വഖഫ് നിയമനം സർക്കാർ പുനരാലോചിക്കണം
text_fieldsസംസ്ഥാന വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള കേരള സർക്കാറിന്റെ തീരുമാനവുമായി മുന്നോട്ടു പോകുമെന്ന മന്ത്രി വി. അബ്ദുറഹ്മാൻ നിയമസഭയിൽ നടത്തിയ പ്രസ്താവന മുസ്ലിംസമുദായം കബളിപ്പിക്കപ്പെട്ടുവെന്ന വിചാരം ശക്തിപ്പെടാൻ ഇടയാക്കിയിരിക്കുന്നു. സ്വാഭാവികമായും സർക്കാറിനെതിരെ സമുദായസംഘടനകളുടെ പ്രതിഷേധങ്ങൾ വീണ്ടും കനക്കാൻ അത് കാരണമാകുകയും ചെയ്തിട്ടുണ്ട്. മുഴുവൻ മുസ്ലിംസംഘടനകളും വളരെ വേഗം മന്ത്രിയുടെ പ്രസ്താവനക്കെതിരെ രംഗത്തുവന്നു. പ്രത്യക്ഷസമരത്തിന് നേതൃത്വം നൽകുന്ന മുസ്ലിംലീഗ് തിരുവനന്തപുരത്ത് പ്രതിഷേധസംഗമവും നടത്തി.
മുസ്ലിം സംഘടനകളുമായി വിശദചർച്ചക്കു ശേഷമേ നിയമനം സംബന്ധിച്ച് തീരുമാനമെടുക്കൂ എന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്‍റ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പാണ് പ്രക്ഷോഭത്തെ നിർവീര്യമാക്കാൻ സർക്കാറിനെ സഹായിച്ചത്. എന്നാൽ, മൂന്നുമാസം പിന്നിട്ടിട്ടും വിഷയത്തിൽ ഔദ്യോഗികമായ ഒരു ചർച്ചയും സംഘടിപ്പിക്കാത്തതിലുള്ള അമർഷം സമസ്തയടക്കമുള്ള സംഘടനകളിൽ നിലനിൽക്കെയാണ് എരിതീയിൽ എണ്ണയൊഴിക്കുന്ന അഭിപ്രായപ്രകടനവുമായി വകുപ്പ് മന്ത്രിതന്നെ നിയമസഭയിൽ എഴുന്നേറ്റു നിന്നത്. മുഖ്യമന്ത്രി നേരത്തെ നൽകിയ വാഗ്ദാനം റദ്ദുചെയ്യുന്നതാണ് മന്ത്രിയുടെ പ്രസ്താവന എന്ന ജിഫ് രി മുത്തുക്കോയ തങ്ങളുടെ വിയോജിപ്പുകൂടി പുറത്തുവന്നതോടെ സമരമല്ലാതെ മറ്റൊരു പോംവഴിയും മുസ്ലിം സംഘടനകളുടെ മുന്നിലില്ല. ഈ സാഹചര്യത്തിലാണ് വിവാദങ്ങൾ അവസാനിപ്പിക്കാൻ മുസ്ലിം സംഘടനകളുടെ യോഗം ഏപ്രിൽ 20ന് വിളിക്കുമെന്നും പ്രമുഖ മുസ്ലിം സംഘടനകളുടെ പ്രതിനിധികളെ അതിലേക്ക് ക്ഷണിക്കുമെന്നും മുഖ്യമന്ത്രിയുടെ അറിയിപ്പ് പുറത്തുവന്നിരിക്കുന്നത്.
രാജ്യത്ത്, അധികാരത്തിന്‍റെ തണലിൽ മുസ്ലിം സമുദായത്തിന്‍റെ അവകാശങ്ങൾ ഹനിക്കപ്പെടുകയും സാംസ്കാരിക, മതസ്വത്വങ്ങൾ അപമാനിക്കപ്പെടുകയും ചെയ്യുന്നത് പതിവായിത്തീർന്ന സവിശേഷ സന്ദർഭത്തിലാണ് ഇടതുസർക്കാർ വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനമെടുക്കുന്നത്. നിയമനങ്ങൾ പബ്ലിക് സർവിസ് കമീഷന് വിടുമ്പോൾ വിശ്വാസികളായ മുസ്ലിംകളെ വേണം നിയമിക്കാൻ എന്ന് വ്യവസ്ഥചെയ്യാമെങ്കിലും അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടാനും മതപരമായ വിവേചനം ചൂണ്ടിക്കാട്ടി വ്യവസ്ഥ റദ്ദാക്കപ്പെടാനും നിലവിൽ സാധ്യതകളേറെയാണ്. മുസ്ലിംകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള സച്ചാർ സമിതിയുടെ പദ്ധതി കേരളത്തിൽ ന്യൂനപക്ഷ പദ്ധതിയാക്കി മാറ്റി സാമൂഹികസൗഹൃദം നിലനിൽക്കാൻ ക്രൈസ്തവരിലെ പിന്നാക്കക്കാർക്ക് 20 ശതമാനവും നൽകാനെടുത്ത തീരുമാനം പ്രതിഷേധങ്ങളില്ലാതെ അംഗീകരിച്ചതിന് സമ്മാനമായി ഹൈകോടതിയിൽനിന്ന് കിട്ടിയ ഇരുട്ടടി വിസ്മരിക്കാൻ കാലമായിട്ടില്ല. അനർഹമായി സർക്കാർവിഹിതം തട്ടിയെടുത്തുവെന്ന ചീത്തപ്പേരിനു പുറമെ സച്ചാർ സമിതിയുടെ ഭാഗമായി ലഭിക്കേണ്ട സമുദായ ശാക്തീകരണ പദ്ധതികൾ ഇല്ലാതായി എന്നതാണ് അതിന്റെ അനന്തരഫലം. പി.എസ്.സി നിയമന ചരിത്രമാകട്ടെ, സംവരണ അട്ടിമറിയുടെ ദുരനുഭവങ്ങൾ കൊണ്ട് സമ്പന്നവുമാണ്. ഈ നിയമന ഭേദഗതി സുതാര്യതക്കുവേണ്ടിമാത്രമാണ് എന്ന സർക്കാർവാദത്തെ മുസ്ലിം സംഘടനകൾ അവിശ്വസിക്കുന്നത് ഇത്തരം അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ്.
ലവ് ജിഹാദ്, നാർകോട്ടിക് ജിഹാദ് തുടങ്ങി ധാരാളം വിഷയങ്ങളിൽ കേരളവും ഹിന്ദുത്വ പ്രചാരണയുക്തിയിൽ വീണുപോകുന്നത് മുസ്ലിം സംഘടനകളുടെ നിലപാടുകളെ സ്വാധീനിക്കുന്നുണ്ട്. സ്റ്റുഡന്‍റ് പൊലീസ് കാഡറ്റുകളിൽ തലമറച്ച വിദ്യാർഥിനികളുണ്ടാകുന്നത് കുട്ടികൾക്കിടയിൽ മത, ജാതി, വംശ, ലിംഗ ഭേദെമന്യേ ഒരുമയുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയെ തകിടംമറിക്കുമെന്ന് ഹൈകോടതിയിൽ സത്യവാങ്മൂലം നൽകിയ സംസ്ഥാനമാണ് കേരളമെന്നത് കർണാടകയുടെ അനുഭവത്തിൽ അവരെ ഞെട്ടിക്കുന്നു. അതുകൊണ്ട്, വിശ്വാസപരമായി നിർണായക സ്ഥാനവും മുസ്ലിം സമൂഹത്തിന്‍റെ സാമ്പത്തികോന്നതിക്ക് ഏറെ പ്രയോജനകരവുമായ വഖഫ് പോലെയുള്ള വിഷയങ്ങളിൽ സംസ്ഥാനത്തു മാത്രമായി വരുന്ന നിയമനിർമാണങ്ങൾ രാജ്യത്തിലെ മറ്റു ഭാഗങ്ങളിലേക്ക് പടരാനുള്ള സാധ്യത അവരെ ഭയപ്പെടുത്തുന്നു. രാജ്യവ്യാപകമായി വഖഫ് സ്വത്ത് അന്യാധീനപ്പെടുന്നതിന് ഇത്തരം നിയമനിർമാണങ്ങൾ കാരണമാകുമെന്നും അവർ ആശങ്കിക്കുന്നു.
ഇസ്ലാമിലെ അടിസ്ഥാനമാണ് ഹിജാബെന്ന് ലോകം മുഴുക്കെ അറിയാമെന്നിരിക്കെ, അതല്ലെന്ന് വിധിപറയുന്ന നീതിപീഠങ്ങളുള്ള വർത്തമാനകാല ഇന്ത്യയിലാണ് വഖഫ് നിയമനം പി.എസ്.സിക്ക് വിടുന്നത് നിയമമായി മാറിയിരിക്കുന്നത്. കേവലമായൊരു നിയമനപ്രശ്നമല്ല മുസ്ലിംസംഘടനകൾ ഉന്നയിക്കുന്നതെന്നും മതപരവും സാമൂഹികവുമായ ആഴമുള്ള കാരണങ്ങൾ അവക്കുണ്ടെന്നും മുഖ്യമന്ത്രിയും ഇടതുസർക്കാറും മനസ്സിലാക്കേണ്ടതുണ്ട്. വഖഫ് സ്വത്തുക്കളുടെ കൈകർത്താക്കൾ അവ ദുരുപയോഗിക്കുന്നുവെന്നത് വസ്തുതയാണ്. അത് തടയുകയും അന്യാധീനപ്പെട്ട സ്വത്തുക്കൾ തിരിച്ചുപിടിക്കുകയും വേണം. പാർട്ടി, സംഘടന താൽപര്യങ്ങൾക്ക് അതീതമായി താരതമ്യേന വിശ്വസ്തരും യോഗ്യതകളുള്ളവരുമായ ആളുകളെ വഖഫ് ബോർഡ് ഏൽപിക്കുകയും നിയമനങ്ങൾ ദേവസ്വംബോർഡ് മാതൃകയിൽ നടത്തുകയുമാണ് ശരിയായ പരിഹാരം. ഏപ്രിൽ 20ന്‍റെ യോഗത്തിൽ മുസ്ലിം സംഘടനകളുടെ ആശങ്കകൾ ഉൾക്കൊണ്ട് മുഖ്യമന്ത്രി മാതൃകാപരമായ നിലപാട് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.