Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅരുത്​, ഇനിയും ചോര...

അരുത്​, ഇനിയും ചോര വീഴരുത്​

text_fields
bookmark_border
maoist attack -chhattisgarh
cancel




ഛത്തിസ്​ഗഢിലെ കാട്ടുപച്ചകൾക്കു​മേൽ പിന്നെയും ചോര വീഴുകയാണ്​. ഏപ്രിൽ മൂന്നിലെ മാവോവാദി ഭീകരാക്രമണത്തിൽ 22 സുരക്ഷ ഉദ്യോഗസ്​ഥരാണ്​ രക്തസാക്ഷികളായത്​. കോവിഡ്​ പ്രതിസന്ധിയുടെ തുടക്കത്തിൽ നടത്തിയ കൂട്ടക്കൊലക്കു​ശേഷം ഏറക്കുറെ പിൻവാങ്ങിയ മട്ടിലായിരുന്ന മേഖലയിലെ മാവോവാദികൾ മാർച്ച്​ 23ന്​ ബസിനു​േനരെ ബോംബെറിഞ്ഞ്​ അഞ്ച്​ ​ഉദ്യോഗസ്​ഥരെ കൊലപ്പെടുത്തിയാണ്​ വീണ്ടും സാന്നിധ്യമറിയിച്ചത്​. 2010 മുതൽ 11 വർഷത്തിനിടെ ദണ്ഡേവാഡ-സുക്​മ-ബിജാപുർ മേഖലയിൽ മാത്രം മാവോവാദി വേട്ടക്ക്​ നിയോഗിക്കപ്പെട്ട 175 സുരക്ഷ ഉദ്യോഗസ്​ഥർക്കാണ്​​​ കൃത്യനിർവഹണത്തിനിടെ ജീവൻ നഷ്​ടപ്പെട്ടത്​​.

രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിലെ ശക്തികേന്ദ്രങ്ങളിൽ അടിച്ചൊതുക്കപ്പെടുകയോ ക്ഷയിച്ചില്ലാതാവുകയോ ചെയ്യ​ു​േമ്പാഴും തീവ്രസായുധ ഇടതുപക്ഷം ഛത്തിസ്​ഗഢിൽ നാൾക്കുനാൾ പുഷ്​ടിപ്പെട്ടുവരുകയാണ്​ എന്നുകാണാം. തെലങ്കാന, ഒഡിഷ, ബംഗാൾ തുടങ്ങിയ മേഖലകളിൽ തിരിച്ചടിയേറ്റ്​ പിൻവാങ്ങിയ പീപ്പിൾസ്​ വാർ ഗ്രൂപ്പുകൾ ഛത്തിസ്​ഗഢിലെ വനമേഖലകളിലേക്ക്​ ചേക്കേറി. അവിടെയവർക്ക്​ ആദിവാസി സമൂഹത്തി​െൻറ പിന്തുണയും ആവോളം ലഭിക്കുന്നു. ​ചൈനീസ്​ കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ പരമാത്മാവ്​ മാവോയോടുള്ള വീരാരാധനയോ ആ പ്രത്യയശാസ്​ത്രത്തിലുള്ള വിശ്വാസമോ അല്ല, അവകാശങ്ങൾ പിടിച്ചുപറിച്ചും പിറന്ന മണ്ണിൽനിന്ന്​ പിഴുതെറിഞ്ഞും ജീവിതം ദുസ്സഹമാക്കുന്ന ഭരണകൂടത്തോടും വൻകിട കോർപറേറ്റുകളോടുമുള്ള ആദിവാസികളുടെ അമർഷത്തെ സായുധ മാർഗത്തിലേക്ക്​ തിരിച്ചുവിടാൻ നക്​സൽ സംഘങ്ങൾക്കാവുന്നതുകൊണ്ടാണ്​ ഇൗ പിന്തുണ.

അവകാശങ്ങൾ ഹനിക്കാതിരിക്കുകയും ജീവിതം സുഗമമാക്കുന്നതിനാവശ്യമായ റോഡുകളും വിദ്യാലയങ്ങളും ആശുപത്രികളും സ്​ഥാപിക്കുകയും ചെയ്​താൽതന്നെ വീരശൂരരെങ്കിലും സമാധാന​​പ്രിയരായ ആദിവാസികൾ ചെ​ങ്കൊടിയും തോക്കും വലിച്ചെറിഞ്ഞ്​ സാധാരണ ജീവിതത്തിലേക്ക്​ തിരിച്ചുനടന്നേനെ. എന്നാൽ, മാവോവാദി വേട്ടക്ക്​ എന്നപേരിൽ ആദിവാസികളെ ആയുധമണിയിച്ച്​ പരസ്​പരം കൊല്ലിക്കുന്ന 'സൽവാ ജുദൂം' എന്ന മനുഷ്യത്വരഹിതമായ കുതന്ത്രമാണ്​ ഛത്തിസ്​ഗഢിൽ നടപ്പാക്കിയത്​. സ്​കൂളുകൾ പട്ടാള ബാരക്കുകളായി മാറി. ഭീകരവിരുദ്ധ പ്രവർത്തനം എന്ന നാട്യത്തിൽ നിരപരാധികളുടെ വീടുകൾ കത്തിച്ചും സ്​ത്രീകളെയും കുഞ്ഞുങ്ങളെയും ആ​ക്രമിച്ചും സംശയം തോന്നുന്നവരെയെല്ലാം കൊന്നു​തള്ളിയും മുന്നേറിയ അവർ തെല്ലും​ അനുഭാവമില്ലാതിരുന്ന ആദിവാസികളെപ്പോലും മാവോവാദി പാളയത്തിലെത്തിച്ചു. ഭരണകൂടത്തിനുമേൽ ആദിവാസി സമൂഹത്തിന്​ അവശേഷിച്ചിരുന്ന വിശ്വാസവും രാജ്യത്തിനുവേണ്ടി സ്വയം സമർപ്പിച്ച നൂറുകണക്കിന്​ ജവാന്മാരുടെ ജീവിതവും നഷ്​ടപ്പെടുത്തുന്നതിനാണ്​ അത്​ വഴിവെച്ചത്​.

ഭീകരവിരുദ്ധ പോരാട്ടത്തിന്​ അനുവദിക്കപ്പെട്ട കണക്കറ്റ ഫണ്ടുകൾ വെട്ടിക്കുന്നതിലായിരുന്നു ഛത്തിസ്​ഗഢിലെ മുൻകഴിഞ്ഞു പോയ ബി.ജെ.പി സർക്കാറി​െൻറ കണ്ണ്​. വീരപരിവേഷം നേടാനും തങ്ങൾ ചെയ്​തുകൂട്ടിയ അരുതായ്​മകളെ മൂടിവെക്കാനും അവിടത്തെ പൊലീസ്​ ഉദ്യോഗസ്​ഥർ നടത്തിയ വ്യാജ മാവോവാദി ഏറ്റുമുട്ടൽ കൊലകളും നിഷ്​കളങ്കരായ ഗ്രാമവാസികളെ മാവോവാദി വേഷം കെട്ടിച്ച്​ നടത്തിയ കീഴടങ്ങൽ നാടകങ്ങളുമെല്ലാം സായുധ തീവ്രവാദികൾക്ക്​ പോഷണമായി മാറുകയായിരുന്നു. കീഴടങ്ങിയവർ എന്നപേരിൽ കുറെയാളുകൾക്ക്​ നൽകിയ ധനസഹായവും പുനരധിവാസ പാക്കേജുകളും മൂലം സമൂഹത്തിലുണ്ടായ സാമ്പത്തിക അസന്തുലിതാവസ്​ഥ പോലും ഭീകരവാദികൾ മുതലെടുക്കുമെന്ന്​ കഴിഞ്ഞ സർക്കാറി​െൻറ കാലത്ത്​ കേ​ന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്​ഥർ തന്നെ മുന്നറിയിപ്പ്​ നൽകിയതാണ്​. ധീരജവാന്മാരുടെ അറുകൊലക്ക്​ മാവോവാദികളെപ്പോലെ പ്രതിക്കൂട്ടിൽ നിർ​േത്തണ്ടത്​ കേന്ദ്ര സർക്കാറിനെയാണ്​. തങ്ങൾക്ക്​ ഇഷ്​ടമില്ലാത്തവരെയും എതിരഭിപ്രായം പുലർത്തുന്നവരെയുമെല്ലാം മാവോവാദി മുദ്രചാർത്തി തുറുങ്കിലടക്കുകയും അടിച്ചമർത്തുകയും ചെയ്യുന്ന തിരക്കിൽ യഥാർഥ സായുധ സംഘങ്ങൾ തഴച്ചുവളരുന്നത്​ അവർ കാണാതെ പോവുകയോ കണ്ടില്ലെന്ന്​ നടിക്കുകയോ ആണ്​.

ഛത്തിസ്​ഗഢിലെ ഉൾക്കാടുകളിലിരുന്ന്​ യുദ്ധം ചെയ്യുന്ന ആക്രമികളെ നിർവീര്യരാക്കാൻ കഴിയുക സംസ്​ഥാന സർക്കാറിനാണ്​. അതിന്​ അത്യാധുനിക ആയുധങ്ങളൊന്നും വേണ്ട, വികസനത്തി​െൻറ ഗുണഫലങ്ങൾ ആദിവാസി സമൂഹത്തിലെ അവസാനത്തെ ആളിലും എത്തി എന്ന്​ ഉറപ്പാക്കിയാൽ മാത്രം മതി. അവർ കളിച്ചു വളർന്ന മണ്ണും കഴിച്ചു വളർന്ന കായ്​കനികളും പിടിച്ചുപറിക്കപ്പെടുകയില്ലെന്നും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialmaoist attack
News Summary - Madhyamam editorial 8th April 2021
Next Story