നന്ന്, ഈ തെരഞ്ഞെടുപ്പ് വിലക്കിഴിവ്
text_fieldsഅഞ്ചു സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് മുട്ടിവിളിക്കെ, പാചകവാതക സിലിണ്ടറിന് 200 രൂപ വില കുറക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം സാധാരണക്കാർക്കു വലിയൊരു ആശ്വാസം തന്നെയാണ്. നിലവിൽ 200 രൂപയുടെ സബ്സിഡി ലഭിക്കുന്ന പ്രധാനമന്ത്രി ഉജ്വലപദ്ധതി ഗുണഭോക്താക്കൾക്ക് 400 രൂപയുടെ ഇളവ് ലഭിക്കും. ആഗസ്റ്റ് 30ന് നിലവിൽ വന്ന വിലക്കിഴിവ് 33 കോടി ഗാർഹിക ഉപഭോക്താക്കൾക്ക് പ്രയോജനം ചെയ്യും. 75 ലക്ഷം പുതിയ പാചകവാതക കണക്ഷൻ കൂടി നൽകി ഉജ്വല ഗുണഭോക്താക്കളുടെ എണ്ണം 10.35 ലക്ഷത്തിലെത്തിക്കുമെന്നും മന്ത്രിസഭ തീരുമാനം വിശദീകരിച്ച കേന്ദ്ര വിവരവിനിമയ, പ്രക്ഷേപണമന്ത്രി അനുരാഗ് ഠാകുർ വ്യക്തമാക്കിയിട്ടുണ്ട്.
രക്ഷാബന്ധൻ-ഓണം ആഘോഷം പ്രമാണിച്ച് ജനത്തിനു നൽകുന്ന സമ്മാനമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും തീരുമാനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ദരിദ്രരും ഇടത്തരക്കാരുമായ ആളുകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ സാധ്യമായതെല്ലാം ചെയ്യുന്നതിന്‍റെ ഭാഗമാണിതെന്ന് അവർ വിശദീകരിക്കുന്നു. എന്നാൽ തെരഞ്ഞെടുപ്പിലേക്ക് കാലൂന്നാൻ തുടങ്ങിയ ഭരണകൂടത്തിനു വിലക്കയറ്റത്തിൽ പൊരിയുന്ന ജനങ്ങളുടെ വികാരം കണക്കിലെടുക്കാൻ വയ്യാത്ത സാഹചര്യത്തിലാണ് തിരക്കിട്ട ഈ ജനോപകാര നടപടിയെന്നു കാണാൻ പ്രയാസമില്ല.
ദേശീയ സാമ്പ്ൾ സർവേ ഓഫിസ് (എൻ.എസ്.എസ്.ഒ)യുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഗ്രാമീണമേഖലയിലെ 50 ശതമാനം കുടുംബങ്ങളും നഗരങ്ങളിലെ 90 ശതമാനവും പ്രാഥമിക ഊർജസ്രോതസ്സായി എൽ.പി.ജിയെ ആശ്രയിക്കുന്നവരാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 13 തവണയാണ് പൊതുമേഖലയിലെ റിഫൈനറികൾ പാചകവാതക വിലയുയർത്തിയത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് ബാരൽ ഒന്നിന് 100 ഡോളറിലേറെ ഉണ്ടായിരുന്ന എണ്ണവില 80 ലേക്ക് താഴ്ന്നിട്ടും അതിന്‍റെ ഫലം അനുഭവിക്കാൻ സാധാരണ ഉപഭോക്താക്കൾക്കു കഴിഞ്ഞിരുന്നില്ല.
എണ്ണ, പാചകവാതക വിലയുടെ വർധന പണപ്പെരുപ്പം കുത്തനെ കൂട്ടാനിടയാക്കി, ജൂലൈയിൽ അത് 7.44 ശതമാനം എന്ന കഴിഞ്ഞ 15 മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണുള്ളത്. ഇതോടെ അവശ്യസാധനവില ക്രമാതീതമായി കുതിച്ചുയർന്നിരിക്കുകയാണ്. ജനജീവിതം ദുസ്സഹമായ വിവരം തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി തിരിച്ചറിയുന്നു എന്നതിന്‍റെ തെളിവുകൂടിയാണ് വില കുറക്കാനുള്ള തീരുമാനം. അതോടൊപ്പം പ്രതിപക്ഷത്തിന്‍റെ ചില സന്ദർഭോചിത തന്ത്രങ്ങളും കേന്ദ്രത്തെ സമ്മർദത്തിലാക്കിയെന്നു പറയാം. മധ്യപ്രദേശിൽ അധികാരത്തിലെത്തിച്ചാൽ പാചകവാതകവില സിലിണ്ടർ ഒന്നിന് 500 രൂപയിലേക്ക് കുറക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. രാജസ്ഥാനിൽ പാവപ്പെട്ടവർക്ക് 500 രൂപക്ക് സിലിണ്ടർ ലഭ്യമാക്കിത്തുടങ്ങുകയും ചെയ്തു.
ഈ രണ്ടെണ്ണത്തിനു പുറമെ ഛത്തിസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങൾ കൂടി ഈ വർഷാന്ത്യം നിയമസഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ആ ഫലപ്രഖ്യാപനം അടുത്ത പൊതുതെരഞ്ഞെടുപ്പിലേക്കുള്ള കേളികൊട്ടു കൂടിയാകുമെന്നറിയുന്നത് കൊണ്ടുതന്നെയാണ് കേന്ദ്രം ഇപ്പോൾ ഉണർന്നെണീറ്റിരിക്കുന്നത്. മധ്യപ്രദേശിൽ 450 രൂപക്ക് പാചകവാതകം, ആദായനികുതി പരിധിയിലില്ലാത്ത പാവപ്പെട്ട സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 1000 രൂപ വീതം, രാഖി സമ്മാനമായി മറ്റൊരു 250 രൂപ ഇങ്ങനെ സ്വന്തം നിലക്ക് വാഗ്ദാനപ്പെരുമഴയുമായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും മുന്നിട്ടിറങ്ങിയിട്ടുണ്ട്. മുസ്ലിം വിദ്വേഷത്തിന്‍റെ ബുൾഡോസറുകൾ കൊണ്ടുമാത്രം പിടിച്ചുനിൽക്കാനാവില്ലെന്നും താഴെത്തട്ടിൽ നിത്യജീവിതത്തിന് ദുരിതപ്പെടുന്ന സ്ത്രീകൾ കലിപ്പിലാണെന്നുമുള്ള വസ്തുസ്ഥിതി റിപ്പോർട്ട് പാർട്ടിയോഗങ്ങളിൽ ലഭിക്കാൻ തുടങ്ങിയതോടെയാണ് ജനകീയ പ്രശ്നങ്ങളിലേക്ക് ശ്രദ്ധതിരിക്കാനുള്ള പുതിയ തീരുമാനം.
തീവ്ര ദേശീയതയിലൂന്നിയ വിദ്വേഷ രാഷ്ട്രീയത്തിന്‍റെ വീര്യംകൂട്ടാനുള്ള ശ്രമമാണ് ഇക്കാലമത്രയും ബി.ജെ.പി ഭരണകൂടം കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമൊക്കെ ചെയ്തു കൊണ്ടിരുന്നത്. ജനത്തിലൊരു വിഭാഗത്തെ അരികുവത്കരിച്ചും അവരെ ശാരീരികമായും സാമ്പത്തികമായും സാമൂഹികമായും നിർമൂലനം ചെയ്തുമുള്ള മണിപ്പൂർ, ഹരിയാന, യു.പി മോഡൽ ‘തകർപ്പൻ ബുൾഡോസർ ഭരണം’ രാജ്യത്തെ സമ്പദ്ഘടനയെയും അതുവഴി സാധാരണ ജനജീവിതത്തെയും എങ്ങനെ ബാധിക്കുമെന്ന ചിന്ത പോലും ബി.ജെ.പിക്ക് ഇല്ലാതെ പോയി. മുമ്പു പലപ്പോഴും പല ഉച്ചകോടികൾക്ക് ആതിഥ്യമരുളിയ ഇന്ത്യയിൽ ജി-20 ഉച്ചകോടിയുടെ ആഘോഷം പൊലിപ്പിച്ചതു കൊണ്ടോ ചന്ദ്രയാൻ വിജയത്തിന് പേരും കുറിയും ചാർത്തിയതുകൊണ്ടോ ജനത്തിന് കഷ്ടപ്പാട് അകറ്റാൻ ഒന്നുമേ ആവുന്നില്ല എന്നുതന്നെയാണ് അടിത്തട്ടിൽനിന്ന് പാർട്ടിക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന തിരിച്ചറിവ്.
ആ നിലക്ക് ഈ വിലക്കുറവ് തീരുമാനത്തെ നല്ല ലക്ഷണമായി കാണണം. കർണാടകയിൽ ചെയ്തതു പോലെ ഇന്ത്യയെ മാന്തിപ്പൊളിക്കുന്ന വിദ്വേഷത്തിന്‍റെ രാഷ്ട്രീയംവെച്ചുള്ള കിടമത്സരത്തിൽനിന്ന് ഭരിക്കുന്നവരുടെ അധികാരശേഷി അളക്കാനും തൂക്കാനുമുള്ള അവസരമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ മാറ്റാൻ പ്രതിപക്ഷത്തിനു കഴിഞ്ഞാൽ അത് രാജ്യത്തിനും ജനങ്ങൾക്കും ഗുണപ്രദമാകും. വെറുപ്പിന്‍റെ സംഘ്പരിവാർ അജണ്ടയിൽനിന്ന് ജീവൽപ്രശ്നങ്ങളുടെ ജനകീയ അജണ്ടയിലേക്ക് ഇന്ത്യയിലെ രാഷ്ട്രീയ ചർച്ചയുടെ ഗതിമാറ്റാൻ ഇത്തരം ചുവടുമാറ്റങ്ങൾ ആവേശം പകരുമെന്ന് ആശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.