കണക്കുകൾ പുറത്തുവരട്ടെ
text_fields13 വർഷത്തിനുശേഷം രാജ്യത്ത് സെൻസസ് നടക്കാൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഓരോ പത്തുവർഷം കൂടുമ്പോഴും കൃത്യമായും വ്യവസ്ഥാപിതമായും നടക്കേണ്ട കാനേഷുമാരി 2021ൽ കോവിഡ് കാരണം അനിശ്ചിതമായി നീട്ടുകയായിരുന്നു. ചില രാഷ്ട്രീയ കാരണങ്ങളും ജനസംഖ്യാ കണക്കെടുപ്പ് നടപടികൾ വൈകിപ്പിക്കുന്നതിന് ഇടയാക്കിയെന്നതും നിഷേധിക്കാനാവില്ല. അതെന്തായാലും, സാങ്കേതികമായ അനിശ്ചിതത്വങ്ങളെല്ലാം നീക്കി സെപ്റ്റംബർ ആദ്യവാരം മുതൽ തന്നെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ അകമ്പടിയോടെ ജനസംഖ്യാ കണക്കെടുപ്പ് നടപടികൾ ആരംഭിക്കുമെന്നാണ് അറിയുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം...
13 വർഷത്തിനുശേഷം രാജ്യത്ത് സെൻസസ് നടക്കാൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഓരോ പത്തുവർഷം കൂടുമ്പോഴും കൃത്യമായും വ്യവസ്ഥാപിതമായും നടക്കേണ്ട കാനേഷുമാരി 2021ൽ കോവിഡ് കാരണം അനിശ്ചിതമായി നീട്ടുകയായിരുന്നു. ചില രാഷ്ട്രീയ കാരണങ്ങളും ജനസംഖ്യാ കണക്കെടുപ്പ് നടപടികൾ വൈകിപ്പിക്കുന്നതിന് ഇടയാക്കിയെന്നതും നിഷേധിക്കാനാവില്ല. അതെന്തായാലും, സാങ്കേതികമായ അനിശ്ചിതത്വങ്ങളെല്ലാം നീക്കി സെപ്റ്റംബർ ആദ്യവാരം മുതൽ തന്നെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ അകമ്പടിയോടെ ജനസംഖ്യാ കണക്കെടുപ്പ് നടപടികൾ ആരംഭിക്കുമെന്നാണ് അറിയുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയവും ഇതുസംബന്ധിച്ച് തയാറാക്കിയ സമയക്രമവും മറ്റു അനുബന്ധ കാര്യങ്ങളും പ്രധാനമന്ത്രിയുടെ ഓഫിസിന് സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറക്ക് സെൻസസ് പ്രക്രിയ തുടങ്ങുമെന്ന് പ്രതീക്ഷിക്കാം.
ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച്, ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഏറ്റവും അവസാനം സെൻസസ് നടത്തിയ 2011ലെ കണക്കു പ്രകാരം ലോകജനസംഖ്യയിൽ ചൈനക്കുപിന്നിൽ രണ്ടാമതായിരുന്നു നാം. ഏതാണ്ട് ഒരു വർഷം മുമ്പ് രാജ്യം ഒന്നാമതെത്തിയപ്പോൾ അക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാറിനാവാഞ്ഞത് നമുക്കുമുന്നിൽ കൃത്യമായ കണക്കുകളില്ലാത്തതുകൊണ്ടു മാത്രമാണ്. ജനക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ടും അല്ലാതെയും സർക്കാറിന്റെ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് പലപ്പോഴും 2011ലെ സെൻസസ് കണക്കുകളെ അവലംബിച്ചാണ്. ഇത് പദ്ധതികളുടെ ഫലപ്രാപ്തിയെ ഗുരുതരമായി ബാധിക്കുന്നുവെന്ന കടുത്ത വിമർശനം കുറച്ചുകാലമായി ഉയരുന്നുണ്ട്.
രാജ്യത്തിന്റെ വികസന സംബന്ധമായ ആസൂത്രണങ്ങളിൽ പ്രഥമവും പ്രധാനവുമായ ഘട്ടം ഗുണഭോക്താക്കളുടെ കണക്കെടുപ്പാണ്. കൃത്യമായ കണക്കുകളുടെ അഭാവം ആസൂത്രണത്തെ അശാസ്ത്രീയമാക്കുമെന്നു മാത്രമല്ല, ചിലപ്പോൾ പദ്ധതിയെ കീഴ്മേൽ മറിക്കുകയും ചെയ്തേക്കാം. അതുകൊണ്ടുതന്നെ, സാമ്പത്തികവും സാമൂഹികവും തൊഴിൽപരവുമായ പൗരരുടെ വളർച്ചക്കും സമാനമായി രാജ്യത്തിന്റെ ആഭ്യന്തര വികസനത്തിനും ആദ്യം പഠനവിധേയമാക്കേണ്ടത് ആ രാജ്യത്തെ ജനങ്ങളുടെ അഥവാ ഗുണഭോക്താക്കളുടെ കണക്കുതന്നെയാണ്. ഇക്കാരണത്താലാണ്, കോവിഡിന്റെ കടുത്ത പ്രതിസന്ധിക്കിടയിലും ബ്രിട്ടനടക്കമുള്ള രാജ്യങ്ങൾ കൃത്യസമയത്തുതന്നെ സെൻസസ് നടത്തിയത്. ഇക്കാര്യത്തിൽ മോദി സർക്കാറിന് കനത്ത വീഴ്ച സംഭവിച്ചു. രാജ്യത്തെ അറിയപ്പെട്ട ആസൂത്രണ വിദഗ്ധരൊക്കെയും വിഷയത്തിൽ മുന്നറിയിപ്പ് നൽകിയിട്ടും നിതി ആയോഗിന്റെയും മറ്റും കണക്കുകളെ അടിസ്ഥാനമാക്കി കേന്ദ്രം വിവിധ പദ്ധതികളുമായി മുന്നോട്ടുപോവുകയായിരുന്നു. അതൊക്കെയും പരാജയപ്പെട്ടുവെന്നതാണ് ഇപ്പോഴത്തെ അനുഭവം.
പൊതുവിതരണ സമ്പ്രദായത്തിന്റെ കാര്യം തന്നെ നോക്കുക: 2011ലെ സെൻസസും അതിനെ ആധാരമാക്കി നടത്തിയ 2016ലെ കുടുംബാരോഗ്യ സർവേ റിപ്പോർട്ടും അടിസ്ഥാനമാക്കി പുതിയ റേഷൻ പട്ടിക തയാറാക്കിയപ്പോൾ പുറത്തായത് 10 കോടി ആളുകളാണ്. ജനസംഖ്യ സംബന്ധിച്ച പുതിയ കണക്കുകളുടെ അഭാവമൊന്നുകൊണ്ടുമാത്രം സംഭവിച്ച വീഴ്ചയാണിത്. സമാനമായി, വിവിധ വിഭവങ്ങളുടെ സന്തുലിതവും ന്യായയുക്തവുമായ വിതരണവും ആകെ താളംതെറ്റി. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളുടെ മുന്നേറ്റത്തിനായി രൂപം നൽകിയ വിദ്യാർഥി സ്കോളർഷിപ് അടക്കമുള്ള പദ്ധതികൾ വൻ പരാജയമായി നിപതിച്ചതും ഇതേ കാരണത്താലാണ്. നമ്മുടെ രാജ്യത്തിന്റെ സവിശേഷമായ സാഹചര്യത്തിൽ, കേവല ജനസംഖ്യാ കണക്കെടുപ്പിനപ്പുറം, കൃത്യമായ ജാതി സർവേ തന്നെ വേണമെന്ന ആവശ്യം ഉയരുന്നത് ഈ പശ്ചാത്തലത്തിൽ കൂടിയാണ്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജാതി സെൻസസ് സുപ്രധാനമായൊരു വിഷയമായി ഉയർന്നതിന്റെ പിന്നാമ്പുറവും മറ്റൊന്നല്ല. ആ സമയത്തെല്ലാം, തീർത്തും നിഷേധാത്മകമായ നിലപാട് സ്വീകരിച്ച കേന്ദ്രമിപ്പോൾ ഒന്ന് അയഞ്ഞതായി തോന്നുന്നു. പ്രതിപക്ഷം ആവശ്യപ്പെട്ട ജാതി സർവേക്ക് തയാറല്ലെങ്കിലും ജാതിസംബന്ധമായ ചില കണക്കെടുപ്പുകൾകൂടി സെൻസസിനൊപ്പം നടത്താൻ നീക്കമുണ്ടത്രെ.
പുതിയ സാഹചര്യത്തിൽ, ഇന്ത്യയിലെ സെൻസസിന് മറ്റു ചില പ്രാധാന്യം കൂടിയുണ്ട്. മുൻകാലങ്ങളിൽനിന്ന് ഭിന്നമായി, ലോകമിപ്പോൾ ജനസംഖ്യാ ഇടിവിനെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. ജനസംഖ്യ വർധിക്കുക തന്നെയാണെങ്കിലും ലോകത്ത് ജനനനിരക്ക് കുറയുകയാണ്. ഇന്ത്യയുടെ കാര്യമെടുത്താൽ 2060ഓടെ ജനസംഖ്യ കുറഞ്ഞുതുടങ്ങുമെന്നാണ് പറയുന്നത്. ജനനനിരക്ക് കുറയുന്നതും മനുഷ്യന്റെ ആയുർദൈർഘ്യം വർധിക്കുന്നതുമാണ് ഇതിന്റെ കാരണം. ഈ പ്രവണതമൂലം, യുവാക്കളേക്കാൾ വയോധികരുടെ എണ്ണം വർധിക്കുന്ന സാഹചര്യവുമുണ്ടാകും. ആഗോളതലത്തിൽ ഇത് സംഭവിക്കുക 2100ഓടെയാകുമെങ്കിൽ ഇന്ത്യയിൽ അതിന്റെ ലക്ഷണങ്ങൾ 2060ഓടെ തന്നെ കണ്ടുതുടങ്ങും. അഥവാ, രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തായ മാനവ വിഭവശേഷി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം, രാജ്യത്തുനിന്ന് വലിയ തോതിൽ യുവാക്കളുടെ കുടിയേറ്റവും വർധിക്കുന്നു. ഈ നില തുടർന്നാൽ, യുവാക്കളില്ലാത്ത രാജ്യമായി ഇന്ത്യ മാറാൻ അധിക കാലം വേണ്ടിവരില്ല. ഈ അപകടത്തെ തരണം ചെയ്യാനും നമുക്കുമുന്നിൽ കൃത്യമായ കണക്കുകളുണ്ടായിരിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ, ജനസംഖ്യാ വിതരണത്തിൽ കാര്യമായ ഏറ്റക്കുറച്ചിൽ പ്രകടമായ ഈ സമയത്തെ സെൻസസ് അതിനിർണായകമാണ്.
മറുവശത്ത്, ഹിന്ദുത്വയുടെ വിദ്വേഷ രാഷ്ട്രീയത്തിലെ ഏറ്റവും മൂർച്ചയേറിയ ആയുധംകൂടിയാണ് ജനസംഖ്യ സംബന്ധിച്ച വ്യാജ പ്രചാരണങ്ങൾ. 2022ലെ വിജയദശമി ദിനത്തിൽ നടത്തിയ പ്രസംഗത്തിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ആവശ്യപ്പെട്ടത് രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ്. രാജ്യത്ത് ജനനനിരക്ക് വർധിപ്പിച്ചും നുഴഞ്ഞുകയറിയുമെല്ലാം ന്യൂനപക്ഷങ്ങൾ അവരുടെ ജനസംഖ്യ വർധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതുവഴി ഭൂരിപക്ഷ ജനത ന്യൂനപക്ഷമായി മാറുമെന്നുമായിരുന്നു നാഗ്പുരിൽ നടത്തിയ പ്രസംഗത്തിന്റെ ചുരുക്കം. സമാനമായ രീതിയിലാണ് ‘ന്യൂനപക്ഷ ജനസംഖ്യാ വിസ്ഫോടന സിദ്ധാന്തം’ നിരന്തരമായി സംഘ്പരിവാർ ഉന്നയിക്കാറുള്ളത്. കപടയുക്തിയുടെയും കള്ളങ്ങളുടെയും ചേരുവകളോടെ, തങ്ങൾ ക്ഷയിച്ചുകൊണ്ടിരിക്കുന്നൊരു ജനതയാണെന്ന് ഭൂരിപക്ഷ സമുദായത്തെ ‘ഓർമപ്പെടുത്താ’നുള്ള ആയുധമാണിത്. ഈ വ്യാജപ്രചാരണങ്ങളുടെ നിജസ്ഥിതി വെളിച്ചത്തുകൊണ്ടുവരാനും കൃത്യവും വ്യവസ്ഥാപിതവുമായ സെൻസസിലൂടെ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.