തദ്ദേശ തെരഞ്ഞെടുപ്പിെൻറ പാഠങ്ങൾ
text_fieldsസംസ്ഥാനത്തെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പുഫലങ്ങൾ ഭരണത്തിലിരിക്കുന്ന ഇടതു ജനാധിപത്യ മുന്നണിയുടെ പ്രകടമായ മുന്നേറ്റത്തിലേക്കും പ്രതിപക്ഷത്തിരിക്കുന്ന ഐക്യജനാധിപത്യ മുന്നണിയുടെ ദൗർബല്യങ്ങളിലേക്കും വിരൽചൂണ്ടുന്നതാണ്. 2015ലെ പഞ്ചായത്ത്-നഗരസഭ ഇലക്ഷൻ ഫലങ്ങളിൽനിന്ന് ഏെറയൊന്നും വ്യത്യസ്തമല്ല ഇത്തവണത്തെയും ഫലങ്ങളെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ യു.ഡി.എഫിനെ അസ്വസ്ഥമാക്കാൻ പോന്നതാണ് ഇപ്പോഴത്തെ ഫലങ്ങൾ. നഗരസഭകളിൽ ഏകദേശം ഒപ്പത്തിനൊപ്പമാണ് രണ്ടു മുന്നണികളുമെന്ന് പറയാമെങ്കിലും ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിലും കോർപറേഷനുകളിലും വ്യക്തമായ മുന്നേറ്റം കാഴ്ചവെക്കാൻ ഇടതുമുന്നണിക്കു കഴിഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ ദിവസങ്ങളിൽ പിണറായി വിജയനും അദ്ദേഹത്തിെൻറ സർക്കാറിനുമെതിരെ ഉയർന്നുവന്ന ഗുരുതരമായ അഴിമതി ആരോപണങ്ങളും അതേപ്പറ്റി കേന്ദ്ര ഏജൻസികൾ നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണങ്ങളും എൽ.ഡി.എഫിനെയും സർക്കാറിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ടെന്നായിരുന്നു സാമാന്യമായ വിലയിരുത്തൽ. അതിന്മേൽ കയറിപ്പിടിച്ച് യു.ഡി.എഫ് നേതാക്കൾ ശക്തമായ പ്രചാരണം അഴിച്ചുവിടുകയും ചെയ്തിരുന്നു. ഇത്തരമൊരു പ്രതികൂല പശ്ചാത്തലമുണ്ടായിട്ടുകൂടി പഞ്ചായത്ത്-നഗരസഭ തെരഞ്ഞെടുപ്പുകളെ അത് സ്വാധീനിച്ചില്ല എന്ന് സർക്കാറിനും ഇടതുമുന്നണിക്കും ആശ്വാസപൂർവം ചൂണ്ടിക്കാട്ടാനാവും.
അതോടൊപ്പം മധ്യകേരളത്തിലെ ക്രൈസ്തവസമൂഹത്തിൽ അനിഷേധ്യ സ്വാധീനമുള്ള കേരള കോൺഗ്രസ്-എം യു.ഡി.എഫിൽനിന്ന് പുറത്തുപോയി ഇടതുമുന്നണിയിൽ ചേക്കേറിയതും പതിവിനു ഭിന്നമായി കെ.എം. മാണിയുടെ പുത്രൻ ജോസ് കെ. മാണിയെ ഒട്ടും സമയംകളയാതെ സി.പി.എം സ്വാഗതംചെയ്തതുമാണ് ആ മേഖലയിൽ ഇടതിന് നേട്ടമുണ്ടാക്കിയതും വലതിന് നഷ്ടമുണ്ടാക്കിയതെന്നും വ്യക്തമാണ്. സ്വസമുദായത്തിലും സഭകളിലും അനിഷേധ്യ സ്വാധീനമുണ്ടായിരുന്ന കെ.എം. മാണി തെൻറ കുടുംബസ്വത്തായി കൊണ്ടുനടന്ന ഒരു പാർട്ടിയെ അദ്ദേഹത്തിെൻറ വേർപാടിനെ തുടർന്ന് പുത്രൻ അനന്തരമെടുക്കുന്നത് ഇന്ത്യൻസാഹചര്യങ്ങളിൽ ഒരു സാധാരണ സംഭവമാണെന്നിരിക്കെ അത് യഥാസമയം തിരിച്ചറിയുന്നതിൽ യു.ഡി.എഫ് നേതൃത്വത്തിന് പറ്റിയ വീഴ്ചയിൽ അവരിപ്പോൾ ഖേദിക്കുന്നുണ്ടാവും.
വികസനരംഗത്ത് പോയ നാലര വർഷങ്ങൾക്കുള്ളിൽ പിണറായി സർക്കാർ നടത്തിയ നാനാവിധ പ്രവർത്തനങ്ങളും കൈവരിച്ച നേട്ടങ്ങളും പ്രചണ്ഡമായി പ്രചാരണം ചെയ്യുന്നതിലും കേന്ദ്ര സർക്കാറിെൻറ പ്രതികൂല നിലപാടുകളെ തരണംചെയ്താണ് തങ്ങളിത്രയും വികസനപരിപാടികൾ വിജയകരമായി നടപ്പാക്കിയതെന്ന് സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിലും ഭരണയന്ത്രവും പാർട്ടി മെഷിനറിയും ഫലപ്രദമായി ഉപയോഗിക്കാൻ ഇടതുസർക്കാറിന് സാധിച്ചിട്ടുണ്ട്. അതേസമയം, അതിലൊക്കെ നടന്ന അധികാര ദുർവിനിയോഗവും അഴിമതിയും സ്വജനപക്ഷപാതവും യഥാസമയം വസ്തുനിഷ്ഠമായി പുറത്തുകൊണ്ടുവരാൻ പ്രതിയോഗികൾക്ക് സാധിച്ചതുമില്ല. വോട്ട് മാത്രം ലാക്കാക്കി ഭരണഘടനയുെട അന്തസ്സത്തക്കു നിരക്കാത്ത സാമ്പത്തികസംവരണം, പിന്നാക്കസമുദായങ്ങളുടെ ചെലവിൽ ഇടതുസർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുേമ്പാൾ വോട്ടുനഷ്ടം ഭയന്ന് യു.ഡി.എഫ് നേതൃത്വം അനുകൂല സമീപനം സ്വീകരിച്ചത് അവരെ സംബന്ധിച്ചിടത്തോളം നഷ്ടക്കച്ചവടവും ഇടതിന് ലാഭകരവുമായി. കേരള കോൺഗ്രസ് മാണി വിഭാഗത്തിെൻറ ചേരിമാറ്റത്തോടൊപ്പം സാമ്പത്തികസംവരണം കൂടി കത്തോലിക്കസഭ നേതൃത്വത്തിെൻറ ചുവടുമാറ്റത്തിനു വഴിയൊരുക്കി. അത് കേരളത്തിൽ നേട്ടമുണ്ടാക്കാൻ ഇടതിന് സഹായകവുമായിട്ടുണ്ടെന്നാണ് സൂചനകൾ. അതിന് ശക്തിപകരാൻ പാകത്തിൽ മുഖ്യമന്ത്രിയും സി.പി.എമ്മും നിരന്തരം നടത്തിവരുന്ന 'മുസ്ലിം തീവ്രവാദ വർഗീയതാ വിരുദ്ധ' പ്രചാരണവും ഒരു ഫലവും ചെയ്തില്ല എന്നു കരുതാനാവില്ല.
മതനിരപേക്ഷ ജനാധിപത്യത്തോടുള്ള പ്രതിബദ്ധത രേഖാമൂലം ഉറപ്പുനൽകി തെരഞ്ഞെടുപ്പ് കമീഷെൻറ അംഗീകാരത്തോടെ ഇലക്ഷൻഗോദയിലിറങ്ങിയ താരതമ്യേന ചെറുതും പുതിയതുമായ ഒരു പാർട്ടിയെ ബലിയാടാക്കിയാണ് പ്രചാരണങ്ങളത്രയും പൊടിപൊടിച്ചത്. വെൽെഫയർ പാർട്ടിയുമായി ചില ജില്ലകളിൽ യു.ഡി.എഫ് ഏർപ്പെട്ട നീക്കുപോക്കുകൾക്ക് രാഷ്ട്രാന്തരീയ മാനംപോലും നൽകി സി.പി.എം നേതൃത്വവും ജിഹ്വകളും നടത്തിയ പ്രോപഗണ്ട, മലബാറിൽ വിപരീതഫലമാണ് ഉളവാക്കിയതെങ്കിലും തെക്കൻ കേരളത്തിൽ യു.ഡി.എഫിനെതിരെ ജനങ്ങളിൽ സംശയങ്ങളും തെറ്റിദ്ധാരണകളും സൃഷ്ടിക്കുന്നതിന് സഹായകമായി എന്ന് കരുതാവുന്നതാണ്. അതേസമയം, തീവ്രവർഗീയസംഘമായി തങ്ങൾതന്നെ മുദ്രകുത്തുകയും പലപ്പോഴും തെരുവുകളിൽ ഏറ്റുമുട്ടുകയും ചെയ്ത വിഭാഗവുമായി രഹസ്യധാരണയിലേർപ്പെടാൻ ഒരു തടസ്സവുമുണ്ടായില്ലെന്നാണ് ഫലങ്ങൾ നൽകുന്ന സൂചന. വർഗീയപ്രചാരണങ്ങളിൽ പതറിപ്പോയ യു.ഡി.എഫ് നേതാക്കളിൽ ചിലരുടെ ചാഞ്ചല്യം ഇടതിന് ഗുണകരമായി ഭവിച്ചിരിക്കണം. സർവോപരി യു.ഡി.എഫിലെ മുഖ്യഘടകമായ കോൺഗ്രസിെൻറ സംഘടനാദൗർബല്യങ്ങളാണ് തിരിച്ചടിക്ക് കാരണമെന്ന് ആ പാർട്ടിയിലെതന്നെ ഉത്തരവാദപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നതിലുമുണ്ട് സത്യങ്ങൾ. ഒരു പുനഃപരിശോധനക്കും അഴിച്ചുപണിക്കും അതിലേക്കു നയിക്കുന്ന ഉൾപ്പാർട്ടി വിശകലനങ്ങൾക്കും യു.ഡി.എഫ് നേതൃത്വം എത്രവേഗം സന്നദ്ധമാവുന്നുവോ അത്ര വേഗമാണ് അവരുടെ മുന്നിലെ അതിജീവനവഴി.
വൻ അവകാശവാദങ്ങളുമായി സർവസന്നാഹങ്ങളോടുംകൂടി കളത്തിലിറങ്ങിയ കേന്ദ്രത്തിലെ ഭരണകക്ഷിക്ക് അഭിമാനാർഹമായ നേട്ടങ്ങളെന്തെങ്കിലും കൈവരിക്കാനായോ എന്ന പരിശോധന സന്ദർഭോചിതമാണ്. തലസ്ഥാന നഗരി ഇത്തവണ തങ്ങൾ ഭരിക്കുമെന്ന് ഉറപ്പിച്ചുപറഞ്ഞ ബി.ജെ.പിക്ക് തിരുവനന്തപുരം സമ്മാനിച്ചത് തിരിച്ചടിയാണ്. കോൺഗ്രസിന് നഷ്ടപ്പെട്ട വോട്ടുകൾ പിടിച്ചെടുക്കാൻ താമരക്കായില്ല. ഇടതിന് നഗരഭരണം ഉറപ്പിക്കാൻ അത് സഹായകമാവുകയും ചെയ്തു. നഗരസഭകളിൽ പാലക്കാടിനു പുറമെ പന്തളംകൂടി ലഭിച്ചത് നേട്ടമായെണ്ണാമെങ്കിലും സ്വാഭാവിക വളർച്ചയേ കാവിപ്പടക്കുണ്ടായിട്ടുള്ളൂ എന്ന് ഇലക്ഷൻ ഫലങ്ങൾ വ്യക്തമാക്കുന്നു. വൈകാതെ നടക്കേണ്ട നിയമസഭ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാൻ സംഘം വല്ലാതെ വിയർക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.