Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഹാഥറസി​െൻറ നിലവിളി

ഹാഥറസി​െൻറ നിലവിളി

text_fields
bookmark_border
ഹാഥറസി​െൻറ നിലവിളി
cancel




യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശ് അടുത്തകാലത്തായി വാർത്തകളിൽ നിറയുന്നത് നിയമലംഘനങ്ങളുടെ ജംഗ്​ൾരാജ് ആയാണ്. മുഖ്യമന്ത്രിയുടെ സ്വന്തം ദേശത്തെ മെഡിക്കൽ കോളജിൽ അഴിമതിയും കെടുകാര്യസ്ഥതയും കാരണം ആവശ്യത്തിന് ഓക്സിജൻ കിട്ടാത്തതിനാൽ കൊല്ലപ്പെട്ട നവജാത ശിശുക്കളുടെ നീതി അപ്രസക്തമാകുകയും അവരെ രക്ഷിക്കാൻ ആവതു പണിയെടുത്ത ഭിഷഗ്വരൻ കടുത്ത കുറ്റവാളിയുമാകുന്ന നാട്ടിൽ ദലിത്, ന്യൂനപക്ഷ അതിക്രമങ്ങളും ലൈംഗിക പീഡനങ്ങളും ദിനംപ്രതി വർധിച്ചുവരുന്നതിൽ എന്ത്​ അത്ഭുതപ്പെടാനാണ്. 2016 മുതൽ 2019 വരെയുള്ള കണക്കനുസരിച്ച് യു.പിയിൽ സ്ത്രീകൾക്കെതിരായ അതിക്രമം 20 ശതമാനം വർധി​െച്ചന്നാണ് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ റിപ്പോർട്ട്. പുറംലോകമറിയുന്നതിനേക്കാൾ വ്യാപകവും ഭീകരവുമാണ് ആരുമറിയാത കുഴിച്ചുമൂടപ്പെടുന്ന സംഭവങ്ങൾ. രാജ്യമൊട്ടാകെ രോഷാഗ്​നി ജ്വലിപ്പിച്ച ഹാഥറസ് സംഭവം ലോകമറിയാനെടുത്തത് 14 ദിവസമാണ്. രാജ്യത്ത് കത്തിനിൽക്കുന്ന അമർഷത്തി​െൻറ അന്തരീക്ഷം കൊണ്ടുമാത്രമാണ് ബൽറാംപുരിൽ ബലാത്സംഗത്തിന് ഇരയായി മറ്റൊരു ദലിത് പെൺകുട്ടി കൊലപ്പെട്ട വാർത്ത വൈകാതെ പുറത്തുവന്നത്.

നമ്മുടെ രാജ്യത്ത് ഭീകരമായി നടക്കുന്ന ലൈംഗികാതിക്രമങ്ങളിൽ സവർണ ജാതിബോധം നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് ഒരിക്കൽകൂടി തെളിയിക്കുകയാണ് ഹാഥറസിലെ കൂട്ട ബലാത്സംഗം. നാല് ഠാകുർ നരാധമന്മാരുടെ പീഡനത്തിനിരയായ പത്തൊമ്പതുകാരി ദലിത് പെൺകുട്ടിയുടെ ദാരുണാനുഭവം രാജ്യത്തിെൻറ മനഃസാക്ഷിയെ പിടിച്ചുലക്കുകയും രോഷം ആളിക്കത്തിക്കുകയും ചെയ്​തു. എന്നാൽ, സൂക്ഷ്​മമായി പരിശോധിക്കുകയാ​െണങ്കിൽ 2014ൽ രാജ്യത്തെ പ്രതിഷേധത്തിെൻറ ജ്വാല തെളിയിച്ച നിർഭയ കേസിൽ അധികാരികളും നിയമസംവിധാനങ്ങളും പുലർത്തിയ ആത്മാർഥതയും കുറ്റവാളികളോട് പുലർത്തിയ കാർക്കശ്യവും ഹാഥറസിൽ കൈമോശം വരുന്നത് കാണാനാകും. അതിനുകാരണം, ദലിത് പിന്നാക്ക സമൂഹങ്ങൾ വിധേയമാകുന്ന ലൈംഗികാതിക്രമങ്ങൾ വലിയ സംഭവമൊന്നുമല്ലെന്ന സവർണ മേൽക്കോയ്മ ബോധ്യം രാജ്യബോധ്യമായി നിലനിൽക്കുന്നതാണ്.

ഇന്ത്യയിൽ ജാതി/പുരുഷാധിപത്യത്തിെൻറ അധികാര പ്രയോഗമാണ് ബലാത്സംഗം. ദലിത് പെൺകുട്ടികളെ പീഡിപ്പിക്കാനുള്ള അധികാരം തങ്ങളിൽ നിക്ഷിപ്തമാ​െണന്ന് സവർണർ ഉറച്ചുവിശ്വസിക്കുന്നു. കീഴാള ജനതയെ അടിമകളാ​െണന്ന് സ്വയമുറപ്പിക്കാനുള്ള നടപ്പുശീലം കൂടിയാണവർക്ക് ലൈംഗികമായ കീഴ്പ്പെടുത്തലുകൾ. ദലിത് അതിക്രമങ്ങളെ കുറിച്ച് ഗവേഷണം നടത്തിയ പ്രഫ. അശോക് സ്വെയ്ൻ, ജാതി വ്യവസ്ഥയെ എതിർക്കുന്നവരെ നിശ്ശബ്​ദമാക്കാൻ ബലാത്സംഗമെന്ന ആയുധം യു.പി, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ പതിവാ​െണന്ന്​ തെളിയിക്കുന്നുണ്ട്. മേൽജാതി സ്വാധീനവും അധികാരവുമുപയോഗിച്ച് ഇത്തരം അതിക്രമങ്ങളെ അട്ടിമറിക്കാമെന്നും അവർക്കറിയാം. ബി.ജെ.പി എം.എൽ.എ കുറ്റവാളിയായ ഉന്നാവ്​ ബലാത്സംഗ കേസിൽ ഇരയായ പെൺകുട്ടിയെ കൊല്ലാൻ ശ്രമിച്ചും കുടുംബാംഗങ്ങളെ വധിച്ചും കേസ് അട്ടിമറിക്ക് സഹായിച്ചത് സംസ്ഥാന സർക്കാറും പൊലീസുമാണ്. ഹാഥറസിലെ പെൺകുട്ടിക്കും മതിയായ ചികിത്സയും നിയമ പരിരക്ഷയും നൽകാൻ വിസമ്മതിക്കുകയായിരുന്നു യു.പിയിലെ പൊലീസും ഡോക്ടർമാരും. മൃതദേഹം ഒരുനോക്കു കാണാൻ മാതാപിതാക്കൾ കേണപേക്ഷിച്ചിട്ടും അനുവാദം നൽകാതെ ഇരുളിെൻറ മറവിൽ ഒരു സംസ്കാര ചടങ്ങുകളുമില്ലാതെ കത്തിച്ചുകളയാൻ പൊലീസ് ധൃതിപ്പെട്ടത് കുറ്റവാളികളെ രക്ഷിക്കാനല്ലാതെ മറ്റെന്തിനാണ്? സത്യം മുഴുവൻ കത്തിച്ചാമ്പലായെന്ന് ഉറപ്പുവരുത്തിയശേഷം ലൈംഗികാതിക്രമങ്ങൾ നടന്നതിന് തെളിവില്ലെന്ന് നിർവികാരമായി എ.ഡി.ജി.പി പ്രശാന്ത്കുമാറിന് പറയാൻ ആവശ്യമായ ഫോറൻസിക് റിപ്പോർട്ടും മെഡിക്കൽ റിപ്പോർട്ടും തയാറാക്കപ്പെട്ടിരുന്നു.

ദലിത് പെൺകുട്ടികളെ ഭോഗിക്കാനും അതിനുശേഷം നിഷ്കരുണം കൊല്ലാനുമുള്ള അധികാരമുണ്ടെന്നും അതിന് പൊലീസിെൻറയും സർക്കാറിെൻറയും നിരുപാധിക പിന്തുണയുണ്ടെന്നുമുള്ള നടപ്പുശീലത്തെ അരക്കിട്ടുറപ്പിക്കുകയാണ് യോഗിയുടെ യു.പി. കൊലചെയ്യപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് മൃതദേഹം സംസ്കരിക്കാനുള്ള അവകാശവും അവരെ സന്ദർശിക്കാനും വസ്തുതകൾ അന്വേഷിക്കാനുമുള്ള രാഷ്​ട്രീയ, സാമൂഹിക പ്രവർത്തകരുടെ ജനാധിപത്യാവകാശങ്ങൾ പച്ചയായി റദ്ദാക്കപ്പെടുന്നതിലൂടെയും പുനരുൽപാദിപ്പിക്കപ്പെടുന്നത് ബലാത്സംഗം ജന്മാവകാശമെന്ന് വിശ്വസിക്കുന്ന സവർണ മേൽക്കോയ്മ രാഷ്​ട്രീയം തന്നെയാണ്.

യു.പി ഭരിക്കുന്ന യോഗി ആദിത്യനാഥിൽ ഭാവി പ്രധാനമന്ത്രിയെ ദർശിക്കുന്ന ബി.ജെ.പി ഹാഥറസ് സംഭവത്തെ ന്യായീകരിക്കുകയും ഠാകുർ നരാധമൻമാരുടെ പക്ഷത്തു നിൽക്കുകയുമാണ്. യു.പിയിലെ ഭരണാധികാരികളെ എപ്പോഴും വെകിളി പിടിപ്പിക്കുന്നത് അവിടെ നിർബാധം അരങ്ങേറുന്ന അതിക്രമങ്ങളല്ല, അവയെക്കുറിച്ച വാർത്തകൾ പുറത്തുവരുന്നതാണ്. സത്യം പുറത്തുപറയുന്ന മാധ്യമപ്രവർത്തകരും വിവരാവകാശ പ്രവർത്തകരും ജയിലറകളിലും കുറ്റവാളികൾ അധികാര മന്ദിരങ്ങളിലും വസിക്കുന്ന സാമൂഹിക ക്രമത്തിെൻറ പേരായിരിക്കുന്നു യോഗിയുടെ യു.പി. അതുകൊണ്ടുതന്നെ തുടരുന്ന ലൈംഗികാതിക്രമങ്ങൾ, വിശേഷിച്ച് ദലിത് സമൂഹങ്ങൾക്കു നേ​െരയുള്ളവ, ഇല്ലാതാക്കാൻ നിരപേക്ഷമായ പ്രതിഷേധങ്ങൾ സഹായകരമാകുകയില്ല. പൊലീസി​െൻറയും നീതിന്യായ വ്യവസ്​ഥയുടെയും രാഷ്​ട്രീയക്കാരുടെയും കാപട്യത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചും ജാതി, പുരുഷാധിപത്യ വ്യവസ്​ഥകളോട് നിരന്തരം കലഹിച്ചുകൊണ്ടുമല്ലാതെ നീതി സാക്ഷാത്കരിക്കപ്പെടില്ല. സവർണ മേൽക്കോയ്മയെ രാഷ്​ട്രീയമായും സാമൂഹികമായും വെല്ലുവിളിച്ചുകൊണ്ടല്ലാതെ ദലിത് അരക്ഷിതാവസ്ഥ ഇല്ലാതാക്കുക അസാധ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialHathrasHathras rape
Next Story