താലിബാൻ ഉയർത്തുന്ന ചോദ്യം
text_fieldsഖത്തറിൽ യു.എൻ ആഭിമുഖ്യത്തിൽ അമേരിക്ക മുൻകൈയെടുത്തു നടത്തുന്ന അഫ്ഗാൻ സമാധാനനീക്കങ്ങളെ അനിശ്ചിതത്വത്തിലാക്കി താലിബാൻ രണ്ടു പതിറ്റാണ്ടിനുശേഷം വീണ്ടും അഫ്ഗാനിൽ ആധിപത്യമുറപ്പിച്ചിരിക്കുന്നു. മസാറെ ശരീഫ്, ഹെറാത്, ജലാലാബാദ്, കാന്തഹാർ പ്രവിശ്യകൾ താലിബാൻ പിടിച്ചടക്കിയപ്പോൾതന്നെ രാഷ്ട്രം അവരുടെ പിടിയിലമരുകയാണെന്ന് തീർച്ചയായിക്കഴിഞ്ഞിരുന്നു. ഒടുവിൽ, പ്രസിഡൻറ് അശ്റഫ് ഗനി അധികാരം വിെട്ടാഴിഞ്ഞ് പലായനം ചെയ്തതോടെ ചിത്രം പൂർത്തിയായി. താലിബാൻ ഭരണത്തിെൻറ മുന്നനുഭവത്തിൽ ചകിതരായ വിദേശികളുടെയും സ്വദേശികളുടെയും കൂട്ട പലായനം കൂടിയായതോടെ ഏറെ ആശങ്കകളാണ് അഫ്ഗാന് അകത്തും പുറത്തും വ്യാപിക്കുന്നത്. അഫ്ഗാനിൽ ഇസ്ലാമിക് റിപ്പബ്ലിക്കിനുപകരം ഇസ്ലാമിക് എമിറേറ്റ് പ്രഖ്യാപിച്ച താലിബാൻ, ദോഹ സമാധാനചർച്ചയുടെ വികാരം മാനിച്ച് സമാധാനപരമായ അധികാരക്കൈമാറ്റത്തിനുള്ള നീക്കത്തിലാണ് തങ്ങളെന്ന് അവകാശപ്പെടുന്നുണ്ട്. പ്രസിഡൻറ് ഗനിയുടെ പലായനത്തിനു പിറകെ മുൻ പ്രസിഡൻറ് ഹാമിദ് കർസായി, മുൻ ഹിസ്ബെ ഇസ്ലാമി നേതാവ് ഗുൽബുദ്ദീൻ ഹിക്മത്യാറിനെയും മുൻ വിദേശമന്ത്രി അബ്ദുല്ല അബ്ദുല്ലയെയും കൂട്ടി ഒരു മാധ്യസ്ഥ്യസമിതിക്ക് രൂപം നൽകിയിട്ടുണ്ടെങ്കിലും താലിബാൻ സഹകരിച്ചിട്ടില്ല. ഇടക്കാലത്തേക്കുള്ള താൽക്കാലിക സംവിധാനങ്ങളല്ല, അധികാരക്കൈമാറ്റമാണ് വേണ്ടതെന്ന് അവർ ആവർത്തിച്ചുറപ്പിക്കുന്നുണ്ട്. താലിബാെൻറ കടന്നുവരവിൽ ലോകം അന്തിച്ചുനിൽക്കെ, കമ്യൂണിസ്റ്റ് ചൈന അവർക്കു പിന്തുണ പ്രഖ്യാപിച്ചതാണ് പുതിയ വാർത്ത. കഴിഞ്ഞ മാസം ടിയാൻജിനിൽ താലിബാൻ നേതാവും ചൈനീസ് വിദേശമന്ത്രിയും തമ്മിൽ നടന്ന ചർച്ചയിൽ ഉഭയകക്ഷിബന്ധം ഉൗട്ടിയുറപ്പിക്കുമെന്നു ഇരുവിഭാഗവും ഉറപ്പുനൽകിയിരുന്നു. ദോഹ കരാറിൽ കക്ഷിയായ അമേരിക്ക ഇതുസംബന്ധിച്ച പ്രതികരണമൊന്നും നടത്തിയിട്ടില്ല. അതേസമയം, താലിബാന് അധികാരം താലത്തിൽ വെച്ചു നീട്ടുന്ന വിധം അമേരിക്ക സ്വീകരിച്ച നയനിലപാടിനെതിരെ വാഷിങ്ടണിലെ അഫ്ഗാൻ പൗരന്മാർ വൈറ്റ് ഹൗസിനു മുന്നിൽ ശക്തമായി പ്രതിഷേധിച്ചു.
അമേരിക്കൻ പിന്മാറ്റത്തോടെ താലിബാൻ അഫ്ഗാനിൽ പിടിമുറുക്കുമെന്നതു നേരത്തേ പ്രതീക്ഷിക്കപ്പെട്ടതാണ്. അതിനാൽ, ഒരിക്കൽ തങ്ങൾ കീഴടക്കിയ താലിബാൻ പിന്നെയും പത്തിയുയർത്തുന്നത് എത്ര വൈകിക്കാം, എത്ര കണ്ടു പരിക്കു കുറക്കാം എന്ന ആലോചനയിലായിരുന്നു യു.എസ്. അങ്ങനെയാണ് ഖത്തറിനെ ഇടയിൽനിർത്തി ഭരണകൈമാറ്റ കരാർ എന്ന ആശയത്തിലെത്തിയത്. ലോകത്തെ പ്രബലരാജ്യങ്ങളെയെല്ലാം ചേർത്തുപിടിച്ച് ദോഹ കരാറിനു അമേരിക്ക വഴിയൊരുക്കി. എഴുപതുകളിലെ വിയറ്റ്നാം അധിനിവേശത്തേക്കാൾ മോശമായ പരാജയത്തിൽ കലാശിച്ച അഫ്ഗാൻ അധിനിവേശത്തിൽനിന്നു തലയൂരാനുള്ള സുരക്ഷിതപാതയൊരുക്കുകയായിരുന്നു കരാറിലൂടെ അമേരിക്കയും സഖ്യകക്ഷികളും.
അമേരിക്കക്കും സഖ്യകക്ഷികൾക്കും ഭീഷണി സൃഷ്ടിക്കുംവിധം അഫ്ഗാെൻറ മണ്ണ് അൽഖാഇദയുൾപ്പെടെയുള്ള ഭീകരസംഘങ്ങൾക്ക് വിട്ടുകൊടുക്കുകയില്ല. അവരുമായി താലിബാൻ അംഗങ്ങൾക്ക് സഹകരണമോ ബന്ധമോ ഉണ്ടായിരിക്കില്ല, അത്തരം സംഘങ്ങളുടെ റിക്രൂട്ട്മെൻറ്, പരിശീലനം, ഫണ്ടുപിരിവ് എന്നിവയുമായി സഹകരിക്കുകയില്ല, യു.എസ്, സഖ്യകക്ഷിരാജ്യങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്നവർക്ക് യാത്രാനുമതി രേഖകൾ വിലക്കും തുടങ്ങിയ നിബന്ധനകൾ കരാറിെൻറ ഭാഗമാണ്. അമേരിക്കയുമായി തുടർന്നും സക്രിയമായ ഉഭയകക്ഷിബന്ധം നിലനിർത്തുമെന്നും പുതിയ അഫ്ഗാൻ ഇസ്ലാമിക് ഗവൺമെൻറുമായി രാഷ്ട്ര പുനർനിർമാണ, വികസനയജ്ഞങ്ങളിൽ സാമ്പത്തികസഹകരണവുമായി അമേരിക്ക സജീവമായുണ്ടാകുമെന്നും കരാറിൽ വ്യക്തമാക്കിയിരുന്നു.
ഇതനുസരിച്ച് ഇൗ മാസാവസാനത്തോടെ പിന്മാറ്റം പൂർത്തിയാക്കി, തങ്ങളുടെ വരുതിയിലുള്ള ഒരു മുന്നണിഭരണത്തെ അഫ്ഗാനിൽ പ്രതിഷ്ഠിക്കാനുള്ള അമേരിക്കയുടെയും സഖ്യകക്ഷികളുടെയും പുറപ്പാടിനിടെയാണ് എല്ലാം അട്ടിമറിച്ചുള്ള താലിബാെൻറ കടന്നുകയറ്റം. അങ്ങനെ അധിനിവേശശക്തികൾക്ക് തലയൂരാനുള്ള ശ്രമത്തിലും പിഴച്ചിരിക്കുന്നു. അമേരിക്കയുടെ തണലിൽ കഴിഞ്ഞ അഫ്ഗാൻ ഭരണകൂടം പ്രവിശ്യകൾ ഒാരോന്നായി താലിബാന് അടിയറവെച്ചു. ഒടുവിൽ ഭരണാധികാരി തന്നെ രാജ്യം ശത്രുവിന് വിട്ടുകൊടുത്ത് ഒളിച്ചോടിയിരിക്കുന്നു. യു.എസ് കോൺഗ്രസിൽ ഇൗ ജൂലൈയിൽ അവതരിപ്പിക്കപ്പെട്ട റിപ്പോർട്ട് പ്രകാരം അഫ്ഗാനിലെ സുരക്ഷക്കു മാത്രമായി അമേരിക്ക 88000 കോടി യു.എസ് ഡോളർ ചെലവഴിച്ചിട്ടുണ്ട്. മൂന്നു ലക്ഷം സൈനികരെ തീവ്രപരിശീലനം നൽകി വിന്യസിച്ചിട്ടും താലിബാനോട് പിടിച്ചുനിൽക്കാനാവാത്തതിനു പിന്നിൽ അഴിമതിയും ഒരു ഘടകമാണെന്ന് റിപ്പോർട്ടിലുണ്ടായിരുന്നു. താലിബാെൻറ പിറകിൽ പാകിസ്താനാണെന്നും പല ബാഹ്യശക്തികളും അവരെ സഹായിക്കുന്നുണ്ടെന്നും കണ്ടെത്തിയതുമാണ്. ഇതൊക്കെയായിട്ടും അമേരിക്കക്ക് പ്രതിരോധത്തിനു കഴിയാതിരുന്നതോ, അതോ, അഫ്ഗാനിൽ ഇക്കണ്ട കാലമത്രയും കളിച്ചതിെൻറ ബാക്കി തുടരുന്നതോ എന്നു ഇനിയും വ്യക്തമാകാനിരിക്കുന്നു. ഏതായാലും അഫ്ഗാനിലെ സാധാരണക്കാരെ മാത്രമല്ല, ഇന്ത്യ അടക്കമുള്ള അയൽരാജ്യങ്ങളെക്കൂടി ആശങ്കയുടെ ഇരുട്ടിലേക്കു തള്ളിവിട്ടിരിക്കുകയാണ് താലിബാെൻറ അഫ്ഗാൻ വിജയം. തിങ്കളാഴ്ച കാബൂൾ വിമാനത്താവളത്തിൽ വിഹ്വലരായി നാടുവിടാൻ വിമാനങ്ങൾക്കു പിറകെയോടുന്ന ജനം പുതിയ അഫ്ഗാനിസ്താെൻറ യഥാർഥചിത്രമാണ്. അതു മാറ്റിവരക്കാൻ താലിബാൻ തയാറാകുമോ? അതിന് ദോഹകരാറിെൻറ വരച്ച വരയിൽ അവരെ നിലക്കുനിർത്താൻ അന്താരാഷ്ട്രസമൂഹത്തിനു കഴിയുമോ എന്നതാണ് ഇപ്പോൾ ജിജ്ഞാസയുയർത്തുന്ന ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.