പിരിഞ്ഞ പതിനേഴാം സഭയും ശോഷിക്കുന്ന ജനാധിപത്യവും
text_fieldsപാർലമെന്റിന്റെ ബജറ്റ് സമ്മേളന സമാപനത്തോടെ പതിനേഴാം ലോക്‌സഭയുടെ കാലാവധിയും കഴിഞ്ഞു. രാജ്യം പൊതു തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങുകയായി. ഉപസംഹാര പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പതിവ് പോലെ പ്രതിപക്ഷത്തെ മൊത്തമായല്ല, കൃത്യമായി കോൺഗ്രസിനെയാണ്, ഉന്നം വെച്ചത്. പ്രാദേശിക കക്ഷികളുമായുള്ള ഭാവി സഖ്യസാധ്യതകളുടെ വാതിലുകൾ അടയാതിരിക്കാനാണ് അതെന്നാണ് നിരീക്ഷകവ്യാഖ്യാനം. ജനാധിപത്യത്തിന്‍റെ നെടുന്തൂണായ നിയമനിർമാണസഭകൾ പക്ഷേ, ഈ കാലാവധിയിൽ ഏറ്റവും ദുർബലമായ അവസ്ഥയിലായിരുന്നു എന്ന് നിരീക്ഷകരും കണക്കുകളും ഒരുപോലെ പറയുന്നു. നിയമനിർമാണ ബില്ലുകളുടെ എണ്ണം കൂടിയെങ്കിലും ചർച്ചകൾക്കുള്ള ബില്ലുകൾ ഉപസമിതികൾ പഠിച്ച് അവതരിപ്പിക്കുന്ന രീതിയോ മന്ത്രിമാരുടെ, വിശിഷ്യ പ്രധാനമന്ത്രിയുടെ, സാന്നിധ്യമോ ഒട്ടും ശുഭ ചിത്രമല്ല നൽകിയത്. അതിലേറെ ഗുരുതരമാണ് പ്രതിപക്ഷം വിഷയങ്ങൾ ഉന്നയിക്കുമ്പോഴും പ്രതിഷേധിക്കുമ്പോഴും ഫാഷിസ്റ്റ് രീതിയിൽ അവർക്കെതിരെ സ്വീകരിച്ച നടപടികൾ.
പാർലമെന്റിന്റെ മുൻചരിത്രത്തിലില്ലാത്ത വിധം 146 അംഗങ്ങളെ ശൈത്യകാല സമ്മേളനത്തിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ സസ്‌പെൻഡ് ചെയ്തു സഭക്ക് പുറത്ത് നിർത്തി. അതിൽ അവകാശസമിതിക്കു റഫർ ചെയ്ത 14 പേരെ അവസാന സമ്മേളത്തിനു തൊട്ടുമുമ്പായി മാത്രം പുനഃപ്രവേശിപ്പിച്ച് ഭരണകൂടം കാര്യം മംഗളമാക്കാൻ ഔദാര്യം കാണിച്ചുവെന്നു മാത്രം. പ്രവർത്തന ഗുണനിലവാരത്തിലെ ഈ ശോഷണത്തിൽ പ്രതിപക്ഷ കക്ഷികൾക്കും ഉത്തരവാദിത്തമുണ്ട്. ചില വിഷയങ്ങളിലെങ്കിലും പ്രതിഷേധിച്ച് ഇറങ്ങിപ്പോകുന്നതിനു പകരം, എന്തെങ്കിലും ചർച്ച നടക്കുന്നത് മുടങ്ങാതെ നോക്കാൻ അവർക്ക് മറ്റു വഴികൾ തേടാമായിരുന്നു. എന്നാൽ, ഇതല്ല പാർലമെന്‍റിന്‍റെ ഗുണനിലവാരത്താഴ്ചയുടെ മുഖ്യ ഹേതു.
ഇത്തവണ പാർലമെൻറ് പിരിഞ്ഞത് ശനിയാഴ്ച പതിവില്ലാത്തവിധം ഒരു ദിവസം അധികം സമ്മേളിച്ചുകൊണ്ടായിരുന്നു. അയോധ്യ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ അനുസ്മരിച്ചും പ്രധാനമന്ത്രിക്കു പൂച്ചെണ്ടുകൾ ചൊരിഞ്ഞ് പ്രമേയം പാസാക്കിയുമായിരുന്നു ആ പിരിയൽ. ജനുവരി 22ന് രാജ്യമാസകലം ആഹ്ലാദവും ഉണർവും നിറഞ്ഞെന്ന മേനിപറച്ചിലിനൊപ്പം ‘രാജ്യത്തെ ഐക്യപ്പെടുത്തുന്നതിൽ വഹിച്ച നിസ്തുല പങ്കിന്’ പ്രധാനമന്ത്രിയെ അനുമോദിക്കുകകൂടി ചെയ്തു. ഒരു ജനാധിപത്യ ക്രമത്തെ മുഴുവൻ ഒരു പ്രധാനമന്ത്രിയുടെ വരുതിയിൽ നിർത്തുന്ന ആശങ്കജനകമായ ഘട്ടത്തിലാണ് പതിനേഴാം ലോക്സഭ പിരിഞ്ഞത്. ഈ വർഗീയ അജണ്ടക്കെതിരെ കൃത്യമായ നിലപാടെടുത്ത് ബഹിഷ്കരിച്ചത് ഇടതു എം.പിമാർ മാത്രം. ഇതര പ്രതിപക്ഷ കക്ഷികളും വിട്ടുനിന്നെങ്കിലും അതിൽ മതേതര പ്രതിഷേധത്തിന്‍റെ മാനം കുറവായിരുന്നുവെന്നതും കാണാതിരുന്നുകൂടാ. പ്രതിപക്ഷ ബഹുമാനത്തിന്‍റെയും അഭിപ്രായവൈവിധ്യത്തിന്‍റെയും പ്രതീകാത്മക കീഴ്വഴക്കമായിരുന്നു ലോക്സഭ ഡെപ്യൂട്ടി സ്പീക്കറെ പ്രതിപക്ഷത്തുനിന്ന് തെരഞ്ഞെടുക്കുക എന്നത്. എന്നാൽ, പിരിഞ്ഞ ലോക്സഭയിൽ ഭരണപക്ഷം ആ തസ്തികതന്നെ ഒഴിച്ചിടുകയാണുണ്ടായത്. പാർലമെന്‍റിനു ഒരു പുതിയ മന്ദിരം നിർമിച്ച് അതിലേക്ക് പ്രവർത്തനം മാറ്റുമ്പോഴും പാർലമെന്‍റിന്‍റെയും രാഷ്ട്രത്തിന്‍റെയും അധിപയായ രാഷ്ട്രപതിയെ മാറ്റിനിർത്തി പ്രധാനമന്ത്രിതന്നെ അതിനു കാർമികത്വം വഹിക്കുന്ന അപൂർവ ദൃശ്യത്തിനും സാക്ഷിയായി പതിനേഴാം ലോക്സഭ.
പാർലമെന്റ് മന്ദിരം കൂടുതൽ വിശാലവും സൗകര്യപ്രദവുമായെങ്കിലും ശരാശരി സമ്മേളിച്ച ദിവസങ്ങൾ വർഷത്തിൽ 55 ആയി കുറഞ്ഞു. നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന കാലത്തെ ആദ്യ ലോക്സഭ സമ്മേളിച്ചത് 135 ദിവസം എന്നതിൽനിന്ന് ഈ നിലയിലേക്ക് താഴ്ന്നതിൽ മോദി ഭരണത്തിനു കാര്യമായ പങ്കുണ്ട്. ജൂൺ 2019 മുതൽ ഫെബ്രുവരി 2024 വരെയുള്ള കണക്കുകൾ വെച്ച് പി.ആർ.എസ് നിയമനിർമാണ ഗവേഷണ സ്ഥാപനം ചൂണ്ടിക്കാട്ടുന്നത് ഈ ലോക്‌സഭയുടെ 15 സമ്മേളനങ്ങളിൽ 11ഉം നിശ്ചയിച്ചതിനുമുമ്പേ പിരിഞ്ഞു എന്നാണ്. ബില്ലുകൾ പാസാക്കുന്നതിനുമുമ്പുള്ള ചർച്ചകളിലും ചിത്രം മോശമാണ്. 58 ശതമാനം ബില്ലുകൾ അവതരിപ്പിച്ചു കഴിഞ്ഞു രണ്ടാഴ്ചക്കകം ആണ് പാസാക്കിയതെങ്കിൽ, അവയുടെ കൂട്ടത്തിൽ ഏറ്റവും നിർണായകമായ വനിത സംവരണ ബില്ലും ജമ്മു-കശ്മീർ പ്രത്യേകാവകാശം എടുത്ത് കളഞ്ഞ ബില്ലും രണ്ടു ദിവസങ്ങൾക്കകമാണ് പാസാക്കിയത്. മറ്റു 35 ശതമാനം ബില്ലുകൾ ഒരൊറ്റ മണിക്കൂർ കഴിയും മുമ്പേയും. സഭ ചർച്ചക്കെടുക്കും മുമ്പേ സ്റ്റാൻഡിങ് കമ്മിറ്റിക്കു റഫർ ചെയ്തത് 15 ശതമാനം ബില്ലുകൾ മാത്രമായിരുന്നു. ഇത് മുമ്പുള്ള മൂന്ന് ലോക്സഭകളെക്കാളും കുറവാണ്. സിറ്റിങ്ങുകൾ കുറഞ്ഞതനുസരിച്ച് 729 സ്വകാര്യ ബില്ലുകൾ ലോക്സഭയിലും 705 എണ്ണം രാജ്യസഭയിലും അവതരിപ്പിക്കപ്പെട്ടതിൽ യഥാക്രമം രണ്ടും 14 ഉം മാത്രമാണ് ചർച്ചക്കെടുത്തത്.
ജനശബ്ദത്തിന്‍റെ വേദിയാവേണ്ട പാർലമെന്‍റിനെ സംഘ് പരിവാർ ഭരണകൂടം ദുർബലമാക്കുകയും പ്രതിപക്ഷത്തെ പാർശ്വവത്കരിച്ചു നിയമങ്ങൾ ഒന്നൊന്നായി ചുട്ടെടുക്കുകയും ചെയ്തതാണ് പതിനേഴാം ലോക്സഭയുടെ ബാക്കിപത്രം. അങ്ങനെയാണല്ലോ ജനാധിപത്യത്തെ അതിന്‍റെ ഉപകരണങ്ങളിലൂടെതന്നെ ഇല്ലാതാക്കിയ ഏകാധിപത്യ ഭരണകൂടങ്ങൾ ചരിത്രത്തിൽ ഇരുട്ട് പരത്തിയ യുഗങ്ങൾക്കു വിത്ത് പാകിയത്. ഇന്ത്യയിൽ അത് അനുവദിക്കണമോ എന്ന് തീരുമാനിക്കേണ്ടത് സമ്മതിദാനാവകാശം വിനിയോഗിക്കുന്ന പൗരജനങ്ങൾതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.