Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightനാടിന് വേണ്ട, ഈ വഡോദര...

നാടിന് വേണ്ട, ഈ വഡോദര മാതൃക

text_fields
bookmark_border
vadodara
cancel

‘മുഖ്യമന്ത്രി ആവാസ് യോജന’ എന്ന ഭവനപദ്ധതി പ്രകാരം അർഹതപ്പെട്ട ഫ്ലാറ്റിനായി ഒരു സ്ത്രീ അപേക്ഷ സമർപ്പിക്കുന്നു; മറ്റനേകം പേർക്കൊപ്പം അവർക്കും ഫ്ലാറ്റ് അനുവദിക്കുന്നു. എന്നാൽ, കുറെ ആളുകളുടെ എതിർപ്പ് കാരണം അവർക്ക് അവിടെ താമസമാക്കാൻ പറ്റാതെ വരുന്നു. ആറുവർഷത്തെ കാലവിളംബത്തിന് ശേഷം അവർ അങ്ങോട്ട് താമസമാക്കാനൊരുങ്ങുമ്പോൾ ഫ്ലാറ്റ് സമുച്ചയത്തിലെ മറ്റു താമസക്കാരിൽ ചിലർ അതിനെതിരെ പരസ്യമായി പ്രതിഷേധമുയർത്തുന്നു. അവരുടെ വരവ് തടയാൻ അധികൃതരോട് ആവശ്യപ്പെടുന്നു. അതിന് അവർ പറയുന്ന കാരണം, ഈ വരുന്ന സ്ത്രീ മുസ്‍ലിമാണ് എന്നതത്രേ. നിയമം അവരെ തടയുന്നുവത്രേ. അസ്വാസ്ഥ്യബാധിത പ്രദേശങ്ങളിൽ കലക്ടറുടെ അനുമതിയില്ലാതെ വീടും സ്വത്തുക്കളും കൈമാറ്റം ചെയ്യാൻ പാടില്ലെന്ന് നിയമമുണ്ട്. അതുപ്രകാരം ഈ കൈമാറ്റം നിയമാനുസൃതമല്ല. അത് അധികാരികൾ അനുവദിക്കരുത്; കൊടുത്തുകഴിഞ്ഞ അനുമതി റദ്ദാക്കണം- ഇതൊക്കെയാണ് പ്രതിഷേധക്കാരുടെ ആവശ്യം. കുറഞ്ഞ വരുമാനക്കാർക്കുവേണ്ടിയുള്ളതാണ് മുഖ്യമന്ത്രി ഭവനപദ്ധതി. 460 ഫ്ലാറ്റുള്ള സമുച്ചയത്തിൽ ഫ്ലാറ്റ് അനുവദിക്കപ്പെട്ട ഏക മുസ്‍ലിമാണ് ഈ സ്ത്രീ. എതിർപ്പുകാരണം അവർ മകന്റെ കൂടെ മറ്റൊരു സ്ഥലത്ത് താൽക്കാലികമായി താമസിക്കുകയായിരുന്നു. അസ്വസ്ഥപ്രദേശ നിയമം പ്രാബല്യത്തിലുണ്ടെങ്കിലും ഈ ഫ്ലാറ്റ് സമുച്ചയമുള്ള പ്രദേശത്ത് എന്തെങ്കിലും തരത്തിലുള്ള സാമൂഹിക പ്രശ്നങ്ങൾ നിലവിലില്ല. ഈ സാഹചര്യത്തിൽപോലും നിസ്സഹായയായ ഒരു സ്ത്രീക്ക് അർഹതപ്പെട്ട താമസസ്ഥലം അനുവദിച്ചതിനെതിരെ 30ലധികം പേർ പരസ്യമായി രംഗത്തുവന്നു എന്നത് രാജ്യത്തിന്റെ അവസ്ഥയെപ്പറ്റി പറഞ്ഞുതരുന്നുണ്ട്. മതവിവേചനത്തിന് നിയമംതന്നെ ഉപകരണമാക്കുന്നതെങ്ങനെ എന്നും അത് വ്യക്തമാക്കുന്നു.

1985 മുതൽ ഗുജറാത്തിൽ വർഗീയ അസ്വാസ്ഥ്യം കാരണം പലരും വീടുവിറ്റ് പലായനം ചെയ്ത സാഹചര്യത്തിൽ സദുദ്ദേശ്യത്തോടെ നിർമിക്കപ്പെട്ടതായിരുന്നു ഈ നിയമം. ജനങ്ങളുടെ ഭീതി മുതലെടുത്ത് ഭൂമാഫിയക്കാർ ചുളുവിലക്ക് ഭൂസ്വത്ത് കൈവശപ്പെടുത്തുന്ന രീതി വ്യാപകമായപ്പോൾ അത്തരം ചൂഷണം തടയാനുദ്ദേശിച്ചാണ് അതുണ്ടാക്കിയത്. എന്നാൽ, പിന്നീട് സംസ്ഥാനത്ത് ഭരണമേറ്റ നരേന്ദ്ര മോദി സർക്കാർ 2009ലും 2019ലും അതിൽ വരുത്തിയ ഭേദഗതികൾ അതിനെ വിവേചനത്തിന്റെ ആയുധമാക്കി. അസ്വസ്ഥത ഭയന്നാൽ ഭൂമികൈമാറ്റം കലക്ടർക്ക് തടയാമെന്നും, ജനസംഖ്യാ സന്തുലനത്തിൽ മാറ്റംവരുമെന്ന് തോന്നിയാൽപോലും ഇടപെടാമെന്നുമൊക്കെ നിയമത്തിൽ വ്യവസ്ഥയുണ്ടാക്കി. അസ്വസ്ഥപ്രദേശമായി വിജ്ഞാപനം ചെയ്ത സ്ഥലങ്ങളിലാണ് നിയമം പ്രാബല്യത്തിലുള്ളത്. മോദിസർക്കാർ ഇടക്കിടെ കൂടുതൽ കൂടുതൽ സ്ഥലങ്ങൾ അസ്വസ്ഥപ്രദേശമായി വിജ്ഞാപനം ചെയ്തുകൊണ്ട് അതിന്റെ വ്യാപ്തിയും വർധിപ്പിച്ചുകൊണ്ടിരുന്നു. മുമ്മൂന്നു വർഷം കൂടുമ്പോൾ നിയമത്തിന്റെ കാലാവധിയും നീട്ടിക്കൊണ്ടിരിക്കുന്നു. ജൂൺ 30ന് പതിനൊന്നാമത്തെ തവണയാണ് പുതുക്കാൻ പോകുന്നത്. നിയമമുണ്ടാക്കി, അത് ഭരണകൂടത്തിന്റെ താൽപര്യമനുസരിച്ച് പക്ഷഭേദത്തോടെ നടപ്പാക്കുക എന്നതാണ് നടക്കുന്നത്. സംരക്ഷണ ലക്ഷ്യത്തോടെ നിർമിച്ച നിയമം ഇന്ന് വംശീയ വേർതിരിവിനും അവഗണനക്കുമായി ഉപയോഗിക്കപ്പെടുകയാണ്. ഒരുതരം അസ്വസ്ഥതയും നിലവിലില്ലാത്ത സ്ഥലങ്ങളിൽപോലും അനാവശ്യമായി ഈ നിയമം പ്രയോഗിക്കപ്പെടുന്നത് ന്യൂനപക്ഷക്കാരെ അകറ്റിനിർത്താനാണ്. സമുദായങ്ങൾ കൂടിക്കലർന്ന് മൈത്രിയിൽ കഴിയേണ്ട രാജ്യത്ത് ചേരിതിരിവ് സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അമേരിക്കയിൽ ഒരുകാലത്ത് കുറത്തവരെ അകറ്റിപ്പാർപ്പിക്കുന്ന ‘ജിം ക്രോ നിയമ’മുണ്ടായിരുന്നു. 1960കളിൽ അത് തിരുത്തി ബഹുസമുദായ വാസസ്ഥലങ്ങൾ നിർമിക്കാൻ പ്രത്യേക പദ്ധതിതന്നെ (ഫെയർ ഹൗസിങ് ആക്ട്) കൊണ്ടുവരേണ്ടിവന്നു. നാം ഇപ്പോൾ നടക്കുന്നത് പിന്നോട്ടാണ്.

ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ഒരുപറ്റം രാഷ്ട്രീയ നേതാക്കളും ഭരണസംവിധാനങ്ങളും പുലർത്തുന്ന നീതികേടാണ് നമ്മുടെ മുഖ്യ പ്രശ്നം. വ്യാപകമായ വിദ്വേഷപ്രചാരണം ജനഹൃദയങ്ങളെ മലിനമാക്കിക്കഴിഞ്ഞു. ഇത് തിരുത്താനും അന്യായത്തെ ചെറുക്കാനും പൊതുസമൂഹത്തിന് കഴിയണം. തെരഞ്ഞെടുപ്പുകാലത്ത് ശക്തിപ്പെട്ട മതനിരപേക്ഷ-സമൂഹനീതി പ്രസ്ഥാനങ്ങൾ കൂടുതൽ സജീവമായി രംഗത്തിറങ്ങേണ്ട സമയമായിരിക്കുന്നു.​ വെറുപ്പ് വിഷം കലർത്തിയ ഹൃദയങ്ങളിൽ മൈത്രിയുടെ ഔഷധം ഫലിക്കുമെന്നതിന്റെ തെളിവുകൂടിയായിരുന്നല്ലോ തെരഞ്ഞെടുപ്പ്. വർഗീയതയെ പ്രതിരോധിക്കാൻ പൊതുസംരംഭങ്ങൾക്കുപുറമെ, നീതിരഹിതമായ നിയമങ്ങളെ ചെറുക്കുന്ന നിയമപോരാട്ടങ്ങളും പൗരപ്രസ്ഥാനങ്ങളുടെ മുൻകൈയിൽ ഉണ്ടാകണം. 2020ൽ വഡോദരയിൽ കലക്ടർ തടഞ്ഞ വസ്തുകൈമാറ്റം പിന്നീട് ഹൈകോടതി അനുവദിക്കുകയുണ്ടായി. പക്ഷേ, പാവങ്ങൾക്ക് കോടതിയെ സമീപിക്കാൻ വേണ്ട നിയമബോധമോ സാമ്പത്തിക ശേഷിയോ ഇല്ലാത്ത അവസ്ഥയിൽ അവർ അനീതിക്ക് വഴങ്ങേണ്ടിവരുന്നു. ഇരകളെ സഹായിക്കാനായി പ്രത്യേക സംവിധാനങ്ങൾ ഉണ്ടാകണമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഗുജറാത്തിന് പുറത്തും സമാനമായ വിവേചനമുണ്ട്. പൊതുസമൂഹവും ജുഡീഷ്യറിയും പൗരാവകാശ പ്രസ്ഥാനങ്ങളും അടിയന്തരമായി ഇടപെടേണ്ട വിഷയമാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam editorial country does not want this Vadodara model
Next Story