ന ഡ്രോൺ ഭീകരാക്രമണവും തിങ്കളാഴ്ച പുൽവാമയിൽ പൊലീസിനെ അപായപ്പെടുത്തിയതുമൊക്കെ ആ ആപദ്സൂചനയായി കാണണം. നിക്ഷിപ്ത രാഷ്ട്രീയ, വംശീയതാൽപര്യങ്ങൾ മാറ്റിവെച്ച് കശ്മീരികളുടെ മണ്ണും മനസ്സും ചേർത്തുപിടിച്ച് ശിഥിലീകരണശക്തികളിൽ നിന്നു രാജ്യത്തെ രക്ഷപ്പെടുത്താൻ കേന്ദ്രം ബദ്ധശ്രദ്ധ പുലർത്തേണ്ട നിർണായകസന്ദർഭമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.