ഷർജീൽ ഇമാമും യോഗേന്ദ്ര യാദവും
text_fields
2019 ഒടുവിലും 2020 തുടക്കത്തിലുമായി രാജ്യത്ത് പടർന്നുപിടിച്ച പൗരത്വപ്രക്ഷോഭത്തിെൻറ മുന്നണിപ്പോരാളികളിലൊരാളായിരുന്നു ബിഹാറിൽനിന്നുള്ള ജെ.എൻ.യു വിദ്യാർഥി ഷർജീൽ ഇമാം. മുംബൈ ഐ.ഐ.ടിയിൽനിന്ന് ഉയർന്ന മാർക്കോടെ ബി.ടെക്കും എം.ടെക്കും പാസായ ഷർജീൽ, അത്തരമൊരു വിദ്യാർഥിക്ക് കരിയർ മാർക്കറ്റിൽ ലഭ്യമായ ആകർഷകമായ തൊഴിലുകളൊന്നും തേടിപ്പോകാതെ ജെ.എൻ.യുവിൽ ചരിത്രപഠനത്തിന് ചേർന്നു.
ഏറ്റവും അപരവത്കരിക്കപ്പട്ട സാമൂഹികവിഭാഗമാണ് മുസ്ലിംകൾ എന്ന തിരിച്ചറിവ് പങ്കുവെക്കുന്ന ആ 32കാരൻ, ഏറ്റവും പീഡിതരായവരോടൊപ്പം നിൽക്കുന്നതാണ് ഏറ്റവും ശരിയായ രാഷ്ട്രീയം എന്നുവിചാരിക്കുന്നു. അങ്ങനെയാണ്, ഇന്ത്യൻ മുസ്ലിംകളെ പൗരത്വരഹിതരാക്കുന്ന സി.എ.എ/എൻ.ആർ.സി പദ്ധതിക്കെതിരായ സമരത്തിെൻറ സംഘാടനത്തിലേക്ക് അദ്ദേഹം വരുന്നത്. പ്രത്യേക സംഘടനയുമായി ബന്ധമില്ലാത്ത ഷർജീൽ പൗരത്വനിയമത്തിനെതിരായ ശബ്ദങ്ങളെ ഏകോപിപ്പിക്കുകയായിരുന്നു.
ശാഹീൻബാഗ് സമരത്തിെൻറ സംഘാടകരിലൊരാളായിരുന്നു ഷർജീൽ. അദ്ദേഹത്തിെൻറ സംഘാടനമികവിൽ വിറളിപൂണ്ട സംഘ്പരിവാർ, ബി.ജെ.പി ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലാണ് അദ്ദേഹത്തിനെതിരെ യു.എ.പി.എ അടക്കം ചുമത്തി കേസെടുക്കുന്നത്. ഷർജീൽ അറസ്റ്റിന് ഒരുവർഷം തികയുന്ന സന്ദർഭത്തിലാണ് ഡൽഹിയിൽ കർഷകസമരവുമായി ബന്ധപ്പെട്ട് ദുരൂഹമായ അക്രമങ്ങൾ നടക്കുന്നതും സമരത്തിെൻറ സംഘാടകരായ നേതാക്കൾക്കെതിരെ യു.എ.പി.എ അടക്കം ചുമത്തി കേസെടുക്കുന്നതും. പൗരത്വസമരത്തെ മോദി സർക്കാർ നേരിട്ടതിെൻറ ക്രമരീതിതന്നെയാണ് കർഷകസമരത്തിെൻറ കാര്യത്തിലും പിന്തുടരുന്നത്.
കുതന്ത്രങ്ങളെ അതിജീവിച്ച് പൗരത്വപ്രക്ഷോഭം ശക്തിപ്പെടുകയും സാർവദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുകയുംചെയ്ത പശ്ചാത്തലത്തിലാണ് ഡൽഹിയിൽ മുസ്ലിംവിരുദ്ധ കലാപം സംഘടിപ്പിച്ച് പ്രക്ഷോഭത്തെ തകർക്കാൻ സംഘ്പരിവാർ പദ്ധതി നടപ്പിലാക്കിയത്. ശാഹീൻബാഗ് അടക്കമുള്ള സമരസ്ഥലങ്ങളിൽ നുഴഞ്ഞുകയറി വെടിവെപ്പുവരെ നടത്തി സംഘ്പരിവാർ. അതെല്ലാം കൈയോടെ പിടിക്കപ്പെട്ടപ്പോഴാണ് കലാപം സംഘടിപ്പിക്കുന്നത്.
പൗരത്വസമരത്തിൽ നുഴഞ്ഞുകയറി കുഴപ്പമുണ്ടാക്കാൻ ശ്രമിച്ച മാതൃകയിലാണ് ജനുവരി 26ന് കർഷകർക്കിടയിലേക്ക് തങ്ങളുടെ ആളുകളെ കടത്തിവിട്ട് ഭരണകൂട ശക്തികൾ കുഴപ്പമുണ്ടാക്കിയതെന്നാണ് പ്രക്ഷോഭക്കാർ പറയുന്നത്. ഡൽഹി കലാപത്തെ തുടർന്ന് പൗരത്വസമര സംഘാടകരായ വിദ്യാർഥികളെ കാടൻ വകുപ്പുകൾ ചുമത്തി വ്യാപകമായി അറസ്റ്റ് ചെയ്യുകയായിരുന്നു.
അതിൽപെട്ട പലരും ഇപ്പോഴും ജയിലഴികൾക്കകത്താണ്. അതേ മാതൃകയിൽ, കർഷക പ്രക്ഷോഭത്തിെൻറ മറവിൽ റിപ്പബ്ലിക് ദിനത്തിൽ നടന്ന കുഴപ്പങ്ങളുടെ പേരിൽ കർഷകസമര നേതാക്കളെ വ്യാപകമായി വേട്ടയാടുന്ന പദ്ധതിയുമായി ഇറങ്ങിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര വകുപ്പ്.
യോഗേന്ദ്ര യാദവ്, മേധാ പട്കർ, രാകേഷ് ടികായത് എന്നിവർക്കെതിരെ യു.എ.പി.എ, രാജ്യസുരക്ഷ നിയമം തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസ് എടുത്തതായാണ് വിവരം. കർഷകസമരത്തിെൻറ സംഘാടകരെ വെളിച്ചം കാണാത്തവിധം തടവറക്കുള്ളിലിടാനുള്ള ആസൂത്രണങ്ങൾ നടക്കുന്നു എന്നുവേണം മനസ്സിലാക്കാൻ.
പൗരത്വസമരവുമായി ഏറെ സാമ്യങ്ങളുള്ളതാണ് കർഷകസമരവും. ഏതെങ്കിലും സംഘടനയോ രാഷ്ട്രീയപാർട്ടിയോ പ്രഖ്യാപിച്ച് നടപ്പാക്കിയ ഒന്നായിരുന്നില്ല പൗരത്വസമരം. പൗരത്വനിയമത്തിെൻറ പേരിൽ വേട്ടയാടപ്പെടാൻ പോകുന്ന സമുദായത്തിലെ വിദ്യാർഥികൾ തുടങ്ങിവെച്ചതായിരുന്നു അത്.
സ്വാഭാവികമായും ആ സമുദായത്തിെൻറ ചിഹ്നങ്ങളും മുദ്രകളും സമരത്തിൽ വ്യാപകമായി ഉയർത്തപ്പെട്ടു. കർഷകസമരവും ഏതെങ്കിലും സംഘടനയുടെ സൃഷ്ടിയല്ല. പ്രയാസപ്പെടാൻ പോകുന്ന കർഷകരുടെ ജൈവിക പ്രതികരണമായിരുന്നു. ഹരിയാനയിലെയും പഞ്ചാബിലെയും കർഷകരിൽ നല്ലൊരു ശതമാനംവരുന്ന സിഖുകാർ ആ സമരത്തിെൻറ ഭാഗമായിരുന്നു. സ്വാഭാവികമായും സിഖ് ചിഹ്നങ്ങളും മുദ്രകളും കർഷക സമരത്തിൽ വ്യാപകമായി ഉയർത്തപ്പെട്ടു.
പൗരത്വസമരത്തിൽ മുസ്ലിംമുദ്രകൾ ഉയർന്നതിെൻറ പേരിൽ അതിനെ പൈശാചികവത്കരിക്കാനാണ് നരേന്ദ്ര മോദി മുതലുള്ള ബി.ജെ.പി നേതൃത്വം ശ്രമിച്ചത്. 'സമരം ചെയ്യുന്നവരുടെ വസ്ത്രം കണ്ടാൽ തിരിച്ചറിയാൻ പറ്റും' എന്ന മോദിയുടെ കുപ്രസിദ്ധമായ പ്രസ്താവന വരുന്നത് അങ്ങനെയാണ്. സമരത്തിെൻറ മുസ്ലിംമുദ്രകളെ പ്രശ്നവത്കരിച്ചവരിൽ സംഘപരിവാരം മാത്രമായിരുന്നില്ല.
'ഇടതു പുരോഗമന' ബ്ലോക്കും സമരത്തിലെ മത അടയാളങ്ങളെച്ചൊല്ലി വിമർശനമുന്നയിക്കുകയും മാറിനിൽക്കുകയുമാണ് ചെയ്തത്. അങ്ങനെ വിമർശനമുന്നയിച്ചവരിൽ, ഇപ്പോൾ കർഷക സമരത്തിെൻറപേരിൽ ഭരണകൂട നടപടികളെ നേരിടാൻപോകുന്ന യോഗേന്ദ്ര യാദവും ഉണ്ടായിരുന്നു എന്നതാണ് കൗതുകകരം.
പക്ഷേ, കർഷകസമരത്തിലെ സിഖ് മുദ്രകളുടെ പേരിൽ 'പുരോഗമനവാദികൾ' അത്തരമൊരു നിലപാട് എടുത്തില്ല എന്നത് ആശ്ചര്യകരവും സ്വാഗതാർഹവുമാണ്. എന്നാൽ, കർഷകസമരം ഖലിസ്താൻ തീവ്രവാദമാണെന്ന ആഖ്യാനം ഉയർത്തിക്കൊണ്ടുവരാനാണ് ബി.ജെ.പി ശ്രമിച്ചുപോരുന്നത്.
പൗരത്വപ്രക്ഷോഭ സംഘാടകനായ ഷർജീൽ ഇമാം അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ അതിനെതിരെ വലിയ പ്രതിഷേധങ്ങളൊന്നും പുരോഗമന, മനുഷ്യാവകാശ ബ്ലോക്കിൽനിന്നുയരുകയുണ്ടായില്ല. മുസ്ലിം സ്വത്വ അടയാളങ്ങളുയർത്തിയുള്ള സമരത്തിെൻറ ആളായിരുന്നു ഷർജീൽ എന്നതായിരുന്നു ആ നിസ്സംഗതയുടെ അടിസ്ഥാനം.
വലിയ ബഹുജനശ്രദ്ധ നേടാതെ ഷർജീലിെൻറ തടവ് ഒരു വർഷം പിന്നിടുമ്പോഴാണ് ഡൽഹിയിലെ മുൻനിര സാമൂഹിക, രാഷ്ട്രീയ പ്രവർത്തകരെ കരിനിയമങ്ങൾ ചുമത്തി അകത്തിടാനുള്ള ഭരണകൂട പദ്ധതി ചുരുൾനിവരുന്നത്. ഫാഷിസ്റ്റ് ഭരണകൂടം, പ്രതിരോധങ്ങളെ ഇല്ലാതാക്കാനുള്ള കൗശലവഴികൾ പലതും സ്വീകരിക്കും.
അവരുടെ ഉന്നം ഇന്നലെ മുസ്ലിംകളായിരുന്നെങ്കിൽ ഇന്ന് കർഷകരും അവരുടെ നേതാക്കളുമാണ്. ഫാഷിസത്തിെൻറ ഇരകളാക്കപ്പെടുന്നവർ കലർപ്പില്ലാത്ത ഐക്യദാർഢ്യം പങ്കുവെക്കുകയാണ് പ്രതിരോധത്തിെൻറ ഏറ്റവും പ്രധാനപ്പെട്ട മുന്നുപാധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.