അവകാശങ്ങളെ കശാപ്പു ചെയ്യുന്ന കശാപ്പു നിരോധന ബിൽ
text_fieldsപശുബെൽറ്റ് എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് പിന്നാലെ ബി.ജെ.പി ഭരിക്കുന്ന ഏക തെന്നിന്ത്യൻ സംസ്ഥാനമായ കർണാടകയിലും ഗോവധം നിയമം മൂലം നിരോധിക്കാൻ ബിൽ കൊണ്ടുവന്നിരിക്കുന്നു. 2010ൽ അന്നത്തെ ബി.ജെ.പി സർക്കാർ പാസാക്കിയ ഗോവധ നിരോധനനിയമത്തിന് ഗവർണർ അനുമതി നൽകിയിരുന്നില്ല. 2013ൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലെ കോൺഗ്രസ് സർക്കാർ അതു റദ്ദാക്കുകയും ചെയ്തു. പത്തു വർഷങ്ങൾക്കിപ്പുറം കൂടുതൽ കടുപ്പിച്ച് ശിക്ഷാ നടപടികൾ വർധിപ്പിച്ച് കശാപ്പു നിരോധ കാലി സംരക്ഷണ ബില്-2020 പാസാക്കിയെടുത്തിരിക്കുകയാണ് യെദിയൂരപ്പയും കൂട്ടരും. ജനവിരുദ്ധവും സങ്കുചിതവുമായ നിയമങ്ങൾ പാസാക്കി നടപ്പാക്കിയെടുക്കുന്നതിന് ബി.ജെ.പി രാജ്യമൊട്ടാകെ സ്വീകരിച്ചുവരുന്ന അതേ മാതൃകതന്നെയാണ് ഇവിടെയും പിന്തുടർന്നത്. നിയമസഭയിൽ ചർച്ചചെയ്യാതെ, സഭാംഗങ്ങൾക്ക് ഒരു വട്ടം വായിച്ചുനോക്കാൻ പോലും അവസരം നൽകാതെയാണ് ഇൗ ബില്ലും തിരക്കിട്ട് നിയമമാക്കാൻ ശ്രമിക്കുന്നത്. നിയമസഭക്കു മുന്നിൽ ഗോപൂജ നടത്തിയും സഭക്കുള്ളിൽ ജയ്വിളിച്ചും നിയമത്തിെൻറ വരവിനെ സംഘ്പരിവാർ ആഘോഷമാക്കി. ഇത്തരം മാരണ നിയമങ്ങൾ ചുെട്ടടുത്ത് ജനങ്ങൾക്കെതിരെ പ്രയോഗിക്കുന്നതിൽ കുപ്രസിദ്ധിയാർജിച്ചുകഴിഞ്ഞ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി മാത്രമാണ് നിയമം സംബന്ധിച്ച് ചർച്ച നടത്തിയത് എന്നറിയുേമ്പാൾ കർണാടക സർക്കാറിെൻറ ഉള്ളിലിരിപ്പ് കൂടുതൽ വ്യക്തമാവുന്നു.
നിയമസഭയുടെ ഉപരിസഭയിലും പാസായി ബിൽ നിയമമായി മാറുന്നതിനു മുമ്പുതന്നെ കർണാടകയിലെ ഭോജനശാലകളുടെ മെനുവിൽനിന്ന് ബീഫ് വിഭവങ്ങൾ അപ്രത്യക്ഷമായി. ഇഷ്ട ഭക്ഷണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനുമേൽ വിലക്കേർപ്പെടുത്തി, അവർ എന്തു കഴിക്കണമെന്ന് സർക്കാർ തീരുമാനിക്കുന്ന ദുരവസ്ഥയിൽ സസ്യാഹാരികളെന്നോ മാംസാഹാരികളെന്നോ വ്യത്യാസമില്ലാതെ വർഗീയമനസ്കരല്ലാത്ത ജനങ്ങളെല്ലാം അസ്വസ്ഥരും ആശങ്കാകുലരുമാണ്. മാംസഭക്ഷണ പ്രിയരേക്കാളേറെ നിയമം ദുരിതമായി മാറുക കാലികർഷകർക്കുതന്നെയാണെന്ന് 2019ലെ കന്നുകാലി സെൻസസുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങൾ വിശദമാക്കുന്നു. തെന്നിന്ത്യയിലെ സുപ്രധാന പോത്ത് കേമ്പാളം ഉൾക്കൊള്ളുന്ന കർണാടകയിൽ നൂറുകണക്കിന് മനുഷ്യർക്ക് ജീവസന്ധാരണ മാർഗം നഷ്ടമാകുന്നതിനും നിയമം വഴിവെക്കുമെന്ന് ചുരുക്കം.
നിയമം പ്രാബല്യത്തിൽ വരുന്നതോടെ 13 വയസ്സിൽ താഴെയുള്ള പശു, കാള, കിടാവ്, പോത്ത്, എരുമ എന്നിവയെ അറുക്കുന്നത് മൂന്നു മുതൽ ഏഴു വർഷം വരെ തടവും അഞ്ചു ലക്ഷം വരെ പിഴയും ലഭിക്കുന്ന കുറ്റമായി മാറും. നിയമലംഘനം ആവർത്തിക്കുന്നത് 10 ലക്ഷം വരെ പിഴ ചുമത്തപ്പെടാൻ കാരണമാവും. സംസ്ഥാനത്തിനകത്തോ പുറത്തോ കാലികളെ കടത്തുന്നതും കശാപ്പിനായി കൈമാറുന്നതും കുറ്റത്തിെൻറ പരിധിയിൽവരും. എസ്.െഎ റാങ്കിേലാ അതിനുമേെലയോ ഉള്ള ഉദ്യോഗസ്ഥർക്ക് കാലിക്കടത്ത് സംബന്ധിച്ച് പരിശോധന നടത്താമെന്നാണ് ബില്ലിലെ നിർദേശമെങ്കിലും സംഭവിക്കാനിരിക്കുന്നതെന്താണെന്ന് നേരത്തേ സമാനനിയമം നടപ്പാക്കിയ യു.പി, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ അനുഭവം പറഞ്ഞു തരുന്നുണ്ട്. ഗോ സംരക്ഷകർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സംഘ്പരിവാർ തെമ്മാടിക്കൂട്ടങ്ങൾ തങ്ങൾക്ക് ഇഷ്ടമില്ലാത്തവരുടെയും സംശയം തോന്നുന്നവരുടെയും വീടുകളിലേക്കും പശുത്തൊഴുത്തുകളിലേക്കും ഇരച്ചു കയറുകയും കാലിക്കടത്തുകാർ എന്നാരോപിച്ച് അടിച്ചുകൊല്ലുകയും ചെയ്ത സംഭവങ്ങൾ എത്ര വേണമെങ്കിലുമുണ്ട് 2014 ന് ശേഷമുള്ള മോദി ഇന്ത്യയിൽ.
ഗോവധ നിരോധനനിയമം വൻതോതിൽ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ഇൗ വർഷം ഒക്ടോബറിൽ അലഹബാദ് ഹൈകോടതിതന്നെ തുറന്നുപറഞ്ഞിരുന്നു. ബീഫ് കൈവശംെവച്ചെന്ന പേരിൽ നിരപരാധികളെ കേസിൽ കുടുക്കുകയാണെന്നും പൊലീസിനെയും ജനങ്ങളെയും പേടിച്ച് പ്രായമായ പശുക്കളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റിയയക്കാൻ കർഷകർ ഭയപ്പെടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഗോമാതാവിനോടുള്ള ഭക്തിയേക്കാളുപരി മുസ്ലിംകളാദി ന്യൂനപക്ഷ വിഭാഗങ്ങളോടും ദലിതുകളോടുമുള്ള കടുത്ത വിരോധമാണ് പശുസംരക്ഷണ അജണ്ടക്ക് പിന്നിലെന്ന് പണ്ടേ വ്യക്തമാണ്. വിദ്യാഭ്യാസരംഗമുൾപ്പെടെ അതിവർഗീയവത്കരിക്കപ്പെട്ടിരിക്കുന്ന കർണാടകയിൽ ബി.ജെ.പിക്കുള്ളിലെ ഭിന്നതകളെ മറികടക്കാനും ശക്തി തെളിയിക്കാനും മുസ്ലിം വിരുദ്ധത ആളിക്കത്തിച്ച് വർഗീയ കലാപങ്ങൾ സൃഷ്ടിച്ചെടുക്കുക എന്ന അതിവേഗ ഫോർമുലയാണ് കുറച്ചു വർഷങ്ങളായി സംഘ്പരിവാർ നടപ്പാക്കിവരുന്നത്. മുഖ്യമന്ത്രി യെദിയൂരപ്പക്കെതിരെ ബി.ജെ.പി അംഗങ്ങൾതന്നെ പരസ്യവിമർശനങ്ങളുമായി മുന്നോട്ടുവന്ന സന്ദർഭത്തിൽ തിരക്കിട്ട് ഗോവധനിരോധ ബിൽ െകാണ്ടുവന്നതും അതുകൊണ്ടാണ്.
കർണാടകം മാത്രമല്ല, അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തിൽകൂടി കണ്ണുവെച്ചു കൊണ്ടാണ് അത്യന്തം അപകട സാധ്യതകളുള്ള ഇത്തരമൊരു നിയമത്തെ കയറൂരി വിടാനൊരുങ്ങുന്നതെന്നും അറിയണം. സംസ്ഥാന അതിർത്തിയിൽ വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് മുതലെടുത്ത് കേരള നിയമസഭയിൽ സീറ്റു സമ്പാദിക്കാൻ ഏറെക്കാലമായി സംഘ്പരിവാർ ശ്രമിച്ചുപോരുന്നതുമാണ്. ജനവിരുദ്ധ നയങ്ങൾക്കും ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്കുമെതിരെ നിതാന്ത ജാഗ്രതയും ചെറുത്തുനിൽപും- അതു മാത്രമാണ് മുന്നിൽ അവശേഷിക്കുന്ന പോംവഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.