പാർട്ടി വാഹനത്തിലെ വോട്ടുപെട്ടി
text_fieldsഅസമിൽ ബി.ജെ.പി സ്ഥാനാർഥിയുടെ കാറിൽ വോട്ടുയന്ത്രം കണ്ടെത്തിയ സംഭവം ഒറ്റപ്പെട്ടതായി ലഘൂകരിക്കാനോ തൽക്കാല പരിഹാരങ്ങൾകൊണ്ട് മറികടക്കാനോ കഴിയാത്തവിധത്തിൽ ഗുരുതരമാണ്. വോട്ടെടുപ്പിനുശേഷം, സമ്മതിദായകരുടെ വോട്ട് രേഖപ്പെടുത്തിയ കൺട്രോൾ യൂനിറ്റ്, ബാലറ്റ് യൂനിറ്റ്, വിവി പാറ്റ് യന്ത്രം എന്നിവ അടങ്ങുന്ന മുഴുവൻ സെറ്റുമാണ് ബി.ജെ.പിക്കാരെൻറ കാറിൽ കൊണ്ടുപോകുന്നതായി കണ്ടത്. ഒൗദ്യോഗിക വാഹനം തകരാറായതിനാൽ സ്വകാര്യ വാഹനം ഉപയോഗിക്കേണ്ടിവന്നു എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ, ഒരുപാട് സംശയങ്ങളാണ് ഇതിനെപ്പറ്റി ഉയരുന്നത്. ഔദ്യോഗിക വാഹനത്തിനു തകരാറുണ്ടായാൽ എന്തു ചെയ്യണമെന്നതിനെപ്പറ്റി കൃത്യമായ ചട്ടങ്ങളുണ്ട്; ഒന്നും പാലിക്കപ്പെട്ടില്ല. ആവശ്യത്തിലേറെ വാഹനങ്ങൾ ഇലക്ഷൻ കമീഷെൻറ പക്കലുള്ളപ്പോൾ പോളിങ് സംഘം സ്വകാര്യവാഹനം കണ്ടെത്തുന്നു, അത് ബി.ജെ.പിക്കാരേൻറതാകുന്നു, വാഹന ഉടമക്കും ഇതിൽ അപാകത തോന്നാതിരിക്കുന്നു, ഗതാഗത തടസ്സം മൂലം നാട്ടുകാർ തടയുകയും വിഡിയോ എടുക്കുകയും അതു നാടാകെ പ്രചരിക്കുകയും ചെയ്യുന്നതുവരെ ഇലക്ഷൻ കമീഷൻ മാത്രം ഒന്നും അറിയാതെയും പറയാതെയും ഇരിക്കുന്നു. ഇതെല്ലാം ഒരു ഉദ്യോഗസ്ഥ സംഘത്തിെൻറ മാത്രം ഒറ്റപ്പെട്ട അപഭ്രംശമെന്ന് വരുത്തുന്ന തരത്തിലാണ് കമീഷെൻറ പ്രതികരണം. ഒരു പോളിങ് ബൂത്തിലെ വോട്ടെടുപ്പ് റദ്ദാക്കുകയും ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പക്ഷേ, തെരഞ്ഞെടുപ്പ് കമീഷെൻറ വിശ്വാസ്യത വീണ്ടെടുക്കാൻ ഇതു മതിയാകുമോ?
കുറച്ചുകാലമായി തെരഞ്ഞെടുപ്പ് കമീഷെൻറ നിഷ്പക്ഷതയെക്കുറിച്ച് നിരന്തരം സന്ദേഹങ്ങൾ ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പ് തീയതിനിർണയം, വോട്ടെടുപ്പ് സന്നാഹങ്ങൾ, ഫലപ്രഖ്യാപനം എന്നീ കാര്യങ്ങളിലെല്ലാം സുതാര്യതയും വിശ്വാസ്യതയും അതിപ്രധാനമാണ്. വോട്ടെടുപ്പിന് എത്ര ഘട്ടങ്ങൾ എന്നത് പലപ്പോഴും തർക്കവിഷയമാകുന്നു. ഇക്കുറി പശ്ചിമബംഗാളിൽ (294 മണ്ഡലങ്ങൾ) എട്ട് ഘട്ടങ്ങളായിട്ടാണ് വോട്ടെടുപ്പ് നടത്തുന്നത്. അസമിൽ (126) മൂന്നു ഘട്ടങ്ങളായും. തമിഴ്നാട്ടിലും (234) കേരളത്തിലും (140) ഒറ്റഘട്ടം മാത്രമുള്ളപ്പോഴാണിത്. സുരക്ഷാ സൈനികരെ വിന്യസിക്കാനുള്ള സൗകര്യത്തിനെന്നാണ് കമീഷെൻറ വിശദീകരണം. എന്നാൽ, ബി.ജെ.പി ഇതര കക്ഷികൾ അതു പൂർണമായി അംഗീകരിച്ചിട്ടില്ല. ബംഗാളിൽ ബി.ജെ.പിക്ക് പ്രവർത്തകർ കുറവായതിനാൽ ഉള്ളവരെ എല്ലായിടത്തും ഉപയോഗിക്കാനുള്ള സൗകര്യം എട്ടുഘട്ട വോട്ടെടുപ്പ് നൽകുന്നുണ്ട്. അസമിൽ അപ്പർ അസം മേഖല മുഴുവൻ ആദ്യഘട്ട വോട്ടെടുപ്പിൽ ഉൾപ്പെട്ടു. പൗരത്വ നിയമത്തിനെതിരെ ജനവികാരം ശക്തമായ ഇവിടെ അതു തെരഞ്ഞെടുപ്പ് വിഷയമാക്കാതെ മൗനംപാലിക്കാൻ ബി.ജെ.പി ശ്രദ്ധിച്ചു, എന്നാൽ, അവിടത്തെ വോട്ടെടുപ്പ് കഴിഞ്ഞുകിട്ടിയപ്പോൾ, പൗരത്വ നിയമത്തെ അനുകൂലിക്കുന്നവർ ധാരാളമുള്ള മറുഭാഗങ്ങളിൽ ആ വിഷയം ഉപയോഗിക്കാനും കഴിഞ്ഞു. ഇതു സാധിച്ചത് തെരഞ്ഞെടുപ്പ് ഘട്ടങ്ങളുടെ പ്രത്യേകത കൊണ്ടത്രെ. 2017ൽ ഗുജറാത്തിലും ഹിമാചൽ പ്രദേശിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹിമാചലിലെ തീയതികൾ മാത്രം പ്രഖ്യാപിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് ഗുജറാത്തിൽ ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കാൻ ഈ വിളംബം സർക്കാറിന് അവസരം നൽകി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെക്കുറിച്ചും ഈ ആക്ഷേപമുണ്ട്. 2019ലെ ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചശേഷം കർണാടകയിലേത് ഒരാഴ്ചകഴിഞ്ഞ് നീട്ടിയതും വിവാദമായിരുന്നു.
പെരുമാറ്റച്ചട്ട ലംഘനങ്ങളിൽ മുമ്പുണ്ടായിരുന്ന ജാഗ്രത കമീഷന് നഷ്ടമായിരിക്കുന്നു. ബാലാകോട്ട് സംഭവം മുതലെടുക്കാൻവേണ്ടി നരേന്ദ്ര മോദി സായുധസേനയെ ഉപയോഗിച്ചത് ഉദാഹരണം. തനിക്ക് നൽകുന്ന ഒാരോ വോട്ടും സേനക്കുള്ളത് എന്ന മോദിയുടെ പ്രസ്താവന ചട്ടലംഘനമാണെന്ന് ജില്ല-സംസ്ഥാന ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിട്ടും കേന്ദ്ര ഇലക്ഷൻ കമീഷൻ അത് അവഗണിച്ചു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചപ്പോഴടക്കം മോദി നടത്തിയ വർഗീയപരാമർശങ്ങൾ കമീഷൻ അനുവദിക്കുകയായിരുന്നു. ഇപ്പോഴത്തെ തെരഞ്ഞെടുപ്പുകളിലും ചട്ടലംഘനത്തിൽ മുന്നിലുള്ള മോദിക്കെതിരെ ഒരു നടപടിയുമുണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമായിരുന്നു 2019ലെ 'നമോ ടി.വി' ചാനൽ. കമീഷൻ അതിലും അനങ്ങാതിരുന്നു. വോട്ടെടുപ്പ് ചട്ടങ്ങളിലെ കമീഷെൻറ ഇടപെടലുകളും ബി.ജെ.പിക്കു വേണ്ടിയാണെന്ന വിമർശനമുണ്ട്. പോളിങ് ബൂത്തിലെ പോളിങ് ഏജൻറ് അതേ ബൂത്തിലെ വോട്ടറായിരിക്കണമെന്ന് ചട്ടമുണ്ടായിരുന്നു. ഇപ്പോൾ അതു മാറ്റിയിരിക്കുന്നു. ബംഗാളിൽ, അണികളില്ലാത്തിടങ്ങളിലെ ബൂത്തുകളിൽ മറ്റിടങ്ങളിൽനിന്ന് ഏജൻറിനെ കൊണ്ടുവരേണ്ട ആവശ്യം ബി.ജെ.പിക്കായിരുന്നത്രെ. തൃണമൂൽ കോൺഗ്രസ് ഇതിനു തെളിവായി ബി.ജെ.പി നേതാവ് മുകുൾറോയ് മെറ്റാരു നേതാവ് ശിശിർ ബജോരിയയുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തുവിട്ടിട്ടുണ്ട്. പോളിങ് ഏജൻറിനെ സംബന്ധിച്ച നിയമം ഇലക്ഷൻ കമീഷനെക്കൊണ്ട് മാറ്റിക്കണം എന്നാണ് റോയ് നിർദേശിച്ചത്.
വോട്ടുയന്ത്രത്തെക്കുറിച്ച സംശയങ്ങൾ നിലനിൽക്കുന്നു. കുറ്റമറ്റ വിവി പാറ്റ് യന്ത്രങ്ങൾ എല്ലായിടത്തും സ്ഥാപിക്കാനുള്ള സാങ്കേതികവിദ്യ സാധ്യമാണെങ്കിലും അതിനു ശ്രമങ്ങൾ നടന്നില്ല. വോട്ടർമാർ ചെയ്തതിനെക്കാൾ കൂടുതൽ വോട്ട് യന്ത്രങ്ങളിൽ രേഖപ്പെടുത്തപ്പെട്ട സംഭവങ്ങളിൽ സംശയം നീങ്ങിയിട്ടില്ല. തെരഞ്ഞെടുപ്പ് കമീഷനിലെ നിയമനങ്ങൾ കേന്ദ്രസർക്കാറിെൻറ നിയന്ത്രണത്തിലാണ്. സർക്കാറിെൻറ അനിഷ്ടം സമ്പാദിച്ചാൽ എന്തുണ്ടാകുമെന്ന്, രാജിവെച്ചൊഴിയേണ്ടിവന്ന മുതിർന്ന കമീഷണർ അശോക് ലവാസയുടെ അനുഭവം വ്യക്തമാക്കുന്നുണ്ട്. മൊത്തത്തിൽ തെരഞ്ഞെടുപ്പിെൻറ വിശ്വാസ്യത സംശയാസ്പദമാവുകയാണ്. അതു വീണ്ടെടുക്കാൻ ചെറിയ നടപടികൾ മതിയാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.