മ്യാന്മർ വീണ്ടും പട്ടാള ബൂട്ടുകൾക്കടിയിൽ
text_fields2020 നവംബർ എട്ടിന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ 80 ശതമാനം വോട്ടുകൾ നേടി അധികാരമുറപ്പിച്ച നാഷനൽ ലീഗ് ഫോർ ഡെമോക്രസി (എൻ.എൽ.ഡി) പാർട്ടിയുടെ സിവിലിയൻ ഗവൺമെൻറ് 2021 ഫെബ്രുവരി ഒന്നിന് രണ്ടാമതും ചുമതല ഏൽക്കാനിരിക്കെ മണിക്കൂറുകൾക്കു മുമ്പ് ജനാധിപത്യ മ്യാന്മറിെൻറ രാഷ്ട്രമാതാവ് എന്ന് വിളിക്കപ്പെടുന്ന ഓങ് സാൻ സൂചിയെയും റിപ്പബ്ലിക്കിെൻറ പ്രസിഡൻറിനെയും പിടികൂടി ജയിലിലടച്ചിരിക്കുന്നു.
വീണ്ടും രാജ്യഭരണം പിടിച്ചെടുത്ത പട്ടാളത്തിെൻറ നടപടിയെ ഐക്യരാഷ്ട്രസഭയും അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെ ലോകം പൊതുവെ അപലപിച്ചിരിക്കുകയാണ്. നവംബറിലെ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ട, സൈന്യത്തിെൻറ പിൻബലമുള്ള യൂനിയൻ സോളിഡാരിറ്റി ആൻഡ് ഡെവലപ്മെൻറ് പാർട്ടി (യു.എസ്.ഡി.പി) ഇലക്ഷനിൽ കൃത്രിമവും അഴിമതിയും ആരോപിച്ച് നടത്തിയ പ്രക്ഷോഭം ഇലക്ഷൻ കമീഷനും നിഷ്പക്ഷ നിരീക്ഷകരും തള്ളിക്കളഞ്ഞതിെൻറ പരിണതികൂടിയായി കാേണണ്ട പട്ടാളത്തിെൻറ ഈ അട്ടിമറിക്കു പിന്നിൽ മുഖ്യ സൈന്യാധിപൻ മിൻ ഓങ് ലൈങ്ങിെൻറ സ്വേച്ഛാവാഴ്ച ഭ്രമം മാത്രമാണെന്ന വിലയിരുത്തലാണ് പൊതുവെ.
ജൂലൈയിൽ സ്ഥാനമൊഴിയേണ്ട ലൈങ് തുടർന്ന് രാജ്യത്തിെൻറ പ്രസിഡൻറ് ആവാൻ ആഗ്രഹിച്ചിരുന്നുവെന്നത് രഹസ്യമല്ല. അതിനായി അദ്ദേഹം തെൻറ രാഷ്്ട്രീയ പാർട്ടിയെ അതിരുകടന്ന് പിന്തുണക്കുകയുമായിരുന്നു. പക്ഷേ, അദ്ദേഹം പ്രതീക്ഷിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തോടെയാണ് ഓങ് സാൻ സൂചിയുടെ എൻ.എൽ.ഡി അധികാരമുറപ്പിച്ചത്. ഈ തിരിച്ചടിയിൽ ഏറെ അസ്വസ്ഥനായ പട്ടാള മേധാവി ഭരണഘടന റദ്ദാക്കുമെന്ന ഭീഷണിപോലും മുഴക്കിയതിെൻറ പിന്നാലെയാണ് അട്ടിമറി അരങ്ങേറിയിരിക്കുന്നത്. 2008ൽ നിലവിൽവന്ന ഭരണഘടനപ്രകാരം തന്നെ പാർലമെൻറിൽ 25 ശതമാനം സീറ്റുകൾ പട്ടാളത്തിന് സംവരണം ചെയ്യപ്പെട്ടതാണ്.
കൂടാതെ, ആഭ്യന്തരം, പ്രതിരോധം, അതിർത്തി സംരക്ഷണം എന്നീ സുപ്രധാന വകുപ്പുകളുടെ കൈകാര്യവും സൈന്യത്തിൽ നിക്ഷിപ്തമാണ്. ഈയധികാരങ്ങളുപയോഗിച്ചാണ് രാൈഖൻ പ്രവിശ്യയിലെ എട്ടുലക്ഷം റോഹിങ്ക്യൻ മുസ്ലിംകളെ 2017ൽ പട്ടാളം ക്രൂരമായി വേട്ടയാടിയതും അവരിൽ 7,30,000 പേരെ അഭയാർഥികളായി അയൽപക്കത്തെ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യാൻ നിർബന്ധിച്ചതും. പ്രാണനുംകൊണ്ടോടിയ റോഹിങ്ക്യകളിൽ ഒട്ടേറെപ്പേർ കടലിൽ മുങ്ങിമരിച്ചു; അവശേഷിച്ചവർ യാത്രായോഗ്യമല്ലാത്ത ബോട്ടുകളിൽ കുടിവെള്ളംപോലും കിട്ടാതെ ആഴ്ചകളോളം അലഞ്ഞുതിരിഞ്ഞതിനൊടുവിൽ മലേഷ്യയിലും തായ്ലൻഡിലുമൊക്കെ കരപറ്റി. ബഹുഭൂരിഭാഗം റോഹിങ്ക്യകളും ബംഗ്ലാദേശിൽ വാസയോഗ്യമല്ലാത്ത തമ്പുകളിൽ പട്ടിണിയും രോഗങ്ങളുമായി മല്ലിട്ട് ജീവിതം എന്ന ശിക്ഷ അനുഭവിച്ചുതീർക്കുന്നു.
ഇവരെ തിരിച്ചെടുക്കാനും പുനരധിവസിപ്പിക്കാനും ഐക്യരാഷ്ട്ര സഭയും ലോകത്തിലെ മനുഷ്യാവകാശ സംഘടനകളുമെല്ലാം നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന അഭ്യർഥനകൾ സൂചിയുടെ ഗവൺമെൻറ് ഇന്നേവരെ ചെവിക്കൊണ്ടിട്ടില്ല. പട്ടാളത്തിെൻറ വിസമ്മതംതന്നെ കാരണം. പക്ഷേ, സൈനിക മേധാവി മിൻ ഓങ് ലൈങ്ങിെൻറ അധികാരക്കൊതിയെ പൂർണമായി തൃപ്തിപ്പെടുത്താൻ കഴിയാതിരുന്നതിെൻറ ശിക്ഷയാണ് ഇപ്പോൾ സൂചി അനുഭവിക്കേണ്ടിവന്നിരിക്കുന്നത്.
ഒരുവർഷത്തെ അടിയന്തരാവസ്ഥയാണ് സൈനികമേധാവി മ്യാന്മറിെൻറ മേൽ അടിച്ചേൽപിച്ചതെങ്കിലും ആ കാലയളവ് പാലിക്കപ്പെടാൻ ഒരു സാധ്യതയുമില്ല. അതിനിടയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തി അധികാരം വിജയികളെ ഏൽപിക്കുമെന്ന് ലൈങ് പറയുന്നുണ്ടെങ്കിലും തെൻറ അർധ സൈനിക പാർട്ടിയെ കുറുക്കുവഴികളിലൂടെ വിജയിപ്പിച്ചെടുക്കാനുള്ള അയാളുടെ കുതന്ത്രംമൂലം എന്തെല്ലാം ദുരിതങ്ങളാണ് മ്യാന്മറിനെ കാത്തിരിക്കുന്നതെന്ന് കാണാൻ പോവുന്നതേയുള്ളൂ.
49 വർഷത്തോളം പട്ടാള ബൂട്ടുകളിലമർന്നുകഴിഞ്ഞ നമ്മുടെ അയൽനാടിന് ഇടക്കാലത്ത് ലഭിച്ച നേരിയ ആശ്വാസംപോലും നഷ്ടപ്പെടുന്നത് കാണുേമ്പാൾ ദുഃഖവും അമർഷവും തോന്നുക സ്വാഭാവികമാണ്. കടുത്ത ഉപരോധ നടപടികൾക്ക് മാത്രമേ തെക്കുകിഴക്കനേഷ്യയിലെ രണ്ടാമത്തെ സൈനിക ശക്തിയായ മ്യാന്മറിനെ പുനർവിചിന്തനത്തിന് പ്രേരിപ്പിക്കാനാവൂ. പക്ഷേ, മ്യാന്മറുമായി അതിർത്തി പങ്കിടുന്ന ഏഷ്യയിലെ ഒന്നാമത്തെ ശക്തിയായ ചൈന ഒരുവിധത്തിലും അത്തരമൊരു നടപടിക്ക് തയാറല്ല.
തങ്ങൾ ഉയ്ഗൂരിലെ മുസ്ലിം ന്യൂനപക്ഷത്തിെൻറ നേരെ അനുവർത്തിക്കുന്നതെന്തോ അതുതന്നെയാണ് മ്യാന്മർ റോഹിങ്ക്യൻ മുസ്ലിംകളുടെ നേരെ പ്രയോഗിക്കുന്നതെന്ന തിരിച്ചറിവ് ചൈനയെ നിഷ്ക്രിയമാക്കുന്നുണ്ടാവാം. അതിലുപരി സമഗ്രാധിപത്യം ഭരണഘടനാപരമായിത്തന്നെ പുലരുന്ന കമ്യൂണിസ്റ്റ് ചൈനക്ക് മ്യാന്മറിലെ അട്ടിമറി ഒരു പ്രശ്നേമ ആവുന്നില്ല.
അതിനാൽ, ആഭ്യന്തരരംഗത്ത് എന്ത് സംഭവിച്ചാലും മ്യാന്മറിെൻറ കൂടെ ൈചനയുണ്ടാവും. ആ രാജ്യത്തിെൻറ നേരെ ഉപരോധം കടുപ്പിക്കുന്നതിൽനിന്ന് യു.എൻ രക്ഷാസമിതിയെ തടയുന്നത് റഷ്യയും ചൈനയുമാണെന്നതുകൂടി കാണാതിരുന്നുകൂടാ. ജനാധിപത്യരാജ്യമായ ഇന്ത്യയാകട്ടെ, ചൈനയുടെ മുതലെടുപ്പ് കരുതിയാവാം മ്യാന്മർ ഭരണകൂടത്തിനുനേരെ കർക്കശ നടപടികൾക്ക് തയാറില്ലെന്നതാണ് ഇതഃപര്യന്തമുള്ള അനുഭവം. അവസാന വിശകലനത്തിൽ അരനൂറ്റാണ്ടുകാലം പട്ടാളവാഴ്ച അനുഭവിച്ചശേഷമാണെങ്കിലും ജനാധിപത്യ പുനഃസ്ഥാപനത്തിന് സഫലമായി പൊരുതിയ ബർമീസ് ജനതയുടെ നിശ്ചയദാർഢ്യംതന്നെയാണ് പ്രതീക്ഷയുടെ ഒരേയൊരു സ്ഫുലിംഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.