Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആഗോള വെല്ലുവിളി ‘ഇസ്‍ലാമിക ഭീകരത’?
cancel

ഇസ്‍ലാമിക ഭീകരത ഇന്ത്യക്കും അമേരിക്കക്കും ഒരുപോലെ ഭീഷണിയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു, ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയ യു.എസ് ദേശീയ രഹസ്യാന്വേഷണ ഏജൻസി മേധാവി തുളസി ഗബ്ബാർഡ്. ഇസ്‍ലാമിക ഭീകരത അമേരിക്കയെയും ഇന്ത്യയെയും പശ്ചിമേഷ്യയെയും ബാധിക്കുന്നതാണെന്നും ആഗോളതലത്തിൽ വെല്ലുവിളിയാവുന്നുവെന്നും പറഞ്ഞ തുളസി, നിലവിൽ സിറിയയും ഇസ്രായേലുമടക്കം പശ്ചിമേഷ്യൻ രാജ്യങ്ങളെ ബാധിക്കുന്നെന്നുകൂടി പറഞ്ഞുവെച്ചിട്ടുണ്ട്. തീവ്ര വലതുപക്ഷക്കാരനായ ഡോണൾഡ് ട്രംപ് ദേശീയതലത്തിലും സാർവദേശീയ തലത്തിലും നടപ്പാക്കിക്കൊണ്ടിരിക്കുന്നതും നടപ്പാക്കാൻ പോവുന്നതുമായ ആത്യന്തിക നയനിലപാടുകളുടെ പ്രതിഫലനമാണ് ന്യൂഡൽഹിയിൽ യു.എസ് രഹസ്യാന്വേഷണ മേധാവി പ്രകടിപ്പിച്ച അഭിപ്രായങ്ങളിൽ പ്രകടമാവുന്നതെന്ന് വ്യക്തം.

മഹാഭൂരിപക്ഷവും നിരപരാധികളായ സ്ത്രീകളും കുട്ടികളുമടങ്ങുന്ന അരലക്ഷത്തിലധികം ഗസ്സ നിവാസികളെ രാപ്പകൽ ബോംബ് വർഷിച്ച് കൂട്ടക്കുരുതി നടത്തിയ സയണിസ്റ്റ് രാഷ്ട്രത്തിന് ആളും അർഥവും ആയുധങ്ങളും ഇടതടവില്ലാതെ നൽകി നഗ്നമായ മനുഷ്യാവകാശ ധ്വംസനം നടത്താൻ കൂട്ടുനിൽക്കുന്ന അമേരിക്കയാണ് ഇസ്‍ലാമിക ഭീകരത എന്ന് വിളിക്കപ്പെടുന്ന പ്രതിഭാസത്തിനെതിരെ ഇന്ത്യക്കും ലോകത്തിനും മുന്നറിയിപ്പ് നൽകുന്നത്. 42 ദിവസം നീണ്ട വെടിനിർത്തൽ കരാർ അവസാനിച്ച പാടെ, പച്ചവെള്ളമോ ഭക്ഷണമോ വൈദ്യുതിയോ ഷെൽട്ടറോ ഇല്ലാതെ ആകാശത്തിനുതാഴെ അനേകലക്ഷം ടൺ മാലിന്യകൂമ്പാരത്തിന് മീതെ കഴിയാൻ വിധിക്കപ്പെട്ട ഇരുപത് ലക്ഷം ഫലസ്തീനികളുടെ മേൽ ലോകാഭിപ്രായം മുഴുവൻ തട്ടിമാറ്റി തീമഴവർഷം പുനരാരംഭിക്കാൻ സയണിസ്റ്റ് രാഷ്ട്രത്തെ സഹായിക്കുന്നതും പ്രേരിപ്പിക്കുന്നതും ട്രംപിന്റെ അമേരിക്കയാണ്.

യു.എൻ പലവട്ടം അപലപിച്ച ഈ കൊടുംക്രൂരതയല്ല; അതിനെതിരെ ഇരകളും അവരെ സഹായിക്കുന്നവരും നടത്തുന്ന പരമദുർബല പ്രതിരോധമാണ് ലോകത്തിന് ഭീഷണിയെന്നാണ് യു.എസ് ഇന്റലിജൻസ് മേധാവി മോദി സർക്കാറിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്. കൂട്ട നശീകരണായുധങ്ങൾ കുന്നുകൂട്ടിവെച്ചുവെന്ന പെരുംകള്ളം ലോകത്തിന്റെ മുന്നിൽ അവതരിപ്പിച്ച്, അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറെയും കൂട്ടി നാറ്റോ സേനയെ ഇറക്കി ഇറാഖിനെ ചുട്ട് ഭസ്മമാക്കി, പ്രസിഡന്റ് സദ്ദാം ഹുസൈനെ തൂക്കിലേറ്റി രാജ്യത്തെതന്നെ തകർത്ത യാങ്കി സംഹാരതാണ്ഡവവും ഭീകരതയായിരുന്നില്ല, വെറും സമാധാന പുനഃസ്ഥാപന യത്നം മാത്രം! വീടുകൾ, ആശുപത്രികൾ, റോഡുകൾ, സ്കൂളുകൾ തുടങ്ങിയ ഒരു രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഇടവേളകളിൽ ബോംബിട്ട് തകർത്തും സിവിലിയന്മാരെ കൂട്ടക്കുരുതി നടത്തിയും മുന്നോട്ടുപോയിക്കൊണ്ടിരുന്ന ഇസ്രായേലിന്റെ അഹങ്കാരം തടയാൻ ലോകത്തൊരു ശക്തിയും ഇല്ലെന്നും ഐക്യരാഷ്ട്ര സഭയുടെ പ്രമേയങ്ങൾ വെറും നോക്കുകുത്തിയാണെന്നും വർഷങ്ങൾ നീണ്ട ദുരനുഭവങ്ങൾ തെളിയിച്ചപ്പോൾ ‘അളമുട്ടിയാൽ ചേരയും കടിക്കും’ എന്ന പഴമൊഴിപോലെ 2023 ഒക്ടോബർ ഏഴിന് ഫലസ്തീൻ പ്രതിരോധ സംഘടനയായ ഹമാസ് കൈയിൽ കിട്ടിയ ആയുധങ്ങൾകൊണ്ട് തിരിച്ചടിച്ചപ്പോൾ അത് പൊറുക്കാനാവാത്ത പാതകവും ഇസ്‍ലാമിക ഭീകരതയുമായി.

സ്വന്തം രാജ്യത്ത് മാന്യമായി ജീവിക്കാൻ അനുവദിച്ചാൽ ആയുധം വെക്കാനും സമാധാനക്കരാറിനും സന്നദ്ധരാണെന്ന ഫലസ്തീൻ ജനതയുടെ ആവർത്തിച്ചുള്ള ഓഫർ ഇസ്രായേലിനോ അമേരിക്കക്കോ സ്വീകാര്യമല്ലെന്നതാണ് യഥാർഥ പ്രതിസന്ധി. വെസ്റ്റ് ബാങ്കിൽനിന്നും ഗസ്സയിൽനിന്നും ഫലസ്തീൻ ജനത നിശ്ശേഷം കുടിയൊഴിഞ്ഞ് ആഫ്രിക്കൻ നാടുകളിലെവിടെയെങ്കിലും പോയി തുലയണമെന്നതും അവരെ അറബ് രാജ്യങ്ങൾക്ക് വേണമെങ്കിൽ സഹായിക്കാമെന്നതുമാണ് ട്രംപ്-നെതന്യാഹു പ്രഭൃതികളുടെ സമാധാന പുനഃസ്ഥാപന ഓഫർ. അല്ലാത്തതൊക്കെ ഇസ്‍ലാമിക ഭീകരതയെ പിന്തുണക്കലുമാണ്!

ഇത്രയും മനുഷ്യത്വവിരുദ്ധവും അനീതിപരവുമായ അതിതീവ്ര വലതുപക്ഷ നിലപാടുകളെയും ശക്തികളെയും പിന്തുണക്കുന്നവർ മഹാത്മാഗാന്ധിയുടെ ഇന്ത്യയിലുമുണ്ട് എന്നതാണ് മതനിരപേക്ഷ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മുസ്‍ലിംകളെയും ക്രൈസ്തവരെയും കമ്യൂണിസ്റ്റുകാരെയും രാജ്യശത്രുക്കളായി കാണുന്ന വിചാരധാരയുടെ വക്താക്കളും പ്രയോക്താക്കളും നാട് വാണുംകാലത്ത് അതിലൊട്ട് അദ്ഭുതവുമില്ല. പ്രധാനമായി നരേന്ദ്ര മോദി അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ ലെക്സ് പ്രിൻസ്മാന്റെ യൂട്യൂബ് പോഡ്കാസ്റ്റിന് അനുവദിച്ച സുദീർഘ അഭിമുഖത്തിൽ 2002 ഫെബ്രുവരിയിലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് നൽകിയ വിശദീകരണങ്ങൾ അദ്ദേഹമിപ്പോഴും എവിടെനിൽക്കുന്നു എന്ന് വ്യക്തമാകുന്നതാണ്. ഗോധ്രയിൽ തീവണ്ടി ബോഗി കത്തിച്ചപ്പോൾ അനേകം പേർക്ക് ജീവഹാനി നേരിട്ടത് അന്നത്തെ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന തനിക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നുവെന്ന് വിവരിച്ച മോദി, അതേ കലാപത്തിൽ നിരപരാധികളായ ആയിരക്കണക്കിൽ ന്യൂനപക്ഷ സമുദായക്കാർ പ്രതികാരാഗ്നിയിൽ വെന്തുമരിച്ചതിനെപ്പറ്റി ഒരു ഖേദപ്രകടനവും നടത്തിയില്ല. നിരപരാധിയായ തന്നെ കോടതി കുറ്റമുക്തനാക്കിയതാണ് അദ്ദേഹം എടുത്തുപറയുന്നത്. അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യൽ കമീഷനുകളും ജനകീയ ട്രൈബ്യൂണലുകളും മാധ്യമങ്ങളും അനാവരണം ചെയ്ത കൊടുംക്രൂരതകളെക്കുറിച്ചോ അതിന് ഉത്തരവാദികളായ ഭീകരർ നിയമത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ടതിനെക്കുറിച്ചോ അദ്ദേഹം മിണ്ടിയില്ല. ബിൽക്കീസ് ബാനു കേസിൽ കോടതി ജീവപര്യന്തം ശിക്ഷിച്ചവരെ ഇറക്കിക്കൊണ്ടുവന്ന് സ്വീകരണം നൽകിയവരുടെ കുടില മനസ്സും നരേന്ദ്ര മോദിയെ വേദനിപ്പിച്ചില്ല. ‘ഇസ്‍ലാമിക ഭീകരത’യാണല്ലോ രാജ്യവും ലോകവും നേരിടുന്ന ഒരേയൊരു വെല്ലുവിളി!

മുസ്‍ലിംകളിലും തീവ്രവാദികളുണ്ട്. ഭീകരത ആര് നടത്തിയാലും ഭീകരതതന്നെ. അതിനെ അർഥശങ്കക്കിടയില്ലാത്തവിധം മുസ്‍ലിം രാജ്യ കൂട്ടായ്മയായ ഒ.ഐ.സിയും 2001 സെപ്റ്റംബർ 11ലെ ട്രേഡ് സെന്റർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മക്കയിൽ ചേർന്ന ലോക മുസ്‍ലിം പണ്ഡിത സമ്മേളനവും അസന്ദിഗ്ധമായി അപലപിച്ചിട്ടുണ്ട്. ഭൂമുഖത്തെ ഒരു ഇസ്‍ലാമിക സംഘടനയും കൂട്ടായ്മയും ഭീകരതയെ ന്യായീകരിക്കുകയോ വെള്ളപൂശുകയോ ചെയ്യുന്നില്ല. ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുന്ന പാക് ഭീകര സംഘങ്ങൾ തീർച്ചയായും ഇല്ലായ്മ ചെയ്യപ്പെടേണ്ടതാണ്. സമാധാനവും സാഹോദര്യവുമാണ് മനുഷ്യസമൂഹത്തിന്റെ ലക്ഷ്യവും നയവും നിലപാടുമായിരിക്കേണ്ടത്. ഈ സന്ദേശം ഉദ്ഭവം മുതൽ ഇന്നുവരെ ലോകത്തിന് നൽകിക്കൊണ്ടിരിക്കുന്ന ഒരാദർശത്തോട് ഭീകരതയെ ചേർത്തുവെച്ച് സംഹാരതാണ്ഡവം തുടരുന്ന നിലപാട് ആരുടെ ഭാഗത്തുനിന്നായാലും പിന്തുണക്കേണ്ടതല്ല, ചെറുത്തുതോൽപിക്കേണ്ടതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialIslamic Terrorism
News Summary - Madhyamam Editorial: Is 'Islamic terrorism' a global challenge?
Next Story
RADO