Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നയം വ്യക്തം; ദിശമാറ്റത്തിന്‍റെ വിളംബരം
cancel

ആഗോളതാപനത്തിന്റെയും അധിനിവേശത്തിന്റെയും കെടുതികൾ മുതൽ ഗ്രാമീണ വികസനത്തിന്റെ സൂക്ഷ്മതലങ്ങൾവരെ പ്രതിപാദിക്കുന്ന സർവതലസ്പർശിയായൊരു ബജറ്റാണ് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ ജൂൺ നാലിന്, അഥവാ, അധികാരത്തുടർച്ചയുടെ ആദ്യമാസത്തിൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽനിന്ന് തീർത്തും വ്യത്യസ്തമായ സമീപനവും കാഴ്ചപ്പാടുമാണ് പുതിയ ബജറ്റിന്.

കോവിഡ് മഹാമാരി തീർത്ത ആരോഗ്യ അടിയന്തരാവസ്ഥയിൽനിന്ന് എങ്ങനെ മുക്തിനേടാം എന്ന ആലോചനയിൽനിന്നാണ് ആദ്യ ബജറ്റ് രൂപംകൊണ്ടത്. ഇന്നിപ്പോൾ, സാഹചര്യം മാറി. ബജറ്റിന്റെ തുടക്കത്തിൽതന്നെ പരാമർശിച്ചപോലെ, മഹാമാരിയുടെ ദുരിതക്കയത്തിൽനിന്ന് പതിയെ നാട് കരകയറിത്തുടങ്ങുകയാണ്. ഉയിർത്തെഴുന്നേൽപിന്റെ ഈ നിർണായക ഘട്ടത്തിൽ 'നവകേരള നിർമിതി'ക്കായി സവിശേഷമായ ഒട്ടനവധി നിർദേശങ്ങൾ സമർപ്പിച്ചിരിക്കുകയാണ് ധനമന്ത്രി. അടുത്ത 25 വർഷത്തേക്കുള്ള വികസനരേഖ എന്ന ആമുഖത്തോടെയാണ് ഈ നിർദേശങ്ങളത്രയും. ബാലഗോപാലിന്റെ ബജറ്റ് നിർദേശങ്ങളിൽ കേരളത്തിന്റെ മുന്നോട്ടുപോക്കിനുള്ള രാഷ്ട്രീയ സംവാദത്തിന്റെ കൃത്യമായ സാധ്യതകൾ നിലനിൽക്കുന്നുണ്ട്. സംസ്ഥാനം അഭിമുഖീകരിക്കുന്ന ചില പ്രതിസന്ധികൾക്കെങ്കിലും പരിഹാരവും നിർദേശിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, രണ്ടാം പിണറായി സർക്കാറിന്റെ ആദ്യ സമ്പൂർണ ബജറ്റ്, ഭാവി കേരളത്തിന്റെ അടിസ്ഥാന വികസനരേഖയായി മാറുമെന്നതിൽ തർക്കമില്ല.

സംസ്ഥാന ചരിത്രത്തിലെ ആദ്യ കടലാസ് രഹിത ബജറ്റ് അവതരണം കൂടിയാണ് ഇന്നലെ നടന്നത്. ഐ പാഡിൽ നോക്കി മന്ത്രി ബജറ്റ് പ്രസംഗം നടത്തുമ്പോൾ അതൊരു ചരിത്ര സന്ദർഭം എന്നതിനപ്പുറം, കൃത്യമായ ദിശമാറ്റത്തിന്റെ പരസ്യപ്രഖ്യാപനംകൂടിയായിരുന്നു. വികസനത്തെക്കുറിച്ച് ഇടതു സർക്കാറുകൾ പുലർത്തിപ്പോന്ന പരമ്പരാഗത കാഴ്ചപ്പാടുകൾക്കപ്പുറം, പുതിയ കാലത്തിന്റെ സ​ങ്കേതങ്ങളെ അടിസ്ഥാനമാക്കിയുള്ള നവീനസങ്കൽപങ്ങ​ളെ മുന്നോട്ടുവെക്കുന്നു ബജറ്റിന്റെ നല്ലൊരു ഭാഗവും. കേരളത്തിന്റെ സാമ്പത്തിക മേഖലക്ക് ഉണർവേകാനായി വിജ്ഞാന സമ്പദ് വ്യവസ്ഥയെ ആസ്പദമാക്കി മു​ന്നോട്ടുവെച്ച പദ്ധതികളെല്ലാം ഈ ഗണത്തിൽപെടുന്നു.

സയൻസ് പാർക്ക്, റിസർച്ച് പാർക്ക്, ഐ.ടി ഇടനാഴി, പുതിയ ഐ.ടി പാർക്കുകൾ തുടങ്ങി ഈ മേഖലയിൽ നിരവധി ആശയങ്ങളും പദ്ധതികളും അവതരിപ്പിച്ചിരിക്കുന്നു. കാമ്പസുകളോട് ചേർന്ന് സ്റ്റാർട്ടപ് ഇൻകുബേഷൻ സെന്റർ, മെഡിക്കൽ ടെക് ഇന്നോവേഷൻ കേന്ദ്രം, സ്കിൽ പാർക്ക് തുടങ്ങി വിദ്യാഭ്യാസ മേഖലയെ ആധുനികവത്കരിക്കുന്ന ഈ പദ്ധതിക​ളിലൊക്കെയും സ്വകാര്യമേഖലയുടെ പിന്തുണ തേടുമെന്ന് ഉറപ്പാണ്. കൃഷി, വ്യവസായം, സേവനം തുടങ്ങിയ പാരമ്പര്യ മേഖലകളെന്നപോലെ 'വിവര'വും അതിലധിഷ്ഠിതമായ 'നിക്ഷേപ'ങ്ങളുമെല്ലാം സമ്പദ്ഘടനയുടെ വളർച്ചയിൽ നിർണായകമാണെന്ന തിരിച്ചറിവ്​ പുതിയൊരു വഴിവെട്ടിത്തെളിക്കാൻ ഈ സർക്കാറിനെ പ്രേരിപ്പിച്ചിരിക്കുന്നു. ഇക്കഴിഞ്ഞ സി.പി.എം സംസ്ഥാനസമ്മേളനത്തിൽ മുഖ്യമ​ന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസനരേഖയുടെ തുടർച്ചയായും ബജറ്റ് പ്രഖ്യാപനങ്ങളെ കാണുന്നതിൽ തെറ്റില്ല.

വിജ്ഞാന സമ്പദ്‍വ്യവസ്ഥയിൽ അധിഷ്ഠിതമായ ഈ ദിശമാറ്റത്തിന് ഇരുതല മൂർച്ചയാണ്: ഒരേസമയം സാധ്യതകളും അപകടങ്ങളുമുണ്ടതിൽ. നിർമിതബുദ്ധിയിൽ ചലിച്ചുതുടങ്ങിയ ആഗോളഗ്രാമത്തിലെ അനിവാര്യതയായി ഈ മാറ്റത്തെ കാണാമെങ്കിലൂം, തീർത്തും നിഷ്കളങ്കമായൊരു സമ്പദ്‍വ്യവസ്ഥയായി അതിനെ വിലയിരുത്താനാവില്ല. ബജറ്റ് നിർദേശങ്ങൾ യാഥാർഥ്യമായാൽ കൃത്യമായ നിയന്ത്രണങ്ങളും നിയമങ്ങളുംകൂടി ആവശ്യമാണെന്നർഥം.

വിജ്ഞാന സമ്പദ്‍വ്യവസ്ഥയെ ഇവ്വിധം പുണരു​മ്പോഴും അടിസ്ഥാനാവശ്യങ്ങളെയും പരമ്പരാഗത മേഖലയെയും അവഗണിച്ചില്ല എന്നതാണ് ബജറ്റിന്റെ എടുത്തുപറയേണ്ട പ്രത്യേകത. വിലക്കയറ്റ ഭീഷണിയെ ചെറുക്കാൻ 2000 കോടി രൂപ നീക്കിവെച്ചിരിക്കുന്നു. സർക്കാറിന്റെ ജനപക്ഷ ഇടപെടലുകളുടെ മികച്ച മാതൃകയായി ഇതിനെ കാണാം. കാർഷിക, പരമ്പരാഗത തൊഴിൽ മേഖലക്കും കാര്യമായ ഊന്നൽ നൽകിയിട്ടുണ്ട്. 'ഞാനും കൃഷിയിലേക്ക്' എന്ന പേരിൽ ആവിഷ്കരിച്ച പദ്ധതി ജനകീയമായാൽ അത് പുതിയൊരു കാർഷിക സംസ്കാരത്തിലേക്ക് നയിക്കും. ഏറ്റവും പ്രധാനം, ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും കെടുതികളെ ബജറ്റ് കൃത്യമായി അഭിസംബോധന ചെയ്യുന്നുവെന്നതാണ്.

ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം പരമാവധി കുറച്ച്, ആഗോളതാപനത്തിന്റെ അളവ് ഒന്നര ഡിഗ്രി കുറക്കുക എന്നത് പാരിസ് ഉടമ്പടിയിലെ പ്രധാന വ്യവസ്ഥയാണ്. അതിന്റെ ഭാഗമായി 2050ഓടെ, സംസ്ഥാനത്തെ നെറ്റ് കാർബൺ ബഹിർഗമനം പൂജ്യത്തിലേക്കെത്തിക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. പുതുതായി പ്രഖ്യാപിച്ച സോളാർവത്കരണവും മറ്റും ഇതുകൂടി മുന്നിൽകണ്ടുള്ളതാണ്. അതിന്റെ ഫലശ്രുതി എന്തായിരുന്നാലും, പരിസ്ഥിതിയും കാലാവസ്ഥമാറ്റവുമൊ​ക്കെ ബജറ്റ് വിഷയങ്ങളാകുന്നു എന്നത് ശുഭസൂചനയാണ്. അതേസമയം, പരിസ്ഥിതിയെ തകർക്കുമെന്ന് ആശങ്കയുള്ള കെ-റെയിൽ അടക്കം നിരവധി പദ്ധതികൾക്ക് പണംവകയിരുത്തിയത് ഈ നിലപാടിന് വിരുദ്ധവുമാണ്.

സമ​ഗ്രമെന്ന് പൊതുവിൽ വിശേഷിപ്പിക്കാവുന്ന ഈ ബജറ്റിലെ പ്രഖ്യാപനങ്ങൾ എത്രകണ്ട് യാഥാർഥ്യമാകുമെന്നതാണ് അവശേഷിക്കുന്ന ചോദ്യം. സംസ്ഥാനത്തിന്റെ വരുമാനത്തിൽ ഗണ്യമായ കുറവുവന്നുവെന്ന് ധനകാര്യമന്ത്രിതന്നെ സമ്മതിക്കുന്നു; കേന്ദ്ര വിഹിതവും ജി.എസ്.ടി നഷ്ടപരിഹാരവുമൊന്നും കിട്ടുന്നില്ലെന്നും അദ്ദേഹത്തിന് പരാതിയുമുണ്ട്. അപ്പോൾ, പ്രഖ്യാപനങ്ങൾക്ക് പണം കണ്ടെത്താൻ വേറെ വഴി നോക്കേണ്ടിവരും. ബജറ്റിലെന്തായാലും അതിനുള്ള വഴി പറയുന്നില്ല. ഭൂമിയുടെ ന്യായവില കൂട്ടിയതും മറ്റും സാധാരണക്കാർക്ക് തിരിച്ചടിയാകുമെന്നല്ലാതെ ആവശ്യമായ വരുമാന വർധനവിന് അതൊന്നും മതിയാകില്ല. അപ്പോൾ, ഈ ബജറ്റ് കേവലം വികസനരേഖയായി അവശേഷിക്കുമോ? നികുതികുടിശ്ശിക പിരിക്കുന്നതിലടക്കം സർക്കാർ വീഴ്ച ചൂണ്ടിക്കാണിച്ച പ്രതിപക്ഷത്തിന്റെ വാദത്തെ മുഖവിലക്കെടുക്കേണ്ടിവരുന്നത് ഈ ആശങ്കയുടെ പുറത്താണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorialkerala budget 2022
News Summary - Madhyamam Editorial About Kerala Budget
Next Story