ഫ്രാൻസിൽ മാക്രോണിന്റെ രണ്ടാമൂഴം
text_fieldsഫ്രാൻസിനെ ഇനിയൊരു വട്ടം കൂടി ഇമ്മാനുവൽ മാക്രോൺതന്നെ നയിക്കട്ടെ എന്നു ജനം വിധിയെഴുതിയിരിക്കുന്നു. രാഷ്ട്രസാരഥിയാകുന്ന ആദ്യ വനിതയാകാൻ വെമ്പി മൂന്നു വട്ടമായി ഗോദയിലിറങ്ങുന്ന തീവ്രവലതുപക്ഷ ദേശീയകക്ഷി നാഷനൽ റാലി പാർട്ടിയുടെ മരിൻ ലീപെന്നിനെയാണ് 41.4 ശതമാനത്തിനെതിരെ 58.6 ശതമാനം വോട്ടു നേടി മാക്രോൺ രണ്ടാംവട്ടം തോൽപിച്ചത്. 2017ലെ തെരഞ്ഞെടുപ്പിൽ 66-34 ശതമാനത്തിന്റെ വ്യത്യാസത്തിൽ ജയിച്ചുകയറിയ മാക്രോണിന് ഇത്തവണ ലീപെന്നിന്റെ കുടിയേറ്റ/അറബ് മുസ്ലിംവിരുദ്ധ വികാരത്തിലൂട്ടിയ തീവ്രദേശീയവാദത്തിന്റെ പ്രചണ്ഡ പ്രചാരണത്തെ മറികടക്കാൻ ഒട്ടൊക്കെ വിയർക്കേണ്ടി വന്നിട്ടുണ്ട്. മാക്രോൺ വിജയം വംശീയവലതുപക്ഷത്തിനെതിരെ ജനാധിപത്യ മധ്യപക്ഷം നേടിയ വിജയമായി അമേരിക്കയും യൂറോപ്പും അത്യാഹ്ലാദപൂർവം ആഘോഷിക്കുന്നത് അതുകൊണ്ടാണ്. 28 ശതമാനത്തോളം വോട്ടർമാർ വിട്ടുനിന്ന തെരഞ്ഞെടുപ്പിൽ മാക്രോണിന്റെ വിജയം സുനിശ്ചിതമായ എണ്ണത്തിൽ തിട്ടപ്പെടുത്തുമ്പോഴും പടിഞ്ഞാറ് ആശങ്കയൊഴിവായിരുന്നില്ലെന്ന് ഞായറാഴ്ച വിജയത്തിലെ പാശ്ചാത്യമാധ്യമങ്ങളുടെ സന്തോഷപ്രകടനം വ്യക്തമാക്കുന്നുണ്ട്. ജർമനിയിൽ അംഗലാ മെർകൽ അരങ്ങൊഴിഞ്ഞ ശേഷം യൂറോപ്യൻ യൂനിയന്റെ നേതൃത്വത്തിൽ അനുഭവപ്പെട്ട ശൂന്യത മാക്രോണിന്റെ രണ്ടാംവരവ് നികത്തുമെന്നതാണ് ഇ.യു കണ്ട പ്രതീക്ഷയെങ്കിൽ, യുക്രെയ്ൻ യുദ്ധത്തിൽ വ്ലാദിമിർ പുടിനെ പിന്തുണച്ചിരുന്ന ലീപെന്നിന്റെ പരാജയം റഷ്യക്ക് പ്രഹരമായി മാറുമെന്ന ആശ്വാസത്തിലാണ് പടിഞ്ഞാറൻ സഖ്യം.
നെപ്പോളിയനു ശേഷം ഫ്രാൻസ് ഭരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സാരഥിയായി കഴിഞ്ഞ തവണ കന്നിയങ്കം ജയിച്ചുകയറി വന്ന മാക്രോണിൽ വമ്പിച്ച പ്രതീക്ഷയായിരുന്നു ജനത പുലർത്തിയിരുന്നത്. വലതുപക്ഷ വംശീയവാദികളെ ഫ്രാൻസിന്റെ മണ്ണിൽ ക്രമേണ ഇല്ലാതാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. എന്നാൽ, സാമ്പത്തികരംഗത്ത് 1985നു ശേഷമുള്ള ഏറ്റവും മോശം പണപ്പെരുപ്പത്തിന്റെ ഭീഷണിയിലായ രാജ്യത്ത് പ്രസിഡന്റ് പലപ്പോഴും ജനതക്ക് അപ്രാപ്യനാണെന്ന ആരോപണമുയർന്നു. ഭരണരംഗത്ത് കാര്യമായൊന്നും ചെയ്യാനായില്ലെന്ന കുറ്റബോധം ഞായറാഴ്ച തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം നടത്തിയ പ്രഖ്യാപനത്തിൽ മാക്രോൺ ഏറ്റുപറഞ്ഞിട്ടുണ്ട്. ഇടതും വലതും പക്ഷത്തില്ലാതെയാകും മുന്നോട്ടുപോക്ക് എന്നു വാക്കുപറഞ്ഞാണ് ആദ്യവട്ടം ഭരണത്തിലേറിയതെങ്കിലും മധ്യവലതുപക്ഷത്തേക്ക് ഭരണം പോകുന്നതാണ് കണ്ടത്. രാജ്യത്തെ കുടിയേറ്റ മുസ്ലിം തൊഴിലാളികൾക്കു ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ പോളിങ് കുറഞ്ഞതും വോട്ടു രേഖപ്പെടുത്തിയിടത്തുതന്നെ ഇടതുകക്ഷി നല്ല മാർജിനിൽ വോട്ടുപിടിച്ചതുമൊക്കെ മാക്രോണിന്റെ കെടുകാര്യസ്ഥതയിലും വംശീയരാഷ്ട്രീയത്തിൽ സ്വീകരിച്ച അഴകൊഴമ്പൻ നിലപാടിലുമുള്ള പ്രതിഷേധമായിരുന്നു എന്നുതന്നെ പറയണം. രാജ്യത്തെ ലിബറലുകളും മുസ്ലിംകളും ജനാധിപത്യവാദികളുമൊക്കെ ഉപദ്രവം കുറഞ്ഞ തിന്മയായാണ് മാക്രോണിനെ കണ്ടത്. മുൻഗാമി ജാക് ഷിറാകുമായുള്ള അങ്കത്തിൽ അച്ഛൻ ഴാങ് മേരി ലീപെൻ നേടിയ 17.8 ശതമാനത്തിൽ നിന്നു വോട്ടുനില 41 ശതമാനത്തിലെത്തിക്കാൻ ശ്രീമതി ലീപെന്നിനു കഴിഞ്ഞതുതന്നെ വലതുവംശീയതക്കെതിരെ മാക്രോൺ എന്തു ചെയ്തു എന്നതിന്റെ ഉത്തരമാണ്.
ഭരണത്തിൽ മുച്ചൂടും പരാജയമെന്നു തെളിഞ്ഞിട്ടും തമ്മിൽ ഭേദം എന്ന നിലയിൽ ഫ്രഞ്ച് ജനത മാക്രോണിൽ കണ്ട ഗുണം വംശീയവെറിയിൽ എതിരാളികളേക്കാൾ ലഘുവാണ് എന്നതുതന്നെ. എന്നാൽ, നേടിയ വിജയം കൊണ്ടു മതിയാക്കാനായിട്ടില്ല. ജൂൺ 12നും 19നുമായി നടക്കുന്ന 577 അംഗ ദേശീയ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഈ പ്രകടനം കാഴ്ചവെക്കാനാവുമെന്നു ഭരണകക്ഷിക്കുതന്നെ പ്രതീക്ഷ പോരാ. നിയമനിർമാണസഭയിൽ ഭരണഘടന ഭേദഗതിക്കു മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്ന വംശീയവാദി പ്രതിപക്ഷത്തിനു മുന്നിൽ ഭരണകൂടത്തിനു പിടിച്ചുനിൽക്കാൻ പണിപ്പെടേണ്ടി വരും. ഈയൊരു ഭീഷണി മുന്നിൽകണ്ടാണ് വലതുപക്ഷ കക്ഷികൾക്ക് വോട്ടു ചെയ്തവരുടെ വികാരങ്ങൾകൂടി പരിഗണിക്കുമെന്ന് ഫലപ്രഖ്യാപനത്തിനു ശേഷം മാക്രോൺ വ്യക്തമാക്കിയിരിക്കുന്നത്. മാക്രോണിന്റെ വോട്ടർമാർക്കുപോലും ദേശീയ അസംബ്ലി സ്ഥാനാർഥികളെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും മുമ്പുതന്നെ പ്രധാനമന്ത്രിപദത്തിലേക്കുള്ള പ്രചാരണത്തിനു തുടക്കം കുറിച്ചതായി തീവ്ര ഇടതുപക്ഷ നേതാവ് ഴാങ് ലുക് മെലങ്കൺ പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ അസംബ്ലിയിൽ വേണ്ട സീറ്റുകൾ പിടിക്കാനാവാതെ വന്നാൽ പ്രതിയോഗിയെ പ്രധാനമന്ത്രിസ്ഥാനത്ത് പൊറുപ്പിക്കേണ്ട ദുരവസ്ഥയാകും മാക്രോണിനു വന്നുപെടുക.
ഉദാര ജനാധിപത്യത്തിന്റെ പൊയ്മുഖത്തിനടിയിൽ കുടിയേറ്റ വിരുദ്ധ തീവ്രവംശീയത വെച്ചുപുലർത്തുന്നവരാണ് ഫ്രഞ്ച് ജനത. അതുകൊണ്ടാവണം ജനകീയപ്രശ്നങ്ങളേക്കാൾ ഈ അതിവൈകാരികതയിൽനിന്നു മുതൽക്കൂട്ടാനാണ് ഏതു രാഷ്ട്രീയനേതാവിനും കക്ഷിക്കും എന്നും താൽപര്യം. കുടിയേറ്റവിരോധികളിൽ വലതും തീവ്രവലതും അതിതീവ്ര വലതുമൊക്കെ രൂപപ്പെട്ടത് അങ്ങനെയാണ്. ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരെ പ്രകോപനപരമായ വിവാദപ്രസ്താവനകളിൽ ഒരു കാലത്ത് മാക്രോൺ തന്നെയായിരുന്നു മുന്നിൽ. പിന്നീട് ലീപെൻ തീപ്പൊരി വാദങ്ങളുമായി മുന്നോട്ടുവന്നതോടെ അദ്ദേഹം നിഷ്പ്രഭനായി. ഇപ്പോൾ ലീപെന്നിനെയും കടത്തിവെട്ടി, 'ഫ്രാൻസിന്റെ ക്രൈസ്തവമൂല്യങ്ങൾ തിരിച്ചുപിടിക്കാൻ' എറിക് സമ്മുറിന്റെ മുരത്ത ദേശീയ തീവ്രവാദി കക്ഷികൂടി രംഗത്തെത്തിയിരിക്കുന്നു. അതോടെ പഴമക്കാർക്കു വിഷവും വീര്യവും കുറഞ്ഞു. മാത്രമല്ല, ഈ വംശവെറി രാഷ്ട്രത്തെ എവിടെയും കൊണ്ടെത്തിക്കുകയില്ല എന്ന തിരിച്ചറിവിലേക്ക് യൂറോപ്പ് എത്തിത്തുടങ്ങി. അതിന്റെ സൂചനയാണ് മാക്രോണിന്റെ വിജയമെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നത്. അതു ശരിയോ എന്നു രണ്ടാമൂഴത്തിലെ വരുംദിനങ്ങൾ തീർപ്പു പറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.