ജെയിംസ് വെബ് സമ്മാനിച്ച ഉൽപത്തിയുടെ നേർക്കാഴ്ചകൾ
text_fieldsപ്രപഞ്ചവിജ്ഞാനീയ ചരിത്രത്തെ ദൂരദർശിനിക്ക് മുമ്പും ശേഷവും എന്നിങ്ങനെ രണ്ടായി തിരിക്കാവുന്നതാണ്. നാലു നൂറ്റാണ്ട് മുമ്പ് ഗലീലിയോ ഗലീലി എന്ന ശാസ്ത്രജ്ഞൻ ദൂരദർശിനി ഉപയോഗിച്ച് വാനനിരീക്ഷണം നടത്തുന്നതോടെയാണ് ജ്യോതിശ്ശാസ്ത്രത്തിൽ പുതിയൊരു യുഗം ആരംഭിക്കുന്നതെന്നു പറയാം. അതുവരെയും നഗ്നനേത്രങ്ങളുടെ പരിമിതിക്കകത്തുനിന്നുള്ള നിരീക്ഷണങ്ങളും തദടിസ്ഥാനത്തിലുള്ള നിഗമനങ്ങളും മാത്രമേ സാധ്യമാകുമായിരുന്നുള്ളൂ. വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെയും ശുക്രന്റെ വൃദ്ധിക്ഷയങ്ങളുമൊക്കെ ദൂരദർശിനിയിലൂടെ കണ്ട ഗലീലിയോ പ്രപഞ്ചത്തിന്റെ വിശാലതയിലേക്കുള്ള വലിയ സൂചനകൾ സമ്മാനിക്കുകയായിരുന്നു. അദ്ദേഹത്തിന് അതിന് സഹായിച്ചതാകട്ടെ, ചെറിയൊരു ദൂരദർശിനിയും! പ്രപഞ്ചത്തിന്റെ വിശാലതകളിലേക്കുള്ള മനുഷ്യന്റെ അന്വേഷണത്തിന് എന്നും വഴികാട്ടിയാണ് ദൂരദർശിനി.
ആ വിജ്ഞാനശാഖയുടെ വളർച്ചക്കൊപ്പം ദൂരദർശിനിയും രൂപ-സാങ്കേതിക പരിണാമങ്ങൾക്ക് വിധേയമായിട്ടുണ്ട്. ദൃശ്യപ്രകാശത്തിന്റെ തരംഗദൈർഘ്യത്തിൽ കേവലം ദൂരെയുള്ള ഗോള വസ്തുക്കളെ നിരീക്ഷിക്കുക എന്ന സങ്കൽപമൊക്കെ എന്നേ മാറിയിരിക്കുന്നു. മനുഷ്യന് ഒരുതരത്തിലും കാണാൻ കഴിയാത്ത ഇൻഫ്രാറെഡ്, എക്സ് റേ, അൾട്രാവയലറ്റ് തരംഗദൈർഘ്യത്തിൽകൂടി പ്രപഞ്ച നിരീക്ഷണം സാധ്യമാക്കുന്ന ടെലിസ്കോപ്പുകളിപ്പോൾ ബഹിരാകാശത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. മൂന്നു പതിറ്റാണ്ടായി ആകാശത്ത് വലംവെച്ചുകൊണ്ടിരിക്കുന്ന ഹബ്ൾ ടെലിസ്കോപ്പിനെക്കുറിച്ച് നമുക്കറിയാം; ഹബ്ൾ പകർത്തിയ ചിത്രങ്ങൾ ശാസ്ത്രലോകത്തിന് സമ്മാനിച്ച അറിവുകൾ ഈ പ്രപഞ്ചത്തെപ്പോലെത്തന്നെ വികസിച്ചുകൊണ്ടിരിക്കുന്നു. ഹബ്ളിന്റെ പിൻഗാമി എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ബഹിരാകാശ ദൂരദർശിനിയാണ് ജെയിംസ് വെബ് ടെലിസ്കോപ്പ്. പകർത്തിയ ആദ്യ ചിത്രങ്ങളിലൂടെത്തന്നെ ഈ ദൂരദർശിനി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. പ്രപഞ്ചവിജ്ഞാനീയത്തെ പുതിയതലങ്ങളിലേക്ക് വികസിപ്പിക്കാൻ ജെയിംസ് വെബ് ടെലിസ്കോപ്പിന് സാധ്യമാകുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.
ഇൻഫ്രാറെഡ് തരംഗദൈർഘ്യത്തിൽ പ്രപഞ്ച വസ്തുക്കളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ജെയിംസ് വെബ് ടെലിസ്കോപ്പ് കഴിഞ്ഞ ഡിസംബർ 25നാണ് വിക്ഷേപിച്ചത്. '90കളുടെ അവസാനത്തിൽ, അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ ആവിഷ്കരിച്ച പദ്ധതിയായിരുന്നു ഇത്. 'നെക്സ്റ്റ് ജനറേഷൻ ടെലിസ്കോപ്' എന്ന് നാമകരണം ചെയ്ത് തുടങ്ങിയ പദ്ധതി പല കാരണങ്ങളാൽ നീണ്ടു; 2002ലാണ്, ടെലിസ്കോപ്പിന് നാസയുടെ മുൻഡയറക്ർകൂടിയായ ജെയിംസ് വെബിന്റെ പേര് നൽകിയത്. പിന്നീട്, യൂറോപ്യൻ സ്‍പേസ് ഏജൻസിയും കനേഡിയൻ സ്‍പേസ് ഏജൻസിയുമെല്ലാം ജെയിംസ് വെബിന്റെ ഭാഗമായി. 2016ൽ വിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും സാങ്കേതികകാരണങ്ങളാൽ അഞ്ചു വർഷം പിന്നെയും കാത്തിരിക്കേണ്ടിവന്നു. ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ എൽ 2 ഭ്രമണപഥത്തിൽ സ്ഥിതിചെയ്യുന്ന ദൂരദർശിനി പകർത്തിയ അഞ്ച് ചിത്രങ്ങൾ കഴിഞ്ഞദിവസം നാസ പുറത്തുവിടുകയുണ്ടായി.
പദ്ധതിയിൽ തങ്ങൾക്കാണ് അപ്രമാദിത്യം എന്നു കാണിക്കാനാവാം, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് 'പ്രകാശനം' നിർവഹിച്ചത്. അതെന്തായാലും, ആ ചിത്രങ്ങളത്രയും ബഹിരാകാശ ഗവേഷകരെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട വിവരങ്ങളടങ്ങുന്നതായിരുന്നു; ഒരർഥത്തിൽ, ഇക്കാലമത്രയും ശാസ്ത്രലോകത്തിന് അപ്രാപ്യമായവ! ദക്ഷിണാർധഗോളത്തിലുള്ള വോലൻസ് എന്ന നക്ഷത്രരാശിയിലെ'എസ്.എം.എ.സി.എസ് ജെ 0723' എന്ന ഗാലക്സിക്കൂട്ടമാണ് ജെയിംസ് വെബ്ബ് പകർത്തിയ ആദ്യ ചിത്രം. ഗുരുത്വാകർഷണത്താൽ പരസ്പരം ബന്ധിതമായ ഈ താരാപഥ സമൂഹം നേരത്തേതന്നെ ശാസ്ത്രലോകത്തിന്റെ നിരീക്ഷണവലയത്തിനുള്ളിലുണ്ട്. പ്രപഞ്ചോൽപത്തിക്കുശേഷം, ഗാലക്സികളുടെ രൂപവത്കരണം എങ്ങനെ സംഭവിച്ചു എന്നറിയാൻ ഈ ഗാലക്സി ക്ലസ്റ്ററിനെയാണ് പഠനവിധേയമാക്കിയിരുന്നത്. ആ അന്വേഷണത്തിൽ വലിയ വഴിത്തിരിവാണ് ഈ ചിത്രം. ഭൂമിയിൽനിന്ന് 512 കോടി പ്രകാശവർഷം അകലെയാണീ ക്ലസ്റ്റർ. അഥവാ, പ്രപഞ്ചോൽപത്തിക്കുശേഷം, ഗാലക്സി രൂപവത്കരണകാല സമയത്ത് പുറപ്പെട്ട പ്രകാശ തരംഗങ്ങളെയാണ് ടെലിസ്കോപ് പകർത്തിയിരിക്കുന്നത്. എന്നുവെച്ചാൽ, ഉൽപത്തിയുടെ ചില നേർക്കാഴ്ചകൾതന്നെയാണ് നാം ആ ചിത്രങ്ങളിലൂടെ കണ്ടുകൊണ്ടിരിക്കുന്നത്. അതുവഴി, ബിഗ് ബാങ്ങിനെക്കുറിച്ചുള്ള പുതിയ അറിവുകൾ ലഭിക്കുമെന്നുതന്നെ പ്രതീക്ഷിക്കാം.
ജെയിംസ് വെബ് പകർത്തിയ മറ്റു ചിത്രങ്ങൾ കരീന നെബുലയുടെയും സ്റ്റിഫാൻസ് ക്വിന്റ്ടെറ്റ് എന്ന അഞ്ച് ഗാലക്സി ഗ്രൂപ്പിന്റേതുമാണ്. പ്രപഞ്ച വികാസ-പരിണാമങ്ങളിലേക്ക് വെളിച്ചം വീശാൻ പര്യാപ്തമാണ് ഈ ചിത്രങ്ങൾ. ഭൂമിയിൽനിന്ന് 1100 പ്രകാശവർഷം അകലെയുള്ള ഒരു ഭൗമേതര ഗ്രഹത്തിന്റെ (വാസ്പ് 96 ബി)ചിത്രവും ജെയിംസ് വെബ് അയച്ചിട്ടുണ്ട്. ഈ ചിത്രങ്ങളെല്ലാ സ്പെക്ട്രോസ്കോപിയിലും വലിയ സാധ്യതകൾ നൽകുന്നുണ്ട്. മേൽസൂചിപ്പിച്ച പ്രപഞ്ച വസ്തുക്കളുടെയെല്ലാം ഘടനയെ സംബന്ധിച്ചും അവയിലടങ്ങിയ പദാർഥങ്ങളെക്കുറിച്ചുമെല്ലാം വ്യക്തമായ സൂചനകൾ ഈ ചിത്രങ്ങളുടെ സ്‍പെക്ട്രോസ്കോപി നൽകുമെന്നുതന്നെ കരുതണം. ഇപ്പോൾതന്നെ, വാസ്പ് 96 ബി യിൽ ജലകണങ്ങളുടെ സാന്നിധ്യമുണ്ടെന്നാണ് നിഗമനം. ഭൗമേതര ലോകത്തെ ജൈവസാന്നിധ്യത്തിലേക്കുള്ള സൂചനകൂടിയാണിത്.
ജെയിംസ് വെബിന്റെ അന്വേഷണ മേഖലകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നും ഭൂമിക്കുപുറത്തുള്ള ജീവനെക്കുറിച്ചാണ്. ചുരുക്കത്തിൽ, അനുക്ഷണം വികസിച്ചുകൊണ്ടിരിക്കുന്ന ഈ പ്രപഞ്ചത്തിൽ നക്ഷത്രങ്ങളുടെ ജനന-മൃതികളും ഗാലക്സികളുടെ പരിണാമങ്ങളുമെല്ലാം ഒരൊറ്റ ഫ്രെയിമിൽ പകർത്തിയിരിക്കുകയാണ് കേവലം 25 ചതുശ്ര മീറ്റർ മാത്രം വലുപ്പമുള്ളൊരു ഉപകരണം. ജെയിംസ് വെബ്ബിൽനിന്ന് ഇനിയും അത്ഭുതങ്ങൾ പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.