ഇൗ പ്രക്ഷോഭം ചായക്കോപ്പയിലെ കൊടുങ്കാറ്റല്ല
text_fieldsപഞ്ചാബ്-ഹരിയാന റോഡിലെ ഷംഭുവിൽ സിമൻറ് ഡിവൈഡറുകൾകൊണ്ട് പാതക്കു കുറുകെ കോട്ട കെട്ടി. കർണാലിൽ 150 ഒാളം ട്രക്കുകൾ ഹൈവേയിൽ കുറുകെ നിർത്തി. പാനിപ്പത്തിലും സോണിപ്പത്തിലും എട്ടടി ആഴത്തിൽ ദേശീയപാതയിൽ വലിയ കിടങ്ങുകൾ കീറി. എന്നിട്ടും തടഞ്ഞുനിർത്താനാവാത്ത കർഷകരോഷത്തെ ജലപീരങ്കിയും ലാത്തിയും ഗ്രനേഡും ഉപയോഗിച്ചു തുരത്തിനോക്കി. ഭരണകൂടത്തിെൻറ ഏത് അതിക്രമത്തിനും അവരെ ഇരയാക്കുന്നതിനുള്ള ന്യായം ചമയ്ക്കാനായി ഫാഷിസത്തിെൻറ മടിശ്ശീല മാധ്യമങ്ങളെ (ഗോദി മീഡിയ) ഉപയോഗിച്ച് ഭീകരച്ചാപ്പ കുത്തി- ജനതയെ തീറ്റിപ്പോറ്റുന്ന അന്നദാതാക്കളായ കർഷകരെ, അതിർത്തി കാക്കുന്ന ജവാന്മാർക്കൊപ്പം ജീവനു തുല്യം സ്നേഹിച്ച് 'ജയ് ജവാൻ, ജയ് കിസാൻ' വിളിച്ചാദരിച്ചുപോന്ന രാജ്യത്തെ ഭരണകൂടം ഇപ്പോൾ അവരുടെ പ്രതിഷേധത്തിരമാലകൾക്കെതിരെ ചിറകെട്ടാൻ നടത്തുന്ന വൃഥാവേലകളുടെ സാമാന്യചിത്രമാണിത്. കാലമിന്നോളം തങ്ങളെ ചൂഷണം ചെയ്തവർക്കെതിരായി ഭരണകൂടത്തോട് പരാതി പറയാനായിരുന്നു ഇത്തരം പ്രതിഷേധങ്ങൾ. എന്നാൽ, ഇത്തവണ അഞ്ഞൂറിലേറെ കർഷകസംഘടനകൾ രാജ്യതലസ്ഥാനത്തേക്ക് ജ്വലിക്കുന്ന പ്രതിഷേധവുമായി കുതിക്കുന്നത്, കൊടിയ ചൂഷണത്തിനു വഴിയൊരുക്കിയ ഭരണകൂടത്തെ തിരുത്തിക്കാനാണ്.
ഒാർഡിനൻസുകളുടെ രൂപത്തിൽ ആരുമായും ചർച്ച നടത്താതെ മോദിസർക്കാർ ചുളുവിൽ കഴിഞ്ഞ ജൂണിൽ കൊണ്ടുവരുകയും പിന്നീട് പാർലമെൻറിൽ പാസാക്കിയെടുക്കുകയും ചെയ്ത കർഷകദ്രോഹ, കൃഷിമാരണനിയമങ്ങൾ പിൻവലിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ് അവർ. വിളകൾക്ക് മിനിമം താങ്ങുവിലയടക്കം കർഷകന് ലഭ്യമായിരുന്ന നാമമാത്ര ആനുകൂല്യംപോലും ഇല്ലാതാക്കി അവരെ കഴുത്തറപ്പൻ കോർപറേറ്റ് കുത്തകകളുടെ ദയാദാക്ഷിണ്യത്തിനു വിട്ടുകൊടുത്ത പുതിയ നിയമനിർമാണങ്ങൾക്കെതിരെ മാസങ്ങളായി ഉരുണ്ടുകൂടിയ പ്രതിഷേധമാണ് ഇപ്പോൾ ശക്തമായ ചുഴലിക്കാറ്റായി തലസ്ഥാനേത്തക്കടുക്കുന്നത്. കരിനിയമം പിൻവലിക്കുന്നതിൽ കുറഞ്ഞതു കൊണ്ടൊന്നും പൊറുക്കില്ലെന്നാണ് അവരുടെ നിലപാട്. ഡിസംബർ ഒന്നിന് ചൊവ്വാഴ്ച കേന്ദ്രമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ വിഷയം പഠിക്കാൻ സമിതിയെ നിയോഗിക്കാമെന്ന അയഞ്ഞ നിർദേശത്തിൽ തൃപ്തരാകാതെ അവർ സമരവുമായി മുന്നോട്ടുപോകുകയാണ്. ബുധനാഴ്ച യു.പി-ഡൽഹി അതിർത്തിയിൽ അവർ കുത്തിയിരുന്നതോടെ തലസ്ഥാനത്തേക്കുള്ള ഒരു രാജപാത കൂടി സ്തംഭിച്ചിരിക്കുന്നു.
കാർഷികസമ്പദ്വ്യവസ്ഥയുടെ മേനിപറയുന്ന ഒരു രാജ്യം അതിെൻറ നെട്ടല്ലായ കർഷകർ പ്രതിഷേധമുയർത്തുേമ്പാൾ കാരണം കണ്ടെത്തി പരിഹരിക്കാനും നാടിനെ നടുവൊടിയാതെ കാക്കാനുമുള്ള വിവേകമാണ് കാണിക്കേണ്ടത്. എന്നാൽ, പരവിദ്വേഷം അടിസ്ഥാനാദർശമായി അംഗീകരിച്ച ഹിന്ദുത്വ ഭരണകൂടത്തിൽനിന്നു അത്തരം സാമാന്യമര്യാദകൾ പ്രതീക്ഷിക്കുന്നതിൽ അർഥമില്ലെന്ന് ഇതുവരെയുള്ള അവരുടെ കേന്ദ്ര-സംസ്ഥാന ഭരണാനുഭവങ്ങൾ തെളിയിക്കുന്നുണ്ട്. മുഖസ്തുതിക്കാർക്കും വാഴ്ത്തിപ്പാട്ടുകാർക്കുമല്ലാതെ പ്രതിശബ്ദങ്ങൾക്ക് ഇടമേയില്ല എന്ന ഫാഷിസത്തിെൻറ പ്രഖ്യാപിതതത്ത്വം കർശനമായിതന്നെ കൊണ്ടുനടത്തുന്നുണ്ട് മോദി സർക്കാറും അതിെൻറ നിഴലുകളായ യോഗി, ഖട്ടർ ആദിയായവരുടെ സംസ്ഥാനസർക്കാറുകളും. ആശുപത്രിയിൽ കുട്ടികൾ കൂട്ട മരണമടയുേമ്പാൾ ഉത്തരവാദികളെ വിട്ട് മരണവക്ത്രത്തിൽനിന്നു രക്ഷിച്ചവരെ ശിക്ഷിച്ച് മാനം നേടുക, ആൾക്കൂട്ടം തല്ലിക്കൊന്നവർക്ക് അനുഭാവവും ആനുകൂല്യവും നൽകുന്നതിനുപകരം കൊലയാളികൾക്ക് ഒൗദ്യോഗിക ആദരം നൽകുക, സർക്കാറിെൻറ ജനവിരുദ്ധ നയത്തിനെതിരെ സമാധാനപരമായി സമരം നടത്തുന്നവർക്കിടയിലേക്ക് കലാപമിളക്കിവിടാൻ അണികളെ അഴിച്ചുവിടുക, കലാപത്തിൽ ഇരകളായ വിഭാഗത്തിലെ ആളുകളെ തന്നെ അതിെൻറ പ്രണേതാക്കളാക്കി കേസിൽ കുരുക്കി ശിക്ഷിക്കുക-ഇങ്ങനെ നേരിനെ തലകീഴാക്കി കെട്ടിത്തൂക്കി തല്ലിക്കൊല്ലുന്നതാണ് ഹിന്ദുത്വഭരണത്തിെൻറ ന്യൂ നോർമൽ. ഇൗ പാറ്റേണിൽ കർഷകസമരത്തെയും നേരിടാമെന്ന മോദി-ഷാ ലളിതസൂത്രം ഇത്തവണ വിജയിക്കുന്ന മട്ടില്ലെന്നാണ് ഒരാഴ്ച പിന്നിടുന്ന 'ദില്ലി ചലോ' സമരം തെളിയിക്കുന്നത്.
പ്രതിപക്ഷത്തിെൻറ പ്രകോപനത്തിൽ മൂച്ചുകയറിയെത്തുന്ന പ്രശ്നക്കാരും ഖാലിസ്താൻ, മാവോയിസ്റ്റ് തീവ്രവാദികളുമായി അവരെ മുദ്രയടിക്കാനാണ് സംഘ്പരിവാർ ശ്രമമുണ്ടായത്. വാസ്തവത്തിൽ ഖാലിസ്താൻ തീവ്രവാദം പോലും മുളപൊട്ടുന്നത് പഞ്ചാബിലെ കർഷകരെ തള്ളി അവരുടെ ഉൽപന്നങ്ങൾ ബഹുരാഷ്ട്രകുത്തകകൾക്കു തീറെഴുതാനുള്ള അന്നത്തെ കേന്ദ്ര ഭരണ തീരുമാനത്തിൽനിന്നായിരുന്നു എന്ന കാര്യം സംഘ് ഭരണകൂടവും പ്രചാരവേലക്കാരും ഒാർത്തില്ല. കരിനിയമത്തിലൂടെ കഴുത്തിനുപിടിച്ച ഭരണക്കാർക്ക് ടീപാർട്ടി നടത്തി ഒതുക്കാവുന്ന ചായക്കോപ്പയിലെ കൊടുങ്കാറ്റല്ല, തങ്ങളുടെ പ്രതിഷേധമെന്നും ജീവൽപ്രശ്നം പരിഹരിച്ചേ അതടങ്ങൂ എന്നും മന്ത്രിമാരുടെ മുഖമടക്കി പറഞ്ഞ കർഷകർ നൽകുന്ന സൂചന അത്ര ലഘുവല്ല. 'ഞങ്ങൾ ആരുടെയും സ്വാധീനത്തിനു വിധേയരായി വന്നവരല്ല. വരാൻ പോകുന്ന ദുരന്തമോർത്ത് ഞങ്ങളുടെ ചോര തിളക്കുകയാണ്' എന്നാണ് ഹരിയാനയിലെ കർണാലുകാരൻ സതീഷ് കുമാർ വിളിച്ചുപറഞ്ഞത്. അന്നം മുട്ടുന്ന കർഷകരുടെ ഇൗ രോഷം മതി സകല ഭരണകൂട ധാർഷ്ട്യങ്ങളെയും ഭസ്മീകരിക്കാൻ. അതിനാൽ, ഉപായംകൊണ്ട് ഒാട്ടയടക്കാനുള്ള ശ്രമം കൈയൊഴിഞ്ഞ് യഥാർഥ പരിഹാരത്തിലേക്കു നീങ്ങുകയേ കേന്ദ്രത്തിനു മുന്നിൽ വഴിയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.