നേരിടുന്നത് കടുത്ത ധാർമിക പ്രതിസന്ധി
text_fieldsക്വട്ടേഷൻ ഉൾപ്പെടെയുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളെ സി.പി.എം വെച്ചുപൊറുപ്പിക്കില്ലെന്ന് കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ പത്രസമ്മേളനം വിളിച്ചുപറയേണ്ടിവന്ന സാഹചര്യമാണ് ചരിത്ര ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ച കരസ്ഥമാക്കിയ ഇടതുമുന്നണി സർക്കാർ അധികാരമേറ്റ് ആഴ്ചകൾക്കുള്ളിൽ രൂപപ്പെട്ടിരിക്കുന്നത്. അഞ്ചു വർഷക്കാലം സംസ്ഥാന ആഭ്യന്തര വകുപ്പിനെയും പൊലീസിനെയും നിയന്ത്രിച്ച മുഖ്യമന്ത്രി പിണറായി വിജയന് ഇനിയൊരു അഞ്ചു വർഷം ആരെയും ഭയക്കാതെയും കൂസാതെയും മുന്നോട്ടുപോവാൻ ഒരു തടസ്സവും ഉണ്ടാവേണ്ടതില്ല. 41 അംഗ പ്രതിപക്ഷ മുന്നണി മുെമ്പന്നത്തേക്കാളും ദുർബലമാണ്. കേന്ദ്രം ഭരിക്കുന്ന തീവ്ര വലതുപക്ഷ കൂട്ടായ്മ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിയും അതു പുറത്തുകൊണ്ടുവന്ന ആഭ്യന്തര ഛിദ്രതയും കള്ളപ്പണമിടപാടിലെ അപകീർത്തിയും കാരണമായി തീർത്തും പ്രതിരോധത്തിലാണ്. കോവിഡ് സൃഷ്ടിച്ച പ്രതികൂലാവസ്ഥ സാമ്പത്തിക സുരക്ഷയെയും വികസനത്തെയും ദോഷകരമായി ബാധിച്ചിട്ടുണ്ടെങ്കിലും ജനങ്ങൾ സാമാന്യമായി സർക്കാറിനൊപ്പമുണ്ട്.
സായാഹ്നങ്ങളിൽ മുഖ്യമന്ത്രി നൽകുന്ന വിവരങ്ങളിലും വാഗ്ദാനങ്ങളിലും വിശ്വാസമർപ്പിച്ച് ശുഭപ്രതീക്ഷയോടെ നല്ല നാളേക്കുവേണ്ടി കാത്തിരിക്കുകയാണവർ. അപ്പോഴാണ് രാമനാട്ടുകരയിൽ അഞ്ചംഗ സംഘവുമായി കുതിച്ചുപാഞ്ഞ ജീപ്പ് ട്രക്കിൽ മുട്ടിത്തകർന്ന് മുഴുവൻ യുവാക്കളും പരലോകം പൂകുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ദുബൈയിൽനിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് കടത്തിയ സ്വർണം ലക്ഷ്യസ്ഥാനത്തിലെത്തുന്നതിനുമുേമ്പ തട്ടിയെടുക്കാൻ പുറപ്പെട്ട സംഘമാണ് അപകടത്തിൽ ജീവഹാനി നേരിട്ടവരെന്ന സത്യം പുറത്തുവന്നു.. അവരെ പിന്തുടർന്ന് മറ്റു രണ്ടു വാഹനങ്ങളിലുള്ളവരെ പിടികൂടി ചോദ്യം ചെയ്തപ്പോൾ, എല്ലാം കാലങ്ങളായി സംസ്ഥാനത്ത് നിർവിഘ്നം തുടരുന്ന സ്വർണക്കടത്ത് സംഘത്തിലെ കണ്ണികളാണെന്നും അവർക്കു പിന്നിൽ മുഖ്യ ഭരണകക്ഷിയുെട വൻതോക്കുകളും ക്രിമിനലുകളുമാണെന്നുമുള്ള വിവരവും വാർത്തയാവാൻ അധികസമയം വേണ്ടിവന്നില്ല. ഓരോ ദിവസവും അനാവരണം ചെയ്യപ്പെടുന്ന കള്ളക്കടത്തിന്റെയും കുഴൽപ്പണത്തിന്റെയും അനുബന്ധ ക്രിമിനൽ കൃത്യങ്ങളുടെയും കഥകളെല്ലാം വലതുപക്ഷ മാധ്യമസൃഷ്ടികളാണെന്നാരോപിച്ച് പ്രതിരോധം തീർക്കാൻ ഭരണകർത്താക്കളും നേതാക്കളും വക്താക്കളും സൈബർപടയാളികളും പെടാപാട് പെടുന്നുണ്ടെന്നത് ശരി. പക്ഷേ, സ്വന്തത്തെപ്പോലും തൃപ്തിപ്പെടുത്താൻ കഴിയാത്ത ന്യായീകരണമാണിതെന്ന് സർക്കാറിന് നേതൃത്വം നൽകുന്നവർക്കും പാർട്ടിക്കും ബോധ്യപ്പെട്ടിട്ടുണ്ടെന്ന് തെളിയിക്കുന്നതാണ് സി.പി.എം ഇപ്പോൾ ആരംഭിച്ചിരിക്കുന്ന ശുദ്ധീകരണ കലശം. സി.പി.എം അംഗങ്ങളുടെയും അനുഭാവികളുടെയും വ്യക്തിശുദ്ധി ഉറപ്പാക്കണം; ഇവരുടെ കൂട്ടുകെട്ടുകൾ പരിശോധിക്കണം, ബ്ലേഡ് മാഫിയകൾ, ക്വട്ടേഷൻ-കള്ളപ്പണ-സ്വർണക്കടത്ത് സംഘങ്ങൾ തുടങ്ങിയവുമായുള്ള ബന്ധം ഒരുതരത്തിലും അംഗീകരിക്കാനാവില്ല എന്നൊക്കെയാണത്രെ നേതൃത്വം ബ്രാഞ്ച് കമ്മിറ്റികൾ വരെയുള്ളവർക്ക് നൽകിയിരിക്കുന്ന താക്കീത്. ജനങ്ങൾ സംശയദൃഷ്ട്യാ കാണുന്നവരുമായുള്ള ചങ്ങാത്തം ഒഴിവാക്കണമെന്നും ഇത്തരക്കാരുമായി അടുത്തബന്ധം പുലർത്തുന്നവരുടെ വിവരം മേൽകമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യണമെന്നും നിർദേശമുണ്ട്.
സമൂഹമാധ്യമങ്ങളിൽ പാർട്ടിയുടേതല്ലാത്ത പാർട്ടി ഗ്രൂപ്പുകളിൽനിന്ന് പാർട്ടി പ്രവർത്തകർ വിട്ടുനിൽക്കണമെന്നാണ് മെറ്റാരു ഉത്തരവ്. മുതിർന്ന വനിതാനേതാവ് എം.സി. ജോസൈഫൻ സംസ്ഥാന വനിതാ കമീഷന്റെ അധ്യക്ഷസ്ഥാനത്തുനിന്ന് അപമാനകരമായി ഇറങ്ങിപ്പോകേണ്ടിവന്നതിന്റെ പശ്ചാത്തലത്തിൽ പാർട്ടി നടത്താൻ നിശ്ചയിച്ച സ്ത്രീപക്ഷ കാമ്പയിനിൽ ക്വട്ടേഷൻ-മാഫിയ- ഗുണ്ട സംഘങ്ങൾക്കെതിരായ ബോധവത്കരണം കൂടി ഉൾപ്പെടുത്തേണ്ട പണിയാണിപ്പോൾ സി.പി.എമ്മിനും പോഷക സംഘടനകൾക്കും ഏറ്റെടുക്കേണ്ടിവന്നിരിക്കുന്നത്.
പക്ഷേ, പെട്ടെന്നൊരു പ്രഭാതത്തിലോ പ്രത്യേക സാഹചര്യത്തിലോ രൂപംകൊണ്ട പ്രതിഭാസമാണെങ്കിലേ പ്രചാരണ-ബോധവത്കരണ പരിപാടികളിലൂടെ നിയന്ത്രിക്കാനെങ്കിലും കഴിയൂ. പ്രതിപക്ഷത്തെയും മത-യാഥാസ്ഥിതിക-തീവ്രവാദ-മതമൗലിക സംഘടനകളെയും ഗ്രൂപ്പുകളെയും കടുത്ത ഭാഷയിൽ ശകാരിച്ചതുകൊണ്ട് ധാർമിക പ്രതിസന്ധിക്ക് പരിഹാരമാവുകയില്ല. ഇപ്പോൾ ചെന്നുപെട്ട വിഷമവൃത്തത്തിൽനിന്ന് പുറത്തുകടക്കാനും കഴിയില്ല. മികച്ച ഉദാഹരണമാണ് പശ്ചിമബംഗാൾ. പ്രഗത്ഭനായ നേതാവിന്റെ കീഴിൽ മൂന്നു പതിറ്റാണ്ടിലധികം വൻ ജനപിന്തുണയോടെ ഭരിച്ച സംസ്ഥാനത്ത് ആഴ്ചകൾക്കുമുമ്പ് നടന്ന നിയമസഭ തെരഞ്ഞെടുപ്പ് വട്ടപ്പൂജ്യം സമ്മാനിച്ചത് എന്തുകൊണ്ട് എന്ന് ഒരു നിമിഷം ചിന്തിക്കണം. പണത്തിനും സ്ഥാനമാനങ്ങൾക്കും വോട്ടിനും വേണ്ടി ക്രിമിനലുകളെയും ഗുണ്ടാസംഘങ്ങളെയും ജാതി കോമരങ്ങളെയും വളരാൻ അനുവദിക്കുകയായിരുന്നു രാജ്യത്തെ ഏറ്റവും വലിയ ഇടതുപക്ഷ പ്രസ്ഥാനം. ഇനി ഇവരെക്കൊണ്ട് കാര്യം നടക്കില്ലെന്ന് ബോധ്യപ്പെട്ട ക്രിമിനലുകൾ ഒന്നടങ്കം തൃണമൂലിലേക്കും ബി.ജെ.പിയിലേക്കും ചേക്കേറി. ബി.ജെ.പിയെ പിന്തുണക്കുന്നതും നഷ്ടക്കച്ചവടമാണെന്ന തിരിച്ചറിവ് അവരിൽ ഭൂരിഭാഗത്തെയും തൃണമൂലിൽ തിരിച്ചെത്തിച്ചു. ഒടുവിൽ ഇലക്ഷൻ വിജയം ആഘോഷിക്കെ കൊലയാളി സംഘങ്ങൾ പ്രതിയോഗികളെ വേട്ടയാടിയപ്പോൾ മോദി സർക്കാറിന് അന്വേഷണ സംഘങ്ങളെ അയക്കേണ്ടിവന്നു. സ്ഥിതി ഇപ്പോഴും പക്ഷേ, കലുഷമായി തുടരുന്നു. ബംഗാളല്ല കേരളമെന്നു പറഞ്ഞുനിൽക്കാം. അപ്പോഴും മാനവികതയും ധാർമികതയും നൈതികതയും പിന്തിരിപ്പന്മാരുടെ മൗലികവാദ ബലഹീനതകളായി എണ്ണുകയും പഠിപ്പിക്കുകയും ചെയ്യുന്നിടത്തോളം കാലം ഒരിരട്ടച്ചങ്കനും അത്ഭുതങ്ങൾ സൃഷ്ടിക്കാനാവില്ല, കട്ടായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.