ബുൾഡോസർ രാജ് ന്യൂനപക്ഷ വിദ്യാർഥികൾക്കുനേരെയും
text_fieldsഉന്മൂലനരാഷ്ട്രീയം മുഖമുദ്രയാക്കിയ കേന്ദ്രസർക്കാർ, രാജ്യത്തെ ന്യൂനപക്ഷ വിദ്യാർഥികൾക്കുനേരെ നടത്തുന്ന ബുൾഡോസർ പ്രയോഗങ്ങൾ അതിതീവ്രമാം വിധം തുടരുകയാണ്. ഒരുവശത്ത്, പാഠപുസ്തകങ്ങളത്രയും കാവിവത്കരിച്ചുകൊണ്ടിരിക്കെത്തന്നെ, അവശേഷിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികളെ ക്ലാസ് മുറികളിൽനിന്ന് പുറത്താക്കാനുള്ള വിവിധ പദ്ധതികളാണ് അണിയറയിൽ പുരോഗമിക്കുന്നത്. ചരിത്രപരമായ കാരണങ്ങളാൽ വിദ്യാഭ്യാസരംഗത്ത് പിന്നാക്കംപോയ ന്യൂനപക്ഷങ്ങൾക്ക് വലിയ സഹായമായിരുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ നിഷേധിക്കുകയാണ് ഉന്മൂലനത്തിന്റെ പുതിയ വഴി.
ഏറ്റവുമൊടുവിൽ, നാലു ന്യൂനപക്ഷ സ്കോളർഷിപ് പദ്ധതികൾക്കുമേൽ ചുവപ്പുനാട ചാർത്തി ധനസഹായം തടയാനുള്ള ഒരുക്കത്തിലാണ് മോദി സർക്കാർ. പ്രീമെട്രിക് സ്കോളർഷിപ് പദ്ധതി, പോസ്റ്റ് മെട്രിക് സ്കോളർഷിപ് പദ്ധതി, പ്രഫഷനൽ-സാങ്കേതിക കോഴ്സുകൾക്കുള്ള മെറിറ്റ് കം മീൻസ് സ്കോളർഷിപ്, ബീഗം ഹസ്രത് മഹൽ ദേശീയ സ്കോളർഷിപ് എന്നിവയാണിപ്പോൾ സാങ്കേതികക്കുരുക്കിൽ മുറുകിക്കിടക്കുന്നത്. ഈ നാലു സ്കോളർഷിപ്പുകൾക്കായി 2022-23 അക്കാദമിക വർഷം മൊത്തം ലഭിച്ചത് 18.18 ലക്ഷം അപേക്ഷകളായിരുന്നു. ഇതിൽ 11.65 ലക്ഷം അപേക്ഷകളിൽ (ഏകദേശം 64 ശതമാനം) തടസ്സവാദം ഉന്നയിച്ചിരിക്കുകയാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം.
നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സ്കോളർഷിപ് പുതുക്കാനുള്ള അപേക്ഷകൾ പോലും മന്ത്രാലയം മടക്കിയിട്ടുണ്ടെന്ന് വരുമ്പോൾ, ഇത് കേവലം സാങ്കേതികമായൊരു പ്രശ്നമല്ലെന്ന് ആർക്കും ബോധ്യപ്പെടും. എന്നല്ല, കേന്ദ്ര സർക്കാർ ഏജൻസികൾ അംഗീകാരം നൽകിയ അപേക്ഷകളിലാണ് ഈ കടുംവെട്ടെന്നറിയുമ്പോഴാണ് ഇത് കൃത്യമായ ഗൂഢാലോചനയാണോ എന്ന സംശയവും ഉയരുന്നത്.
ഇത്തരത്തിൽ, ന്യൂനപക്ഷ വിദ്യാർഥി സ്കോളർഷിപ്പുകൾക്കുനേരെയുള്ള ബുൾഡോസർ പ്രയോഗം ഇത് ആദ്യത്തേതല്ല. രാജ്യത്തെ വിവിധ സർവകലാശാലകളിൽ റെഗുലറായി പഠിക്കുന്ന ന്യൂനപക്ഷവിഭാഗത്തിൽനിന്നുള്ള എം.ഫിൽ, പിഎച്ച്.ഡി വിദ്യാർഥികൾക്കായി രണ്ടാം യു.പി.എ സർക്കാർ ഏർപ്പെടുത്തിയ മൗലാന ആസാദ് ഫെലോഷിപ് കേന്ദ്രം നിർത്തലാക്കിയത് ഏതാനും മാസങ്ങൾക്കു മുമ്പാണ്. മാസങ്ങളോളം മുടങ്ങിക്കിടന്നിരുന്ന ഫെലോഷിപ്പിനെക്കുറിച്ച് അറിയാനും വിഷയം മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപെടുത്താനുമായി ടി.എൻ. പ്രതാപൻ എം.എൽ.എ ലോക്സഭയിൽ ചോദ്യം ഉന്നയിച്ചപ്പോഴാണ് പദ്ധതിതന്നെ മരവിപ്പിച്ചതായി വകുപ്പ് മന്ത്രി സ്മൃതി ഇറാനി അറിയിച്ചത്.
ഗവേഷകവിദ്യാർഥികൾക്ക് സർക്കാർ ആവിഷ്കരിച്ച മറ്റു സ്കോളർഷിപ്പുകൾക്ക് ന്യൂനപക്ഷ വിദ്യാർഥികൾക്കും അപേക്ഷിക്കാമല്ലോ എന്നതായിരുന്നു ആസാദ് ഫെലോഷിപ് നിർത്തലാക്കുന്നതിന് മന്ത്രി പറഞ്ഞ ന്യായം. സച്ചാർ സമിതി ശിപാർശകളുടെ അടിസ്ഥാനത്തിൽ നടപ്പാക്കിയ മികച്ചൊരു പദ്ധതിയായിരുന്നു ആസാദ് ഫെലോഷിപ്. സർവ പ്രതികൂല സാഹചര്യങ്ങളെയും അതിജയിച്ച്, ഉന്നത വിദ്യാഭ്യാസത്തിനായി അവസരം ലഭിച്ച ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള ഏറ്റവും ഫലവത്തായൊരു സാമ്പത്തിക സഹായ പദ്ധതിയായിരുന്നു അത്. 2019 വരെയും കാര്യമായ കുഴപ്പങ്ങളില്ലാതെ മുന്നോട്ടുപോയ പദ്ധതിയാണ് കോവിഡ് കാലത്തോടെ നിലച്ചുപോയത്; ആ അവസരം മുതലെടുത്ത് അത് എെന്നന്നേക്കുമായി നിർത്തലാക്കുകയും ചെയ്തു.
കഴിഞ്ഞ 18 വർഷമായി തുടരുന്ന മറ്റൊരു ധനസഹായ പദ്ധതികൂടി ഇതേ സമയത്തുതന്നെ നിർത്തലാക്കി- പഠോ പർദേശ് സ്കീം. വിദേശ പഠനത്തിനായി ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്ന വായ്പസഹായത്തിനായിരുന്നു ഈ പദ്ധതി. ഇത് നിർത്തലാക്കിയത് ഔദ്യോഗികമായി അറിയിക്കാൻ പോലും മന്ത്രാലയം തയാറായില്ല. വായ്പയെടുത്ത ബാങ്കുകാർ വഴിയാണ് വിദ്യാർഥികൾ വിവരമറിയുന്നത്. നേരത്തേ, ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ലഭ്യമായിരുന്ന പ്രീമെട്രിക് സ്കോളർഷിപ് ഒമ്പത്, 10 ക്ലാസുകാർക്ക് മാത്രമായി നിജപ്പെടുത്തിയതും കടുംവെട്ടിന്റെ ഈ കാലത്താണ്. ഇതിന്റെയൊക്കെ തുടർച്ചയിലാണ് കടുംവെട്ടിന് പുതിയ മുഖവുമായി കേന്ദ്രം ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കുനേരെ മോദിയുടെ നേതൃത്വത്തിലെ ഹിന്ദുത്വ സർക്കാർ നടത്തുന്ന വിവിധങ്ങളായ കൈയേറ്റങ്ങളുടെ തുടർച്ചയായേ ഇതിനെയെല്ലാം കാണാനാകൂ. ന്യൂനപക്ഷമുക്തമായൊരു രാഷ്ട്രം സ്വപ്നം കാണുകയും അതിനായി പണിയെടുക്കുകയും ചെയ്യുന്ന ഹിന്ദുത്വ, ആ മന്ത്രാലയത്തെത്തന്നെ ഞെരുക്കിക്കളഞ്ഞിരിക്കുന്നു. ഇക്കഴിഞ്ഞ ബജറ്റിൽ ന്യൂനപക്ഷ മന്ത്രാലയത്തിന് അനുവദിച്ച തുക മുൻവർഷത്തേതിനേക്കാൾ 38 ശതമാനം കുറവാണ്.
കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ച തുകയിൽ 48 ശതമാനം ചെലവഴിച്ചില്ലെന്ന വസ്തുതയും ഇതോടൊപ്പം ചേർത്തുവായിക്കണം. അതുകൊണ്ടുതന്നെ, സ്കോളർഷിപ്പിനുമേലുള്ള ഈ നിയന്ത്രണം കേവലം യാദൃച്ഛികമാണെന്ന് കരുതാനാവില്ല. ഹിന്ദുത്വ ഫാഷിസത്തിന്റെ ഒന്നാംതരം വിവേചന ഭീകരത തന്നെയാണിത്. ഈ നീക്കത്തെ ചെറുത്തേ മതിയാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.