വനസംരക്ഷണത്തിനോ രാജ്യസുരക്ഷക്കോ ഉതകാത്ത നിയമം
text_fieldsകഴിഞ്ഞ ദിവസം പാർലമെന്റ് ചർച്ചകൂടാതെ പാസാക്കിയ വന (സംരക്ഷണ) ഭേദഗതി നിയമം രാജ്യത്തിന്റെ ഭാവിസുരക്ഷയെ അപകടത്തിലാക്കാൻ പോന്ന പിന്തിരിപ്പൻ നിയമമാണ്. വനസംരക്ഷണവും രാജ്യസുരക്ഷയുമാണ് ഭേദഗതി വഴി ലക്ഷ്യമിടുന്നതെന്ന് ഈ നിയമത്തിന്റെ ആമുഖത്തിൽ പറയുന്നുണ്ടെങ്കിലും 1980ലെ വന (സംരക്ഷണ) നിയമത്തിലെ നല്ല വ്യവസ്ഥകളെല്ലാം മാറ്റിയെഴുതുകയാണ് ഇതിൽ ചെയ്തിരിക്കുന്നത്. വ്യവസായവത്കരണത്തിന്റെ കടന്നുകയറ്റത്തിൽ കാടുകൾ വെട്ടിനിരത്തുന്നതിന് നിയന്ത്രണം വരുത്തിയ മൂലനിയമം കാട് വെളുപ്പിക്കാനിറങ്ങുന്ന കുത്തകകളെ പിടിച്ചുകെട്ടാൻ പര്യാപ്തമായിരുന്നു. വനഭൂമിയെന്ന് ഔദ്യോഗികമായി പേരിട്ട പ്രദേശങ്ങളാണ് ആദ്യം ആ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെട്ടതെങ്കിലും 1996ൽ സുപ്രീംകോടതി ടി.എൻ. ഗോദവർമൻ തിരുമുൽപ്പാട് കേസിന്റെ വിധിയിൽ ഔദ്യോഗികമായി വനമെന്ന് പറഞ്ഞിട്ടില്ലാത്ത പ്രദേശങ്ങളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് നിയമത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. ഇപ്പോഴത്തെ ഭേദഗതി ആ സുപ്രീംകോടതി വിധിയെ ഫലത്തിൽ അസാധുവാക്കുകയും മൂലനിയമത്തിൽകൂടി ഇളവു വരുത്തുകയുമാണ് ചെയ്തിരിക്കുന്നത്. ഇത്ര ഗൗരവതരമായ നിയമം ഇഴകീറി പരിശോധിക്കേണ്ടിയിരുന്ന പാർലമെന്റിലോ അതിനു മുമ്പ് സംയുക്ത പാർലമെന്റ് സമിതിയിലോ അങ്ങനെയൊന്നും നടന്നില്ലെന്നത് നമ്മുടെ ജനാധിപത്യം എത്രത്തോളം അപ്രസക്തമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ്. ഇതിനു പുറമെ, വനസംരക്ഷണമുദ്ദേശിച്ചുള്ള കരുതൽചട്ടങ്ങൾ ഇല്ലാതാക്കിയ ഈ നിയമത്തിന്റെ ആമുഖത്തിൽ അത് വനസംരക്ഷണം മെച്ചപ്പെടുത്താനാണെന്ന് തെറ്റിദ്ധരിപ്പിക്കുകകൂടി ചെയ്യുന്നു.
കാലാവസ്ഥ പ്രതിസന്ധി പരിഹരിക്കുന്നതിനായി 2070ഓടെ ഇന്ത്യ ശൂന്യമലിനീകരണം (നെറ്റ് സീറോ എമിഷൻ) കൈവരിക്കുമെന്ന പ്രതിജ്ഞ ആമുഖത്തിൽ എടുത്തുപറയുന്നു. ഇതിനായി വനവിസ്തൃതി വർധിപ്പിച്ച്, കാർബൺ ഡൈഓക്സൈഡ് ആഗിരണം ചെയ്ത് അന്തരീക്ഷം പൂർണമായും കാർബൺ മുക്തമാക്കുന്ന കാർബൺ ആവാഹിനി (കാർബൺ സിങ്ക്) സൃഷ്ടിച്ചെടുക്കും. 1980ലെ നിയമം സ്വകാര്യ വനവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നാണ് ഭേദഗതിക്ക് കാരണമായി പറയുന്ന ഒരു കാര്യം. പുതിയ ഭേദഗതിപ്രകാരം സ്വകാര്യ വനവത്കരണത്തിനെന്ന പേരിൽ വനഭൂമി കൈയേറാൻ സാധിക്കും. അതിനു പാകത്തിൽ സുപ്രീംകോടതി വിധി അട്ടിമറിച്ചുകൊണ്ട്, ‘വന’ത്തിന്റെ നിർവചനം പരിമിതപ്പെടുത്തിയിരിക്കുന്നു. 1980ലും ശേഷവും ഏതെങ്കിലും സർക്കാർ രേഖകളിൽ ‘വനം’ എന്ന് പ്രത്യേകം എടുത്തുപറഞ്ഞിട്ടുള്ള പ്രദേശത്തിനേ ഇനി നിയന്ത്രണങ്ങൾ ബാധകമാകൂ. വനഭൂമിയായി ഏതെങ്കിലും പ്രദേശത്തെ രേഖപ്പെടുത്താൻ സംസ്ഥാനങ്ങൾക്കുള്ള അധികാരം ഫലത്തിൽ ഇല്ലാതാക്കിയിരിക്കുന്നു. മാത്രമല്ല, ഇന്ത്യയുടെ അതിർത്തിമേഖലയിലെ വനഭൂമി നൂറു കിലോമീറ്റർ ഉള്ളിലേക്കു വരെ ‘‘തന്ത്രപ്രധാനവും സുരക്ഷാപരവുമായ’’ കാര്യങ്ങൾക്കായി കൈയേറാൻ സർക്കാർ അനുമതിപോലും ആവശ്യമില്ലെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. യഥാർഥ വനത്തിന്റെ ചെലവിൽ, മൃഗശാലകളും സഫാരി പാർക്കുകളും ഇക്കോ ടൂറിസവും പോലുള്ള വാണിജ്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് ഭേദഗതി നിയമം. തനത് വനങ്ങളെ സംരക്ഷിക്കുന്ന വ്യവസ്ഥകളെല്ലാം എടുത്തുമാറ്റുകയോ കടുപ്പം കുറച്ച് നിഷ്ഫലമാക്കുകയോ ചെയ്തിരിക്കുന്നു. ‘‘മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കുവേണ്ടി’’ വനപ്രദേശം കൈയേറാനുള്ള അധികാരം വരെ അത് യൂനിയൻ സർക്കാറിന് നൽകിയിരിക്കുന്നു. രാജ്യത്തെ വനഭൂമിയിൽ, 1980നു ശേഷം ‘‘വന’’മെന്ന് രേഖപ്പെടുത്താത്ത പ്രദേശമത്രയും ആർക്കും കൈയേറാൻ പറ്റുന്ന തരത്തിലാണ് ഭേദഗതി. മൊത്തം കാടിന്റെ 27.62 ശതമാനത്തിനും നിയമപരിരക്ഷയില്ലാതാകുന്നു; എട്ടേകാൽ ലക്ഷം ചതുരശ്ര കിലോമീറ്ററോളം കാടാണ് കാടല്ലാതാവുക.
ഗുരുതര നിയമപ്രശ്നവും ഇതിലുണ്ട്. സുപ്രീംകോടതി വിധിയെ അത് റദ്ദു ചെയ്യുന്നു എന്നു മാത്രമല്ല, പട്ടികവർഗക്കാരും മറ്റുമടങ്ങുന്ന വനവാസികളുടെ അവകാശസംരക്ഷണത്തിനായുള്ള 2006ലെ നിയമം ലംഘിക്കുകകൂടി ചെയ്യുന്നു. വനഭൂമി മറ്റാവശ്യങ്ങൾക്ക് ഏറ്റെടുക്കുന്നതിന് തദ്ദേശീയ ഗ്രാമസഭകളുടെ അനുമതി നിർബന്ധമാക്കുന്ന ആ ചട്ടം കഴിഞ്ഞ വർഷം വിജ്ഞാപനത്തിലൂടെ ദുർബലമാക്കി. സംസ്ഥാനങ്ങളുടെ അധികാരവും പങ്കാളിത്തവും എടുത്തുകളഞ്ഞ് ഫെഡറലിസത്തെയും ഇത് വെല്ലുവിളിക്കുന്നുണ്ട്. പരിസ്ഥിതിയുടെ മരണമണി എന്നാണ് ആക്ടിവിസ്റ്റുകൾ ഈ ഭേദഗതി നിയമത്തെ വിളിക്കുന്നത്. ഭേദഗതി ന്യായീകരിക്കാൻ സർക്കാർ എടുത്തുപറയുന്ന ഒരു കാര്യം ദേശസുരക്ഷയാണ്. അതിർത്തി മേഖലകളിലെ വനങ്ങൾ കൈയേറാൻ പറയുന്ന ഈ ന്യായം, സുരക്ഷയെന്നാൽ സൈനികസാന്നിധ്യമെന്ന ലളിതയുക്തിയിൽനിന്നുണ്ടാകുന്നതാവാം. വാസ്തവത്തിൽ സുരക്ഷയുടെ ഏറ്റവും പ്രാഥമിക നിബന്ധന സൈനിക സാന്നിധ്യമല്ല, വനസാന്നിധ്യമാണ്. രാജ്യത്തിന്റെ വടക്കൻ അതിർത്തികളിലെ വനങ്ങൾ ജൈവവൈവിധ്യത്താലും പരിസ്ഥിതി സംരക്ഷണത്തിന് അനിവാര്യമായ ആവാസവ്യവസ്ഥകളാലും സമ്പന്നമാണല്ലോ. പരിസ്ഥിതി സുരക്ഷ രാജ്യസുരക്ഷയുടെ ഭാഗമാണെന്ന് കാലാവസ്ഥ ദുരന്തങ്ങളുടെ ഇക്കാലത്ത് പ്രത്യേകം ഓർമിപ്പിക്കേണ്ടിവരരുതാത്തതാണ്. സൈനിക സുരക്ഷയോളമോ അതിലധികമോ ശ്രദ്ധ കൊടുക്കേണ്ട ഒന്നാണത്. സ്വാഭാവിക വനവും ജൈവവ്യവസ്ഥകളും തകർക്കാൻ വഴിതുറന്നുകൊടുക്കുന്നത് ഏതായാലും വനസംരക്ഷണത്തിനോ രാജ്യസുരക്ഷക്കോ നിരക്കുന്നതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.