സമൂഹത്തെ സമ്പന്നമാക്കിയ ധന്യവ്യക്തിത്വം
text_fieldsമലയാള വർത്തമാനപത്രങ്ങളിൽ വഴിത്തിരിവ് സൃഷ്ടിച്ച 'മാധ്യമം' സാധ്യമാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചവരിൽ ഒരാളായിരുന്നു ചൊവ്വാഴ്ച വിടവാങ്ങിയ പ്രഫ. കെ.എ സിദ്ദീഖ് ഹസൻ. ഈ പത്രമാധ്യമത്തിെൻറ ഓരോ ചുവടുവെപ്പിലും അദ്ദേഹത്തിെൻറ സാന്നിധ്യം ഞങ്ങൾക്ക് ഊർജവും ആവേശവും പകർന്നുതന്നത് കൃതജ്ഞതാപൂർവം അനുസ്മരിക്കുന്നു. അദ്ദേഹത്തിെൻറ അഭാവം ഞങ്ങളെ സംബന്ധിച്ചിടത്തോളം സവിശേഷമായും ദുഃഖകരമാണ്. 'മാധ്യമ'ത്തെ മാനസപുത്രനായാണ് അദ്ദേഹം എന്നും കണ്ടിരുന്നത്. അഭേദ്യമായ ആ ബന്ധം ആരോഗ്യം മോശമായ കാലത്തും ഊനംതട്ടാതെ നിലനിന്നുപോന്നു. ഉത്തരവാദപ്പെട്ട ഇതര പദവികൾ വഹിക്കുേമ്പാഴും, മാധ്യമം സ്വന്തം കാലിൽ നിൽപുറപ്പിക്കുന്നതുവരെ സമയവും അധ്വാനവും െചലവഴിച്ചുകൊണ്ട് അദ്ദേഹം കൂടെ നിന്നു. പിന്നീട് കൂടുതൽ വിശാലമായ സേവനമേഖലകൾ തേടി കേരളത്തിനു പുറത്ത് ജീവിതം പറിച്ചുനട്ട നാളുകളിലും 'മാധ്യമ'ത്തിെൻറ അനുസ്യൂതമായ പുരോഗതി അദ്ദേഹത്തിെൻറ നിതാന്ത ശ്രദ്ധയിൽനിന്ന് വഴിമാറിയില്ല. 'മാധ്യമ'ത്തിന് അദ്ദേഹത്തോടുള്ള കടപ്പാട് വാക്കുകൾക്കതീതമാണ്.
'മാധ്യമ'ത്തിൽ ഒതുങ്ങുന്നതായിരുന്നില്ല സിദ്ദീഖ് ഹസെൻറ സേവനങ്ങൾ. 1990-2005 കാലയളവിൽ നവോത്ഥാന പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയുടെ കേരള സംസ്ഥാന അധ്യക്ഷനായിരുന്നു അദ്ദേഹം. ആ കാലയളവിൽ പ്രസ്ഥാനത്തിന് പൊതുസമൂഹത്തിൽ ശ്രദ്ധേയമായ സ്ഥാനം നേടിക്കൊടുക്കുന്നതിൽ അേദ്ദഹത്തിെൻറ കാഴ്ചപ്പാടും പ്രവർത്തനങ്ങളും വഹിച്ച പങ്ക് അനിഷേധ്യമാണ്. സംഘടനക്കകത്തു മാത്രമല്ല, പുറത്തും സ്വന്തം കർമമാതൃകകൾക്ക് സ്വീകാര്യത നേടിയെടുക്കുന്നതിൽ അദ്ദേഹം വിജയിച്ചു.
സംഘടനാ പക്ഷപാതിത്വത്തിനതീതമായി സമുദായത്തിെൻറ സർവതോമുഖമായ പുരോഗതി ലക്ഷ്യംവെച്ചു നിരവധി പൊതുവേദികൾ രൂപവത്കരിക്കാനായി എന്നതാണ് അദ്ദേഹത്തിെൻറ എടുത്തോതത്തക്ക മറ്റൊരു സംഭാവന. വിദ്യാഭ്യാസത്തിന് ദിശാബോധം നൽകുന്ന സിജി, സാഫി എന്നീ വേദികളുടെ രൂപവത്കരണത്തിൽ അദ്ദേഹത്തിന് മുൻകൈയുണ്ടായിരുന്നു. എ.പി.സി.ആർ, സൊസൈറ്റി ഫോർ ബ്രൈറ്റ് ഫ്യൂച്ചർ മെഡിക്കൽ സർവിസ് സൊസൈറ്റി, സാമ്പത്തികാവൃദ്ധി ലക്ഷ്യംവെച്ചുകൊണ്ടുള്ള ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെൻറ് ആൻഡ് ക്രെഡിറ്റ് ലിമിറ്റഡ് തുടങ്ങിയ പ്രോജക്ടുകളുടെയെല്ലാം പ്രചോദനകേന്ദ്രമായിരുന്നു സിദ്ദീഖ് ഹസൻ. പ്രകൃതിദുരന്ത നിവാരണസേനയായ െഎ.ആർ.ഡബ്ല്യുവും അദ്ദേഹത്തിെൻറ സംഭാവനയിൽപെടുന്നു.
പിൽക്കാലത്ത് ജമാഅത്തെ ഇസ്ലാമിയുടെ അസിസ്റ്റൻറ് അമീറായി ഡൽഹിയിലേക്കു സ്ഥലംമാറിയപ്പോൾ സിദ്ദീഖ് ഹസെൻറ ശ്രദ്ധമുഴുവൻ അനാഥരായ ഉത്തരേന്ത്യൻ മുസ്ലിം സമൂഹത്തിെൻറ സമുദ്ധാരണത്തിലായി. ഹ്യൂമൻ വെൽഫെയർ ഫൗേണ്ടഷെൻറ വിഷൻ 2016 പദ്ധതി അതിെൻറ ഭാഗമായിരുന്നു. ഡൽഹിക്കു പുറമെ ബംഗാളിലും അസമിലുമടക്കം നിരവധി പ്രദേശങ്ങളിൽ ഈ പദ്ധതിക്കു കീഴിൽ സ്കൂളുകളും കോളജുകളും ആശുപത്രികളും തൊഴിൽ പരിശീലനകേന്ദ്രങ്ങളും സ്ഥാപിതമായി. വിഷൻ 2026 ആയി വിപുലീകരിച്ചുകൊണ്ട് ഇപ്പോഴും ഫൗണ്ടേഷെൻറ പ്രവർത്തനം സജീവമായി തുടരുന്നു.
ആരവങ്ങളില്ലാത്ത ബഹുമുഖസേവനങ്ങളാൽ സമൂഹത്തെ സമ്പന്നമാക്കിയശേഷമാണ് ആ ധന്യവ്യക്തിത്വം നമ്മോട് വിടവാങ്ങുന്നത്. അതിൽ സന്തപ്തരായ പരസഹസ്രം അനുയായികളോടും കുടുംബാംഗങ്ങളോടുമൊപ്പം ഞങ്ങളും ദുഃഖം പങ്കിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.