മാറ്റേണ്ട ചില ചട്ടങ്ങൾ
text_fieldsജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും ചേരാത്ത തരത്തിൽ പ്രയോഗിക്കപ്പെടുന്ന ചില നിയമങ്ങൾ ഇന്ത്യയിൽ ചോദ്യം ചെയ്യപ്പെട്ടുതുടങ്ങിയിരിക്കുന്നു. സമൂഹമാധ്യമങ്ങളിൽ നിർദോഷമായ കമൻറിെൻറ പേരിൽപോലും ചാർത്തപ്പെട്ടുകൊണ്ടിരിക്കുന്ന രാജ്യദ്രോഹനിയമമാണ് ഇവയിൽ ഒന്ന്. ഇത് സർക്കാറിെൻറ കൈയിലെ ജനവിരുദ്ധ ആയുധമാണിന്ന്. ഇതേപോലെ ജുഡീഷ്യറിയുടെ കൈയിൽതന്നെ ദുരുപയോഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ആയുധമാണ് കോടതിയലക്ഷ്യ നിയമം. സ്വന്തം ദുഷ്ചെയ്തികൾ പുറത്തുവരാതിരിക്കാൻ കമ്പനികളും സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തികളും അവിഹിതമായി ഉപയോഗിച്ചുവരുന്നതാണ് അപകീർത്തിനിയമം. ദേശീയസുരക്ഷ നിയമം (എൻ.എസ്.എ), നിയമവിരുദ്ധ പ്രവൃത്തി നിരോധന നിയമം (യു.എ.പി.എ), സായുധസേന രക്ഷാനിയമം (അഫ്സ്പ) തുടങ്ങിയ പ്രത്യേക മാരണനിയമങ്ങളുടെ കാര്യമല്ല ഇവിടെ പറയുന്നത്. മറിച്ച്, ദുരുപയോഗം ഏറെ ഇല്ലാതിരുന്നതിനാൽ അത്രമേൽ ജനവിരുദ്ധമെന്ന് ഇതുവരെ കരുതപ്പെടാതിരുന്ന കുറെ 'സാധാരണ' നിയമങ്ങളുടെ കാര്യമാണ്. ഭദ്രമായ സാമൂഹിക ജീവിതത്തിന് ആവശ്യമെന്ന് ഗണിക്കപ്പെടുന്ന ഈ നിയമങ്ങളിൽ ഉപയോഗത്തിലേറെ ദുരുപയോഗമാണ് അടുത്തകാലത്തായി കാണുന്നത്. അതുകൊണ്ടുതന്നെ ഇവയിൽ കാലോചിതമായ മാറ്റം വേണമെന്നും അവ നടപ്പാക്കുന്നതിൽ കൂടുതൽ സുതാര്യതയും നീതിനിഷ്ഠയും വേണമെന്നും അല്ലെങ്കിൽ പൂർണമായി പിൻവലിക്കണമെന്നുമാണ് ആവശ്യമുയരുന്നത്. ഗൗരവമായി പരിഗണിക്കേണ്ട കാര്യമാണിത്.
ഇന്ത്യയിൽ രാജ്യദ്രോഹ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് വാർത്തയല്ല. അനേകം നിയമവിദഗ്ധരും ജഡ്ജിമാരും മനുഷ്യാവകാശ പ്രവർത്തകരും ഇക്കാര്യം ആവർത്തിച്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി, ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമീഷണർ അതിനെ ശക്തമായ ഭാഷയിൽ വിമർശിച്ചിരിക്കുന്നു. മാധ്യമപ്രവർത്തകർക്കും ആക്ടിവിസ്റ്റുകൾക്കുെമതിരെ രാജ്യദ്രോഹക്കേസെടുത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നത്, അടിസ്ഥാന മനുഷ്യാവകാശ തത്ത്വങ്ങളിൽനിന്നുള്ള വ്യതിചലനമാണെന്ന് യു.എൻ ഹൈകമീഷണർ മിഷേൽ ബഷ്െല തുറന്നടിച്ചു. ഇന്ത്യക്കാരെ അടിച്ചമർത്താൻ ബ്രിട്ടീഷുകാർ1870ൽ കൊണ്ടുവന്ന ഈ പഴഞ്ചൻ നിയമം ഇന്ന് പൗരത്വപ്രക്ഷോഭകർക്കും കർഷക പ്രക്ഷോഭകർക്കും അവരുടെ പക്ഷം വാദിക്കുന്നവർക്കുെമതിരെ പ്രയോഗിക്കപ്പെടുകയാണ്. 1962 െല കേദാർനാഥ് കേസിൽ സുപ്രീംകോടതി ഈ നിയമത്തിെൻറ അതിരുകൾ കൃത്യമായി വരച്ചിരുന്നതാണ്. സർക്കാറിനെയോ സർക്കാർനടപടികളെയോ വിമർശിക്കാൻ ഏതു പൗരനും അവകാശമുണ്ടെന്നും അക്രമത്തിന് പ്രേരിപ്പിക്കരുതെന്നേയുള്ളൂ എന്നും അന്ന് കോടതി തീർപ്പ് പറഞ്ഞതാണ്. പക്ഷേ, ഒരു ട്വീറ്റ് പോലും അക്രമത്തിന് പ്രേരണയാണെന്നു പറഞ്ഞ് രാജ്യദ്രോഹക്കുറ്റം ചാർത്താൻ ഇന്നത്തെ സർക്കാറുകൾ തയാറാകുന്നു.
2016-19 കാലത്തെ ദേശീയ ക്രൈം ബ്യൂേറായുടെ കണക്കനുസരിച്ച് ശിക്ഷാനിയമം 124(എ) പ്രകാരമുള്ള രാജ്യദ്രോഹ കേസുകൾ 160 ശതമാനം വർധിച്ചു; ശിക്ഷാ നിരക്കാകട്ടെ 33.3 ശതമാനത്തിൽനിന്ന് 3.3 ശതമാനത്തിലേക്ക് താഴ്ന്നു. എന്നുവെച്ചാൽ, ഒട്ടും നിലനിൽക്കാത്ത കള്ളക്കേസുകളാണ് രാജ്യദ്രോഹക്കുറ്റം ചാർത്തപ്പെടുന്നവയിൽ കൂടുതലും. രാജ്യദ്രോഹനിയമത്തിെൻറ കർത്താക്കളായ ബ്രിട്ടീഷുകാർ അതിെൻറ ജനവിരുദ്ധത മനസ്സിലാക്കി അത് ഉപേക്ഷിച്ചുകഴിഞ്ഞു. 2010 ലാണ് ബ്രിട്ടൻ രാജ്യദ്രോഹനിയമം പിൻവലിച്ചത്. ഇവിടെ രാജ്യദ്രോഹമായി സർക്കാർ കാണുന്ന കുറ്റങ്ങൾക്ക് വേറെയും നിയമങ്ങളും ശിക്ഷാവ്യവസ്ഥകളും ഉണ്ടെന്നിരിക്കെ 124 (എ) വകുപ്പ് എടുത്തുകളയണമെന്ന് 2018 ൽ ഇന്ത്യൻ നിയമകമീഷൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ഇപ്പോഴത്തെ എൻ.ഡി.എ സർക്കാർ വിശേഷിച്ചും ഈ നിയമത്തെ തന്നിഷ്ടപ്രകാരം ഉപയോഗിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുകൊണ്ടാണല്ലോ ഡൽഹി വംശീയ അതിക്രമങ്ങൾക്ക് പരസ്യമായി ആഹ്വാനം നൽകിയ കപിൽ മിശ്രക്കെതിരെ നടപടി ഇല്ലാതിരിക്കുന്നതും കർഷക പ്രക്ഷോഭത്തിനനുകൂലമായി സമൂഹമാധ്യമത്തിൽ കുറിപ്പിട്ട ദിശ രവിക്കുമേൽ രാജ്യദ്രോഹക്കുറ്റം ചാർത്തപ്പെട്ടതും. സർക്കാറിെൻറ കൈയിൽ ജനവിരുദ്ധ ഉപകരണം മാത്രമായി നിൽക്കുന്ന രാജ്യദ്രോഹ നിയമം പിൻവലിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
ജുഡീഷ്യറിയും ജഡ്ജിമാരും പരിശോധനക്കും വിമർശനത്തിനും അതീതരല്ലെന്നിരിക്കെ, ന്യായമായ നിരൂപണംപോലും അസാധ്യമാക്കുന്ന തരത്തിൽ കോടതിയലക്ഷ്യ നിയമം ഉപയോഗിക്കപ്പെടുന്നതും ജനാധിപത്യത്തിന് പരിക്കേൽപിക്കുന്നുണ്ട്. മാധ്യമപ്രവർത്തകരാണ് കൂടുതലും ഇത്തരം നിരൂപണം നടത്തുന്നതെന്നതിനാൽ അവരാണ് നിയമ ദുരുപയോഗത്തിന് കൂടുതൽ ഇരയാകുന്നത്. ഇപ്പോൾ കൃഷ്ണപ്രസാദ്, എൻ. റാം, അരുൺഷൂരി, പ്രശാന്ത് ഭൂഷൻ എന്നിവർ കോടതിയലക്ഷ്യ നിയമത്തിെൻറ 2 (c) (i) വകുപ്പ് ഭരണഘടനയുടെ 19ഉം 14ഉം വകുപ്പുകളുടെ ലംഘനമെന്ന നിലക്ക് അസാധുവാക്കണമെന്ന് അപേക്ഷിച്ചിരിക്കുകയാണ്. കർണാടക ഹൈകോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ കോടതി കേന്ദ്രത്തിന് നോട്ടീസയച്ചിരിക്കുന്നു. സുതാര്യതയില്ലാത്ത ഒരു നിയമവും ന്യായമോ നീതിയുക്തമോ അല്ല. കോടതിയലക്ഷ്യത്തെ മാത്രമല്ല, ഭരണഘടനാ അലക്ഷ്യത്തെ തന്നെയാണ് കുറ്റമായി കണക്കാക്കേണ്ടത്. ഭരണഘടനക്കെതിരായ നിയമനിർമാണവും വിധിയുമെല്ലാം ഭരണഘടനാ അലക്ഷ്യത്തിൽ ഉൾപ്പെടുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.