കേരള പൊലീസിന് ഇത്ര 'വീര്യം' വേണോ?
text_fieldsനിയമപ്രകാരം കിട്ടേണ്ട വീടും മറ്റ് ആനുകൂല്യങ്ങളും അനർഹർ കൈക്കലാക്കുകയും തനിക്ക് നിഷേധിക്കപ്പെടുകയും ചെയ്തപ്പോൾ വിവരാവകാശ നിയമമനുസരിച്ച് പോരാടാനിറങ്ങിയതോടെ പുനലൂരുകാരൻ രാജീവ് പൊലീസിന്റെ കണ്ണിലെ കരടായി. ഒരു പരാതിയുമായി ചെന്നപ്പോൾ തെന്മല സ്റ്റേഷനിലെ സി.ഐയുടെ വക മർദനം. പിന്നെ തെളിവ് നശിപ്പിക്കാൻ അറസ്റ്റും പീഡനവും ഭീഷണിയും. അന്വേഷണ ഘട്ടത്തിൽ കള്ളമൊഴി; റിപ്പോർട്ട് വന്നപ്പോൾ അതു പൂഴ്ത്തിവെക്കൽ. പാവങ്ങളോട് കേരള പൊലീസ് പുലർത്തുന്ന ഈ സമീപനത്തെപ്പറ്റി ഒടുവിൽ ഹൈകോടതിയും രോഷത്തോടെ പറഞ്ഞു, ഈ പൊലീസ് മാറാൻ പോകുന്നില്ലെന്ന്.
ഇത് ഒറ്റപ്പെട്ട സംഭവമല്ല എന്നതിനാലാണ് കോടതിക്ക് ഇത്ര നിരാശ. ആലുവയിൽ ഗൃഹപീഡനത്തെപ്പറ്റി പരാതി പറയാനെത്തിയ നിയമവിദ്യാർഥിനിയെ പൊലീസ് അധികാരി അവഹേളിക്കുന്നു; അവരുടെ ആത്മഹത്യക്കുറിപ്പിൽ പേരുപറഞ്ഞിട്ടും മുേമ്പ ആരോപണവിധേയനായിട്ടും മൊഫിയ പർവീൻ ജീവനൊടുക്കിയ സംഭവത്തിൽ ആ സി.ഐക്കെതിരെ നടപടി വൈകുന്നു. പരാതി നൽകാനെത്തിയ സഹപാഠികളെ കസ്റ്റഡിയിലെടുക്കുന്നു. ഗുരുതരമായ നീതിനിഷേധത്തിനും കൃത്യവിലോപത്തിനും പുറമെ, കേരളത്തിലെ പൊലീസ് സേനയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ജനവിരുദ്ധത പതിവും വ്യാപകവുമായിക്കൊണ്ടിരിക്കുകയാണോ എന്ന ചോദ്യവും ഉയർന്നിരിക്കുന്നു.
കോവിഡ് ചട്ടം ലംഘിച്ചെന്ന പേരിൽ കൊല്ലത്ത് അഞ്ചുതെങ്ങിൽ 65 വയസ്സുള്ള മീൻ വിൽപനക്കാരിയുടെ മീനെല്ലാം വലിച്ചുവാരിയെറിഞ്ഞതും കാസർകോട്ട് വിജനമായ സ്ഥലത്ത് മാസ്കിട്ട് പശുവിനെ പുല്ല് തീറ്റാൻ കൊണ്ടുപോയ മനുഷ്യനെ വിരട്ടിയതും 2000 രൂപ പിഴയിട്ടതുമെല്ലാം ഒരു പൊതു പ്രവണതയുടെ ഭാഗമാണെന്ന് സമാനമായ അനേകം സംഭവങ്ങൾ സൂചിപ്പിക്കുന്നുണ്ട്. പൊലീസുകാർ കഠിനമായ സാഹചര്യങ്ങളിൽ ജോലി ചെയ്യേണ്ടിവരുന്നവരാണെന്നതിൽ തർക്കമില്ല. എന്നാൽ, ജനവിരുദ്ധരെന്ന പ്രതിച്ഛായ അവരുടെ ജോലി എളുപ്പമാക്കുകയല്ല ചെയ്യുന്നതെന്നതിനും നമ്മുടെ സംസ്ഥാനം സാക്ഷിയാണ്. മൂന്നുതലങ്ങളാണ് ഈ പ്രശ്നത്തിനുള്ളത്. വിവിധ സ്റ്റേഷനുകളിൽ വിവിധ പൊലീസുകാർ ചെയ്തു പോകുന്ന അരുതായ്മകളാണ് ഒന്ന്. അവ തിരുത്തുന്നതിനുപകരം അവയെ ന്യായീകരിക്കുന്ന ഭരണകൂട സംവിധാനമാണ് രണ്ടാമത്തേത്. മൂന്നാമത്തേത്, അതത് കാലത്തെ സർക്കാറുകൾ സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾക്ക് പൊതുതാൽപര്യത്തെക്കാൾ നൽകുന്ന പ്രാധാന്യം.
പൊലീസിൽനിന്നുണ്ടാകുന്ന മനഃപൂർവമോ അല്ലാത്തതോ ആയ തെറ്റുകൾ തിരുത്താതിരിക്കാൻ പറയുന്ന കാരണം, പൊലീസിന്റെ മനോവീര്യം തകർക്കരുതല്ലോ എന്നതാണ്. മൊഫിയ പർവീന്റെ പരാതിയിന്മേൽ ഒരു മാസത്തിലേറെക്കാലം ചട്ടവിരുദ്ധമായി അടയിരുന്ന പൊലീസിന് ധൈര്യം നൽകിയത് ഈ 'മനോവീര്യ' വാദമാണ്. 24 മണിക്കൂറിനുള്ളിൽ കേസെടുക്കുന്നതിനുപകരം മാസത്തിൽ ഏറെ സമയവും റൂറൽ എസ്.പി, മനുഷ്യാവകാശ കമീഷനുകൾ എന്നിവക്ക് മൊഫിയ നൽകിയ പരാതികളും വേണ്ടിവന്നു ഒന്നനങ്ങാൻ. എന്നിട്ടും പരാതിക്കാരിയെ പരസ്യമായി അധിക്ഷേപിക്കാൻ പൊലീസ് മാടമ്പിക്ക് കെൽപ്പ് കൊടുത്തത് ഇപ്പറഞ്ഞ 'മനോവീര്യ'മാണ്. 2003ലെ മുത്തങ്ങ സമരത്തിൽ ആദിവാസികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച കെ.കെ. സുരേന്ദ്രൻ എന്ന ഡയറ്റ് അധ്യാപകനെ അന്നത്തെ ആൻറണി സർക്കാറിന്റെ പൊലീസ് തല്ലിച്ചതച്ചപ്പോൾ അതിനെ രൂക്ഷമായി എതിർത്തവരാണ് ഇന്നുഭരിക്കുന്നത്.
രണ്ടു പതിറ്റാണ്ട് നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കോടതി സുരേന്ദ്രന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചു. ഇപ്പോൾ അതു കൊടുക്കാതിരിക്കാൻ അതിലും കൂടുതൽ ചെലവിട്ട് അപ്പീലിന് പോയിരിക്കുന്നു പിണറായി സർക്കാർ. ഭരണത്തിലെത്തിയപ്പോൾ ജനതാൽപര്യത്തെക്കാൾ പൊലീസിന്റെ മനോവീര്യമാണ് വലുത് എന്ന് കണ്ടെത്തിയെന്നർഥം. വയനാട് സ്വദേശി ശ്യാം ബാലകൃഷ്ണനെ മാവോവാദി മുദ്രകുത്തി കസ്റ്റഡിയിൽ പീഡിപ്പിച്ചതിന് വിധിച്ച നഷ്ടപരിഹാരം െകാടുക്കാതിരിക്കാനും അതിലേറെ ചെലവിട്ട് സുപ്രീംകോടതിയിൽ കേസ് നടത്തുന്നതും 'വീര്യം 'നിലനിർത്താൻ. സുൽത്താൻ ബത്തേരിയിൽ, കാറോടിക്കാനറിയാത്ത ദീപു എന്ന ആദിവാസി യുവാവിനെ കാർ മോഷണക്കേസിൽ അറസ്റ്റ് ചെയ്ത പൊലീസിനും ഈ 'വീര്യ'ത്തിന്റെ ബലമാണുള്ളത്.
കേരളത്തിൽ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്യുന്നത്. സഖ്യകക്ഷിയായ സി.പി.ഐപോലും ഇപ്പോൾ തുറന്നെതിർക്കാൻ തക്ക വീഴ്ചകളാണ് പൊലീസിൽനിന്ന് ഉണ്ടായിരിക്കുന്നത്. തിരുത്തൽ പൊലീസ് സംവിധാനത്തിന്റെ ഭാഗമാക്കുന്നതിനുപകരം നിലവിലുള്ള സംവിധാനം തുടരുന്നു എന്നതാണ് അടിസ്ഥാന പ്രശ്നം. ഭരണകൂടത്തിന്റെ മർദനോപകരണങ്ങളെ ന്യായീകരിക്കാൻ ഇടതുപക്ഷത്ത് ചിലരെങ്കിലും പഠിച്ചിരിക്കുന്നു. ഇതിനെക്കാൾ ഭയാനകമാണ്, രാഷ്ട്രീയ നേട്ടത്തിനായി പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്യാനുള്ള പ്രവണത. പൊലീസിന്റെ പ്രവർത്തനങ്ങളിൽ ഭരണപക്ഷ ഇടപെടലിനപ്പുറം സങ്കുചിത താൽപര്യങ്ങൾകൂടി സ്വാധീനം ചെലുത്തുന്ന അവസ്ഥയുണ്ട്. കേരള പൊലീസിൽ വർഗീയ മനഃസ്ഥിതിക്കാർ ഉണ്ടെന്ന് സി.പി.ഐ നേതാവ് ആനിരാജ ആരോപിച്ചത് ഇൗയിടെയാണ്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിമർശനങ്ങൾ അന്വേഷിക്കാനും ആത്മപരിശോധന നടത്താനും ഇനിയെങ്കിലും തയാറാകും എന്നു പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തെ സമാധാനാന്തരീക്ഷവും നിയമവാഴ്ചയും നിലനിർത്താൻ ആ ഇടപെടൽ ഏറെ ആവശ്യമായിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.