ഇറാൻ പുതിയ (പശ്ചിമേഷ്യൻ) ലോകക്രമത്തിൽ
text_fieldsഇറാനുമേൽ ഇസ്രായേലും അമേരിക്കയും നടത്തിയ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ രാഷ്ട്രാന്തര ബന്ധങ്ങളിലും ലോകക്രമത്തിലും പുതിയ സമവാക്യങ്ങൾ രൂപപ്പെട്ടുവരുന്നതിന്‍റെ ലക്ഷണങ്ങൾ പ്രകടമായിരിക്കുന്നു. സോവിയറ്റ് യൂനിയന്‍റെ തിരോധാനത്തെതുടർന്ന് ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തിൽ ഏകധ്രുവ ലോകമെന്ന സങ്കൽപം ഏറക്കുറെ നിലവിൽവന്നെങ്കിലും സോവിയറ്റ് യൂനിയൻ ചുരുങ്ങി നിലവിൽവന്ന റഷ്യ പലയിടങ്ങളിലും സൈനികമായി ദുർബലമായ ബദൽശക്തിയായി നിലകൊണ്ടു. പക്ഷേ, ഇത് കൂടുതലും റഷ്യയുടെ സ്വന്തം രാജ്യതാൽപര്യങ്ങൾകൂടി ഉൾപ്പെട്ട സന്ദർഭങ്ങളിൽ മാത്രമാണെന്നു പറയാം. ഇതോടൊപ്പം കഴിഞ്ഞ രണ്ട് ദശകങ്ങളായുള്ള ചൈനയുടെ സാമ്പത്തികവളർച്ചയും തജ്ജന്യമായ രാഷ്ട്രീയ സ്വാധീനവും ദൃശ്യമായി. എന്നാൽ, ഈ വൻശക്തി സന്തുലനത്തിന്‍റെ നിർവചനങ്ങൾ ബാധകമാകാത്ത രീതിയിലാണ് നിലവിലെ ഇറാൻ-ഇസ്രായേൽ യുദ്ധം നീങ്ങിയത്.
ഇറാനെ ഇസ്രായേലും അമേരിക്കയും തെളിവില്ലാത്ത ആണവായുധാരോപണത്തിന്‍റെ പേരിൽ കടന്നാക്രമിച്ചപ്പോൾ ഇറാനോടൊപ്പം നിൽക്കാൻ പറയത്തക്ക രാജ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. വൻ ശക്തികളെന്ന് പറയാവുന്ന റഷ്യയും ചൈനയും സ്വീകരിച്ച നിലപാടും ഇറാന് അത്രമേൽ പിന്തുണ നൽകുന്ന വിധത്തിലാണെന്ന് പറയാനാവില്ല. തുടക്കത്തിൽ അമേരിക്കയെയോ ഇസ്രായേലിനെയോ നേരിട്ട് അപലപിക്കാതെയുള്ള പ്രതികരണങ്ങളാണ് മോസ്കോയും ബെയ്‌ജിങ്ങും നടത്തിയത്. തുടർന്ന് മിസൈൽ/ബോംബ് വർഷം രൂക്ഷമായപ്പോഴാണ് ഇരുരാജ്യങ്ങളുടെയും ശബ്ദത്തിന് അൽപം മാറ്റമുണ്ടായത്. റഷ്യ-യുക്രെയിൻ യുദ്ധത്തിൽ ഇറാൻ നിർമിത ഡ്രോണുകളും ഡ്രോൺ സാങ്കേതികവിദ്യയും റഷ്യ വേണ്ടുവോളമുപയോഗിച്ചിരുന്ന കാര്യം ഓർക്കുക. ചൈനയാകട്ടെ, ഇറാനെതിരെ പാശ്ചാത്യശക്തികൾ നടത്തിയ ഉപരോധത്തെ നേരിടാൻ ഇറാന്‍റെ എണ്ണ, വിലകുറച്ചാണെങ്കിലും വാങ്ങി സാമ്പത്തികാശ്വാസം നൽകിയിരുന്നു.
ഇറാന് ചില സുപ്രധാന വിഷയങ്ങളിൽ അമേരിക്കക്കെതിരെ റഷ്യയും ചൈനയുമായി അഭിപ്രായൈക്യം ഉണ്ടായിരുന്നത് ശരി. അന്തർദേശീയ വ്യാപാരത്തിന് ഡോളറിന് പകരം ഇതര കറൻസി ഉപയോഗിക്കുക, വിനിമയ ശൃംഖലയായി സ്വിഫ്റ്റിന് പകരം ഇതര പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുക, ബ്രിക്സ്, ഷാങ്ഹായ് സഹകരണ സംഘടനപോലുള്ള സഖ്യങ്ങൾ ശക്തിപ്പെടുത്തുക എന്നിവ ഉദാഹരണം. പക്ഷേ, ഇതെല്ലാം അപ്പപ്പോഴുള്ള സാഹചര്യങ്ങൾ നേരിടാൻ നടത്തിയ ശ്രമങ്ങൾ മാത്രമായിരുന്നു. ഇറാന് രണ്ടു രാഷ്ട്രങ്ങളോടും ഉഭയകക്ഷി സൈനിക കരാറുകളൊന്നും ഉണ്ടായിരുന്നില്ല. അതിന്‍റെ അഭാവത്തിൽ സുരക്ഷാ ഭീഷണികൾ നേരിടാൻ സഹായിക്കുന്ന സാഹചര്യം അവർ തമ്മിലില്ല. ഉള്ള കരാറുകൾ മിക്കവാറും സാമ്പത്തിക മേഖലയിലുള്ളതാണ്. ഇത് ഇറാന്‍റെ എണ്ണ-വാതക വിഭവങ്ങളുടെ ശക്തി കാരണം രണ്ടുരാജ്യങ്ങൾക്കും തന്ത്രപരമായ മെച്ചം നൽകുന്നതാണെങ്കിലും സൈനിക ഭീഷണി നേരിടുമ്പോൾ ഇറാന്റെ രക്ഷക്കെത്തുന്ന സഹകരണത്തിന് അത് വഴി തുറക്കുന്നില്ല-വാങ്ങിയ യുദ്ധോപകരണങ്ങളുടെ കാര്യത്തിലൊഴികെ.
കഴിഞ്ഞ രണ്ടരവർഷത്തോളമായി നടക്കുന്ന യുദ്ധത്തിൽ അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും പിന്തുണയോടെ യുക്രെയിൻ നടത്തുന്ന പ്രതിരോധത്തെ മറികടക്കാൻ കിണഞ്ഞ് പരിശ്രമിക്കുകയാണ് റഷ്യ. മാത്രമല്ല, യുക്രെയിന്‍റെ നാറ്റോ അംഗത്വ ശ്രമങ്ങൾക്ക് റഷ്യ തടയിടാൻ ശ്രമിക്കുകയും ചെയ്യുന്നു. ഒരംഗ രാഷ്ട്രത്തിന്‍റെ മേലുള്ള സൈനികാക്രമണം മുഴുവൻ സഖ്യത്തോടുമുള്ള യുദ്ധമായി കണക്കാക്കി നേരിടുമെന്ന നാറ്റോ വ്യവസ്ഥ റഷ്യയെ പ്രകോപിപ്പിച്ചതുമാണ്. റഷ്യയുമായി നീണ്ട അതിർത്തി പങ്കിടുന്ന ഫിൻലാൻഡിന്‍റെയും സ്വീഡന്‍റെയും അംഗത്വ ലബ്ധി റഷ്യക്ക് തടയാൻ പറ്റിയില്ല എന്ന സത്യം അവശേഷിക്കുന്നു. കഴിഞ്ഞ ബുധനാഴ്ച നാറ്റോ ഉച്ചകോടി സമാപിച്ചപ്പോൾ അതിലുണ്ടായ രണ്ടുകാര്യങ്ങളും റഷ്യയും ചൈനയും പ്രത്യേകം ശ്രദ്ധിച്ചിരിക്കേണ്ടതായിരുന്നു. ഒന്ന്, മൊത്തം ആഭ്യന്തര ഉൽപാദനത്തിന്‍റെ അഞ്ചു ശതമാനം സൈനികച്ചെലവുകൾക്ക് നീക്കിവെക്കണമെന്ന നിർദേശം നാറ്റോ അംഗങ്ങൾ അംഗീകരിച്ചത് അമേരിക്കയുടെ നിർബന്ധത്തിന് വഴങ്ങിയാണ്. ഏതാണ്ട് ഭീഷണി സ്വരത്തിലാണ് ട്രംപ് അതാവശ്യപ്പെട്ടതും. രണ്ടാമത്തേത്, ഇസ്രായേലിന് നിലനിൽക്കാനുള്ള അവകാശം നാറ്റോ ഉയർത്തിപ്പിടിക്കുകയും, ഇറാന്‍റെ ‘ആണവായുധ വികസനം’ ഏതു നിലയിലും തടയേണ്ടതാണെന്ന് നാറ്റോ നിലപാടെടുക്കുകയും ചെയ്തതും ഇറാൻ വിരുദ്ധ വികാരമാണ് പ്രതിഫലിപ്പിച്ചത്. യുദ്ധത്തിൽ മേൽക്കൈ ഉണ്ടെങ്കിലും ഭീമമായ ആൾനാശവും സാമ്പത്തികഭാരവും വരുത്തിയ യുക്രെയിൻ പ്രശ്നം അപരിഹാര്യമായി തുടരുമ്പോൾ ഇസ്രായേലുമായുള്ള ഇറാന്‍റെ ചെറുത്തുനിൽപിനെ തുണക്കാൻ റഷ്യ മുന്നോട്ടുവരാനുള്ള സാധ്യത വിരളമാണ്.
ചൈനക്കാണെങ്കിൽ അമേരിക്കയോട് കൊമ്പുകോർക്കുന്ന കയറ്റുമതി/ഇറക്കുമതി തീരുവകൾ ഉൾപ്പെടെയുള്ള സാമ്പത്തിക വിഷയങ്ങൾ ഏറെയുണ്ട്. തൽക്കാലം ട്രംപിന്‍റെ ശൗര്യം അൽപമൊന്ന് കുറഞ്ഞിട്ടുണ്ടെങ്കിലും ദീർഘകാല സംഘർഷ സാധ്യതകൾ വേണ്ടുവോളമുണ്ട്. പഴയ ശീതയുദ്ധകാലത്തെ ഉരസലുകളിൽനിന്ന് വ്യത്യസ്തമായി അത്ര പ്രത്യയശാസ്ത്രപരമായ ശാത്രവമൊന്നും ഇന്ന് രണ്ടു ചേരികൾക്കുമില്ല. ഉള്ളത് രാഷ്ട്രീയ മേധാവിത്വത്തിനും സാമ്പത്തിക സ്വാധീനത്തിനുമുള്ള മത്സരങ്ങൾ മാത്രമാണ്. ഒപ്പം സ്വന്തം തട്ടകത്തിലെ സൈനിക സ്വാധീനം നിലനിർത്താനുള്ള ആവേശവും റഷ്യക്ക് അത് യുക്രെയിൻ ഉൾപ്പെട്ട മേഖലയിലാണെങ്കിൽ ചൈനക്ക് അത് ദക്ഷിണ ചൈന സമുദ്രത്തിൽ, അതിൽതന്നെ തായ്‌വാനിലാണ്. മൊത്തത്തിൽ അമേരിക്കയെ പശ്ചിമേഷ്യയിലെ സൈനിക നിഴൽ മേധാവിത്വത്തിൽനിന്ന് തുരത്താൻ മേഖലയിലെ രാഷ്ട്രങ്ങൾക്ക് സ്വന്തം ശേഷി വർധിപ്പിച്ചും സാമ്പത്തികമേഖലയിൽ തന്ത്രപൂർവമായ നയങ്ങൾ ആവിഷ്കരിച്ചും കർമപദ്ധതി തയാറാക്കേണ്ടിവരും. അതിനൊന്നും തങ്ങളെക്കൊണ്ടാവില്ല, ഒട്ടൊക്കെ വിട്ടുവീഴ്ച ചെയ്തുകൊണ്ട് അമേരിക്കയെ പിണക്കാതെ നിർത്തലാണ് കരണീയം എന്നാണ് അവർ തീരുമാനിക്കുന്നതെങ്കിൽ അതിൽ മറ്റാർക്കും ഒന്നും ചെയ്യാനുണ്ടാവില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.