Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപുതിയ ലോക്സഭയും ഭരണ,...

പുതിയ ലോക്സഭയും ഭരണ, പ്രതിപക്ഷ ധർമവും

text_fields
bookmark_border
പുതിയ ലോക്സഭയും ഭരണ, പ്രതിപക്ഷ ധർമവും
cancel

പതിനെട്ടാം ലോക്സഭയുടെ പ്രഥമ സമ്മേളനം തിങ്കളാഴ്ച ആരംഭിച്ചപ്പോൾ പതിനേഴാം ലോക്സഭയുടേതിൽ നിന്ന് വ്യത്യസ്തമായ കക്ഷിനിലയും ഭൂരിപക്ഷവും വെച്ച് ഭരണമുന്നണിയായ എൻ.ഡി.എയുടെ, വിശിഷ്യാ നയിക്കുന്ന ബി.ജെ.പിയുടെ നിലപാടിലും സമീപനത്തിലും മാറ്റങ്ങൾ പ്രതീക്ഷിച്ചവർക്ക് പിന്നെയും ശങ്ക ബാക്കിയാകുന്ന മട്ടിലാണ് സർക്കാറിന്‍റെ ആദ്യചുവടുകൾ എന്ന് പറയേണ്ടിവരും. അതേ സമയം, ബുധനാഴ്ച സ്പീക്കർ തെരഞ്ഞെടുപ്പിൽ ശബ്ദവോട്ടിന് സമ്മതിച്ച പ്രതിപക്ഷം വിട്ടുവീഴ്ച സമീപനം സ്വീകരിച്ചതും സ്ഥാനമേറ്റ സ്‌പീക്കർക്ക് ആശംസകൾ നേർന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എസ്.പി. നേതാവ് അഖിലേഷ് യാദവും സ്വീകരിച്ച മാന്യവും ജനാധിപത്യപരവുമായ ഭാഷയും മംഗളകരമായ സഭാ നടപടികളുടെ തുടക്കത്തിന്‍റെ സൂചനയായി. മുൻ സഭയിൽ നിന്ന് വ്യത്യസ്തമായി 240 സീറ്റുകളുള്ള പ്രതിപക്ഷത്തിന് സംഖ്യാപരമായി കരുത്തുറ്റ സാന്നിധ്യമുണ്ട്. ഔദ്യോഗിക പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് 99 സീറ്റുകളുടെ ബലത്തിൽ രാഹുൽ ഗാന്ധിയെ തന്നെ നാമനിർദേശം ചെയ്തതോടെ, സഭയുടെ മുഖച്ഛായക്ക് മാറ്റമുണ്ടാകും. ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷമില്ലാതെ ടി.ഡി.പി, ജെ.ഡി.യു കക്ഷികളുടെ പിന്തുണ തേടേണ്ടിവന്നതും ഫലപ്രദമായ ചർച്ചകൾക്കും നിരൂപങ്ങൾക്കും വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാം.

ഇന്ത്യയുടെ വെസ്റ്റ്മിനിസ്റ്റർ ജനാധിപത്യഘടനയുടെ അസ്തിവാരമാണ് പാർലമെന്‍റ്. രാഷ്ട്രത്തിനാവശ്യമായ നിയമങ്ങളുടെ നിർമാണം, അവക്കാവശ്യമായ ചർച്ചകൾ, സർക്കാർ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ, ജനങ്ങളുടെ പ്രശ്നങ്ങളിലേക്ക് സഭയുടെ ശ്രദ്ധക്ഷണിക്കൽ, സർക്കാർ നടപടികളും വരവു ചെലവുകളും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ ഓഡിറ്റിങ്ങിന് വിധേയമാക്കൽ തുടങ്ങി രാജ്യഭരണത്തിന്‍റെ സർവ മേഖലകളിലും ജനപ്രതിനിധികളുടെ കണ്ണും കാതുമുണ്ടെന്നുറപ്പ് വരുത്തുന്ന കുഞ്ചിക സ്ഥാപനമാണ് പാർലമെന്‍റ്-അതിൽ തന്നെ സവിശേഷമാണ് ജനങ്ങൾ നേരിട്ട് തെരഞ്ഞെടുത്ത പ്രതിനിധികളുള്ള ലോക്സഭ. സഭാ നടപടിക്രമങ്ങളിലെ പല സമ്പ്രദായങ്ങളും കീഴ്വഴക്കങ്ങളും പതിനേഴാം സഭയിൽ എൻ.ഡി.എ സർക്കാർ റദ്ദ് ചെയ്യുകയോ ദുർബലപ്പെടുത്തുകയോ ചെയ്തു. ചോദ്യോത്തര വേളയിലെ പ്രശ്നങ്ങൾക്കുള്ള മറുപടികൾ, അതിൽ തന്നെ പ്രധാനമന്ത്രി കാര്യാലയവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കുൾപ്പെടെ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മറുപടി, പൊതു പ്രാധാന്യമുള്ള സംഭവങ്ങളിൽ അടിയന്തര പ്രമേയ ചർച്ച എന്നിവ ഉദാഹരണം. എന്തിനധികം, ലോക്സഭയുടെ ഉപാധ്യക്ഷനായി പ്രതിപക്ഷത്തുള്ള അംഗത്തെ നിയമിക്കുന്ന ആരോഗ്യകരമായ കീഴ്വഴക്കം പോലും തെറ്റിച്ച് പതിനേഴാം ലോക്സഭയിൽ ബി.ജെ.പി അഞ്ചുവർഷം മുഴുവൻ ആ തസ്തിക ഒഴിച്ചിട്ടു.

പരമപ്രധാനമായ നിയമനിർമാണ പ്രക്രിയ പോലും കഴിഞ്ഞ ഊഴത്തിൽ മോദിസർക്കാർ ഒട്ടും ഗൗരവത്തിലെടുത്തില്ല. ബില്ലുകൾ വേണ്ടവിധം ചർച്ചക്കെടുക്കുകയും സഭാ സമിതികളിൽ ഇഴകീറി പരിശോധിക്കുകയും ചെയ്യുമ്പോഴാണ് വിഷയങ്ങളെ വിദഗ്ധമായി കൈകാര്യം ചെയ്യാൻ കഴിയുക. അതിനവസരം നൽകാതെ, പല സുപ്രധാന ബില്ലുകളും നേരിട്ട് സഭയിൽ അവതരിപ്പിക്കപ്പെടുകയായിരുന്നു. 16 ശതമാനം മാത്രമേ സമിതികൾക്കു മുമ്പാകെ എത്തിയുള്ളൂ. യു.പി.എ ഒന്നും രണ്ടും സർക്കാറിന്റെ കാര്യത്തിൽ ഇത് യഥാക്രമം 70 ഉം 61 ഉം ശതമാനമായിരുന്നു. പല സുപ്രധാന ബില്ലുകളും ഒന്നോ രണ്ടോ മണിക്കൂറുകൾ മാത്രം ചർച്ച ചെയ്താണ് പാസായത്. കഴിഞ്ഞ ലോക്സഭ പാസാക്കിയ ബില്ലുകളുടെ എണ്ണം ഭീമമാണ്- മൊത്തം 220 ബില്ലുകൾ. മൂന്നിലൊന്ന് ബില്ലുകൾ പാസാക്കാൻ ഒരു മണിക്കൂറേ എടുത്തുള്ളൂ എന്നാണ് കണക്ക്. അതുൾപ്പെടെ 58 ശതമാനം ബില്ലുകൾ രണ്ടാഴ്ച കൊണ്ടാണ് പാസായത്. വർഷത്തിൽ 55 ദിവസവും മൊത്തം അഞ്ചുവർഷ കാലാവധിയിൽ 274 ദിവസവും മാത്രമാണ് സമ്മേളിച്ചത് എന്നതും കഴിഞ്ഞ സഭയുടെ റെക്കോഡാണ്. അംഗങ്ങളുടെ സസ്പെൻഷനിലും മോശമാക്കിയില്ല. ശീതകാല സമ്മേളനത്തിൽ മാത്രം 146 അംഗങ്ങളെയാണ് 'അച്ചടക്കലംഘന'ത്തിന്‍റെ പേരിൽ പുറത്തുനിർത്തിയത്. ചുരുക്കത്തിൽ പാർലമെന്ററി പ്രവർത്തനത്തിന്റെ ഒട്ടും ആശാസ്യമായ മാതൃകയല്ല പതിനേഴാം ലോക്സഭ തീർത്തത്.

ഇത് തിരുത്തിക്കുറിക്കാൻ ആദ്യ കാൽവെപ്പ് നടത്തേണ്ടത് ഭരണപക്ഷം തന്നെയാണ്. പ്രതിപക്ഷത്തെ മാനിച്ചും വിശ്വാസത്തിലെടുത്തും വേണം അത് ചെയ്യാൻ. പ്രതിപക്ഷ ബഹുമാനം എന്ന പ്രയോഗം വരുന്നതുതന്നെ സഭയുടെ പശ്ചാത്തലത്തിൽ വിരുദ്ധ വീക്ഷണങ്ങളോടുള്ള ആദരവിൽ നിന്നാണ്. ഭരണപക്ഷത്തിന് സ്വയം തിരുത്താനും അതുതകും. പ്രതിപക്ഷവും ക്രിയാത്മകമായി സഭാനടപടികളിൽ പങ്കാളിത്തം ഉറപ്പുവരുത്തിയാൽ ആരോഗ്യകരമായ ജനാധിപത്യ പ്രക്രിയക്ക് വഴി തെളിയും. പ്രതിഷേധങ്ങൾ നടത്തുന്നതോടൊപ്പം ജാഗ്രതയോടു കൂടി വിഷയങ്ങൾ സഭയിലും അതുവഴി ജനമധ്യത്തിലും കാര്യകാരണ സഹിതം അവതരിപ്പിച്ചാൽ ഗുണപരമായ മാറ്റത്തിന് നാന്ദി കുറിക്കാം. ഇരുന്നൂറിൽപരം അംഗങ്ങൾ ഇരിക്കുന്ന പ്രതിപക്ഷത്തെ ഭരണപക്ഷത്തിന് അവഗണിക്കുക എളുപ്പമല്ല. പാർലമെന്‍ററി ഗ്രൂപ്പിന്‍റെ നേതൃത്വത്തിലും ഭരണഘടന പദവിയിലും മന്ത്രിതുല്യ സ്ഥാനം വഹിക്കുന്ന പുതുമുഖമായ രാഹുൽ ഗാന്ധിക്ക് പുതിയ റോളിൽ തിളങ്ങാൻ കഴിയേണ്ടതാണ്. അതിനുള്ള സാവകാശവും സൗകര്യവും ഭരണകൂടം അംഗീകരിക്കുമെന്ന് കരുതാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial18th Lok Sabha
News Summary - Madhyamam Editorial: New Lok Sabha and ruling and opposition role
Next Story