Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകൗമാര കേരളത്തിന്‍െറ...

കൗമാര കേരളത്തിന്‍െറ കുതിപ്പുകള്‍

text_fields
bookmark_border
കൗമാര കേരളത്തിന്‍െറ കുതിപ്പുകള്‍
cancel
അറുപതാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് ഡിസംബര്‍ ആറിന് തേഞ്ഞിപ്പലത്തെ കാലിക്കറ്റ് യൂനിവേഴ്സിറ്റി സിന്തറ്റിക് ട്രാക്കില്‍ സമാപനമായി. മികച്ച സംഘാടനം, ആഹ്ളാദകരമായ ആതിഥേയത്വം, വമ്പിച്ച ബഹുജന പങ്കാളിത്തം, ആവേശമുറ്റിയ മത്സരങ്ങള്‍, പുതിയ റെക്കോഡുകള്‍... എല്ലാംകൊണ്ടും വ്യത്യസ്തവും ശ്രദ്ധേയവുമായിരുന്നു ഇത്തവണത്തെ കായികോത്സവം. ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഒൗദ്യോഗിക ദു$ഖാചരണം പ്രഖ്യാപിച്ചതുകാരണം, സമാപനച്ചടങ്ങും സമ്മാനദാനവും നിറപ്പകിട്ടോടെ നടത്താന്‍ സാധിച്ചില്ല എന്നതൊഴിച്ചാല്‍ എന്തുകൊണ്ടും ശ്രദ്ധേയമായ പരിപാടി എന്ന നിലക്കുതന്നെയാണ് ഈ കൗമാര കായികമേള അടയാളപ്പെടുത്തപ്പെടുക.
പ്രതീക്ഷിച്ചതുപോലെ, കോതമംഗലം മാര്‍ ബേസില്‍, പാലക്കാട് കല്ലടി കുമരംപുത്തൂര്‍ സ്കൂള്‍, കോതമംഗലം സെന്‍റ് ജോര്‍ജ്, പറളി എച്ച്.എസ്.എസ്, മുണ്ടൂര്‍ എച്ച്.എസ്.എസ് എന്നീ സ്കൂളുകള്‍ മികച്ച പ്രകടനം നടത്തി പോയന്‍റ്നിലയില്‍ യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങള്‍ നേടി. ജില്ലതല പോയന്‍റ് നിലയില്‍ പരസ്പരം മാറിമറിഞ്ഞ് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എറണാകുളത്തെ (247 പോയന്‍റ്) പിന്തള്ളി പാലക്കാട് ഒന്നാം സ്ഥാനം നേടിയെടുത്തു (255 പോയന്‍റ്). 101 പോയന്‍റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുണ്ട്. എറണാകുളത്തിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ് നഷ്ടപ്പെട്ടെങ്കിലും ജില്ലയില്‍നിന്നുള്ള മാര്‍ ബേസില്‍ ചാമ്പ്യന്‍ സ്കൂള്‍ ആയത് അവര്‍ക്ക് ആശ്വസിക്കാവുന്നതാണ്. മാര്‍ ബേസിലിനോട് മത്സരിച്ചുകൊണ്ടിരുന്ന കുമരംപുത്തൂര്‍ കല്ലടി എച്ച്.എസ്.എസിന് രണ്ടാം സ്ഥാനമേ ലഭിച്ചുള്ളൂവെങ്കിലും പാലക്കാട് ജില്ലക്ക് കിരീടം നേടിക്കൊടുക്കാന്‍ സാധിച്ചതില്‍ അവര്‍ക്കും ആശ്വസിക്കാം. അങ്ങനെ നോക്കുമ്പോള്‍ അടിമുടി വീറുംവാശിയും മുറ്റിനിന്ന പോരാട്ടമായിരുന്നു തേഞ്ഞിപ്പലത്തേത് എന്നുപറയാന്‍ കഴിയും. ആദ്യ അഞ്ച് സ്ഥാനങ്ങളിലത്തെിയ സ്കൂളുകളില്‍ രണ്ടെണ്ണം എറണാകുളം ജില്ലയില്‍നിന്നാണെങ്കില്‍ മൂന്നെണ്ണം പാലക്കാട് ജില്ലയില്‍നിന്നും. ഈ സ്കൂളുകളാകട്ടെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സ്കൂള്‍ കായികമേളകളില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നവയുമാണ്.
ലോകത്ത് മറ്റേതൊരു രാജ്യത്തെക്കാളും യുവജനങ്ങളെക്കൊണ്ട് സമ്പന്നമായ സമൂഹമാണ് നമ്മുടേത്. ഉല്‍പാദനക്ഷമതയും ചടുലതയുമുള്ള ചെറുപ്പക്കാരുടെ ധാരാളിത്തംകൊണ്ട് അനുഗൃഹീതമാണെങ്കിലും അതിന്‍െറ സദ്ഫലങ്ങള്‍ പൂര്‍ണമായി നേടിയെടുക്കുന്നതില്‍ നാം ഇനിയും വിജയിച്ചിട്ടില്ല. കൗമാര, യുവജന അനുപാതത്തിന്‍െറ ആനുകൂല്യം ഏറ്റവും കുറവ് പ്രതിഫലിക്കുന്ന മേഖലയാണ് സ്പോര്‍ട്സ്. നമ്മുടേതിന്‍െറ നാലിലൊന്ന് ജനസംഖ്യയും വലുപ്പവുമില്ലാത്ത കരീബിയന്‍, ലാറ്റിനമേരിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ ലോക സ്പോര്‍ട്സ് മേളകളില്‍ നടത്തുന്ന മുന്നേറ്റങ്ങള്‍ നാം കണ്ടുപഠിക്കേണ്ടതാണ്. ശാസ്ത്രീയവും നൈരന്തര്യമുള്ളതുമായ പരിശീലനം വേണ്ട മുറക്ക് ലഭിക്കുന്നില്ല എന്നതുതന്നെയാണ് നമുക്ക് മികച്ച കായികതാരങ്ങള്‍ ഇല്ലാതെപോവാന്‍ കാരണം. കഴിവുറ്റ ചെറുപ്പക്കാര്‍ ഇല്ലാത്തതോ അവര്‍ക്ക് സന്നദ്ധതയില്ലാത്തതോ അല്ല പ്രശ്നം. കായിക ഭരണ നിര്‍വഹണത്തിലുള്ള അലംഭാവവും അഴിമതിയും കാര്യക്ഷമതയില്ലായ്മയുമാണ് പിന്നോട്ടടിയുടെ കാരണം. സ്കൂള്‍, യൂനിവേഴ്സിറ്റിതലങ്ങളില്‍ മികച്ചരീതിയില്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ നമുക്ക് കഴിയുന്നുണ്ട്. സാമാന്യം നല്ല പ്രകടനങ്ങള്‍ അവിടെ ഉണ്ടാവുന്നുമുണ്ട്. എന്നാല്‍, ഒരു നിലക്കപ്പുറം പോവാന്‍ ഇവക്ക് സാധിക്കുന്നില്ല എന്നതാണ് പ്രശ്നം. അതായത്, നമ്മുടെ സ്പോര്‍ട്സ് മികവുകള്‍ പാതിവഴിയില്‍ വെച്ച് കൊഴിഞ്ഞുപോവുകയാണ്. അത് മറികടന്ന്, വലിയ കുതിപ്പ് നടത്താനുള്ള വഴികള്‍ വെട്ടിത്തെളിക്കുകയാണ് വേണ്ടത്. തേഞ്ഞിപ്പലത്ത് സമാപിച്ച സംസ്ഥാന സ്കൂള്‍ കായികമേളതന്നെ എടുക്കുക: 16 റെക്കോഡുകളാണ് അവിടെ പിറന്നത്. അവയില്‍ ഏഴെണ്ണം ദേശീയ റെക്കോഡിനെ ഭേദിക്കുന്നതായിരുന്നു. നോക്കൂ, അതത് സ്കൂളുകളുടെ മാത്രം മേല്‍നോട്ടത്തിലും അവരുടെ പരിശ്രമത്തിലും പരിശീലനം സിദ്ധിച്ചുവരുന്ന കൗമാരക്കാരാണ് ഇത്രയും ശ്രദ്ധേയമായ പ്രകടനം നടത്തുന്നത്. അവരെ വഴിയില്‍ കളയാതെ നിരന്തര പരിശീലനത്തിലൂടെ വളര്‍ത്തിയെടുക്കാനുള്ള മികച്ച സംവിധാനങ്ങളുണ്ടാവണം. കഴിവുറ്റ നമ്മുടെ കുട്ടികളെ വളര്‍ത്തിയെടുക്കേണ്ട ഉത്തരവാദിത്തം നമുക്കുതന്നെയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialkerala school games
News Summary - madhyamam editorial: kerala school games
Next Story