ഇല്ലാതാകുന്ന സ്വാതന്ത്ര്യം
text_fieldsലോകത്തെ എല്ലാ രാജ്യങ്ങളിലെയും രാഷ്ട്രീയ സ്വാതന്ത്ര്യത്തെക്കുറിച്ച് വിവരശേഖരണം നടത്തുകയും വിശകലനം ചെയ്യുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന സന്നദ്ധസംഘടനയാണ് അമേരിക്കയിൽ പ്രവർത്തിക്കുന്ന ഫ്രീഡം ഹൗസ്. അമേരിക്കൻ സർക്കാറിെൻറ സാമ്പത്തിക പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ ഏജൻസിയുടെ റിപ്പോർട്ടുകൾക്ക് സാർവദേശീയ തലത്തിൽതന്നെ വലിയ സ്വീകാര്യതയും ആധികാരികതയും ഉണ്ട്. 'ഫ്രീഡം ഇൻ ദ വേൾഡ് 2021 ഡെമോക്രസി അണ്ടർ സീജ്' എന്നപേരിൽ അവരുടെ ഒടുവിലത്തെ പഠന റിപ്പോർട്ട് രണ്ടു ദിവസം മുമ്പ് പുറത്തുവരുകയുണ്ടായി. സ്വതന്ത്ര രാജ്യം എന്നനിലക്കാണ് നമ്മളെല്ലാം ഇന്ത്യയെ കാണുന്നത്. എന്നാൽ, ഇന്ത്യയെ 'ഭാഗിക സ്വതന്ത്രരാജ്യം' എന്ന ഗണത്തിലാണ് ഫ്രീഡം ഹൗസിെൻറ പുതിയ റിപ്പോർട്ട് ഉൾപ്പെടുത്തിയിരിക്കുന്നത്. 2014 നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദു ദേശീയവാദ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പൗരാവകാശങ്ങളും ജനാധിപത്യ അവകാശങ്ങളും ഹനിക്കപ്പെടുന്ന പ്രവണത ക്രമപ്രവൃദ്ധമായി ഇന്ത്യയിൽ വർധിച്ചുവരുന്നതായി റിപ്പോർട്ട് രേഖപ്പെടുത്തുന്നു.
2019ലെ അധികാരത്തുടർച്ചക്കുശേഷം ഇത്തരം നയങ്ങൾ കൂടുതൽ തീവ്രതയോടെ തുടരുന്നതായി റിപ്പോർട്ട് വിശകലനം ചെയ്യുന്നു. അക്കാദമികരംഗത്തുള്ളവർക്കും മാധ്യമപ്രവർത്തകർക്കും നേരെ ഭീഷണി ഉയർന്നു. മുസ്ലിംകൾക്കുനേരെ വ്യാപകമായ ആക്രമണമുണ്ടായി. കേന്ദ്ര സർക്കാറും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സർക്കാറുകളും വിമതസ്വരം ഉയർത്തുന്നവരെ അടിച്ചൊതുക്കി. കോവിഡ് കാലത്തെ ലോക്ഡൗൺ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടെ പലായനത്തിന് ഇടവരുത്തി. 1000 കിലോമീറ്ററിലധികം നടന്നുപോയവരുണ്ട്. ചിലർ വഴിയിൽ മരിച്ചുവീണു. ഇവരുടെ കണക്കുപോലും കൈയിലില്ലെന്നാണ് സർക്കാർ പാർലമെൻറിൽ അറിയിച്ചത്. ഭരണകക്ഷിയായ ഹൈന്ദവ ദേശീയ പാർട്ടി മുസ്ലിംകളെ ബലിയാടാക്കുന്നതിനെ േപ്രാത്സാഹിപ്പിച്ചു, ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരെ സൂചിപ്പിച്ച് മുസ്ലിംകൾ വൈറസ് പരത്തുന്നവരാണ് എന്ന് പ്രചരിപ്പിച്ചു -ഇങ്ങനെ പോകുന്നു റിപ്പോർട്ടിലെ പരാമർശങ്ങൾ. കഴിഞ്ഞവർഷം നടന്ന ഡൽഹിയിലെ മുസ്ലിംവിരുദ്ധ വംശഹത്യ, ബാബരി കേസിലെ കോടതിവിധി എന്നീ സംഭവങ്ങളും ഫ്രീഡം ഹൗസ് റിപ്പോർട്ട് എടുത്തുപറയുന്നുണ്ട്. ഫ്രീഡം ഹൗസ് റിപ്പോർട്ടിനോടുള്ള കേന്ദ്ര സർക്കാറിെൻറ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ഞങ്ങളുടെ ആഭ്യന്തര കാര്യത്തിൽ നിങ്ങൾ ഇടപെടേണ്ടതില്ല എന്ന പതിവുപല്ലവി തന്നെയായിരിക്കും ഇതിനോടുള്ള പ്രതികരണമായി പുറത്തുവരാൻ സാധ്യത. ബി.ജെ.പിയുടെ സമൂഹമാധ്യമ വക്താക്കൾ ഈ നിലക്കുള്ള പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
ഫ്രീഡം ഹൗസ് റിപ്പോർട്ടിനെ കുറിച്ച ചർച്ചകൾ മാധ്യമങ്ങളിൽ നടന്നുകൊണ്ടിരിക്കെ തന്നെയാണ് കേന്ദ്ര സർക്കാർ കഴിഞ്ഞവർഷം രൂപവത്കരിച്ച ഒരു മന്ത്രിതല കമ്മിറ്റിയുടെ റിപ്പോർട്ട് കൂടി പുറത്തുവന്നിരിക്കുന്നത്. ഗ്രൂപ് ഓഫ് മിനിസ്റ്റേഴ്സ് ഓൺ ഗവൺമെൻറ് കമ്യൂണിക്കേഷൻ എന്നുപേരിട്ട ആ കമ്മിറ്റിയിൽ രവിശങ്കർ പ്രസാദ്, പ്രകാശ് ജാവ്ദേക്കർ, എസ്. ജയശങ്കർ, സ്മൃതി ഇറാനി, മുഖ്താർ അബ്ബാസ് നഖ്വി, ഹർദീപ് സിങ് പുരി, അനുരാഗ് ഠാകുർ, കിരൺ റിജിജു, ബാബുൽ സുപ്രിയോ എന്നിവരാണുള്ളത്. ആറ് യോഗങ്ങൾക്കും നിരവധി പ്രമുഖരുമായുള്ള വ്യക്തിഗത കൂടിക്കാഴ്ചകൾക്കുംശേഷം കമ്മിറ്റി തയാറാക്കി സർക്കാറിനു സമർപ്പിച്ച റിപ്പോർട്ട് അത്യന്തം വിചിത്രമാണ്. സർക്കാറിനെ വിമർശിക്കുന്ന അമ്പതോളം ഓൺലൈൻ മാധ്യമങ്ങളെ ഇല്ലാതാക്കാനും സർക്കാറിനെ പുകഴ്ത്തുന്ന മാധ്യമങ്ങളെ സഹായിക്കാനുമുള്ള പദ്ധതികളാണ് കമ്മിറ്റി മുന്നോട്ടുവെക്കുന്നത്. ഓൺലൈൻ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ, ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാൻ ഉദ്ദേശിച്ച് സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നിയമനിർമാണങ്ങളും ഈ കമ്മിറ്റി റിപ്പോർട്ടും ചേർത്തുവായിക്കേണ്ടതാണ്. ലളിതമാണ് കാര്യം; ഹിസ് മാസ്റ്റേഴ്സ് വോയ്സ് ആയി നിൽക്കുന്നവർക്കേ നിലനിൽപുള്ളൂ എന്നതാണത്.
മാധ്യമസ്വാതന്ത്ര്യം, സംഘടന സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, പ്രക്ഷോഭസ്വാതന്ത്ര്യം എന്നിങ്ങനെ നമ്മുടെ ഭരണഘടന മുന്നോട്ടുവെക്കുന്നതും ലോകെത്തങ്ങുമുള്ള ജനാധിപത്യ പുരോഗമന സമൂഹങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമായ എല്ലാ മൂല്യങ്ങളും വലിയതോതിൽ രാജ്യത്ത് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഓരോ പുതിയ റിപ്പോർട്ടും കണ്ടെത്തലും കണക്കുകളും അതു തന്നെയാണ് മുന്നോട്ടുവെക്കുന്നത്. ഇക്കാര്യങ്ങൾ നമുക്ക് അറിയാത്തതല്ല. ഈ കോളത്തിൽതന്നെ പല തവണ അത് സൂചിപ്പിച്ചിട്ടുണ്ട്. പക്ഷേ, അത്തരം കാര്യങ്ങളെ കുറിച്ച് പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരിക്കുക എന്നതുതന്നെ ഒരു പ്രതിരോധ പ്രവർത്തനമാണ് എന്ന് നാം മനസ്സിലാക്കുന്നു. അതിനാൽ നാം പറയുക, പറഞ്ഞുകൊണ്ടേയിരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.