വരിഞ്ഞുമുറുക്കുന്ന കടക്കെണി
text_fieldsകേരളത്തിെൻറ ധനസ്ഥിതി സംബന്ധിച്ച് കഴിഞ്ഞദിവസം നിയമസഭയിൽ സമർപ്പിച്ച സി.എ.ജി (കംട്രോളർ-ഒാഡിറ്റർ ജനറൽ) റിപ്പോർട്ടിനോടുള്ള സംസ്ഥാന സർക്കാറിെൻറ സമീപനമെന്തായിരിക്കുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ. സംസ്ഥാനത്തിെൻറ ധനസ്ഥിതി ആശങ്കജനകമായിത്തന്നെ തുടരുന്ന സി.എ.ജിയുടെ 'കണ്ടെത്തലി'ൽ പുതുമയൊന്നുമില്ലെങ്കിലും, അതിെൻറ വിശദാംശങ്ങളിൽ സർക്കാറിെൻറ സാമ്പത്തികനയങ്ങളോടുള്ള കടുത്ത വിമർശനങ്ങളും വിയോജിപ്പുകളുമുണ്ട്. അതുകൊണ്ടുതന്നെ, ഇൗ റിപ്പോർട്ട് ഒരു രാഷ്ട്രീയ വിഷയമായി ഉയർന്നാലും അത്ഭുതപ്പെടാനില്ല.
ഒന്നാം പിണറായി സർക്കാറിെൻറ കാലത്ത് ഒരിക്കൽ അങ്ങനെ സംഭവിച്ചിട്ടുള്ളതാണല്ലോ. സംസ്ഥാനത്തിെൻറ കടമെടുപ്പിന് കേന്ദ്രം നിശ്ചയിച്ചിട്ടുള്ള പരിധി മറികടക്കാൻ കിഫ്ബി പോലുള്ള ഏജൻസികളെ ഉപയോഗിക്കുന്നതിലെ അസാംഗത്യം അന്ന് സി.എ.ജി ചൂണ്ടിക്കാണിച്ചപ്പോൾ ധനമന്ത്രി തോമസ് െഎസക്കിന് അത് രസിച്ചില്ല. ആ റിപ്പോർട്ട് സഭയിൽ അവതരിപ്പിക്കുന്നതിന് മുമ്പുതന്നെ അദ്ദേഹം പുറത്തുവിട്ട് സി.എ.ജിയെ വെല്ലുവിളിച്ചു.
മാത്രവുമല്ല, കിഫ്ബിക്കെതിരായ പരാമർശം നീക്കംചെയ്താണ് തോമസ് െഎസക്ക് സഭയിൽ റിപ്പോർട്ട് അവതരിപ്പിച്ചത്. പുതിയ റിപ്പോർട്ടിലും കിഫ്ബിക്കെതിരായ പരാമർശം ആവർത്തിച്ചിരിക്കുന്നു. നിയമസഭയുടെ അറിവോ അംഗീകാരമോ ഇല്ലാതെ കിഫ്ബി വഴി പരിധികളില്ലാതെ കടമെടുക്കുന്നതിനെയാണ് സി.എ.ജി ചോദ്യംചെയ്തിരിക്കുന്നത്. ഇക്കാര്യത്തിൽ െഎസക്കിെൻറ നിലപാടുതന്നെയായിരിക്കുമോ കെ.എൻ. വേണുഗോപാലിനുമെന്നത് ഇനിയും വ്യക്തമാകേണ്ടിയിരിക്കുന്നു.
മേൽസൂചിപ്പിച്ച രാഷ്ട്രീയ'പ്രശ്ന'ങ്ങൾക്കപ്പുറം, ഇൗ റിപ്പോർട്ട് അധികാരികൾക്കു മുന്നിൽ ഒട്ടും ചെറുതല്ലാത്ത ചില മുന്നറിയിപ്പുകൾകൂടി നൽകുന്നുണ്ട്. കാലങ്ങളായുള്ള നമ്മുടെ ധനവിനിയോഗത്തിലെ അശാസ്ത്രീയതയും സാമ്പത്തിക അച്ചടക്കമില്ലായ്മയുമെല്ലാം കേരളീയരെ ഭീതിദമാംവിധം കടക്കെണിയിലാഴ്ത്തിയതിെൻറ കൃത്യമായ കണക്കുകളാണ് അതിൽ പ്രധാനപ്പെട്ടത്. സംസ്ഥാനത്തിെൻറ മൊത്തം കടം 2.65 ലക്ഷം കോടിയായി ഉയർന്നിരിക്കുകയാണ്. അഞ്ചു വർഷംകൊണ്ട് കടം വർധിച്ചിരിക്കുന്നത് 65 ശതമാനമാണ്. റവന്യൂ-മൂലധന ചെലവുകൾക്കായി സാമൂഹിക സുരക്ഷ പെൻഷൻ ലിമിറ്റഡ് വഴി 6843.65 കോടിയും കിഫ്ബി വഴി 1930.04 കോടിയും ബജറ്റിനു പുറമെ വേറെയും കടമെടുത്തിട്ടുണ്ട്.
അതുകൂടി ചേർത്താൽ പൊതുകടം 2.74 ലക്ഷം കോടിയാകും. ഏകദേശം 80,000 രൂപയുടെ കടബാധ്യതയോടെയാണ് സംസ്ഥാനത്ത് ഒാരോ കുഞ്ഞും ജനിച്ചുവീഴുന്നതെന്ന് വേണമെങ്കിൽ ഇൗ കണക്കുകൾവെച്ച് പറയാനാകും. ഇൗ നില തുടർന്നാൽ, ഭാവി തലമുറക്ക് അത് സമാനതകളില്ലാത്ത ബാധ്യതയും ഭാരവുമായിത്തീരുമെന്നാണ് സി.എ.ജിയുടെ മുന്നറിയിപ്പ്. പഴയ കടത്തിെൻറ പലിശയൊടുക്കാനാണത്രെ ഇപ്പോൾ കാര്യമായും കടം വാങ്ങുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ, ലക്ഷം കോടി രൂപയെങ്കിലും നാം പലിശയിനത്തിൽ തിരിച്ചടച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2019-2020ലെ റവന്യൂ വരുമാനത്തിെൻറ 21 ശതമാനവും പലിശ കൊടുക്കാനാണ് വിനിയോഗിച്ചതെന്നറിയുേമ്പാഴാണ്, നാം അകപ്പെട്ടിരിക്കുന്ന അപകടത്തിെൻറ ആഴം വ്യക്തമാവുക.
2003ൽ, ധനഉത്തരവാദിത്ത നിയമം പാസാക്കിയ ഒരു സംസ്ഥാനത്ത് ഇത്രയും വലിയ തുക ആേളാഹരി കടമായി കുന്നുകൂടിയതിെൻറ കാരണെമന്തായിരിക്കുമെന്ന് ഒാരോ നികുതിദായകനെയും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. തീർച്ചയായും, കേരളംപോലൊരു ഉപഭോക്തൃ സംസ്ഥാനത്തിന് അതിേൻറതായ പരിമിതികളുണ്ട്; നികുതിയിതര വരുമാനങ്ങളും കുറവാണ്. ഇതെല്ലാം ഒരുപരിധിവരെ നമ്മെ കടമെടുക്കാൻ നിർബന്ധിതരാക്കുന്നുണ്ട്. പോരാത്തതിന്, മോദി സർക്കാറിെൻറ സാമ്പത്തിക 'പരിഷ്കരണ'ങ്ങളുടെ ഭാഗമായുള്ള പുതിയ നികുതിഘടനയും ഒരർഥത്തിൽ സംസ്ഥാനങ്ങളുടെ സമ്പദ്ഘടനയെ കാര്യമായി ബാധിച്ചിട്ടുണ്ട്. കോവിഡും പ്രളയവും നമ്മുടെ സമ്പദ്ഘടനയുടെ നെട്ടല്ലൊടിച്ചുവെന്നതും നേരാണ്.
ഇൗ യാഥാർഥ്യങ്ങൾക്കെല്ലാമപ്പുറം, നമ്മുടെ ആസൂത്രണത്തിലെ ഗുരുതരമായ പാളിച്ചകളും കുമിഞ്ഞുകൂടിയ കടബാധ്യതയുടെ മറ്റൊരു കാരണമാണെന്നത് ആർക്കും നിഷേധിക്കാനാവില്ല. വരുമാനം കുറവാണെങ്കിൽ യാതൊരു തത്ത്വദീക്ഷയുമില്ലാതെ കടമെടുത്ത് കാര്യം നടത്തുകയെന്നതാണ് പൊതുവിൽ കേരളത്തിെൻറ രീതി; അത് ഏതു മുന്നണിയാണെങ്കിലും മാറ്റമില്ല. ഇൗ കടമെടുപ്പിന് കേന്ദ്രം നിശ്ചയിച്ച പരിധിയും കഴിഞ്ഞപ്പോഴാണ് കിഫ്ബി പോലുള്ള മറ്റു സംവിധാനങ്ങളെ ആശ്രയിക്കേണ്ടിവന്നത്. പലപ്പോഴും, തിരിച്ച് യാതൊരു വരുമാനവും നൽകാത്ത പദ്ധതികൾക്കായിരിക്കും ഇൗ ഏജൻസികൾ വഴി കടമെടുക്കുക. സ്വാഭാവികമായും, അതിെൻറ ബാധ്യത മുഴുവൻ ജനങ്ങളുടെ തലയിൽ വരും. വികസനത്തിെൻറ പേരിൽ ഇതുപോലെ വായ്പ വാങ്ങിക്കൂട്ടുേമ്പാൾ കേന്ദ്ര ധനകാര്യ കമീഷൻ കേരളത്തെ വികസിത സംസ്ഥാനമായിട്ടാണ് പരിഗണിക്കുക. ഇത് കേന്ദ്ര ഫണ്ട് വർഷാവർഷം കുറയുന്നതിനും കാരണമാകും.
വാർഷിക പദ്ധതികളൊന്നും വർഷങ്ങളായി ലക്ഷ്യം കാണുന്നില്ലെന്നതും നികുതികുടിശ്ശിക സമയബന്ധിതമായി പിരിച്ചെടുക്കാൻ സാധിക്കാത്തതും നമ്മുടെ ആസൂത്രണത്തിെൻറ പോരായ്മയാണ്. എന്നാൽ, നിലവിലെ സാമ്പത്തികാസൂത്രണത്തിൽ മാറ്റമില്ലെന്ന സൂചനയാണ് കഴിഞ്ഞദിവസവും സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. വിവാദമായ കെ.റെയിൽ പദ്ധതിക്ക് സ്വന്തം ഗാരൻറിയിൽ വിദേശ വായ്പ സ്വീകരിക്കുമെന്നാണ് വിഷയത്തിൽ ഇടഞ്ഞുനിൽക്കുന്ന കേന്ദ്രത്തെ പിണറായി സർക്കാർ അറിയിച്ചിരിക്കുന്നത്.
പ്രാഥമിക വിലയിരുത്തലിൽ 64,000 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ പകുതിയും വിദേശ വായ്പയിലൂടെയാണ് കണ്ടെത്തുകയെന്നോർക്കണം. ഇതാണ് സമീപനമെങ്കിൽ, ആളോഹരി കടം ലക്ഷത്തിലെത്താൻ അധികനാൾ വേണ്ടിവരില്ല. പൗരന്മാരെ പണയവസ്തുക്കളാക്കുന്ന ഇൗ സാമ്പത്തികാസൂത്രണത്തിന് ബദൽ കണ്ടേ മതിയാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.