കോൺഗ്രസ് ശിബിരത്തിന്‍റെ ഉദയചിന്തകൾ
text_fieldsഅതിജീവനത്തിനും അഭ്യുദയത്തിനുമുള്ള നിശ്ചയദാർഢ്യം ആവർത്തിച്ചു പ്രഖ്യാപിച്ചുകൊണ്ടാണ് രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ത്രിദിന നവസങ്കൽപ് ചിന്തൻ ശിബിരത്തിന് ഇന്ത്യൻ നാഷനൽ കോൺഗ്രസ് സമാപനം കുറിച്ചത്. ഏറെ കൊട്ടിഘോഷത്തോടെ നടത്തിയ പരിപാടിയിൽ അടുത്ത തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പാർട്ടിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് കൂടുതലും ചർച്ച ചെയ്യപ്പെട്ടത്. ബി.ജെ.പിയുടെ അപ്രതിഹതമായ മുന്നേറ്റത്തിൽ തകർന്ന സംഘടനയെ എങ്ങനെ പുതുക്കിപ്പണിയാം എന്നതായിരുന്നു ആശയാദർശങ്ങൾ, സാമ്പത്തികനയം, സാമൂഹിക എൻജിനീയറിങ് തുടങ്ങി പ്രസക്തമായ വിഷയങ്ങളെ ആസ്പദിച്ചുള്ള ചിന്തൻ ശിബിരത്തിന്‍റെ മുഖ്യവിഷയം. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി നിയോഗിച്ച ആറു പാനലുകൾ അവതരിപ്പിച്ച ശിപാർശകൾ വിശദമായി പഠനവിധേയമാക്കി തയാറാക്കിയ പ്രഖ്യാപനത്തോടെയായിരുന്നു ശിബിരത്തിന്‍റെ സമാപനം.
ഒരാൾക്ക് ഒരു പദവി, പാർട്ടി പദവിയിൽ പരമാവധി അഞ്ചുവർഷം, അതുകഴിഞ്ഞ് മൂന്നുവർഷത്തെ 'കൂൾ ടൈമി'നുശേഷം അടുത്ത ഊഴം, മുഴു സംഘടന തലങ്ങളിലും പട്ടികജാതി-പട്ടികവർഗവിഭാഗങ്ങൾ, ഇതര പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്ക് 50 ശതമാനം പ്രാതിനിധ്യം, സംഘടന ഭാരവാഹിത്വങ്ങളിൽ പകുതി 50 വയസ്സിൽ താഴെയുള്ളവർക്ക്, ഭാരവാഹികളുടെ പ്രവർത്തനക്ഷമത വിലയിരുത്താൻ പ്രത്യേക വിഭാഗം, പൊതുജന വികാരമറിയാൻ പബ്ലിക്ക് ഇൻസൈറ്റ് ഡിപ്പാർട്ട്മെന്റ്, ഇന്‍റഗ്രേറ്റഡ് കമ്യൂണിക്കേഷൻസ് ഡിപ്പാർട്ട്മെന്റ്, ദേശീയതലത്തിൽ പരിശീലന വകുപ്പ് എന്നിങ്ങനെ പാർട്ടിയെ അകത്തും പുറത്തും പുതുക്കിപ്പണിയുന്ന തീരുമാനങ്ങളാണ് പ്രഖ്യാപനത്തിലുള്ളത്.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ സമർപ്പിച്ച നിർദേശങ്ങളാണ് ഉദയ്പൂർ പ്രഖ്യാപനത്തിൽ മുച്ചൂടും. പ്രശാന്തിനെ തള്ളിയെങ്കിലും അദ്ദേഹത്തിന്‍റെ പ്രമേയം അപ്പടി അംഗീകരിച്ച മട്ടാണ്. കോൺഗ്രസിനെ കൂടുതൽ ജനാധിപത്യവത്കരിക്കണമെന്ന് വാദിച്ചുവന്ന മുതിർന്നവരുടെ തിരുത്തൽവാദി വിഭാഗമായ ജി 23 സംഘത്തിന്‍റെ ശിപാർശകൾ പ്രഥമദൃഷ്ട്യ തള്ളിയെങ്കിലും അതുൾക്കൊണ്ടുള്ളതാണ് തീരുമാനങ്ങളിൽ പലതും. കോൺഗ്രസ് പാർലമെന്‍ററി ബോർഡ് എന്ന മുതിർന്ന നേതാക്കളുടെ ഒരുവേദി അവരുന്നയിച്ച ആവശ്യങ്ങളിൽ മുഖ്യമായിരുന്നു. അതു നിരാകരിച്ചെങ്കിലും കോൺഗ്രസ് പ്രവർത്തകസമിതിയിൽ നിന്നൊരു ഉപദേശകസമിതി സോണിയ ഗാന്ധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിരതയില്ലാത്ത നേതൃത്വം എന്ന അപഖ്യാതി ഒഴിവാക്കാനും അനാവശ്യ ഉപജാപക വൃന്ദങ്ങളിൽനിന്നു നേതൃത്വത്തെ രക്ഷപ്പെടുത്താനും ഗാന്ധി കുടുംബത്തിൽനിന്നു പുറത്തേക്കുള്ള നേതൃമാറ്റം എന്ന ജി 23 ആശയം അംഗീകരിക്കപ്പെടുകയുണ്ടായില്ല. പാർട്ടി തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും രാഹുൽ വീണ്ടും അധ്യക്ഷസ്ഥാനത്ത് അവരോധിക്കപ്പെടുന്ന നിലയിലാണ് ഉദയ്പൂർ സമ്മേളനം സമാപിച്ചത്. എങ്കിലും തിരുത്തൽവാദികളുടെ ആശയസമരം ഫലംചെയ്തു എന്നുതന്നെയാണ് നവസങ്കൽപ് ചിന്തൻ ശിബിരം തെളിയിക്കുന്നത്.
യാഥാർഥ്യബോധം ഉൾക്കൊള്ളാനുള്ള കോൺഗ്രസിന്‍റെ സന്നദ്ധതയും ഉദയ്പൂരിൽ തെളിഞ്ഞുകണ്ടു. അതിൽ പ്രധാനം പാർട്ടിയും ജനങ്ങളുമായുള്ള ബന്ധം മുറിഞ്ഞുപോയെന്നു സമ്മതിച്ച് അതു റീകണക്ട് ചെയ്യാനുള്ള മാർഗങ്ങൾ ആരായാനുള്ള തീരുമാനമാണ്. ജനസമ്പർക്കത്തിനു കൂടുതൽ അവസരമൊരുക്കാനായി ആഗസ്റ്റ് 15ന് 'തൊഴിൽ തരൂ' എന്നൊരു കാമ്പയിനും കശ്മീർ മുതൽ കന്യാകുമാരി വരെ 'ഭാരത് ജോഡോ' (ഇന്ത്യ ഒന്നാവട്ടെ) മുദ്രാവാക്യമുയർത്തി പദയാത്രയും പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനവുമായി ബന്ധം അറ്റുപോയി എന്നാണെങ്കിൽ, പുതുതലമുറയുമായി കോൺഗ്രസിന് ബന്ധം ഉണ്ടാക്കാനാവുന്നില്ലെന്ന നേരും രാഹുൽ പങ്കുവെച്ചു. ആശയവിനിമയത്തിൽ പ്രതിയോഗികൾ പാർട്ടിയെ പിറകിലാക്കുകയാണെന്നും അവർക്കു കവിഞ്ഞ പണവും ആശയവിനിമയ സംവിധാനവുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്യൂണിക്കേഷൻ സിസ്റ്റം മാറ്റാനും യുവാക്കളെ പിടിക്കാൻ പുതു സാങ്കേതികവിദ്യയുടെ ഉപയോഗം സജീവമാക്കാനും പ്രത്യേക വകുപ്പിനുതന്നെ രൂപം നൽകുന്നുണ്ട്. രാജ്യവ്യാപക സാന്നിധ്യമുള്ള ദേശീയകക്ഷി കോൺഗ്രസ് ആയതിനാൽ ബി.ജെ.പിക്ക് പ്രതിരോധം തീർക്കാൻ തങ്ങൾക്കേ കഴിയൂ എന്നും പ്രാദേശികകക്ഷികൾ പലതും ജാതികേന്ദ്രീകൃതമാണെന്നും ആക്ഷേപിക്കുമ്പോൾതന്നെ, ബി.ജെ.പി ഇതര പ്രാദേശിക കക്ഷികളുമായി സഖ്യസാധ്യത അടച്ചുവെക്കുന്നില്ലെന്ന് സമ്മേളന പ്രഖ്യാപനത്തിൽ പറയുന്നു.
തുടർച്ചയായ രണ്ടു തെരഞ്ഞെടുപ്പു തകർച്ചകൾക്കുശേഷം പരിമിതികൾ തിരിച്ചറിഞ്ഞും സാധ്യതകളിലേക്ക് ശ്രദ്ധയൂന്നിയും കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള തീരുമാനവുമായാണ് ചിന്തൻ ശിബിരം സമാപിച്ചിരിക്കുന്നത്. പ്രഖ്യാപനം പ്രയോഗത്തിലേക്കിറങ്ങിയാൽ കോൺഗ്രസിനു മികവിലേക്കുമാറാൻ കഴിയും എന്ന കാര്യത്തിൽ സംശയമില്ല. ചിന്തോദ്ദീപക ശിബിരങ്ങൾ കോൺഗ്രസിൽ നടാടെയല്ല. രാജസ്ഥാനിൽതന്നെ മൗണ്ട് ആബുവിൽ വാജ്പേയി ഭരണകാലത്ത് 2002 നവംബറിൽ ചിന്തൻ ശിബിരം നടത്തിയിരുന്നു. ബി.ജെ.പി 'ഇന്ത്യ തിളങ്ങുന്നു' കാമ്പയിനുമായി പൊതുതെരഞ്ഞെടുപ്പിനു കച്ചകെട്ടുന്ന സമയമായിരുന്നു. അന്നു ശിബിരത്തിൽനിന്ന് കോൺഗ്രസ് കരുത്തുനേടിയപ്പോൾ 2004ലെ തെരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ അധികാരത്തിൽ തിരിച്ചെത്തി. പത്തുവർഷത്തിനുശേഷം 2013ൽ ജയ്പൂരിൽ അധികാരത്തിന്‍റെ രണ്ടാമൂഴത്തിലിരിക്കെ കോൺഗ്രസ് നടത്തിയ ചിന്തൻ ശിബിരത്തിന്‍റെ പരിണതി മറ്റൊന്നായിരുന്നു. 13 സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഭരണത്തിലിരിക്കെ നടത്തിയ പരിപാടിയുടെ പിറകിൽവന്ന 2014ലെ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടു. നരേന്ദ്ര മോദി ഭരണം പിടിച്ചു. പിന്നെയുമൊരു പതിറ്റാണ്ടുനീങ്ങെ വീണ്ടുമൊരു തിരിച്ചറിവിനും തിരിച്ചുവരവിനും ശ്രമിക്കുന്ന കോൺഗ്രസ് വ്യത്യസ്തമായ രണ്ടു മുന്നനുഭവങ്ങളിൽ ഏതു പകർത്തും എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഭാവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.