Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമോദിയുടെ പ്രസംഗവും...

മോദിയുടെ പ്രസംഗവും പ്രതിപക്ഷം ചെയ്യേണ്ടതും

text_fields
bookmark_border
modi
cancel

പൊതുതെരഞ്ഞെടുപ്പിനുള്ള സന്നാഹ ഒരുക്കത്തിലാണ് ബി.ജെ.പി. തങ്ങൾക്കു മാത്രമായി 370 സീറ്റും മുന്നണിക്ക് 400 സീറ്റും ലഭിക്കുമെന്ന് അവരുടെ നേതാക്കൾ ആവർത്തിക്കുന്നതുപോലും തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മനഃശാസ്ത്ര യുദ്ധത്തിന്റെ ഭാഗമാണ്​. ഞായറാഴ്ച പാർട്ടി ദേശീയസമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗവും അതേ സ്വരത്തിലായിരുന്നു. സ്വതസിദ്ധമായ വാഗ്വിലാസത്തിൽ പ്രധാനമന്ത്രി നടത്തുന്ന അവകാശവാദങ്ങൾ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ പോന്നവയാണെന്നു തിരിച്ചറിഞ്ഞ് മറുഭാഷ്യം നൽകാൻ പ്രതിപക്ഷം തയാറായാലേ ജനാധിപത്യത്തിന്റെ ആരോഗ്യകരമായ പ്രവർത്തനം ഉറപ്പാവൂ.

പ്രധാനമന്ത്രിയുടെ പ്രസംഗം യഥാവിധി നിരൂപണം ചെയ്‌താൽതന്നെ ഇനിയൊരു ഊഴം ബി.ജെ.പിക്കു നൽകണോ എന്നു സമ്മതിദായകർക്ക് വിലയിരുത്താം. കുറച്ച് നാളുകളായി, മോദി വന്നശേഷമുള്ള ദശകത്തിലെ പ്രവർത്തനമികവാണ്, അതിനു മുമ്പുള്ള ആറരപതിറ്റാണ്ടിലെ പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്ത് ബി.ജെ.പി എടുത്തുന്നയിക്കാറ്. ഉദാഹരണത്തിന്​ ശാസ്ത്ര - സാങ്കേതികരംഗത്തെ അവകാശവാദംതന്നെ. ഈ രംഗത്ത്​ ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തിയത് തങ്ങളാണെന്ന വാദത്തിൽതന്നെ പിഴവുണ്ട്. നെഹ്രുവിന്റെ കാലത്തുതന്നെ ദീർഘദൃഷ്ടിയോടുകൂടി ആരംഭിച്ച ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇന്ന് ഇന്ത്യയുടെ അഭിമാനമായ ഐ.ഐ.ടികൾ. ബാഹ്യാകാശ പര്യവേക്ഷണത്തിലെ ഭാരതത്തിന്‍റെ കുതിപ്പ് തങ്ങളുടെ ഭരണനേട്ടമായി പൊക്കിക്കാട്ടുന്നവർ ഈ യാത്ര 1962 ൽ അന്നത്തെ സാങ്കേതികവിദ്യവെച്ച് രാജ്യം തുടങ്ങിവെച്ചതാണ്​ എന്ന കാര്യം മറച്ചുപിടിക്കുന്നു.

കറപുരളാത്ത ഭരണമായിരുന്നു കഴിഞ്ഞ പത്തുവർഷമെന്നാണ് മറ്റൊരു അവകാശവാദം. യു.പി.എ ഭരണത്തെ മോദി പരിഹസിക്കാറ് ടു-ജി സ്പെക്ട്രം അഴിമതിയും ക്രമക്കേടുകളും മുൻനിർത്തിയാണ്. അഴിമതി നിഷേധിക്കാനാവില്ലെങ്കിലും സ്പെക്ട്രം അനുവദിച്ചതിന്റെ കാര്യത്തിൽ സി.എ.ജി അന്ന് പറഞ്ഞ കണക്കുകൾ പർവതീകരിച്ചതായിരുന്നെന്ന് കോടതി വിധി സർക്കാറിനെതിരായി വന്നപ്പോൾപോലും വ്യക്തമായിരുന്നു. എന്നാൽ, എൻ.ഡി.എ ഭരണത്തിൽ അത്തരം പല വൻകിട കരാറുകളും സ്വകാര്യവത്​കരണവും നടക്കുന്നത് ആശ്രിത വാത്സല്യത്തിന്‍റെ പേരിലാണ്. ടെലികോം മേഖല സ്വകാര്യ കുത്തകയുടെ കൈയിലമർന്നത് കുത്തകനിരോധ നിയമങ്ങൾ വേണ്ടവിധം നടപ്പാക്കാത്തതുകൊണ്ടു മാത്രമല്ല, പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എല്ലിനെ തകർക്കാൻ നടത്തിയ ​ശ്രമങ്ങളുടെകൂടി ഫലമായാണ്. ഒരു വ്യവസായത്തിൽ നേടിയ ശീഘ്ര വളർച്ച വീണ്ടും കൂടുതൽ നിക്ഷേപം നടത്താനുള്ള മൂലധനം നൽകും. പിന്നെ ഭീമൻ ടെൻഡറുകളിലെ നിബന്ധനകളനുസരിച്ച് മത്സരിക്കാൻതന്നെ അത്തരം മൂലധന ശക്തികൾക്കേ കഴിയൂ. 5-ജി സ്പെക്ട്രം ലേലത്തിൽ ഭൂരിഭാഗവും റിലയൻസിനാണ് ലഭിച്ചത്. ചങ്ങാത്ത മുതലാളിത്തത്തിന്റെ ലക്ഷണമൊത്ത ഇത്തരം വളർച്ചക്ക് കളമൊരുക്കി അതിലൂടെ മാത്രം ലഭ്യമാവുന്ന വികസന പ്രവർത്തനങ്ങളെയാണ് ഇന്ന് ഭരണകൂടം ‘വികസിത ഭാരത്’ എന്ന് അഭിമാനപൂർവം ഷോകേസ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ വന്ന ആകെ സംഭാവനകളുടെ ഭൂരിഭാഗവും ലഭിച്ച പാർട്ടിയായ ബി.ജെ.പിക്ക് സംഭാവന നൽകിയവർ ആരെല്ലാമാണെന്ന് സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റിൽ വെളിപ്പെട്ടാൽ പല അതാര്യ ഇടപാടുകളുടെയും ചുരുളഴിഞ്ഞേക്കും.

പാർലമെന്റിൽ ശൗച്യാലയങ്ങളെക്കുറിച്ചു ആദ്യമായി പ്രസംഗിച്ചത് താനാണെന്നും മോദി അവകാശപ്പെട്ടു. ഏറെ കൊട്ടിഗ്ഘോഷിച്ച സ്വഛ്‌ ഭാരത് പദ്ധതിയാണ് സൂചന. എന്നാൽ, ഭീമമായ ബജറ്റ് അടങ്കൽ നൽകി എന്നതൊഴിച്ചാൽ ശൗച്യാലയങ്ങളുടെ എണ്ണവും അവസ്ഥയും തുറസ്സിലെ മലമൂത്ര വിസർജനമുക്തിയുടെ ശതമാനവും നോക്കിയാൽ തുച്ഛമായ നേട്ടമേ അതിൽ പറയാനുണ്ടാവൂ. മറ്റൊരു വിഷയം സംസ്ഥാനങ്ങളിലെ ഇടക്കാല അസംബ്ലി തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി വിജയം നേടിയപ്പോൾ പ്രതിപക്ഷം തെക്ക്-വടക്ക് വിഭാഗീയത വളർത്തിയെന്ന മോദിയുടെ ആരോപണമാണ്. പ്രതിപക്ഷം ഭരിക്കുന്ന ദക്ഷിണ സംസ്ഥാനങ്ങളോട് ശത്രുതാപരമായ സമീപനം സ്വീകരിക്കുമ്പോൾ അതുന്നയിക്കുന്നത് വിഭാഗീയതയായി ചിത്രീകരിക്കുന്നതാണ് ഈ തന്ത്രം. ജാതി സർ​വേ ആവശ്യപ്പെടുമ്പോൾ ജാതി ചിന്ത വളർത്തുന്നുവെന്നു ആരോപിക്കുന്നതിനു സമാനമാണിത്.

തങ്ങൾക്ക് മാത്രമേ സുസ്ഥിരതയും സമാധാനവും നൽകാൻ കഴിയൂവെന്നു, ചിതറി നിൽക്കുന്ന പ്രതിപക്ഷത്തെ ചൂണ്ടി ബി.ജെ.പി നേതൃത്വം അവകാശപ്പെടുന്നു. അതിനിടയിൽ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷത്തെ മൊത്തം അരക്ഷിതാവസ്ഥയിലാക്കുകയും അവകാശങ്ങളെ ഹനിക്കുകയും ചെയ്താണ്​ ‘ഏക് ഭാരത്, ശ്രേഷ്‌ഠ ഭാരത്’ പ്രധാനമന്ത്രി സങ്കൽപിക്കുന്നത് എന്നതാണ് വിചിത്രം. മാത്രമല്ല, ഇനിയുമൊരു മാൻഡേറ്റ് ആവശ്യപ്പെടുമ്പോൾ അടുത്ത അഞ്ചു വർഷത്തേക്കുള്ള പാർട്ടിയുടെ വിഭാവനകൾകൂടി നോക്കണം. ബാബരി മസ്‌ജിദ്‌ നിന്നിടത്ത് രാമക്ഷേത്ര നിർമാണം, വ്യക്തിനിയമങ്ങളെ ഇല്ലാതാക്കിയുള്ള ഏക സിവിൽ കോഡ് സംസ്ഥാനങ്ങളിൽ നടപ്പാക്കാൻ ആരംഭിച്ചത്, ജമ്മു-കശ്മീരിന്‍റെ പ്രത്യേകാവകാശം എടുത്തുകളയൽ എന്നിവയിൽനിന്ന് മുന്നോട്ടുപോയി ഘട്ടംഘട്ടമായ പൗരത്വനിഷേധ നീക്കങ്ങൾ, ന്യൂനപക്ഷസ്ഥാപനങ്ങളുടെ പദവി റദ്ദാക്കൽ എന്നിവയിലേക്കെത്തുമ്പോൾ എങ്ങനെയാണ് സമാധാനപൂർണമായ ഒരു സമൂഹത്തിന്‍റെ നിർമിതി പാർട്ടി വിഭാവനം ചെയ്യുക? പീഡിതരാവുന്ന ഒരു മഹാന്യൂനപക്ഷത്തിന് എന്ത് ഗാരന്റിയാണ് നൽകുക?. ആഭ്യന്തര ഭദ്രതയുള്ള രാഷ്ട്രത്തിന്റെ മുന്നുപാധിയാണ് ന്യായവും യുക്തിസഹവുമായ അവകാശങ്ങളെന്നും അല്ലാത്തപക്ഷം സംഘർഷമാവും രാഷ്ട്രത്തിന്റെ സ്ഥിരം ചിത്രമെന്നും ബി.ജെ.പി തിരിച്ചറിയുമോ? അതൊരു പക്ഷേ, ബി.ജെ.പിയുടെ ജനിതക ഭാവംതന്നെ നിഷേധിക്കലാവും. എങ്കിലും അത് സംഭവിക്കുന്നതുവരെ മറ്റെല്ലാം താൽക്കാലിക തെരഞ്ഞെടുപ്പ് വിജയങ്ങളും അതിന്റെ പേരിലുള്ള ജയഭേരികളും മാത്രമായി കലാശിക്കും. അതു തിരിച്ചറിഞ്ഞുള്ള തന്ത്രങ്ങളാണ്​​ പ്രതിപക്ഷവും രൂപപ്പെടുത്തേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiMadhyamam EditorialIndia NewsLok Sabha Elections 2024
News Summary - Madhyamam editorial Modi's speech and what the opposition should do
Next Story