പ്ലസ് വൺ പ്രവേശനം: തട്ടിക്കൂട്ടുതന്നെ വീണ്ടും
text_fieldsകേരളത്തിലെ പ്ലസ് വൺ പ്രവേശനത്തിലെ വിവേചനത്തിന് ഇരയാകുന്ന വടക്കൻ ജില്ലക്കാരുടെ ആശങ്കകൾ അകലുന്നില്ല. ഒന്നും രണ്ടും മൂന്നും അലോട്ട്മെന്റുകൾക്കും ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനും ശേഷവും ധാരാളം പേർ അർഹതയുണ്ടായിട്ടും പ്രവേശനംകിട്ടാതെ ബാക്കിയാണ്. അവകാശവാദങ്ങൾക്കപ്പുറം യാഥാർഥ്യം ആശ്വാസകരമല്ല. മലപ്പുറം ജില്ലയിലാണ് സീറ്റ് ലഭിച്ചിട്ടില്ലാത്തവരുടെ എണ്ണം ഏറ്റവും കൂടുതൽ: 13,654 പേർ. പാലക്കാട്ട് 5377ഉം കോഴിക്കോട്ട് 388ഉം പേർ പ്രവേശനം കിട്ടാതെ പുറത്തുനിൽക്കുന്നു. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷം സീറ്റ് കിട്ടാത്ത 32,433 പേരാണ് സംസ്ഥാനത്ത് മൊത്തമുള്ളത്. അതിൽ 27,049 പേർ പാലക്കാട് മുതൽ കാസർകോട് വരെയുള്ള മലബാർ ജില്ലക്കാരാണ്. ഇത് പ്രതീക്ഷിക്കാത്തതല്ല. എല്ലാവർക്കും സീറ്റുകൾ ലഭ്യമാവുമെന്നാണ് സർക്കാർ തുടക്കംമുതലേ പറഞ്ഞുവന്നിട്ടുള്ളത്. ഇനിയും അലോട്ട്മെന്റ് നടക്കാനുണ്ടെങ്കിലും മലബാറിലെ പ്രതിസന്ധി അതോടെ തീരുമെന്ന് പ്രതീക്ഷിക്കാനാവില്ല. പ്രശ്നപരിഹാരത്തിന് എന്തെങ്കിലും മാർഗങ്ങൾ സർക്കാർ കണ്ടുവെച്ചതായി ഇതുവരെ സൂചനകളില്ല. എന്നല്ല, പതിവുപോലെ പ്രശ്നം കണ്ടില്ലെന്നു നടിച്ചും ഉള്ളത് പരിഹരിച്ചെന്ന് ഭാവിച്ചും മുന്നോട്ടുപോകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നാണ് ഇതുവരെയുള്ള ലക്ഷണങ്ങൾ കാണിക്കുന്നത്. മലബാറുകാരുടെ ഉന്നത വിദ്യാഭ്യാസ പ്രതിസന്ധിയുടെ കണക്കെടുപ്പും പരിഹാരസാധ്യതകളും പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ച പിണറായിസർക്കാർ ആ വഴിക്ക് തുടർനടപടികൾ ഒന്നുംതന്നെ കൈക്കൊള്ളുന്നില്ലെന്നാണോ മനസ്സിലാക്കേണ്ടത്?
മുൻവർഷങ്ങളിലെ തട്ടിക്കൂട്ട് സൂത്രങ്ങൾ തന്നെയാണ് ഈ വർഷവും ഉണ്ടായതെന്നും അതിനപ്പുറത്തേക്ക് കടക്കാൻ ഇതുവരെയും സർക്കാറിന് കഴിഞ്ഞിട്ടില്ലെന്നും കരുതേണ്ടിവരുന്ന സ്ഥിതിയുണ്ട്. ഉദാഹരണത്തിന് 13,700ൽ താഴെ സീറ്റുകൾ കുറവുണ്ടെന്ന് പറയുന്ന മലപ്പുറം ജില്ലയിൽ യഥാർഥത്തിൽ കുറവ് 25,000ത്തോളം വരും. ഒരു ക്ലാസിൽ പരമാവധി 50 വിദ്യാർഥികൾ എന്ന സർക്കാറിന്റെ തന്നെ മാനദണ്ഡം ലംഘിച്ച് 65 ആക്കിയത് വഴിയാണ് 13,700 എന്ന കൃത്രിമകണക്ക് സൃഷ്ടിച്ചത്. നല്ല വിദ്യാഭ്യാസത്തിനുള്ള അവകാശവും അതിന്റെ മാനദണ്ഡങ്ങളും പരിഗണിക്കാതെ എണ്ണം പെരുപ്പിച്ച് കാണിക്കുകയാണ് ചെയ്യുന്നതെന്നർഥം. ഇത് ഒരുവർഷമോ രണ്ടുവർഷമോ അല്ല, തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന ‘താൽക്കാലിക’മെന്ന് വിളിക്കുന്ന ഏർപ്പാടായിരിക്കുന്നു. കുത്തിനിറച്ച ക്ലാസ് മുറികൾ ഇക്കൊല്ലവും തുടരുകയാണ്. കണക്കിലെ കൃത്രിമം മറ്റൊരു തരത്തിൽ കൂടി സർക്കാർ ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടുകളിൽനിന്ന് മനസ്സിലാകുന്നു. ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ കണക്കിൽ അൺ എയ്ഡഡ് സ്കൂളുകളിലെ സീറ്റുകൾ കൂടി ഉൾപ്പെടുത്തുകയാണ് ചെയ്യുന്നത്. ആവശ്യത്തിന് സീറ്റ് ഉണ്ടെന്ന് വരുത്തിത്തീർക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. ഏകജാലക പ്രവേശനത്തിന്റെ പരിധിയിൽവരാത്ത സീറ്റുകൾ മെറിറ്റ് സീറ്റിനൊപ്പം ചേർത്ത് പട്ടികയുണ്ടാക്കുന്നു. സീറ്റില്ലാതെ 13,654 പേർ പുറത്തുനിൽക്കുന്ന മലപ്പുറം ജില്ലയിൽ, അൺ എയ്ഡഡിലെ 9872 സീറ്റും 3184 മാനേജ്മെന്റ് സീറ്റും ചേർത്താണ് 13,000ത്തിലേറെ സീറ്റ് ഒഴിവുണ്ടെന്ന കണക്ക് സർക്കാർ പുറത്തുവിട്ടത്. ഫീസ് നൽകി പഠിക്കേണ്ട അൺ എയ്ഡഡ് സീറ്റുകളിൽ നല്ലൊരുഭാഗം വർഷങ്ങളായി ഒഴിഞ്ഞുകിടക്കാറുള്ളതാണ്. യോഗ്യരായവർക്കെല്ലാം സീറ്റ് ലഭിച്ചതുകൊണ്ടല്ല ഇത്; മറിച്ച്, ഫീസ് കൊടുത്ത് പഠിക്കാൻ വകയില്ലാത്തതുകൊണ്ടാണ്. വടക്കുള്ളവർക്ക് എയ്ഡഡ് സീറ്റുകൾ ലഭ്യമാക്കാനാകില്ലെന്നും വേണ്ടവർ ഫീസ് കൊടുത്ത് പഠിക്കട്ടെ എന്നുമാണെങ്കിൽ സർക്കാർ അത് തുറന്നുപറയണം.
മലബാർ ജില്ലകളിലെ വിദ്യാർഥികൾ കഷ്ടപ്പെടുമ്പോൾ തെക്കൻജില്ലകളിൽ മതിയായ കുട്ടികൾ ഇല്ലാതെ ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽതന്നെ ഉണ്ട്. അത്തരം 91 ബാച്ചുകൾ ആവശ്യമുള്ള വടക്കൻ ജില്ലകളിലേക്ക് മാറ്റാൻ ശിപാർശ ഉണ്ടായിരുന്നെങ്കിലും അതൊന്നും സർക്കാർ ചെയ്തിട്ടില്ല. ഇനി ചെയ്യുമെന്ന് പറയുന്നുമില്ല. ക്ലാസുകൾ അതിനിടക്ക് ആരംഭിച്ചുകഴിഞ്ഞിരിക്കുകയുമാണ്. 25 കുട്ടികൾപോലുമില്ലാത്ത 105 ബാച്ചുകൾ ഉണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നതാണ്. അതിൽ 14 ബാച്ചുകൾ മലപ്പുറം ജില്ലയിലേക്ക് മാറ്റി. മാറ്റാവുന്ന സർക്കാർ, എയ്ഡഡ് സീറ്റുകളടങ്ങുന്ന മറ്റു ബാച്ചുകൾ കുറഞ്ഞ കുട്ടികളുമായി തെക്കൻ ജില്ലകളിൽ നടക്കുന്നു. ചുരുക്കത്തിൽ വാക്കും കണക്കുംകൊണ്ട് കസർത്ത് ധാരാളം നടക്കുന്നു; സീറ്റുക്ഷാമത്തിന് സ്ഥിരമായ പരിഹാരം കാണുന്നില്ല. സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പൂഴ്ത്തിവെച്ചത് മുതൽ സീറ്റുകളുടെയും ‘‘താൽക്കാലിക’’ ബാച്ചുകളുടെയും എണ്ണം വരെ പ്രകടമാകുന്നത് സർക്കാർ നടപടികളിലെ സുതാര്യതയില്ലായ്മയാണ്. പരിഹാരത്തിന് വഴികണ്ടിട്ടുണ്ടെങ്കിൽ ഈ ഒളിച്ചുകളിയുടെ ആവശ്യമില്ലല്ലോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.