ട്വിറ്റർ കിളി മസ്കിന്റേതാകുമ്പോൾ
text_fieldsവിവര വിനിമയലോകത്ത് പുതിയ സാമ്രാജ്യം സ്ഥാപിക്കാനൊരുങ്ങുകയാണ് ഇലോൺ മസ്ക്. അതിസമ്പന്ന സംരംഭകനായ അദ്ദേഹം, തനിക്ക് എട്ടരക്കോടി അനുഗാമികളുള്ള ട്വിറ്റർ എന്ന സമൂഹമാധ്യമം സ്വന്തമാക്കി, അതിന്റെ 20 കോടി ഉപയോക്താക്കളുടെ ആശയവിനിമയങ്ങൾക്കു മേൽ ആധിപത്യമേറ്റെടുക്കാൻ പോകുന്നു. ട്വിറ്ററിനെ അദ്ദേഹം അക്ഷരാർഥത്തിൽ വിലക്കെടുത്തിരിക്കുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ ഈ പബ്ലിക് കമ്പനി ഒരൊറ്റയാളുടെ അധീനതയിലുള്ള പ്രൈവറ്റ് കമ്പനിയാവുകയാണ്-ഓഹരിയുടമകളോടോ ഡയറക്ടർമാരോടോ ഉത്തരം പറയേണ്ടതില്ലാത്ത ഒറ്റയാൾ മാധ്യമസ്ഥാപനം.മറ്റുചിലതിനെ അപേക്ഷിച്ച് ഉപയോക്താക്കളുടെ എണ്ണം കുറവാണെങ്കിലും (ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും വാട്സ്ആപ്പും ഉൾപ്പെടുന്ന 'മെറ്റ'ക്ക് മൊത്തം ഉപയോക്താക്കൾ 360 കോടി വരും) പൊതു അഭിപ്രായ രൂപവത്കരണത്തിലും വീക്ഷണങ്ങളെ സ്വാധീനിക്കുന്നതിലും മറ്റെന്തിനേക്കാളും മുന്നിലാണ് ട്വിറ്റർ. സംഭവങ്ങൾ തൽക്ഷണം ലോകമെങ്ങും എത്തിക്കാനും അവക്കുമേൽ ഗൗരവപ്പെട്ട സൈബർ ചർച്ചകൾ നടത്താനും ട്വിറ്ററിനുള്ള ശേഷിയും വ്യാപ്തിയും മറ്റൊന്നിനുമില്ല. ട്വീറ്റുകൾ പലപ്പോഴും അന്തിച്ചർച്ചകൾക്ക് വിഷയമാകും. സ്വാധീനശേഷിയുള്ള രാഷ്ട്രീയ നേതാക്കളെല്ലാം തങ്ങളുടെ വീക്ഷണങ്ങൾ ആദ്യം അവതരിപ്പിക്കുന്ന വേദിയാണ് ട്വിറ്റർ. അതിപ്രധാന പ്രഖ്യാപനങ്ങൾ നടത്തുന്നതും അതുവഴിതന്നെ. 'അറബ് വസന്തം' വിരിഞ്ഞത് ട്വിറ്ററിലാണെന്ന് പറയാം. 'ബ്ലാക്ക് ലൈവ്സ് മാറ്റർ', 'മീ ടൂ'എന്നീ പ്രസ്ഥാനങ്ങളും ട്വിറ്റർ കിളിയുടെ ബലത്തിലാണ് ഉണ്ടായതും നിലനിൽക്കുന്നതും. സംഭാഷണങ്ങളുടെ വ്യാപനവേഗത്തിൽ ട്വിറ്ററിന് ഫേസ്ബുക്കിന്റെ 15 ഇരട്ടിയും ഇൻസ്റ്റഗ്രാമിന്റെ മുന്നൂറ് ഇരട്ടിയും ശേഷിയുണ്ടെന്ന് പഠനങ്ങൾ കാണിക്കുന്നു. ഇത്തരമൊരു സ്ഥാപനത്തെ ഒരേയൊരാൾ നിയന്ത്രിക്കുന്ന അവസ്ഥ എന്തുകൊണ്ടും ആശങ്കയുണ്ടാക്കുന്നതാണ്. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിൽ ടെസ്ല എന്ന വൈദ്യുതി കാർ കമ്പനിയും സ്പേസ് എക്സ് എന്ന ബഹിരാകാശ സഞ്ചാര സ്ഥാപനവും നന്നായി നടക്കുന്നുണ്ട്. എന്നാൽ, ട്വിറ്റർ ഒരു മാധ്യമസ്ഥാപനമായതുകൊണ്ടുതന്നെ ആ കാര്യക്ഷമതപോലും ഉത്കണ്ഠയുണ്ടാക്കണം.
ജനാധിപത്യത്തിന്റെ അടിസ്ഥാനമായ അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടിയാണ് താൻ നിൽക്കുന്നതെന്ന് മസ്ക് പറയുന്നുണ്ട്. മനുഷ്യരാശിയുടെ ഭാവിക്കുവേണ്ടി സംവാദങ്ങൾ നടക്കുന്ന ഇടമാണ് ട്വിറ്റർ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതുവരെ (ഇപ്പോഴും) ട്വിറ്ററിലൂടെ അദ്ദേഹം പ്രകാശിപ്പിക്കുന്ന ആശയങ്ങളും അതിന്റെ രീതിയും തന്നെ എത്രത്തോളം ജനാധിപത്യപരമാണെന്ന ചോദ്യം ഉയർന്നിട്ടുണ്ട്. ലാഭകരമല്ലാത്ത ട്വിറ്റർ സ്വന്തമാക്കുന്നതിൽ മസ്കിന്റെ താൽപര്യവും സംശയമുയർത്തിയിരിക്കുന്നു. ഉടമകൾക്ക് വിൽക്കാൻ മനസ്സില്ലായിരുന്നു; അവർ മസ്കിനെ പരമാവധി ചെറുക്കുകയും ചെയ്തു. തൊഴിലാളികളോടുള്ള മസ്കിന്റെ കരുണയില്ലാത്ത രീതികളറിയാവുന്ന ജീവനക്കാരും ആശങ്കയിലാണ്. എന്നിട്ടും അത് എങ്ങനെയും സ്വന്തമാക്കണമെന്ന വാശിക്ക് പിന്നിലെ താൽപര്യമെന്താണ്? 4400 കോടി ഡോളർ വെച്ചുനീട്ടി കമ്പനി സ്വന്തമാക്കിയ അദ്ദേഹം, കമ്പനിയുടെ ഏറ്റവും വലിയ ഓഹരിയുടമയായി മാറി. ഇനി അത് സ്വകാര്യ കമ്പനിയാകുന്നതോടെ നയതീരുമാനങ്ങൾ അദ്ദേഹത്തിന്റേത് മാത്രമാകും. അഭിപ്രായസ്വാതന്ത്ര്യമടക്കം എല്ലാ മാധ്യമ മൂല്യങ്ങളും ഒരാളുടെ തീരുമാനമായി ട്വിറ്ററിൽ നടപ്പാകും. ഇത്രയും കാലത്തെ മസ്കിന്റെ ട്വിറ്റർ പോസ്റ്റുകളും ഇടപെടലുകളും അദ്ദേഹത്തിന്റെ കോർപറേറ്റ് താൽപര്യങ്ങൾക്കു വേണ്ടിയുള്ളത് മാത്രമായിരുന്നു. മുൻ യു.എസ് പ്രസിഡന്റ് ട്രംപിനെപ്പോലെ മസ്കും ട്വിറ്റർ പോസ്റ്റുകളിലൂടെ വ്യക്തിഹത്യ വരെ നടത്തി. കോർപറേറ്റ് ചട്ടങ്ങൾ ലംഘിച്ചതിന് മസ്കിന്റെ ട്വീറ്റുകൾ നീക്കം ചെയ്യേണ്ടിവന്നു. അഭിപ്രായസ്വാതന്ത്ര്യം അദ്ദേഹം ഇപ്പോൾ എടുത്തുപറയുന്നതും കോർപറേറ്റ് സ്വാർഥതയുടെ അളവുകോൽ വെച്ചാവണം.
സമൂഹമാധ്യമ മേഖലയിൽ ഒരു ശതകോടീശ്വരൻ കുത്തക സ്ഥാപിക്കുകയും അദ്ദേഹത്തിന്റെ നയം സൈബർ ചർച്ചകളെ നിയന്ത്രിക്കുകയും ചെയ്യുന്നതിലെ അപകടങ്ങളാണ് ഇന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വ്യാജ പ്രൊഫൈൽ 'ബോട്ടു'കൾ നീക്കം ചെയ്യാനും ഓപൺ സോഴ്സ് ആൽഗരിതം വഴി സുതാര്യത ഉറപ്പുവരുത്താനും ആലോചിക്കുന്നുണ്ടെന്ന മസ്കിന്റെ പ്രസ്താവന സ്വാഗതാർഹംതന്നെ. എന്നാൽ, അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ ഇന്നുള്ള മേൽനോട്ടവും ഇല്ലാതാക്കാനുള്ള നീക്കം ആപൽക്കരമാണ്. സമൂഹമാധ്യമങ്ങളിലെ അനിയന്ത്രിത 'സ്വാതന്ത്ര്യം' വിദ്വേഷ പ്രചാരണത്തിനുള്ള അനുമതിയായിട്ടാണ് അനുഭവപ്പെടുന്നത്. ട്വിറ്ററിനെപ്പോലെ മേൽനോട്ടം നടക്കാത്ത ഫേസ്ബുക്ക് വെറുപ്പിന്റെ കൂമ്പാരമായിപ്പോകുന്നത് നാം കാണുന്നു. ട്രംപിനെ അടക്കം വിലക്കിയ ട്വിറ്ററിന് വിശ്വാസ്യത നൽകുന്നതും അതിലെ (പരിമിതമായ) മേൽനോട്ടമാണ്. ന്യൂനപക്ഷങ്ങളും കറുത്തവരും സ്ത്രീകളുമെല്ലാം കടുത്ത വിദ്വേഷ ആക്രമണങ്ങളിൽനിന്ന് ഏറക്കുറെ സുരക്ഷിതരാണ് ട്വിറ്ററിൽ. അതേസമയം, മസ്കിന്റെ ടെസ്ല കമ്പനിക്കെതിരെ വംശീയത ആരോപിച്ച് കേസുണ്ട്. ഒരു ബ്രിട്ടീഷുകാരനെ ട്വിറ്ററിലൂടെ വെറുതെ അധിക്ഷേപിച്ചതിന് കോടതിയിൽ മാപ്പുപറയേണ്ടി വന്നിട്ടുണ്ട് മസ്കിന്. ഇക്കഴിഞ്ഞ ദിവസംപോലും തന്റെ 'ട്വിറ്റർ' ഇടപാടിനെ വിമർശിച്ച യു.എസ് വനിതാ പാർലമെന്റ് അംഗത്തെ സ്ത്രീവിരുദ്ധ അധിക്ഷേപംകൊണ്ടാണ് മസ്ക് നേരിട്ടത്. മസ്ക് ട്വിറ്റർ വാങ്ങിയതിൽ ഏറ്റവും കൂടുതൽ ആഹ്ലാദിക്കുന്നത് ട്രംപ് അനുകൂലികളടക്കമുള്ള വലതുപക്ഷമാണ് എന്നതും ഒരു സൂചനയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണില്ലാത്ത വിദ്വേഷപ്രചാരണമെന്ന് അർഥം കൽപിക്കുന്ന കാലത്ത്, ഒട്ടും ആശാസ്യമല്ലാത്ത പെരുമാറ്റ ചരിത്രമുള്ള ഒരു കോടീശ്വരൻ ട്വിറ്റർ വാങ്ങി സ്വാതന്ത്ര്യത്തെപ്പറ്റി പ്രസംഗിക്കുന്നത് അത്തരക്കാരെയാണ് സന്തോഷിപ്പിക്കുന്നത്. ട്വിറ്റർ കിളി കഴുകനായി മാറാതിരുന്നാൽ നന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.