സ്വതന്ത്ര കുർദിസ്താൻ?
text_fieldsസ്വതേ അസമാധാനത്തിെൻറയും അസ്ഥിരതയുടെയും അനിശ്ചിതത്വത്തിെൻറയും നാൾവഴികളിലൂടെ കടന്നുപോവുന്ന പശ്ചിമേഷ്യയിൽ പുതിയൊരു പ്രതിസന്ധിക്കുകൂടി വഴിമരുന്നിട്ടിരിക്കുന്നു വടക്കൻ ഇറാഖിലെ കുർദു മേഖലയിൽ നടന്ന ഹിതപരിശോധന. കുർദ് മേധാവി മസ്ഉൗദ് ബറാസാനി സ്വാഭീഷ്ടപ്രകാരം നടത്തിയ ഹിതപരിശോധനയിൽ സ്വതന്ത്ര കുർദിസ്താന് അനുകൂലമായാണ് 93 ശതമാനം ജനങ്ങളും വോട്ട് രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ഇത് സ്വാഭാവികമായും 1.4 കോടിയോളം കുർദുകൾ താമസിക്കുന്ന തുർക്കിയെയും 80 ലക്ഷം കുർദ് ജനസംഖ്യയുള്ള ഇറാനെയും 65 ലക്ഷം കുർദുകൾ അധിവസിക്കുന്ന ഇറാഖിനെയും ഒരുപോലെ പ്രകോപിപ്പിച്ചിട്ടുണ്ട്. െഎക്യരാഷ്ട്രസഭയും അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളും ഹിതപരിശോധനയെ തള്ളിപ്പറഞ്ഞിട്ടുണ്ടെങ്കിലും ചരിത്രത്തിലാദ്യമായി സ്വതന്ത്ര കുർദിസ്താൻ പിറവിയെടുക്കുമെന്ന കണക്കുകൂട്ടലിൽ ആഹ്ലാദഭരിതരാണ് കുർദുമേഖലയിലെ ജനങ്ങൾ. തുർക്കിയും ഇറാഖും ഇറാനും പുതിയ ഭീഷണിയെ യോജിച്ചു നേരിടുമെന്ന് സൂചനകളുണ്ട്; സാമ്പത്തിക ഉപരോധമേർപ്പെടുത്തി കുർദുകളെ പട്ടിണിക്കിടേണ്ടിവരുമെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. കുർദ് മേഖലയിലെ അപാരമായ എണ്ണ സമ്പത്താണ് സ്വതന്ത്ര കുർദിസ്താൻവാദികൾക്ക് ആത്മവിശ്വാസം പകരുന്ന മുഖ്യഘടകമെങ്കിലും ദിനേന ലക്ഷണക്കണക്കിന് ബാരൽ എണ്ണ തുർക്കിവഴിയാണ് പുറംനാടുകളിലെത്തുന്നത് എന്നതുകൊണ്ട് ഉപരോധഭീഷണി മസ്ഉൗദ് ബറാസാനിയെയും അനുയായികളെയും ശ്വാസംമുട്ടിക്കുമെന്നതിൽ സംശയമില്ല. അതുകൊണ്ടുമാത്രം സ്വതന്ത്ര കുർദിസ്താൻ വാദത്തിൽനിന്ന് നാല് രാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന കുർദുകൾ പിന്മാറുമെന്ന് പ്രതീക്ഷിക്കുന്നതും സ്ഥാനത്താവില്ല. കാരണം, സ്വന്തമായ ഭാഷയും പാരമ്പര്യവും സംസ്കാരവുമുള്ള കുർദുകളുടെ ചിരകാലാവശ്യമാണ് തങ്ങളുടേതായ സ്വതന്ത്ര രാജ്യം എന്നുള്ളത്.
തുർക്കി, ഇറാഖ്, സിറിയ, ഇറാൻ, അർമീനിയ എന്നീ രാജ്യങ്ങളുടെ അതിർത്തികളിലെ മലമ്പ്രദേശമാണ് രണ്ടര േകാടിയോളംവരുന്ന കുർദുവംശജരുടെ അധിവാസമേഖല. ചരിത്രാതീത കാലംതൊട്ട് കാലികളെ മേച്ചും കൃഷിചെയ്തും ജീവിച്ചുവന്ന ഇൗ ഇന്തോ^യൂറോപ്യൻ വംശജരിൽ ഇന്ന് ഭൂരിപക്ഷവും സുന്നി മുസ്ലിംകളാണെങ്കിലും ശിയാക്കൾ, അലവികൾ, യസീദികൾ, ക്രൈസ്തവർ മുതലായ ന്യൂനപക്ഷങ്ങളും അവരിലുണ്ട്. ഒന്നാംലോക യുദ്ധത്തിൽ ഉസ്മാനിയ സാമ്രാജ്യം പരാജയപ്പെട്ടതോടെ ജേതാക്കളായ യൂറോപ്യൻ ശക്തികളാണ്, തുർക്കിക്ക് സ്ഥിരം തലവേദന സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 1920ൽ സ്വതന്ത്ര കുർദിസ്താൻ രൂപവത്കരണത്തിലേക്ക് കുർദുകളെ വഴിനടത്തുന്നത്. ഭിന്നിപ്പിച്ച് ഭരിക്കുകയായിരുന്നല്ലോ എക്കാലത്തെയും സാമ്രാജ്യശക്തികളുടെ കുതന്ത്രം. എന്നാൽ, തുർക്കിയുടെ അതിർത്തികൾ നിർണയിക്കപ്പെട്ടതോടെ പ്രസ്തുത അതിരുകളിൽ സ്വതന്ത്ര കുർദിസ്താന് സ്ഥാനമുണ്ടായില്ല. സ്വന്തമായ രാജ്യം സ്ഥാപിക്കാനുള്ള കുർദുകളുടെ ശ്രമങ്ങളെയൊക്കെയും തുടർന്നുവന്ന തുർക്കി ഭരണകൂടങ്ങൾ വിഫലമാക്കുകയേ ചെയ്തിട്ടുള്ളൂ.
1978ൽ ഇടതുപക്ഷ സ്വഭാവമുള്ള കുർദിസ്താൻ വർക്കേഴ്സ് പാർട്ടിക്ക് രൂപംനൽകിക്കൊണ്ട് അബ്ദുല്ല ഒാഗ്ലാൻ സ്വാതന്ത്ര്യത്തിനുവേണ്ടി സായുധ കലാപങ്ങൾ നിരന്തരം സംഘടിപ്പിച്ചുവെങ്കിലും 40,000ത്തിലധികം ആളുകളെ കുരുതികൊടുക്കാനല്ലാതെ ലക്ഷ്യംനേടാൻ ഇൗ മാർക്സിസ്റ്റ് ^ലെനിനിസ്റ്റിനായില്ല. 1999ൽ ഒാഗ്ലാൻ തുർക്കി ജയിലിൽ അടക്കപ്പെടുകയും ചെയ്തു. ജസ്റ്റിസ് ആൻഡ് െഡവലപ്മെൻറ് പാർട്ടിയുടെ ബാനറിൽ റജബ് ത്വയ്യിബ് ഉർദുഗാൻ തുർക്കിയിൽ അധികാരമേറ്റ ആദ്യനാളുകളിൽ കുർദിസ്താൻ വിഘടിതരുമായി ധാരണയുണ്ടാക്കുന്നതിൽ വിജയിക്കുകയും കുർദുകളുടെ ന്യായമായ ആവശ്യങ്ങൾ വകവെച്ചുകൊടുക്കാൻ വഴിതെളിയുകയും ചെയ്തുവെങ്കിലും അധികം താമസിയാതെ കരാർ അട്ടിമറിക്കപ്പെട്ടു, കുർദുകളിൽ ഒരു വിഭാഗം സായുധ സമര മാർഗത്തിലേക്ക് തിരിച്ചുപോവുകയും ചെയ്തു. ഏറ്റവുമൊടുവിൽ സിറിയയില െഎ.എസ് ഭീകരവാദികളെ തുരത്താൻ കുർദുസേനയെ സുസജ്ജമാക്കാൻ അമേരിക്ക ഉദ്യുക്തമായപ്പോൾ തുർക്കി അതിന് വിസമ്മതിച്ചതും സ്വന്തം സുരക്ഷയെ കരുതിയായിരുന്നു.
രാസായുധങ്ങൾ വരെ പ്രയോഗിച്ച് ഇറാഖിലെ കുർദു വിഘടനവാദത്തെ തകർക്കാൻ ശ്രമിച്ചത് ഇറാഖിലെ സ്വേച്ഛാധിപതി സദ്ദാം ഹുസൈനായിരുന്നു. ഗൾഫ് യുദ്ധത്തിൽ പക്ഷേ, സദ്ദാമിന് അടിതെറ്റുകയും അമേരിക്കയും സഖ്യശക്തികളും കൂടി ഇറാഖിനെ വിഴുങ്ങുകയും സദ്ദാമിനെ തൂക്കിലേറ്റുകയും ചെയ്തതോടെ കുർദുകൾക്ക് പ്രതികാരത്തിന് മികച്ച അവസരമൊരുങ്ങി. അവർ ഇറാഖിലെ ശിയാ ഭൂരിപക്ഷത്തോടൊപ്പം നാറ്റോവിെൻറ തണലിൽ അധികാരം പങ്കിടുക മാത്രമല്ല എണ്ണ സമൃദ്ധമായ കിർകുക് ഉൾപ്പെടുന്ന ഭൂഭാഗങ്ങൾ സ്വന്തം നിയന്ത്രണത്തിൽ കൊണ്ടുവരുകയുംചെയ്തു.
പിന്നീടിതുവരെ ബഗ്ദാദിലെ കേന്ദ്ര സർക്കാറിന് കുർദ് മേഖലയിൽ അധികാരം ഫലപ്രദമായി പ്രയോഗിക്കാൻ സാധിച്ചിട്ടില്ല. ഇതിനിടെ സങ്കീർണ രാഷ്ട്രീയ സാഹചര്യങ്ങളിൽനിന്ന് സമർഥമായി മുതലെടുത്തത് ഇസ്രായേലാണ്. കുർദുകളുമായി ഉറ്റബന്ധം സ്ഥാപിച്ച ജൂതരാഷ്ട്രം മാത്രമാണ് ഒടുവിലത്തെ സ്വതന്ത്ര കുർദിസ്താന് അനുകൂലമായ ഹിതപരിശോധനയെയും പിന്താങ്ങിയിരിക്കുന്നത്.
പെേട്രാളിയത്തിലും നദീജലത്തിലും സമ്പന്നമായ ഇറാഖിനുള്ളിൽ ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു സർക്കാറിനെ ലഭിക്കുമെങ്കിൽ അതെന്തിന് കളഞ്ഞുകുളിക്കണം? ഇപ്രകാരം ഒരുവശത്ത് െഎ.എസിനെതിരായ പടയൊരുക്കത്തിലൂടെ ലഭിച്ച പരോക്ഷമായ അംഗീകാരവും മറുവശത്ത് അതീവദുർബലമായ ഇറാഖിനെ പുറംകാൽകൊണ്ട് തട്ടിക്കളയാമെന്ന ലാഘവബുദ്ധിയും തുർക്കിയിൽ ഉർദുഗാൻ നേരിടുന്ന ആഭ്യന്തര വെല്ലുവിളികളുമെല്ലാം മുതലാക്കി നാലു രാജ്യങ്ങളുടെയെങ്കിലും അതിർത്തികളെ ചൂഴ്ന്നുനിൽക്കുന്ന സ്വതന്ത്ര കുർദിസ്താൻ നിർമിച്ചെടുക്കാമെന്ന മസ്ഉൗദ് ബറാസാനിയുടെയും കൂട്ടുകാരുടെയും സ്വപ്നം എപ്പോഴെങ്കിലും പുലരുമെന്ന് സങ്കൽപിച്ചാൽ പോലും അതിന് കൊടുക്കേണ്ടിവരുന്ന വില ലക്ഷക്കണക്കിൽ മനുഷ്യരുടെ ജീവനും അഭയാർഥി പ്രവാഹവും ഒരു നൂറ്റാണ്ട് കൊണ്ടും നികത്താനാവാത്ത കെടുതികളുമായിരിക്കുമെന്നതിൽ സംശയം വേണ്ട.
അതേസമയം, കുർദുമേഖലക്ക് സ്വയംഭരണം അനുവദിച്ചുകൊണ്ടുള്ള പരിഹാര നടപടികളെക്കുറിച്ച് സഗൗരവം ആലോചിക്കാൻ അയൽരാജ്യങ്ങൾ തയാറായാൽ അനന്തമായ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ സാധ്യത തെളിഞ്ഞേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.