അടിയന്തരാവസ്ഥയല്ലാതെ ഇതു മറ്റെന്താണ്?
text_fieldsഭരണകൂടത്തിനെതിരായ 'തുറന്നുപറച്ചിലുകൾ' രാജ്യദ്രോഹമായി പരിഗണിക്കപ്പെടുന്ന പ്രത്യക്ഷഫാഷിസത്തിെൻറ നെടുങ്കയത്തിലാണ് രാജ്യമിപ്പോൾ. വിമർശനങ്ങളുടെയും വിഭിന്ന സ്വരങ്ങളുടെയും ഇലയനക്കങ്ങളോടുപോലും അസഹിഷ്ണുത പുലർത്തുന്ന ഭീരുക്കളുടെ കൂട്ടമാണ് കുറച്ചു വർഷമായി നമ്മെ നയിച്ചുകൊണ്ടിരിക്കുന്നത്. തീവ്രദേശീയതയുടെയും ഹിന്ദുത്വയുടെയും ഉന്മാദം പേറുന്ന അത്തമൊരു ആൾക്കൂട്ടം സമ്മാനിച്ച 'അടിയന്തരാവസ്ഥ'യുടെ ദുരിതങ്ങൾ ഒാരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നു. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനായി പ്രഖ്യാപിച്ച അശാസ്ത്രീയ ലോക്ഡൗൺ സൃഷ്ടിച്ചത് കടുത്ത സാമ്പത്തികപ്രതിസന്ധിയും പട്ടിണിയുമായിരുന്നുവല്ലോ. രാജ്യം സമ്പൂർണമായും അടച്ചിട്ടിട്ടും മഹാമാരിയെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചതുമില്ല. തികഞ്ഞ പരാജയത്തിെൻറ ഇൗ നാണക്കേടിൽ നിൽക്കുേമ്പാഴൂം ഭരണകൂടത്തിെൻറ ശ്രദ്ധ ഹിന്ദുത്വ അജണ്ടകൾ നടപ്പാക്കുന്നതിൽ മാത്രമാണ്. അതിനെതിരായി സംസാരിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളായി മുദ്രകുത്തി ജയിലിലടക്കുന്നു.
ഇന്ത്യയെന്ന മഹത്തായ ആശയത്തിെൻറ ആത്മാവിനെ കളങ്കപ്പെടുത്തുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ ജനാധിപത്യപരമായി സമരം ചെയ്ത നേതാക്കളെല്ലാം ഇപ്പോൾ അറസ്റ്റിെൻറ വക്കിലാണ്. സമരത്തിെൻറ മുൻപന്തിയിലുണ്ടായിരുന്ന വിദ്യാർഥി നേതാവ് ഉമർ ഖാലിദാണ് ഏറ്റവും ഒടുവിൽ യു.എ.പി.എ ചുമത്തപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. െഫബ്രുവരി അവസാന വാരം വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ വംശീയാതിക്രമത്തിൽ ഗൂഢാലോചനാ കുറ്റം ചുമത്തിയാണ് ഉമറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡൽഹി െപാലീസ് സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ജെ.എൻ.യു അധ്യാപികയും സാമ്പത്തിക വിദഗ്ധയുമായ ജയതി ഘോഷ്, ഡൽഹി സർവകലാശാലയിലെ പ്രഫ. അപൂർവാനന്ദ്, ആക്ടിവിസ്റ്റുകളായ യോഗേന്ദ്രയാദവ്, രാഹുൽ റോയ് തുടങ്ങിയവരുടെ പേരുകൾ ഉൾപ്പെടുത്തിയത് പാർലമെൻറിനകത്തും പുറത്തും വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയതിന് പിന്നാലെയാണ് ഉമറിെൻറ അറസ്റ്റ്.
പൗരത്വഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ തുടങ്ങിവെച്ച സമരം മോദി സർക്കാറിനെതിരായ ജനകീയ പ്രക്ഷോഭമായി രാജ്യമൊട്ടാകെ വികസിക്കുമെന്ന് ആരും കരുതിയതല്ല. പക്ഷേ, സംഭവിച്ചത് അതാണ്; വികലമായ 'സാമ്പത്തിക പരിഷ്കാര'ങ്ങളിൽ നടുവൊടിഞ്ഞവരും ഫാഷിസത്തിെൻറ ഇരുമ്പുമറയ്ക്കുള്ളിൽ നിശ്ശബ്ദരാക്കപ്പെട്ടവരുമായ ജനസമൂഹം ഒന്നിച്ചുണർന്നതോടെ ശാഹീൻ ബാഗ് സമരപ്പന്തലുകൾ ഇന്ത്യൻ ഗ്രാമങ്ങളിലാകെ ഉയരുകയായിരുന്നു. തുടക്കത്തിൽ ഭീഷണിപ്പെടുത്തിയും തോക്കുചൂണ്ടിയും അതിനെ ഒതുക്കാനുള്ള അധികാരികളുടെ ശ്രമം പരാജയപ്പെട്ടു. വിഷലിപ്തമായ വ്യാജവാർത്തകളിലൂടെയും നുണപ്രചാരണങ്ങളിലൂടെയും സമരം ഇല്ലാതാക്കാനുള്ള ശ്രമങ്ങളും ഫലം കാണാതെ വന്നപ്പോഴാണ് വടക്കുകിഴക്കൻ ഡൽഹിയിൽ പെെട്ടന്നൊരുനാൾ മുസ്ലിംവീടുകൾ മാത്രം ലക്ഷ്യമാക്കി ആക്രമണമുണ്ടായത്.
കപിൽമിശ്രയെപ്പോലുള്ള സംഘ്പരിവാർ നേതാക്കളുടെ പിന്തുണയും ആശീർവാദവും അക്രമികൾക്കുണ്ടായിരുന്നുവെന്ന് അന്നേ വ്യക്തമായതാണ്. അദ്ദേഹത്തിെൻറ 'ഗോലി മാരോ' പ്രയോഗവും മറ്റു ആക്രോശങ്ങളും ആ സമയത്തുതന്നെ സോഷ്യൽ മീഡിയ വഴി പുറത്തുവന്നതാണ്. മാത്രമല്ല, ജൂൺ 29ന് ഡൽഹി പൊലീസ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിന് സമർപ്പിച്ച കുറ്റപത്രത്തിൽ ആക്രമികൾ പരസ്പര വിവരങ്ങൾ കൈമാറുന്നതിന് ഉപയോഗിച്ച 'കട്ടർ ഹിന്ദുത് ഏക്ത' എന്ന വാട്സ്ആപ് ഗ്രൂപ്പിനെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഡൽഹി ന്യൂനപക്ഷ കമീഷൻ അടക്കം എത്രയോ വസ്തുതാന്വേഷണ സംഘങ്ങളും ഇൗ വിവരങ്ങളെ ശരിവെക്കുന്നു. എന്നിട്ടും, കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 700ലധികം എഫ്.െഎ.ആറുകളിൽ ഒന്നിൽ പോലും ഇൗ ആക്രമിസംഘങ്ങളുടെ പേരില്ല! പകരം, അക്രമികൾ അഴിഞ്ഞാടിയ കലാപഭൂമിയിൽ ശാന്തിദൂതുമായി സന്നദ്ധ പ്രവർത്തനത്തിനിറങ്ങിയ വിദ്യാർഥികളും ആക്ടിവിസ്റ്റുകളും അക്കാദമിക പണ്ഡിതരും രാഷ്ട്രീയക്കാരുമൊക്കെയാണ് പ്രതിചേർക്കപ്പെട്ടിരിക്കുന്നത്.
പാർലമെൻറിലെ മൃഗീയഭൂരിപക്ഷത്തിെൻറ മറവിൽ എന്തുമാകാമെന്ന സംഘ്പരിവാർസർക്കാറിെൻറ അഹന്തക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു പൗരത്വപ്രക്ഷോഭം. നിയമനിർമാണ സഭകളുടെയും മുഖ്യധാര ദേശീയമാധ്യമങ്ങളുടെയും പിന്തുണയില്ലെങ്കിലും അവശേഷിക്കുന്ന ജനാധിപത്യക്രമത്തിൽ 'ജനസഞ്ചയ' രാഷ്ട്രീയത്തിെൻറ ശക്തിയെ ആ സമരങ്ങൾ കൃത്യമായി അടയാളപ്പെടുത്തി. ലക്ഷണമൊത്തൊരു ഫാഷിസ്റ്റ് സർക്കാറിനെ ഇത്തരം ജനകീയ സമരങ്ങൾ അസ്വസ്ഥപ്പെടുത്തുക സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ, എന്തുവിലകൊടുത്തും അതിനെ ഇല്ലാതാക്കുക എന്നത് സർക്കാറിെൻറ അജണ്ടയായിരുന്നു. ആസൂത്രിതമായൊരു വംശീയാക്രമണത്തിലൂടെ ആ ഒാപറേഷന് തിരികൊളുത്തപ്പെട്ടു. അവശേഷിക്കുന്ന സമരാവേശത്തെ കോവിഡിെൻറ മറവിൽ തല്ലിക്കെടുത്താനാണ് പിന്നീടങ്ങോട്ടുള്ള ദിനങ്ങളിൽ അധികാരികൾ ശ്രദ്ധപതിപ്പിച്ചത്. ഖാലിദ് സൈഫി, ഗുലിഫ്ഷാ ഖാതൂൻ, സഫൂറ സർഗാർ, മീരാൻ ഹൈദർ, ശിഫാഉറഹ്മാൻ, നടാഷ നർവൽ, ദേവാംഗന കലിത, ഇശ്റത്ത് ജഹാൻ, ആസിഫ് ഇഖ്ബാൽ തൻഹ തുടങ്ങി പൗരത്വപ്രക്ഷോഭത്തിെൻറ മുന്നണിയിലുണ്ടായിരുന്നവരെല്ലാം യു.എ.പി.എ ചുമത്തപ്പെടുകയോ തുറുങ്കലിലടക്കപ്പെടുകയോ ചെയ്തത് ലോക്ഡൗൺ കാലത്ത് ജനങ്ങൾ തെരുവിലിറങ്ങില്ല എന്ന ധൈര്യത്തിലാണ്. ആ നടപടികളുടെ തുടർച്ചയിലാണ് യെച്ചൂരി അടക്കമുള്ള നേതാക്കളിപ്പോൾ കുറ്റപത്രത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്നത്.
ഒരത്ഭതവുമില്ല ഇക്കാര്യത്തിൽ. ഭീമ-കൊറേഗാവ് സംഭവത്തിൽ ആനന്ദ് തെൽതുംബ്ഡെ അടക്കമുള്ളവരുടെ അറസ്റ്റും ഇതുപോലെതന്നെയായിരുന്നു. ഗർഭിണിയായ സഫൂറയടക്കമുള്ള ന്യൂനപക്ഷ-ബഹുജൻ വിദ്യാർഥി നേതാക്കൾ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ടേപ്പാഴില്ലാതെപോയ പ്രതിഷേധം ഇപ്പോഴുണ്ടായിരിക്കുന്നുവെന്നതാണ് ആകെയുള്ള മാറ്റം. ഇതെന്തുകൊണ്ട് സംഭവിച്ചുെവന്ന് ഇടതുപക്ഷമടക്കമുള്ള മുഖ്യധാര പ്രതിപക്ഷപാർട്ടികൾ ആലോചിക്കേണ്ട സമയംകൂടിയാണിത്. എന്തെന്നാൽ, ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ വിശാല ബഹുജന പ്രതിപക്ഷ മുന്നേറ്റത്തിന് ആ ആലോചന വഴിയൊരുക്കിയേക്കാം.
മാധ്യമം എഡിറ്റോറിയൽ കേൾക്കാം:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.