സ്ഥാനമോഹികളുടെ കളരി
text_fieldsനവംബറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ പ്രധാനപ്പെട്ട മധ്യപ്രദേശിലും രാജസ്ഥാനിലും മുഖ്യ പാർട്ടികളുടെ സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നതോടെ പൊട്ടിത്തെറി മുമ്പൊരിക്കലുമില്ലാത്തവിധം കനത്തിരിക്കുന്നു എന്നാണ് വാർത്തകൾ. പട്ടാളച്ചിട്ടയിൽ വാർത്തെടുത്തതും മറ്റു സംഘടനകൾക്കൊന്നും അവകാശപ്പെടാനാവാത്ത അച്ചടക്കത്തിന്റെ കുത്തകാവകാശവുമുള്ള ആർ.എസ്.എസിനാൽ നിയന്ത്രിക്കപ്പെടുന്ന ബി.ജെ.പിയിലാണ് പണ്ടേ ആൾക്കൂട്ട പാർട്ടിയായ കോൺഗ്രസിലേതിനേക്കാൾ ഉഗ്രമായ ഉരുൾപൊട്ടൽ.
മധ്യപ്രദേശിൽ 2018ലെ ഇലക്ഷനിൽ കേവലഭൂരിപക്ഷം നേടി അധികാരത്തിലേറിയ കോൺഗ്രസ് സർക്കാറിനെ, എ.ഐ.സി.സി അധ്യക്ഷസ്ഥാനത്തുപോലും പ്രതിഷ്ഠിക്കപ്പെടുമെന്ന് പ്രവചിക്കപ്പെട്ട ജ്യോതിരാദിത്യ സിന്ധ്യയെ കേന്ദ്ര കാബിനറ്റിൽ സ്ഥാനം ഉറപ്പുനൽകി അനുയായികളോടൊപ്പം കൂറുമാറ്റിയെടുത്ത് തട്ടിക്കൂട്ടിയതാണ് നിലവിലെ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലെ ഹിന്ദുത്വ സർക്കാർ. പക്ഷേ, കാവിഭരണത്തിനെതിരെ നിലനിൽക്കുന്ന വ്യാപകമായ അതൃപ്തി വീണ്ടുമൊരൂഴം തരപ്പെടുത്താനുള്ള ബി.ജെ.പിയുടെ മോഹത്തിന് തടയിടുമെന്ന ഭീതി നിൽക്കുമ്പോഴാണ് പാർട്ടി ടിക്കറ്റ് നിഷേധിക്കപ്പെട്ടവരുടെ അഭൂതപൂർവമായ പ്രതിഷേധം.
22 സീറ്റുകളിൽ പ്രഖ്യാപിക്കപ്പെട്ട സ്ഥാനാർഥികൾക്കെതിരായ രോഷത്തോടൊപ്പം ആറു സീറ്റുകളിൽ വിഘടിതരുടെ രാജിപ്രഖ്യാപനവും വന്നിരിക്കുന്നു. മുൻമന്ത്രി റുസ്തം സിങ്ങാണ് രാജിവെച്ചവരിൽ ഒരാൾ. ഈ റിട്ടയേഡ് ഐ.പി.എസുകാരൻ രണ്ടുതവണ മുൻ ബി.ജെ.പി മന്ത്രിസഭകളിൽ അംഗമായിരുന്നുവെന്നോർക്കണം. നേരത്തേ ജ്യോതിരാദിത്യയുടെ കൂടെ കോൺഗ്രസിൽനിന്ന് കൂറുമാറിയ രഘുരാജ് സിങ് കൻസാനക്ക് തന്റെ സീറ്റ് നൽകിയതാണ് സിങ്ങിനെ പ്രകോപിപ്പിച്ചത്. അനുയായികളോടൊപ്പം ബി.എസ്.പിയിൽ ചേർന്നിരിക്കുകയാണ് ഈ മുൻ പൊലീസ് മേധാവി. ജ്യോതിരാദിത്യയുടെ അനുയായികളിൽ പ്രമുഖരായ മറ്റു മൂന്നു പേർകൂടിയുണ്ട് സീറ്റ് നിഷേധിക്കപ്പെട്ടതിന്റെ പേരിൽ പാർട്ടിക്കെതിരെ തിരിഞ്ഞവരിൽ.
ഭോപാലിൽനിന്ന് ജയ്പൂരിലെത്തുമ്പോൾ കൂടുതൽ സ്ഫോടനാത്മകമാണ് ബി.ജെ.പിയുടെ ആഭ്യന്തരരംഗം. 41 പേരുടെ ഒന്നാംപട്ടിക പുറത്തിറക്കിയപ്പോൾതന്നെ പൊട്ടിത്തെറി പാർട്ടിയെ പിടിച്ചുലച്ചുവെങ്കിൽ 83 സ്ഥാനാർഥികളുടെ രണ്ടാംപട്ടിക വെളിച്ചംകണ്ടപ്പോൾ ഒട്ടേറെ ജില്ലകളിൽ സ്ഥാനമോഹികൾ തെരുവിലിറങ്ങി കലാപക്കൊടി ഉയർത്തിയിരിക്കുകയാണ്. ചിറ്റോർഗഢ്, രാജ്സാമന്ദ്, ബൂജി, അൽവാർ ജില്ലകളിൽ മാത്രമല്ല, സാക്ഷാൽ ജയ്പൂരിലും കാവിപ്പട സംസ്ഥാനാധ്യക്ഷൻ സി.പി. ജോഷിക്കെതിരെ പ്രതിഷേധവുമായിറങ്ങിയിരിക്കുന്നു.
തലമുതിർന്ന നേതാവും രാജകുടുംബത്തിന്റെ അനന്തരവളുമായ വസുന്ധരരാജെ സിന്ധ്യ പാർട്ടി പിളർക്കുമെന്നായപ്പോൾ അവരെയും ആരാധകരെയും സീറ്റ് നൽകി ഒരുവിധം ഒതുക്കിയിരിക്കുകയായിരുന്നു ബി.ജെ.പി. വയോധികനായ അശോക് ഗെഹ് ലോട്ടിന്റെ ‘ദുർഭരണ’ത്തിൽനിന്ന് ഇരട്ട എൻജിൻ സർക്കാറിലേക്ക് രാജസ്ഥാനെ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് അരയും തലയും മുറുക്കി രംഗത്തുവന്നപ്പോഴാണ് പാളയത്തിൽ പട പൊടിപൊടിക്കുന്നത്. ഒരിടത്ത് പാർട്ടി ഓഫിസിന് അനുയായികൾ തീകൊളുത്തിയ സംഭവം പോലുമുണ്ടായി. രാജ്സാമന്ദിൽ സിറ്റിങ് എം.എൽ.എ ദീപ്തി മഹേശ്വരിക്ക് വീണ്ടും സീറ്റ് നൽകിയതിനെതിരെ സ്വന്തം പാർട്ടിക്കാർ ഇലക്ഷൻ പ്രചാരണ സാമഗ്രികൾ കത്തിച്ച് പ്രതിഷേധം കടുപ്പിച്ചപ്പോൾ പൊലീസിന് ഇടപെടേണ്ടിവന്നു. അതോടെ ബൂത്തുതല പ്രവർത്തകർ രാജിവെച്ചൊഴിയുകയും ചെയ്തിരിക്കുകയാണ്.
സ്ഥാനമോഹികളുടെ തിക്കും തിരക്കും പ്രതിഷേധവും രാജിയുമൊന്നും കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വാർത്താപ്രാധാന്യമുള്ള വിഷയമേ അല്ല. പ്രാദേശിക, മണ്ഡല, സംസ്ഥാനതല ഭാരവാഹികളുടെ സെലക്ഷനിലടക്കം ഗ്രൂപ്പുവഴക്കും കുതികാൽവെട്ടും പാരവെപ്പും ഇല്ലെങ്കിൽ പാർട്ടിയേ ഇല്ല എന്നതാണ് കോൺഗ്രസിന്റെ അവസ്ഥ. ഇത്തവണ പക്ഷേ, 2024ലെ പൊതുതെരഞ്ഞെടുപ്പ് മാസങ്ങൾക്കകം നടക്കാനിരിക്കെ, ഇൻഡ്യ മുന്നണിയിലെ 28 പാർട്ടികളോടൊപ്പം ഒറ്റക്കെട്ടായി നരേന്ദ്ര മോദിയെ താഴെയിറക്കാൻ ഇറങ്ങിത്തിരിച്ചതാണ് പാർട്ടി. അതിനുമുമ്പേ നടക്കുന്ന അഞ്ചു സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷമുറപ്പിക്കേണ്ടത് നിർണായകമാണ്. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര പ്രത്യാശാജനകമായ ജനപിന്തുണയുടെ സൂചനകൾ നൽകുകയും ചെയ്യുന്നു.
പക്ഷേ, മധ്യപ്രദേശിലും രാജസ്ഥാനിലുമടക്കം വിജയപ്രതീക്ഷയുള്ള സംസ്ഥാനങ്ങളിൽപോലും ഗ്രൂപ്പുവഴക്കും പ്രാദേശിക നേതാക്കളുടെ തലക്കനവും പ്രശ്നങ്ങൾ സൃഷ്ടിക്കാതെയല്ല. മധ്യപ്രദേശിലെ കാരണവർ കമൽനാഥ് ഇൻഡ്യ മുന്നണിയിലെ മുഖ്യപങ്കാളി സമാജ്വാദി പാർട്ടിക്ക് ആവശ്യപ്പെട്ട ഒമ്പതു സീറ്റുകളിൽ ഒന്നുപോലും അനുവദിക്കാതിരുന്നത് ഒട്ടും ശുഭസൂചകമല്ല. അതിന്റെ പ്രത്യാഘാതം ലോക്സഭ തെരഞ്ഞെടുപ്പിൽ 80 സീറ്റുകളുള്ള യു.പിയിൽ കോൺഗ്രസ് അനുഭവിക്കുമെന്ന അഖിലേഷ് യാദവിന്റെ മുന്നറിയിപ്പിനെ തുടർന്ന് കോൺഗ്രസ് പുനരാലോചനകൾക്ക് ഒരുങ്ങുന്നു എന്നാണ് ഒടുവിലത്തെ വിവരം.
എന്തായാലും മുക്കാൽ നൂറ്റാണ്ട് കാലത്തെ അനുഭവങ്ങൾ നമ്മുടെ പാർട്ടികളെയും നേതാക്കളെയും ഒരു പാഠവും പഠിപ്പിച്ചിട്ടില്ലെന്നുവേണം പറയാൻ. പ്രായപൂർത്തി വോട്ടവകാശത്തിൽ അധിഷ്ഠിതമായ ജനാധിപത്യ റിപ്പബ്ലിക്കിനെ പൂർവാധികം ദുർബലമാക്കാനും പരിക്ഷീണിതമാക്കാനുമാണ് സ്വാർഥികളും സ്ഥാനമോഹികളും ജനശത്രുക്കളുമായ നേതാക്കളുടെയും അനുയായികളുടെയും നീക്കമെന്ന് കാണുന്നത് കഷ്ടമെന്നേ പറയാനുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.