Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightശ്രീമതി മുർമുവിന്‍റെ...

ശ്രീമതി മുർമുവിന്‍റെ സ്വപ്നങ്ങൾ പൂവണിയട്ടെ

text_fields
bookmark_border
ശ്രീമതി മുർമുവിന്‍റെ സ്വപ്നങ്ങൾ പൂവണിയട്ടെ
cancel




സ്വതന്ത്ര ഇന്ത്യയുടെ 15ാമത്​ രാഷ്ട്രപതിയായി ഒഡിഷയിലെ മയൂർഭഞ്ജിൽ നിന്നുള്ള ദ്രൗപദി മുർമു തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച, ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള വനിതയായ ശ്രീമതി മുർമുവിന്‍റെ സ്ഥാനാരോഹണം ചരിത്രസംഭവമായാണ്​ ആഘോഷിക്കപ്പെടുന്നത്​. രാജ്യത്തെ ജനസംഖ്യയിലെ 8.6 ശതമാനം വരുന്ന ദുർബല വിഭാഗത്തിന്‍റെ പ്രതിനിധി രാജ്യത്തിന്‍റെ പ്രഥമപൗരത്വ പദവിയിലേക്ക്​ ഉയർത്തപ്പെടുന്നത്​ പാർശ്വവത്​കൃതരുടെയും ന്യൂനപക്ഷങ്ങളുടെയും ​മനോവീര്യം ഉയർത്തു​മെന്ന കാര്യത്തിൽ സംശയമൊന്നുമില്ല.

തന്റെ നേട്ടം വ്യക്തിപരമല്ലെന്നും ഓരോ ദരിദ്ര ഇന്ത്യക്കാരുടേതുമാണെന്നും സ്ഥാനമേറ്റെടുത്ത്​ ആദ്യവർത്തമാനത്തിൽ തന്നെ അവർ വ്യക്തമാക്കുകയുണ്ടായി. ദരിദ്ര ഇന്ത്യക്ക്​ സ്വപ്നം കാണാൻ മാത്രമല്ല, അത്​ സാക്ഷാത്​കരിക്കാനുമാവുമെന്നതിന്‍റെ തെളിവായി ഈ സ്ഥാനലബ്​ധിയെ പുതിയ ഇന്ത്യൻ പ്രസിഡന്റ് കാണുന്നു. പാവപ്പെട്ടവർ, ദലിതർ, പിന്നാക്കക്കാർ, ഗോത്രവർഗ വിഭാഗങ്ങൾ, സ്ത്രീ ജനങ്ങൾ-എല്ലാവർക്കും തന്നിൽ അവരുടെ പ്രതിനിധിയെ കാണാം എന്ന്​ അവർ ഉറപ്പു നൽകുകയും ചെയ്തു. അവരുടെ മനംനിറഞ്ഞ വാക്കുകൾ സാക്ഷാത്​കരിക്കപ്പെടട്ടെ എന്നു ​പ്രാർഥിക്കാം. അവരുടെ ഉറപ്പുകൾ പാലിക്കപ്പെടുമെന്നു പ്രതീക്ഷിക്കാം.

രാഷ്​ട്രപതി തെരഞ്ഞെടുപ്പും സ്ഥാനാർഥിനിർണയവുമൊന്നും പൂർണമായി രാഷ്ട്രീയമുക്തമല്ല. കേന്ദ്രത്തിലെ ഭരണപക്ഷം മറ്റു യോഗ്യതകൾക്കൊപ്പമോ, അതിലുപരിയായോ തങ്ങളുടെ വരുതിയുടെ പരിധിക്ക് പുറത്തുകടക്കാത്തവരെയാണ്​ ഈ​ പദത്തിൽ അവരോധിക്കാറുള്ളത്​. പരിണതപ്രജ്ഞരായ നേതാക്കൾ ഇരുന്ന കസേരയിൽ ചിലപ്പോഴെങ്കിലും ഭരണകക്ഷിയുടെ സമ്പൂർണവിധേയർ ഇടം പിടിച്ച സന്ദർഭങ്ങളുണ്ടായിട്ടുണ്ട്​. കോൺഗ്രസ്​ മുതൽ ബി.ജെ.പി വരെയുള്ളവർക്ക്​ ഇക്കാര്യത്തിൽ വലിയ അവകാശവാദത്തിനൊന്നും അർഹതയില്ല. ഇപ്പോൾ പുതിയ രാഷ്ട്രപതി സ്ഥാനത്തേക്ക്​ മുർമുവിനെ എത്തിക്കാനായത്​ നിലവിലെ എൻ.ഡി.എ ഭരണകൂടത്തിന്‍റെ ഭരണനേട്ടമായാണ്​ കേന്ദ്ര​ ആഭ്യന്തരമന്ത്രി അമിത്​ ഷാ ത​ന്നെ കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്കു നൽകിയ പ്രസ്താവനയിൽ പറയുന്നത്​.​

ഗോത്രവർഗ ജനതയെ മുൻ സർക്കാറുകളെല്ലാം അവഗണിച്ചപ്പോൾ ബി.ജെ.പിയാണ്​ അവർക്ക്​ എല്ലാം ചെയ്​തുകൊടുത്തതെന്ന് അക്കമിട്ടു പറയുന്ന അമിത് ​ഷാ അതിലെ പരമപ്രധാന സംഭാവനയായാണ്​ മുർമുവിന്‍റെ സ്ഥാനാർഥിത്വത്തെ അവതരിപ്പിക്കുന്നത്​. എന്നിരിക്കെ പാർട്ടി പ്രവർത്തകയായി കയറിവന്ന് ഇളമുറക്കാരിയായ പ്രസിഡന്‍റായി മാറുന്ന മുർമുവിന് കടന്നുവന്ന വഴികൾ തീരെ മായ്​ച്ചു കളയാനാവില്ല. മാത്രമല്ല, മുമ്പ്​ ഗവർണർ സ്ഥാനത്തിരിക്കെ ഝാർഖണ്ഡ്​ സർക്കാർ​ കൊണ്ടുവന്ന അന്യായ നിയമങ്ങളെ എതിർക്കാൻ സാഹസപ്പെടേണ്ടി വന്നത് അവരുടെ മുന്നിലുണ്ടു താനും. അതുകൊണ്ടു തന്നെ, മുൻരാഷ്ട്രപതിയുടെ വിടവാങ്ങൽ പ്രസംഗത്തെ പറ്റി ഈ കോളത്തിൽ ഞങ്ങൾ ചൂണ്ടിക്കാട്ടിയപോലെ പറയുന്ന വാക്കുകളുടെ ഇമ്പമല്ല, പ്രവൃത്തിയിലെ മികവാണ്​ രാജ്യം പുതിയ സാരഥിയിൽ നിന്ന് കാത്തിരിക്കുന്നത്​.

രാഷ്ട്രപതി സ്ഥാനത്തേക്കുള്ള മുർമുവിന്‍റെ വരവ്​ ഐതിഹാസികമാണ്​. എന്നാൽ അവരും അവർ ചൂണ്ടിക്കാട്ടിയ അതിപിന്നാക്ക വിഭാഗങ്ങളും വീണ ചേറിൽ നിന്ന് എഴുന്നേൽക്കാനാവാത്ത നിലയിൽ തന്നെയാണ്​. പട്ടിണിമരണങ്ങൾ മുതൽ ആശുപത്രി സേവന ലഭ്യത വരെ അവർക്ക്​ അന്യം. അലങ്കാരപദവികളിലെ സ്ഥാനമാനങ്ങൾക്കപ്പുറം ആദിവാസിവിഭാഗങ്ങൾക്ക്​ ഉന്നത ഉദ്യോഗസ്ഥ തലങ്ങളിൽ പ്രാതിനിധ്യം തീരെയില്ല എന്നു തന്നെ പറയണം. ഇതുവരെ ആദിവാസി വിഭാഗത്തിൽ നിന്ന് പരമോന്നത നീതിപീഠത്തിൽ ആരും എത്തിയിട്ടില്ല.

ഇക്കാര്യത്തിൽ സമുദായ പ്രതിനിധിയായ രാഷ്ട്രപതിക്ക് വല്ലതും ചെയ്യാനാവുമോ? ആദിവാസി ക്ഷേമത്തിനും ഗോത്രവർഗ പുരോഗതിക്കുമൊക്കെ കേന്ദ്ര, സംസ്ഥാനസർക്കാറുകൾ ബജറ്റുകളിൽ വൻതുക വിഹിതം മാറ്റിവെക്കാറുണ്ട്​. പല പേരുകളിൽ പുതിയ പദ്ധതികൾ പ്രഖ്യാപിക്കാറുണ്ട്​. എന്നാൽ ക്ഷേമവും പുരോഗതിയും അതു നടപ്പാക്കേണ്ട ഉദ്യോഗസ്ഥ തലം വരെ എത്തുകയും യഥാർഥ അർഹർക്ക്​ കഞ്ഞി കുമ്പിളിൽ തന്നെ വിളമ്പുകയും ചെയ്യുന്നതാണ്​ പ്രബുദ്ധ കേരളം വരെയുള്ള അനുഭവം.

അഴിമതി കൊടികുത്തിവാഴുകയാണ്​ ആദിവാസിക്ഷേമ പദ്ധതികളിൽ. അതിനുമപ്പുറത്താണ്​ വൻകിട കുത്തകകൾക്കുവേണ്ടി വനഭൂമി ചൂഷണം ചെയ്ത്​ ഗോത്രവർഗവിഭാഗങ്ങളെ ആവാസവ്യവസ്ഥയിൽ നിന്ന് പുറന്തള്ളാൻ നടത്തുന്ന നീക്കങ്ങൾ. വാണിജ്യാവശ്യങ്ങൾക്കായി വനഭൂമി ഉപയോഗിക്കാനുള്ള വ്യവസ്ഥകൾ ഉദാരമാക്കാനുള്ള ശ്രമത്തിലാണിപ്പോൾ മോദി സർക്കാർ. ഝാർഖണ്ഡ്​​ ഭരണകൂടത്തിന്‍റെ ഛോട്ട നാഗ്​പൂർ ടെനൻസി ആക്​ട്​, സന്താൾ പർഗാന നിയമം എന്നിവ​ക്കെതിരെ നിലകൊണ്ട മുർമുവിന്‍റെ ആർജവം കേന്ദ്രസർക്കാറിന്‍റെ വനഭൂമി ചൂഷണ ഒത്താശകൾക്കെതിരെ ഉണ്ടാകുമോ എന്നു കാത്തിരുന്നു കാണണം.

​സ്ത്രീകളുടെ അവകാശങ്ങളും വ്യവസായവിപ്ലവത്തിന്‍റെ നാലാംഘട്ടമായ പുതുതലമുറ മുൻകൈയിനെ കുറിക്കുന്ന ഇന്ത്യ 4.0 സ്വപ്നമൊക്കെ അവർ പങ്കുവെച്ചിട്ടുണ്ട്​. പാർലമെന്‍റിലെ സ്ത്രീ സംവരണം വേണ്ടാക്കഥയായി മാറി. സ്ത്രീശാക്തീകരണവും അവകാശബോധവുമൊക്കെ ഏറെ മെച്ചപ്പെട്ടുവെങ്കിലും സ്ത്രീജന​ത്തോടുള്ള പൊതുബോധത്തിൽ ഇനിയും കാര്യമായ മാറ്റം വന്നു എന്നു പറയാറായില്ല. ഭരണതലത്തിൽ നിന്ന് തുടങ്ങേണ്ട ഈ മാറ്റങ്ങളെ ത്വരിപ്പിക്കാൻ പുതിയ രാഷ്ട്രപതിക്കു കഴിയുമോ? സമൂഹത്തിന്‍റെ മുഖ്യധാരയിലുള്ളവർ അടിത്തട്ടിൽ കിടക്കുന്നവരെക്കുറിച്ച യാഥാർഥ്യബോധമില്ലാതെ അടിച്ചേൽപിക്കുന്ന നിയമങ്ങളുണ്ട്​.

ഏകസിവിൽ കോഡ്​ അതിൽ പ്രമുഖമാണ്​. സർവ ന്യൂനപക്ഷങ്ങളുടെയും അവകാശം എടുത്തുകളയാൻ പോന്ന ആ നിയമം തങ്ങളുടെ സവിശേഷതകൾ ഇല്ലാതാക്കും എന്നതിനാൽ ഗോത്രവിഭാഗങ്ങളും എതിർക്കുന്നുണ്ട്​. ബി.ജെ.പിയുടെ പ്രഖ്യാപിത അജണ്ടയിലെ ഈ പ്രധാന ഇനം നടപ്പാക്കാൻ മോദി സർക്കാർ ഇറങ്ങിത്തിരിക്കുമ്പോൾ ശ്രീമതി മുർമു എന്ത് നിലപാട്​ സ്വീകരിക്കും എന്നതും പ്രധാനമാണ്​. അവിടെയൊന്നും ഒന്നും ചെയ്യാനാവുന്നില്ലെങ്കിൽ പൊതുവെ അപഹസിക്കപ്പെടാറുള്ള റബർ സ്റ്റാമ്പ്​ ദുര്യോഗമായിരിക്കും പ്രസിഡന്‍റിനെ കാത്തിരിക്കുക എന്നതിന്​ ഇന്ത്യയിൽ വേണ്ടത്ര പൂർവാനുഭവങ്ങളുണ്ട്​.

രാഷ്ട്രപതി സ്ഥാനത്തേക്ക്​ ദലിതനെ നിശ്ചയിച്ചത്​ വലിയ കാര്യമായി എടുത്തുപറയെ തന്നെ പദവിയിലിരിക്കെ ക്ഷേത്രസന്ദർശനത്തിനെത്തിയ രാഷ്ട്രപതിക്ക്​ പഴയ ​ജാതിബോധത്തിന്‍റെ ക്രൂരതക്ക്​ ഇരയാവേണ്ടി വന്നിട്ടുണ്ട്​. എന്നിരിക്കെ പദവിയിൽ ഇരുത്തുന്നവരും ഇരിക്കുന്നവരും കാര്യഗൗരവത്തിലാണോ? അല്ലേ എന്നു തെളിയിക്കേണ്ടത്​ അവരുടെ വരുംകാല പ്രവർത്തനങ്ങളാണ്​.

ദൂരദൂരെയുള്ള ഒരു ഗോത്രവർഗ പ്രദേശത്തെ ദരിദ്രവീട്ടിൽ ജനിച്ച പെൺകുട്ടിക്ക്​ രാജ്യത്തെ ഏറ്റവും വലിയ ഭരണഘടന പദവിയിൽ എത്തിച്ചേരാൻ കഴിയുന്നു എന്നതാണ്​ നമ്മുടെ ജനാധിപത്യത്തിന്‍റെ ശക്തി എന്ന്​ മാഡം പ്രസിഡന്‍റ്​ ചൂണ്ടിക്കാട്ടിയത്​ അർഥവത്താണ്​. അത്രമേൽ പ്രധാനമാണ്​ ജനാധിപത്യത്തിന്‍റെ ആ കരുത്ത്​ താൻ കടന്നുവന്ന വഴികളിൽ ഇപ്പോഴും വീണുകിടക്കുന്നവരും പിടഞ്ഞെഴുന്നേൽക്കാൻ ശ്രമിക്കുന്നവരുമായ അധഃസ്ഥിത പിന്നാക്കവിഭാഗങ്ങളുടെ ഭരണഘടനപരമായ അവകാശങ്ങൾ അവർക്കു ലഭ്യമാക്കാൻ പുതിയ പദവി ശ്രീമതി മുർമുവിനു അവസരമൊരുക്കുമോ എന്ന ചോദ്യം. അസാധ്യമായി ഒന്നുമില്ല എന്ന ജീവിതാനുഭവം പുതിയ കർമപഥത്തിലേക്ക് കൂടി പകർത്താൻ അവർക്ക് കഴിഞ്ഞാൽ അതു സാധ്യമാവും. അവർ നെ​യ്​തെടുത്തിരിക്കുന്നത്​ ഇന്ത്യയുടെ തന്നെ സ്വപ്നങ്ങളാണ്​. അത്​ പൂവണിയട്ടെ എന്ന്​ ആശംസിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialDroupadi Murmu
News Summary - madhyamam editorial Let Mrs. Murmu's dreams blossom
Next Story