പ്രതിരോധ ഇടപാടുകളിലെ സുതാര്യത
text_fieldsനമ്മുടെ ഭരണകൂടം വിവിധ രാജ്യങ്ങളുമായും ഏജൻസികളുമായും നടത്തുന്ന പ്രതിരോധ ഇടപാടുകളുടെ വിശദാംശങ്ങൾ സാധാരണഗതിയിൽ പൊതുജനങ്ങൾ അറിയാറില്ല. അതൊന്നും ജനം അറിയേെണ്ടന്ന നിലപാടാണ് ഭരണവർഗം കാലങ്ങളായി വെച്ചുപുലർത്തുന്നത്. അതുകൊണ്ടാണല്ലോ, പ്രതിരോധ കരാറുകൾ പോലുള്ള കാര്യങ്ങൾ വിവരാവകാശ നിയമത്തിെൻറ പരിധിക്കുപുറത്തായത്. വാർഷിക ബജറ്റിൽ പ്രതിരോധ മേഖല സംബന്ധിച്ച് നടത്തുന്ന പരാമർശങ്ങൾ മാത്രമാണ് പരിമിതമായെങ്കിലും എന്തെങ്കിലും അറിയാനുള്ള ഏക മാർഗം. ഇൗ മേഖല അഴിമതിയുടെ കൂത്തരങ്ങാക്കി മാറിയെന്നതാണ് അതിെൻറ ഫലം. പത്തു വർഷത്തിനിടെ, ഇന്ത്യയുടെ പ്രതിരോധ ബജറ്റിലുണ്ടായ വർധന നൂറു ശതമാനത്തിൽ അധികമാണ്. കഴിഞ്ഞയാഴ്ച, കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി അവതരിപ്പിച്ച ബജറ്റിൽപോലും ജി.ഡി.പിയുടെ 2.5 ശതമാനവും നീക്കിവെച്ചത് പ്രതിരോധത്തിനാണ്. ഇത്ര വലിയ തുക എങ്ങനെ വിനിയോഗിക്കപ്പെടുന്നുവെന്നത് നിഗൂഢമായി തുടരുന്നത് യഥാർഥത്തിൽ ജനാധിപത്യത്തിെൻറ അന്തഃസത്തയെ ചോദ്യം ചെയ്യുന്നുണ്ട്. ഇപ്പോൾ ഇന്ദ്രപ്രസ്ഥത്തിൽനിന്ന് കേട്ടുകൊണ്ടിരിക്കുന്ന റാഫേൽ അഴിമതി കഥകൾ ഉദാഹരണം.
ഫ്രാൻസിെല ദേസാൾട്ട് ഏവിയേഷൻ എന്ന കമ്പനി നിർമിച്ച റാഫേൽ എന്ന യുദ്ധവിമാനം ഇന്ത്യൻ വ്യോമസേനക്കായി വാങ്ങുന്ന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ അഴിമതി നടത്തിയിരിക്കുന്നുവെന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞദിവസം തുറന്നടിച്ചത്. ഇക്കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും അദ്ദേഹം ഇൗ ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം രാജ്യസഭയിൽ ഇതേക്കുറിച്ച പ്രതിപക്ഷത്തിെൻറ ചോദ്യത്തിന് പ്രതിരോധ മന്ത്രി നിർമല സീതാരാമൻ നൽകിയ മറുപടി പോർവിമാനങ്ങൾ നിശ്ചിത സമയത്തുതന്നെ വാങ്ങുമെന്നും എന്നാൽ, അതിെൻറ വിശദാംശങ്ങളൊന്നും പാർലമെൻറിൽ പറയാൻ കഴിയില്ലെന്നുമാണ്. ഇടപാട്രഹസ്യമായി സൂക്ഷിക്കാൻ കരാറിൽ വ്യവസ്ഥയുണ്ടത്രെ. കഴിഞ്ഞ നവംബറിൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് പാർലമെൻറിൽ പ്രഖ്യാപിച്ച അതേ മന്ത്രി ഇപ്പോൾ നിലപാട് മാറ്റിയിരിക്കുന്നത് അഴിമതിയുടെ സൂചന നൽകുന്നുവെന്ന സംശയം ബലപ്പെടുത്തുന്നു. പ്രതിരോധ ഇടപാടുകളിൽ സുതാര്യത ഉറപ്പുവരുത്തുമെന്നും അഴിമതി മുക്തമാക്കുമെന്നുമായിരുന്നു അധികാരമേറ്റ ഉടൻ ഇൗ മന്ത്രി നടത്തിയ പ്രസ്താവന. അതെല്ലാം സ്വയം റദ്ദാക്കി വൻ അഴിമതിക്ക് കളമൊരുക്കുക മാത്രമല്ല, ഇൗ കച്ചവടത്തിൽ റിലയൻസ് പോലുള്ള കോർപറേറ്റുകളെകൂടി പങ്കാളിയാക്കാനുള്ള ശ്രമംകൂടിയാണ് ഇപ്പോൾ മോദി സർക്കാർ നടത്തുന്നത്.
രണ്ടാം യു.പി.എ സർക്കാറാണ് റാഫേൽ ഇടപാടിന് തുടക്കം കുറിച്ചത്. 126 ജെറ്റ് വിമാനങ്ങൾക്കായിരുന്നു കരാർ. ഇതിൽ 18 എണ്ണം വ്യോമസേനക്ക് ദേസാൾട്ട് ഏവിയേഷൻ നേരിട്ട് നൽകും. ബാക്കി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡ് (എച്ച്.എ.എൽ) എന്ന പൊതുമേഖല സ്ഥാപനത്തിൽ നിർമിക്കും. ഇതിനുള്ള സാേങ്കതിക വിദ്യ ഫ്രഞ്ച് കമ്പനി എച്ച്.എ.എല്ലിന് കൈമാറാനും ആദ്യ ഉടമ്പടിയിൽ ധാരണയായി. ആശയക്കുഴപ്പമുണ്ടായതിനാൽ, കരാർ തൽക്കാലത്തേക്ക് നിർത്തിവെക്കേണ്ടി വന്നു. പിന്നീട് നേരിയഭേദഗതികളോടെ അന്തിമ കരാറായി. ഇൗ കരാറനുസരിച്ച്, 126 വിമാനങ്ങൾ 54,000 കോടി രൂപക്ക് നൽകാൻ കമ്പനി തയാറായതാണ്. എന്നാൽ, മോദി അധികാരമേറ്റ ശേഷം ഇൗ കരാർ അട്ടിമറിക്കുന്നതാണ് കണ്ടത്. 2015ലെ മോദിയുടെ ഫ്രഞ്ച് പര്യടനത്തിനിടെ ഉണ്ടാക്കിയ പുതിയ കരാർ അനുസരിച്ച് ഇന്ത്യക്ക് ലഭിക്കുക 36 റാഫേൽ വിമാനങ്ങൾ മാത്രമാണ്; അതും 59,000 കോടി രൂപക്ക്. ആദ്യ കരാറിൽ ഒരു വിമാനത്തിന് കണക്കാക്കിയിരുന്ന തുക 526 കോടി രൂപയാണ്. മോദിയുടെ കരാറിൽ അത് 1500 കോടിക്കും മുകളിലാണ്. വേണ്ടത്ര പഠനം നടത്താതെയാണ് ഇൗ കരാറിൽ ഒപ്പിട്ടതെന്ന് അന്നേ വിമർശനമുയർന്നതാണ്. പ്രത്യക്ഷത്തിൽ തന്നെ നഷ്ടമെന്ന് വ്യക്തമാകുന്ന ഇൗ കരാറിന് ന്യായീകരണമായി സർക്കാർ അന്ന് പറഞ്ഞത് 36 പോർവിമാനങ്ങൾ രാജ്യത്തിന് അടിയന്തരമായി ആവശ്യമുണ്ടെന്നായിരുന്നു. എന്തായിരുന്നു ആ അടിയന്തരാവശ്യമെന്ന് മൂന്നു വർഷത്തിനുശേഷവും ആർക്കും മനസ്സിലായിട്ടില്ല. എന്നല്ല, ആ 36 വിമാനങ്ങൾ ലഭിക്കാൻ ഇനിയൂം കാത്തിരിക്കുകയും വേണം.
ആദ്യ കരാറിെൻറ മുഖ്യ ആകർഷണങ്ങളിലൊന്ന് എച്ച്.എ.എല്ലിന് റാഫേൽ പോർവിമാന നിർമാണത്തിെൻറ സാേങ്കതിക വിദ്യ ലഭിക്കുമെന്നതായിരുന്നു. പുതിയ കരാറിൽനിന്ന് ആ വ്യവസ്ഥ തുടച്ചുനീക്കി. ധിറുതി പിടിച്ച ഇൗ നീക്കം എച്ച്.എ.എല്ലിനെ ഒഴിവാക്കി അനിൽ അംബാനിയുടെ ‘റിലയൻസ് ഡിഫൻസ്’ എന്ന കമ്പനിയെ പിൻവാതിൽവഴി കരാറിെൻറ ഭാഗമാക്കുന്നതിനായിരുന്നു. പടക്കോപ്പ് നിർമാണത്തിൽ ഒരു പരിജ്ഞാനവുമില്ലാത്ത, ‘ദേസാൾട്ട് റിലയൻസ് എയ്റോസ്പേസ് ലിമിറ്റഡ്’ എന്ന പേരിൽ തുടങ്ങാനിരിക്കുന്ന ഇൗ കമ്പനിക്കായിരിക്കും ഇനി റാഫേലിെൻറ സാേങ്കതിക വിദ്യ ലഭിക്കുക. എച്ച്.എ.എല്ലിന് ലഭിക്കേണ്ടിയിരുന്ന സാേങ്കതിക വിദ്യ അട്ടിമറിയിലൂടെ മോദിയുടെ ഇഷ്ടക്കാർക്ക് തരപ്പെടുത്തുകയാണ്. ഇൗ ഇഷ്ടദാനം വാസ്തവമെങ്കിൽ, വിദേശ മൂലധനത്തിെൻറ പിൻബലത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ കോർപറേറ്റുകൾ പ്രതിരോധ സാേങ്കതിക വിദ്യ കൈകാര്യം ചെയ്തു തുടങ്ങിയാൽ അത് രാജ്യസുരക്ഷക്കു ഭീഷണി സൃഷ്ടിക്കും. അതിനാൽ, മോദിയുെട ഇന്ത്യയിൽ പ്രതിരോധ ഇടപാടുകളിലെ സുതാര്യത എന്നത് അഴിമതിയുമായി മാത്രം ബന്ധപ്പെട്ടതല്ല; രാജ്യസുരക്ഷയുടെ കൂടി വിഷയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.